ന്ത്യൻ സംഗീതലോകത്ത് ഓസ്കറിന്റെ സ്വർണത്തിളക്കമെത്തിച്ച പ്രതിഭ എ.ആർ. റഹ്മാൻ അർജുനൻ മാഷിനു മുന്നിൽ എന്നും കൊച്ചുകുട്ടിയായിരുന്നു. റഹ്മാൻ എന്ന ദിലീപിന്റെ ഗുരുസ്ഥാനീയൻ. അർജുനൻ മാഷിന്റെ ആത്മസുഹൃത്തായിരുന്നു ദിലീപിന്റെ അച്ഛൻ ആർ.കെ. ശേഖർ.

1968-ൽ ‘കറുത്ത പൗർണമി’ എന്ന സിനിമയിൽ അവസരംകിട്ടി മദ്രാസിൽ ചെല്ലുമ്പോൾ ആശങ്കയായിരുന്നു അർജുനന്റെ മനസ്സിൽ. നാടകഗാനങ്ങൾ എറെചെയ്ത് പരിചയമുണ്ടെങ്കിലും സിനിമ തീർത്തും അപരിചിതം. ആശങ്കകളകറ്റി അർജുനനു കൂട്ടായിനിന്നത് ശേഖറാണ്. അന്ന് മദ്രാസിൽ മ്യൂസിക്ക് അറേഞ്ചറും അസിസ്റ്റന്റുമായി പ്രവർത്തിക്കുകയാണ് ശേഖർ. വാദ്യോപകരണങ്ങളെക്കുറിച്ച് ശേഖറിനുള്ള അറിവ് അർജുനനു തുണയായി. ദേവരാജൻ മാഷാണ് ശേഖറിനെ അർജുനന് പരിചയപ്പെടുത്തിയത്.

സ്വഭാവത്തിലെ സാമ്യമാണ് ഇരുവരെയും അടുപ്പിച്ചത്. ശേഖറിന്റെ ഭാര്യ കസ്തൂരി, മക്കൾ കാഞ്ചന, ദിലീപ്, ബാല, രേഖ തുടങ്ങിയവരെയും അർജുനൻ പരിചയപ്പെട്ടു. നൂറിലേറെ പടങ്ങളിൽ ഇരുവരും ഒന്നിച്ചു.അർജുനൻ മദ്രാസിൽ ചെല്ലുമ്പോൾ ശേഖറിന്റെ മകൻ ദിലീപിന് ഒരു വയസ്സാണ്. അക്കാലത്ത് അവർക്കൊപ്പമാണ് അർജുനൻ മാഷിന്റെ താമസം. ഏപ്പോഴും സംഗീതസാന്ദ്രമായ വീട്. നാലുവയസ്സുമുതലേ ദിലീപ് സംഗീതവാസന പ്രകടിപ്പിച്ചിരുന്നു.

പ്രൊഫഷണൽ ബന്ധം മാത്രമായിരുന്നില്ല ഇരുവരും തമ്മിൽ. എല്ലാ പ്രശ്നങ്ങളും ചർച്ചചെയ്യുന്ന ആത്മബന്ധം. 1976-ൽ അസുഖത്തെ തുടർന്ന് ശേഖർ മരിച്ചു. അതോടെ കുടുംബത്തിന്റെ നില പരുങ്ങലിലായി. ശേഖർ തുടങ്ങിവെച്ച ചോറ്റാനിക്കര അമ്മ എന്ന സിനിമയുടെ ജോലികൾ അർജുനനാണ് പൂർത്തിയാക്കിയത്.

ശേഖറിന്റെ മരണശേഷം ദിലീപിനെ ആദ്യമായി സ്റ്റുഡിയോയിൽ കൊണ്ടുപോവുന്നതും അർജുനനാണ്.

അടിമച്ചങ്ങല എന്ന സിനിമയുടെ റെക്കോർഡിങ്ങിനാണ് അത്. കീ ബോർഡ് വായിക്കാനാണ് കൊണ്ടുപോയത്. എങ്കിലും സ്റ്റുഡിയോയിലെ ടേപ്പ് റെക്കോർഡർ പ്രവർത്തിപ്പിക്കലായിരുന്നു ആദ്യദിവസം ചെയ്തത്. പീന്നീട് സ്റ്റുഡിയോയിൽ പോക്ക് പതിവായി. 15-ാം വയസ്സിൽ ഇളയരാജയുടെ ട്രൂപ്പിൽ ദിലീപ് കീ ബോർഡ് വായിക്കാൻ തുടങ്ങി. ദിലീപ് പിന്നീട് റഹ്മാൻ ആയി, പ്രശസ്ത സംഗീതജ്ഞനായി.

തന്റെ കൺമുന്നിൽ വളർന്ന കുട്ടിയാണ് റഹ്മാനെന്ന് മാഷ് അഭിമാനപൂർവം പറഞ്ഞിരുന്നു.

Content highlights: Ar rahman MK Arjunan Master