ഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാനങ്ങളില്‍ ഏറ്റവും വലിയ ഹിറ്റാണ് ഹമ്മ ഹമ്മയുടെ റീമിക്‌സ് വേര്‍ഷന്‍. എന്നാല്‍ അത് ഒരാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. ഹമ്മ ഹമ്മയുടെ യഥാര്‍ഥ സ്രാഷ്ടാവ് സാക്ഷാല്‍ എ.ആര്‍ റഹ്‌മാന്‍. റാപ് ഗായകന്‍ ബാദ്ഷയുടേതാണ് ഈ പുതിയ വെളിപ്പെടുത്തല്‍. 

ബാദ്ഷ പറയുന്നതിങ്ങനെ

'ഓകെ ജാനുവിന്റെ നിര്‍മാതാവ് എന്നെ വിളിച്ചു ഹമ്മ ഹമ്മ റീമേക്ക് ചെയ്യണമെന്ന് പറഞ്ഞു. എനിക്ക് സംശയമായിരുന്നു. കാരണം ആ പാട്ട് വലിയ ഹിറ്റാണ്. ഇനി റീമിക്‌സ് ചെയ്താല്‍ നന്നായിരിക്കുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പാട്ട് റിലീസ് ചെയ്തപ്പോള്‍ വലിയ ഹിറ്റായി. 2017 ല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കണ്ട മ്യൂസിക് ആല്‍ബങ്ങളില്‍ ഒന്നാണത്. 

പക്ഷേ എ.ആര്‍ റഹ്‌മാന്‍ സാറിന് എന്തോ അത് ഇഷ്ടമായില്ല. അദ്ദേഹം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് ഇതെക്കുറിച്ച് തുറന്ന് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു പരിപാടിയില്‍ വച്ച് റഹ്‌മാന്‍ സാറിനെ നേരിട്ട് കണ്ടു. അദ്ദേഹം എന്നോട് ദേഷ്യം കാണിച്ചില്ല എന്ന് മാത്രമല്ല ഞാന്‍ ആ ഗാനത്തെ മറ്റൊരു തലത്തില്‍ എത്തിച്ചുവെന്നും നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ആ സംഭവത്തോടു കൂടി ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി. തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ എത്രമാത്രം വിനയമുള്ളവരാണെന്നും വ്യത്യസ്തരാണെന്നും റഹ്‌മാന്‍ സാര്‍ എനിക്ക് കാണിച്ചു തന്നു. ഈ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ഞാന്‍ തെന്നിന്ത്യയെ ഏറെ സ്‌നേഹിക്കുന്നത്'- ബാദ്ഷാ പറഞ്ഞു. 

rapper badshah
ബാദ്ഷാ 

1995-ല്‍ പുറത്തിങ്ങിയ മണിരത്‌നം ചിത്രം ബോബെയിലെ ഗാനമാണ് ഹമ്മ ഹമ്മ. 2017 ല്‍ പുറത്തിറങ്ങിയ ഓകെ ജാനു എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം റീമിക്‌സ് ചെയ്തത്. മണിരത്‌നം സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍, നിത്യ മേനോന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഓകെ കണ്‍മണിയുടെ ഹിന്ദി പതിപ്പാണ് ഓകെ ജാനു. മണിരത്‌നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്തത്. പുത്തന്‍ ഭാവത്തോടെ ഹമ്മ ഹമ്മ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ അത് വലിയ ഹിറ്റായി. യുവാക്കള്‍ക്കിടയില്‍ ഈ ഗാനം വലിയ തരംഗം സൃഷ്ടിച്ചുവെങ്കിലും റീമിക്‌സ് ചെയ്തതിനെ വിമര്‍ശിച്ച് ഒരു വലിയ വിഭാഗം രംഗത്ത് വന്നിരുന്നു.