സ്‌കാര്‍ ജേതാവായ എ.ആര്‍ റഹ്മാന്‍ സമീപകാലത്ത് ചെയ്ത സംഗീത ആല്‍ബങ്ങളില്‍ പലതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. റഹ്മാനില്‍ ആരാധകര്‍ വച്ചു പുലര്‍ത്തുന്ന പ്രതീക്ഷ തന്നെയാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം. മണിരത്‌നം ഒരുക്കിയ ചെക്ക ചിവന്ത വാനം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് റഹ്മാന്‍.

എന്റെ വ്യക്തിത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്റെ സംഗീതം. ഞാന്‍ മാറുന്നില്ല, പിന്നെയെന്തിന് എന്റെ സംഗീതം മാറണം. വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാറില്ല. സിനിമാസംവിധായകരുടെ ആഗ്രഹത്തിനനുസരിച്ച് സംഗീതം ഒരുക്കുന്നതിനെക്കുറിച്ച് മാത്രമാണ് എന്റെ ചിന്ത. ആരാധകരുടെ ഇഷ്ടങ്ങള്‍ക്കും ഞാന്‍ പ്രാധാന്യം നല്‍കുന്നു.

മണിരത്‌നം തന്ന സ്‌നേഹവും പിന്തുണയുമാണ് തന്നിലുള്ള സംഗീത സംവിധായകനെ വളര്‍ത്തിയതെന്ന് റഹ്മാന്‍ പറയുന്നു.

ഇരുപത്തിയാറ് വര്‍ഷങ്ങളായി ഞാന്‍ മണിരത്‌നം സാറിനൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട്. അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തു തന്നെയായലും തുറന്ന ഹൃദയത്തോടെ ഞാന്‍ സ്വീകരിക്കും. അതു തന്നെയാണ് ഞങ്ങളുടെ കൂട്ടുക്കെട്ടിന്റെ വിജയവും- റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.