'ചുരിദാറിന്റെ കീറൽ ഷാൾ കൊണ്ട് മൂടി കോഴിക്കോട് ബസ് സ്റ്റാൻഡിലൂടെ ഞാൻ ഓടി'


അപർണ പ്രശാന്തി

Representative Image

ല കാരണങ്ങളാല്‍ നമ്മളെ സന്തോഷിപ്പിച്ച പാട്ടുകള്‍ തന്നെ പിന്നീട് വേദനിപ്പിക്കുന്ന അനുഭവങ്ങളില്ലേ... വേദനിപ്പിച്ച പാട്ടുകള്‍ തന്നെ പിന്നീട് ചിരി പടര്‍ത്തിയ സാഹചര്യങ്ങളും ഉണ്ടാവാം. മനുഷ്യരുടെ മനസ് പോലെ തന്നെ പാട്ടുകള്‍ക്കും ചിലപ്പോള്‍ സ്ഥായിയായ വികാരങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ പറ്റുന്നുണ്ടാവില്ല. അല്ലെങ്കിലൊരു പക്ഷെ പല സമയങ്ങളില്‍ പല വികാരങ്ങളെ തൊടാനുള്ള മാജിക് പാട്ടുകള്‍ക്കുണ്ടാവാം. പാട്ടും മനുഷ്യ വികാരങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള പഠനം എന്നും അപൂര്‍ണമാണ്, അത്തരം പഠനങ്ങളെ കുറിച്ചുള്ള ആധികാരികമായ അറിവ് അതിനേക്കാള്‍ അപൂര്‍ണമാണ്. എന്തായാലും പാട്ടിനുള്ള അത്തരമൊരു കഴിവിനെ സംബന്ധിച്ച് നേരിട്ട് ബോധ്യമുണ്ട്.

ബസ് യാത്രയും പാട്ടും തമ്മിലുള്ള വൈകാരിക ആത്മബന്ധത്തെ കുറിച്ച് ഒരുപാട് പേര്‍ പറഞ്ഞിട്ടും, എഴുതിയിട്ടും ഉണ്ട്. ജീവിതത്തില്‍ ഒരുപാട് ബസ് യാത്രകള്‍ പോയത് കൊണ്ടുതന്നെ പാട്ടുള്ള ബസ് നോക്കി കയറുന്ന, ജോലി സമയത്ത് വരുന്ന ബസില്‍ പാട്ട് വരണേ എന്നാഗ്രാഹിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഇയര്‍ ഫോണുകളും ഐ പോഡും ആ ആഗ്രഹത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു. പാട്ടുകളുടെ കാര്യത്തില്‍ കുറച്ചു കൂടി തിരഞ്ഞെടുപ്പ് സാധ്യമായി. ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ചിരിക്കുകയും, കരയുകയും, അതിനൊപ്പം ഉറക്കെ പാടുകയും ചെയ്യുന്നവര്‍ ബസ് യാത്രക്കിടയിലെ നിത്യകാഴ്ചകളാണ്.

കോഴിക്കോട്- പാലക്കാട് ബസുകള്‍ സജീവത ഏറ്റവും നിറഞ്ഞ ഇടമാണ്. ഒരുപാട് ശബ്ദങ്ങളും, ബഹളങ്ങളും, പാട്ടുകളും, മത്സരയോട്ടങ്ങളും ഒക്കെ കൊണ്ടു ചുറ്റുമുള്ള കാഴ്ചകളില്‍ നിന്നും ശ്രദ്ധതിരിക്കാനാവാത്തവിധം നമ്മളെ പിടിച്ചു നിര്‍ത്തുന്ന ഒരന്തരീക്ഷം ആ വഴിയിലൂടെയുള്ള ബസ് യാത്രകള്‍ക്കുണ്ട്. അങ്ങനെ കോഴിക്കോട്ടേക്കുള്ള പഠനത്തിനും ജോലിക്കുമുള്ള യാത്രകള്‍ ജീവിതത്തിലെ ഏറ്റവും നല്ലതും മോശവുമായ ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ടുണ്ട്. ആ ഓര്‍മ്മകള്‍ പലതിനും പാട്ടുകളുമായി നേരിട്ടും അല്ലാതെയും ബന്ധവുമുണ്ട്.

