ചെന്നൈ: സംഗീതജ്ഞൻ എ.ആർ. റഹ്‌മാനെതിരായ മൂന്നുകോടിരൂപയുടെ നഷ്ടപരിഹാര ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2000-ത്തിൽ റഹ്‌മാനെ പങ്കെടുപ്പിച്ച് ദുബായിൽ നടത്തിയ ഒരു സംഗീതപരിപാടി പരാജയപ്പെട്ടതിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് സംഘാടകൻ നൽകിയ സിവിൽ ഹർജിയാണ് ജസ്റ്റിസ് ആർ. സുബ്രഹ്മണ്യം തള്ളിയത്.

സംഗീതപരിപാടി നഷ്ടത്തിലായതുമായി തനിക്ക് ബന്ധമില്ലെന്നും പരിപാടിക്കായി പറഞ്ഞുറപ്പിച്ചിരുന്ന തുകപോലും സംഘാടകർ തന്നില്ലെന്നും എ.ആർ. റഹ്‌മാന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.

വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ഹർജി തള്ളണമെന്നും അവർ ആവശ്യപ്പെട്ടു. ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ കേസ് തീർന്നതാണെന്നാണ് കോടതിയെ അറിയിച്ചത്. എന്നാൽ ഒത്തുതീർപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് എ.ആർ. റഹ്‌മാന്റെ അഭിഭാഷക വ്യക്തമാക്കി. കോടതി വിശദീകരണം ചോദിച്ചപ്പോൾ ഹർജിക്കാരന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വാദിഭാഗം അഭിഭാഷകൻ അറിയിച്ചു. അതോടെ റഹ്‌മാനെതിരായ ഹർജി തള്ളി കോടതി ഉത്തരവിടുകയായിരുന്നു.

Content Highlights: AR Rahman Dubai Music concert case, Madras high court rejects petition