രാജ്യത്തെ ഇളക്കിമറിച്ച നോട്ട് നിരോധനത്തെ ആസ്പദമാക്കി എ.ആർ. റഹ്മാന്റെ ഗാനം. 19 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്  ‘ദി ഫ്ലയിങ് ലോട്ടസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കി ഒരു വർഷം തികയുന്നതിന്റെ ഭാഗമായാണ് റഹ്മാൻ ഗാനം പുറത്തിറക്കിയത്. അമേരിക്കയിലെ പ്രശസ്തമായ സിയാറ്റൽ സിംഫണിയുടെ ഒാർക്കസ്ട്രയുടെ പശ്ചാത്തലത്തിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ പ്രഖ്യാപനവുമെല്ലാം ചേർത്താണ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്.

നോട്ട് നിരോധനം സംബന്ധിച്ച് ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ഗാനത്തിലൂടെ എ.ആർ റഹ്മാൻ ആവിഷ്കരിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തെക്കുറിച്ച് താൻ ഒരു വിധത്തിലുമുള്ള അഭിപ്രായപ്രകടനവും നടത്തുന്നില്ലെന്ന് റഹ്മാൻ പറയുന്നു. ചരിത്രപരമായ ഒരു തീരുമാനത്തെ കലാപരമായി  അവതരിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് എ.ആര്‍ റഹ്മാൻ അഭിപ്രായപ്പെട്ടത്. നോട്ട് നിരോധന കാലത്ത് ഇന്ത്യയിൽ നടന്ന കാര്യങ്ങളും ഇനി ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളുമാണ് ഈ ഗാനത്തിൽ പറഞ്ഞത്. ഇതിനെ എങ്ങനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം.

 2016  നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നിലവിലുണ്ടായിരുന്ന ആയിരം, അഞ്ഞൂറ് നോട്ടുകൾ നിരോധിച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയത്.

റഹ്മാൻ്റേതായി പഴയ ഹിറ്റ് ഗാനം ഉര്‍വശി ഉര്‍വശി എന്ന ഗാനം നോട്ട് നിരോധന സമയത്ത് വൻ ശ്രദ്ധ നേടിയിരുന്നു. ഈ പഴയ ഗാനത്തിന് പുതിയ ഈണമൊരുക്കാൻ റഹ്മാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പേരും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വരികളാണ് കുറിച്ചത്.

ഇതിനുശേഷമാണ് ഇപ്പോൾ നേരിട്ട് നോട്ട് നിരോധനത്തെക്കുറിച്ച് ഒരു ഗാനവുമായുള്ള റഹ്മാന്റെ വരവ്.