തൊണ്ണൂറുകളിൽ യുവാക്കളുടെ ഹരമായിരുന്ന സൂപ്പര്‍ ഹിറ്റ് ഗാനം 'ഉര്‍വസി ഉര്‍വസി ടേക്ക് ഇറ്റ് ഈസി ഉര്‍വസിക്ക്  പുത്തന്‍ മുഖം നല്‍കി വീണ്ടും ആവേശമാക്കിയിരിക്കുന്നു സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. എംടിവിയുടെ പുതിയ സംഗീത പരിപാടിയിലാണ് റഹ്മാന്‍ തന്റെ പഴയ പാട്ടിനെ വീണ്ടും പൊടിതട്ടി ഗംഭീരമാക്കിയത്. 

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ പാട്ടിന്റെ വരികള്‍ മാറ്റിയെഴുതാന്‍ റഹ്മാന്‍ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒരു മുന്‍കരുതലെന്നോണം കുറച്ചു നിബന്ധനകളും റഹ്മാന്‍ വച്ചു.

നോട്ട് നിരോധനം, ഡൊണാള്‍ഡ് ട്രംപ്, ഹില്ലരി ക്ലിന്റണ്‍, എന്നീ വിഷയങ്ങള്‍ ഒഴികെ തമാശയുള്ള എന്തും വരികളായി സ്വീകരിക്കുമെന്നാണ് റഹ്മാന്‍ പറഞ്ഞത്. എന്നാല്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍പ്പറത്തി ട്രംപും ഹിലാരിയും 500, 1000 നോട്ടുമാണ് പലരും വരികളായി അയച്ചുകൊടുത്തത്. റഹ്മാൻ ആരെയും നിരാശപ്പെടുത്തിയില്ല. എല്ലാം പാട്ടിൽ ഉൾപ്പെടുത്തി.

1994 ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ചിത്രത്തിലെ ഗാനമാണിത്. പ്രഭുദേവയുടെ തട്ടുപൊളിപ്പന്‍ നൃത്തച്ചുവടുകളായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.