അങ്ങനെ ഒരു നട്ടുച്ച നേരത്താണ് പഠനാവശ്യവുമായി ബന്ധപെട്ടു കോഴിക്കോട് ബസ് കയറിയത്. ഒരു നീണ്ട പൊതു അവധി കാലത്തിനു ശേഷമുള്ള ദിവസമായത് കൊണ്ടു തന്നെ ഉച്ച സമയത്തും ബസില്‍ തിരക്കാണ്. പഴയതും പുതിയതുമായ പ്രണയ ഗാനങ്ങള്‍ ഉച്ചത്തില്‍ വച്ചിരിക്കുന്നത് കൊണ്ടു തന്നെ പല വിധ ഓര്‍മകളിലും സന്തോഷങ്ങളിലും സങ്കടങ്ങളിലും മുഴുകിയാവാം ആളുകള്‍ നിശബ്ദരാണ്.

ഞാനാണെങ്കില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ചുരിദാര്‍ ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷം തുന്നി കിട്ടിയ സന്തോഷത്തിലാണ് അന്ന് ബസില്‍ (കഷ്ടിച്ച് കിട്ടിയ സീറ്റില്‍) ഇരിക്കുന്നത്. ആദ്യമായി തുണിക്കടയില്‍ ആ തുണി കണ്ടപ്പോള്‍ എനിക്ക് തോന്നിയ ആദ്യ ദര്‍ശനാനുരാഗം വീട്ടിലുള്ളവര്‍ക്കും, തുന്നാന്‍ കൊടുത്ത കടയിലുള്ളവര്‍ക്കും, അടുത്ത വീട്ടിലുള്ളവര്‍ക്കും എന്തിന് ബസില്‍ കണ്ട മൂന്ന് അപരിചിതര്‍ക്ക് വരെ തോന്നി എന്നതിന്റെ ആത്മ വിശ്വാസത്തില്‍ ഞാന്‍ പാട്ട് കേട്ടിരുന്നു..

കോഴിക്കോട് മോഫ്യുസല്‍ സ്റ്റാന്‍ഡിലേക്ക് ബസ് തിരിക്കുമ്പോള്‍ ആളുകള്‍ മുഴുവന്‍ എണീച്ചു തുടങ്ങി. തിക്കിയും തിരക്കിയും മുന്നിലുള്ളവരെ തള്ളി മാറ്റിയും ഇറങ്ങുന്നവരെ നോക്കി അത്ഭുതത്തോടെ ഞാന്‍ ബസില്‍ നിന്നും ഒഴുകി വരുന്ന പാട്ട് ശ്രദ്ധിച്ചു കൊണ്ടിരുന്നു. തിക്കിലും തിരക്കിലും ആ ഉടുപ്പ് ചുളിയാതിരിക്കാന്‍ അവസാനത്തെ ആളും ഇറങ്ങി കഴിഞ്ഞേ സീറ്റില്‍ നിന്നെഴുന്നേല്‍ക്കൂ എന്ന തീരുമാനത്തില്‍ ഞാന്‍ അങ്ങനെ ഇരുന്നു,.
' വാ വാ മനോരഞ്ജിനി...'എന്ന ഏറെ പ്രിയപ്പെട്ട പെപ്പി നമ്പര്‍ ബസില്‍ നിന്നും ഒഴുകി കൊണ്ടേ ഇരുന്നു.

ആ പാട്ട് മുഴുവന്‍ തീര്‍ന്നിട്ട് സ്റ്റാന്‍ഡ് എത്തിയാല്‍ മതിയായിരുന്നു, ഈ പാട്ടിലും സിനിമയിലും മോഹന്‍ലാല്‍ ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ, ജഗദീഷ് മോഹല്‍ലാല്‍ കോമ്പോ പിന്നെയധികം വന്നില്ലല്ലോ എന്നൊക്കെ ഓര്‍ത്തു മനസ്സില്ലാ മനസോടെ ഞാനും എണീച്ചു..

'ഇന്നുദിക്കുമമ്പിളിക്കു ജന്മനാള്‍...'
ആ പാട്ടിലെ ഏറ്റവും ഭംഗിയുള്ള ഭാഗം അപ്പോഴും പ്ലേ ആയിക്കൊണ്ടേ ഇരുന്നു. പെട്ടന്നാണത് സംഭവിച്ചത്. കഷ്ടിച്ച് രണ്ടു മണിക്കൂര്‍ മാത്രം വിധിക്കപ്പെട്ട ആയുസിന് ശേഷം ബസിലെ സീറ്റിന്റെ കമ്പിയില്‍ അവിശ്വസനീയമായ വിധം കുരുങ്ങി ആ ചുരിദാര്‍ ടോപ് കീറി. വയറിന്റെ ഭാഗം മുഴുവന്‍ കീറി. ആരും കാണാതിരിക്കാന്‍ ആ ചെറിയ ഷാള്‍ കൊണ്ടു മൂടി കോഴിക്കോട് സ്റ്റാന്‍ഡിലൂടെ ഞാന്‍ ഓടി.

അത്രയും വേഗം, അത്രയും ഭയത്തോടെ ഞാന്‍ അതിന് മുന്നെയോ ശേഷമോ ഓടിയിട്ടില്ല. എ ടി എം കാര്‍ഡ് ഒരു നിത്യോപയോഗ സാധനമായ കാലമായിരുന്നില്ല അത്. കയ്യില്‍ ബസ് കൂലിക്കപ്പുറം പണം കൃത്യമായും കരുതാതിരിക്കാനുള്ള കൃത്യത അന്നും എനിക്കുണ്ട്. പറ്റാവുന്ന കൂട്ടുകാരെ മുഴുവന്‍ വിളിച്ചു കിട്ടാതിരിക്കാനുള്ള ടൈമിങ്ങും ഉണ്ട്.

ആ ഷാള്‍ കൊണ്ടു അധിക കാലം കീറല്‍ മറക്കാനാവില്ല എന്നാ യാഥാര്‍ഥ്യം എന്നെ ഭയപ്പെടുത്തി. വിളിച്ചു കിട്ടിയ കൂട്ടുകാരില്‍ ആരേലും ഒന്നു വന്നിരുന്നെങ്കില്‍ എന്ന് നോക്കി ഞാന്‍ സ്റ്റാന്‍ഡിന്റെ ഒരു ഒഴിഞ്ഞ മൂലയില്‍ നിന്നു. അവസാനം രക്ഷകനെപ്പോലെ വന്ന കൂട്ടുകാരന്‍ തന്ന, കഷ്ടിച്ച് 500 രൂപ ബാലന്‍സുള്ള, എ ടി എം കാര്‍ഡിലേക്കും അവന്റെ മുഖത്തെക്കും മാറി മാറി നോക്കിക്കൊണ്ട് സ്റ്റാന്‍ഡിനെതിരെയുള്ള മാളിലേക്ക് ഞാന്‍ ഓടിക്കയറി.

'മുന്തിയ' ബ്രാന്‍ഡഡ് ഉടുപ്പുകള്‍ മാത്രം വില്‍ക്കുന്ന തുണിക്കട ആ മാളില്‍ ഉണ്ടായിരുന്നു. എസ് എം സ്ട്രീറ്റ് വരെ നടക്കാനോ സ്റ്റാന്‍ഡിനുള്ളില്‍ ഉള്ള കുഞ്ഞു കടകളില്‍ നിന്ന് വാങ്ങിയ വസ്ത്രം മാറാന്‍ ഇടം കണ്ടു പിടിക്കാനോ പറ്റില്ല എന്ന് അന്നത്തെ യുക്തി എന്നോട് പറഞ്ഞതനുസരിച്ചാണ് ആ വലിയ കടയില്‍ കൃത്യമായി കയറിയത്.

ഭാഗ്യവും, നിര്‍ഭാഗ്യവും ഒന്നിച്ചു വണ്ടി പിടിച്ചു വന്ന അനുഭവമായിരുന്നു ആ കടയില്‍. എന്തോ വലിയ സെയില്‍ നടക്കുന്നത് കൊണ്ടു തന്നെ കയ്യിലുള്ള പൈസക്ക് അവിടെ നിന്ന് ഉടുപ്പ് കിട്ടും എന്നുറപ്പ് തോന്നി. പക്ഷെ അവിടെയുള്ള ജീവനക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതിനപ്പുറം ആളുകള്‍ അന്ന് ആ കടയില്‍ ഉണ്ടായിരുന്നു. തിരക്കില്‍ വരി മറികടക്കാന്‍ പറ്റാതെ ഞാന്‍ ചുറ്റും നോക്കി, എന്റെ ഈ അവസ്ഥ മനസിലാക്കുന്ന മുഖമുള്ള സെയില്‍സ് ജീവനക്കാരെ നോക്കി ഞാന്‍ ഷാള്‍ കൊണ്ടു ഒന്ന് കൂടി പൊതിഞ്ഞു.

യാദൃശ്ചികമാണോ അല്ലയോ എന്നൊന്നും അറിഞ്ഞു കൂടാ, അവിടെയും 'വാ വാ മനോരഞ്ജിനി..' എവിടെ നിന്നോ ഒഴുകി വന്നു കൊണ്ടേ ഇരുന്നു. അത് വരെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആ പാട്ട് ഒന്നവസാനിച്ചിരുന്നെങ്കില്‍ എന്ന് തോന്നി. ഒടുവില്‍ പിന്നെയും നീണ്ട കാത്തിരിപ്പിനോടുവില്‍ കൈയിലെ വിലക്കൊത്ത ഉടുപ്പ് കിട്ടി. സാഹചര്യം പറഞ്ഞപേക്ഷിച്ചിട്ടും ഡ്രസിങ് റൂമില്‍ അളവ് നോക്കാനും പിന്നീട് ബില്ലടിച്ചു കിട്ടി ഉടുപ്പ് മാറാനും പിന്നെയും സമയമെടുത്തു.

ആത്മനിന്ദയുടെയും, അപമാനത്തിന്റെയും, സങ്കടത്തിന്റെയും ആ ദിവസത്തിന്റെ പാട്ടായി 'വാ വാ മനോരഞ്ജിനി.. അന്ന് മാറി. ശരിക്കും അപനിര്‍മാണം എന്നൊക്കെ സൈദ്ധാന്തികര്‍ പറയുന്നതിന്റെ അര്‍ത്ഥം പ്രായോഗികമായി മനസിലാക്കിയ ദിവസം കൂടിയായിരുന്നു അന്ന്. ഒരു വസ്ത്രത്തില്‍ എന്തിരിക്കുന്നു എന്നൊക്കെ രാഷ്ട്രീയ ശരി ബോധ്യത്തില്‍ നിന്ന് ചോദിക്കാമെങ്കിലും ആ ദിവസവും ഉടുപ്പും അലച്ചിലുമെല്ലാം ഒറ്റക്ക് അതിജീവിക്കുന്നതിന്റെ പുതിയ പാഠം പഠിപ്പിച്ച ദിവസമായിരുന്നു. അങ്ങനെയൊരു ദിവസത്തിന്റെ പശ്ചാത്തല സംഗീതമായി വാ വാ മനോരഞ്ജിനി മാറി. പിന്നീടൊരിക്കലും ആ പാട്ട് കേട്ട് സന്തോഷിക്കാനോ, പാട്ടിന്റെ ഭംഗിയെ പറ്റി ചിന്തിക്കാനോ പറ്റിയിട്ടില്ല. ചിലപ്പോള്‍ ഇങ്ങനെയുമാകാം പാട്ടുകള്‍ സ്വയം നമ്മളെ മാറ്റുന്നത്..!


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented