ഒരു പാട്ട് നമ്മുടെ ഓര്‍മയിലെത്തുന്നത് ഏത് ശബ്ദത്തിലാവും..?? | പാട്ടോര്‍മ്മ


അപര്‍ണ പ്രശാന്തി

താരാപഥം ചേതോഹരം ഗാനരംഗത്തിൽ നിന്ന്, എസ്.പി.ബാലസുബ്രഹ്‌മണ്യം

ദ്യമായി കേട്ട പാട്ട് എന്നൊന്നുണ്ടോ... ഉണ്ടെങ്കില്‍ അതേതാവും..?? ഓര്‍മ്മകള്‍ക്കുമപ്പുറം ഏതോ തുരുത്തില്‍ എവിടെയോ കേട്ട് മറന്ന ഒന്നാവാം... വ്യക്തമായി യാതോരോര്‍മയും ആ ആദ്യത്തെ പാട്ടിനെ പറ്റി ഇല്ലെങ്കിലും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും, അല്ലാത്തതുമായ എല്ലാ ഓര്‍മ്മകള്‍ക്കും കൂട്ടായൊരു പാട്ടുണ്ട്

ചിലപ്പോള്‍ യാദൃശ്ചികമായി, മറ്റു ചിലപ്പോള്‍ ഒട്ടുമേ അങ്ങനെ അല്ലാതെ വരുന്ന പാട്ടുകള്‍. അങ്ങനെ കേട്ട് മറന്ന, മറവി ഒരിക്കലും വന്നെടുത്തു കൊണ്ടുപോകാത്ത പാട്ടുകള്‍, ഇതിന്റെയൊക്കെ ആകെത്തുകയാണ് മനുഷ്യരെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ഓര്‍മകളില്‍ എത്ര പാട്ട് വന്നു പോകുന്നുണ്ടാവാം.. ചിലപ്പോള്‍ ഓര്‍മകളുടെ കണക്കെടുത്ത് തോറ്റ് പോകുന്ന മനുഷ്യരോളമാവാം.

അത് പോലെ ഒരു പാട്ട് നമ്മുടെ ഓര്‍മ്മയിലെത്തുന്നത്ഏത് ശബ്ദത്തിലാവും..??

റേഡിയോയിലൂടെ, ടി വി യിലൂടെ, ടേപ്പ് റെക്കാര്‍ഡറിലൂടെ, ബസ് യാത്രയ്ക്കിടെ ഒക്കെ കേട്ട ആ പാട്ടിന്റെ ' ഒറിജിനല്‍ ' ശബ്ദമാവുമോ... അല്ലെങ്കില്‍ അത് മാത്രമാവുമോ.. ചിലപ്പോഴൊക്കെ അതാവില്ല...നമ്മുടെ തൊട്ടിപ്പുറത്തു നിന്ന് അതിനേക്കാള്‍ പല കാരണങ്ങള്‍ കൊണ്ടു പ്രിയപ്പെട്ട ശബ്ദങ്ങളുണ്ടാവാം... പലപ്പോഴും ആ ശബ്ദങ്ങളുടെ കൂടി ഓര്‍മകളാവാം ആ പാട്ടിനെ കാലഹരണപ്പെടാതെ നിര്‍ത്തുന്നത്...
ആ ശബ്ദമാവാം നമുക്ക് ആ പാട്ട്... ചിലപ്പോള്‍ ആ ശബ്ദമില്ലാതാവുമ്പോള്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന കുറെ പാട്ടുകള്‍ കൊണ്ടു കൂടിയാണ് നമ്മള്‍ ഓര്‍മകളെ കൂട്ടി വെക്കുന്നത്..
പാട്ടെന്ന പോലെ കേട്ടരിക്കേ നിലച്ച, പലപ്പോഴും കെട്ട് പിണഞ്ഞ കാസറ്റിന്റെയോ ഇയര്‍ഫോണിന്റെയോ വള്ളി പോലെ ജീവിതം ചുറ്റി വരിച്ച ഓര്‍മകളാണ് കുറെ ശബ്ദങ്ങളും പാട്ടുകളും...

സ്‌കൂള്‍ കാലത്താണ് ഏറ്റവുമധികം പാട്ടുകാരെ കണ്ടിട്ടുള്ളത്...
ഓരോ ക്ലാസ്സിലും ഒന്നിലധികം പാട്ടുകാര്‍ ഉള്ള സ്‌കൂളിലായിരുന്നു പഠിച്ചത്. സ്‌കൂളിലെ ലളിതഗാന മത്സരങ്ങള്‍ക്കും മറ്റും ഡിമാന്‍ഡ് ഉള്ള പോപ്പുലര്‍ ശബ്ദങ്ങള്‍ക്കപ്പുറം കേട്ട ഒരുപാട് ശബ്ദങ്ങളുണ്ട്... ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ചിലപ്പോഴൊക്കെ അസൂയപ്പെടുത്തുന്ന ശബ്ദങ്ങള്‍... ബാല്യത്തിനും കൗമാരത്തിനും ഇപ്പുറം ഒരിക്കലും കേള്‍ക്കാത്ത, ക്ലാസ്സ് മുറി ഉച്ചകളിലെ ചെറിയ സദസിനെ മാത്രം സമൃദ്ധമാക്കിയ ശബ്ദങ്ങള്‍.. അവരൊക്കെ ഏറ്റവുമധികം പാടി തന്ന പാട്ടുകള്‍ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കാറുണ്ട് ആ പാട്ടുകാര്‍ക്ക് പിന്നീട് എന്ത് പറ്റിയെന്ന്... മറ്റെല്ലാ ഓര്‍മകളെയും പോലെ ആ ഓര്‍മകളെയും പാതിയില്‍ മുറിച്ചു പാട്ട് മുറിഞ്ഞു പോകും, കാലവും.

കൂട്ടത്തിലൊരുവന്‍ നന്നായി പാടുമായിരുന്നു. നമുക്കവനെ എല്ലാ തരം സുരക്ഷിതത്വങ്ങള്‍ക്കുമായി രാഹുല്‍ എന്ന് വിളിക്കാം.. അവന്‍ പലപ്പോഴും ഏറ്റവും ഭംഗിയായി പാടുന്ന പാട്ടായിരുന്നു താരാപഥം ചേതോഹരം... മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍ എന്ന് പാടി പതുക്കേ ചിരിച്ചു അവനാ പാട്ട് നിര്‍ത്തും. ഒരിക്കലും നിന്നു പോകരുത് എന്ന് ഞങ്ങളെല്ലാം എത്ര തീവ്രമായി ആഗ്രഹിച്ചിട്ടും, ആ വെള്ളിയാഴ്ചകളും, മഴയും, ആ വര്‍ഷവും ആ ലാന്‍ഡിംഗ് പോലെ പതുക്കെ ഒന്ന് തൊട്ട് പെട്ടന്ന് കടന്നു പോയി. അടുത്ത വര്‍ഷം അവനെ സ്‌കൂളില്‍ കണ്ടില്ല, പാട്ട് കേള്‍ക്കാന്‍ കൂടെ ഇരുന്ന പലരും പല വഴിക്ക് പുതിയ കൂട്ട് തേടി പോയി... ഓര്‍ക്കാന്‍ കാര്യമായി
ഒന്നും ഇല്ലാത്തത് കൊണ്ടാവാം മഴ പെയ്യുന്ന വെള്ളിയാഴ്ചകളില്‍ആ ജനലിനപ്പുറം നോക്കി ഞാന്‍ അവന്റെ പാട്ട് ഓര്‍ക്കാറുണ്ട്..പലപ്പോഴും ക്ലാസ്സില്‍ ഉയരുന്ന ഏതേലും ഒരു ശബ്ദം പെട്ടന്നാ ഓര്‍മകളെ പാതിയില്‍ മുറിച്ചു മാറ്റിക്കൊണ്ടിരുന്നു.

പിന്നീട് കോളേജ് കാലത്ത് എപ്പോഴോ അവനെ കണ്ടു... അപ്പോഴേക്കും പന്തല്‍ പണിക്ക് പോയി വരുമാനം ഒക്കെ ഉള്ള വലിയ ഒരാളായി അവന്‍ മാറി... ചിലരുടെ കൗമാരം പെട്ടന്നാവസാനിക്കുന്ന കാര്യം എവിടെയോ വായിച്ചതോര്‍ത്തു കൊണ്ടാണ് കൂട്ടത്തില്‍ ഒരാള്‍ അവനെ കുറിച്ച് പറഞ്ഞപ്പോള്‍ ആ മുഖത്ത് നോക്കിയത്... ഓര്‍മയുണ്ടോ എന്ന അവന്റെ ചോദ്യത്തിനും ചിരിക്കും വല്ലാത്ത ഭാരം തോന്നുന്ന പക്വത.. ഇന്നും അകാരണമായി അപ്രതീക്ഷിതമായി ആ ഭാരം തോന്നുന്ന പക്വത ചിലരില്‍ കാണാം, ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ആ പക്വത. കഥകള്‍ക്കൊടുവില്‍ ഞാന്‍ പാട്ട് പാടാറുണ്ടോ എന്ന് ചോദിച്ചു.. സത്യത്തില്‍ എനിക്കാകെ അറിയേണ്ടത് അത് മാത്രമാണെന്ന് തോന്നി... ഏയ്, ഇല്ല എന്ന് പറഞ്ഞു... ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടു താരാപഥം കേള്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പഴും നിന്നെ ഓര്‍ക്കാറുണ്ടെന്നു പറഞ്ഞു... യാതൊരു കളങ്കവുമില്ലാത്ത അത്ഭുതത്തോടെ അവന്‍ എന്നോട് എനിക്ക് ആ പാട്ട് തന്നെ ഇപ്പോ ഓര്‍മയില്ല എന്ന് പറഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു..

അല്ലെങ്കിലും ആ പാട്ടല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കിടയില്‍ ഓര്‍മകളായി ബാക്കി ഇല്ല എന്നറിയുന്നത് കൊണ്ടാവാം ഞാനും കൂടുതലൊന്നും ചോദിച്ചില്ല... പക്ഷെ ആ പാട്ടും വരികളും ഉടമസ്ഥര്‍ കൈവെടിഞ്ഞു അനാഥര്‍ ആയ പോലെ ഒരു ശൂന്യത തോന്നി... ജീവിതം കൊണ്ടു പാട്ട് മറന്നു പോയി എന്നൊക്കെയുള്ള ക്ളീഷേ ആശ്വാസങ്ങള്‍ക്ക് ജീവിതത്തെ മുന്നോട്ട് നയിക്കാനാവും... പിന്നെ എന്തൊകൊണ്ടോ താരാപഥം എന്ന പാട്ട് ഞാന്‍ എവിടെയും ആരും പാടി അധികം കേട്ടില്ല... പ്രിയപ്പെട്ട പാട്ടായിട്ടും പിന്നീട് എനിക്ക് ആ പാട്ട് തേടി പോകാന്‍ തോന്നിയിട്ടേ ഇല്ല.. അതിനു കാരണങ്ങളില്ല...

ഒരുപക്ഷെ ചില പാട്ടുകളുടെ ഓര്‍മ അങ്ങനെയങ്ങു അവസാനിക്കുമായിരിക്കും...പിന്നീടും വര്‍ഷങ്ങള്‍ക്കിപ്പുറം തിരക്ക് പിടിച്ച ഒരു ഓട്ടത്തിനിടയിലാണ് അവനു ഒരു അപകടം പറ്റിയതും കുറെ കാലം തളര്‍ന്നു കിടപ്പിലായതും ഒക്കെ അറിഞ്ഞത്.. പിന്നീട് അസുഖങ്ങള്‍ ഭേദമായെന്നോ നാട് വിട്ട് കടം കയറി പോയെന്നോ ഒക്കെ അറിഞ്ഞു... കാലം എല്ലാവര്‍ക്കും തരുന്ന നിര്‍വികാരത ആവോളം ഉണ്ടായിരുന്നിട്ടും 'മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍' എന്നാരോ മഴതണുപ്പില്‍ പാടി അവസാനിപ്പിക്കും പോലെ അവനെ കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ തോന്നി. വേദനിപ്പിച്ചു കൊണ്ട് തന്നെ അതൊരു മുറിവായി ഇരുന്നു, പക്ഷെ അധികം വൈകാതെ ഞാന്‍ പോലും അറിയാതെ ആ മുറിവ് ഉണങ്ങി.

ഒടുവില്‍ കോവിഡ് അതിന്റെ പാരമ്യത്തില്‍ എത്തിയ സമയത്ത് എസ്.പി.ബാലസുബ്രഹ്‌മണ്യവും മരിച്ചു പോയി... അതോടെ ആ പാട്ട് പൂര്‍ണമായും അനാഥമായ പോലെ തോന്നി.. പ്രണയം മാറി അസുഖവും നഷ്ടബോധവും അഭയമില്ലാത്ത അവസ്ഥയും മരണവും ഒക്കെ ആ പാട്ടിനു ചുറ്റും പതിയിരിക്കും പോലെ തോന്നി... തോന്നലുകള്‍ക്ക് പലപ്പോഴും നൈമിഷികമായ ആയുസേ ഉണ്ടാവാറുള്ളു...ഒരു പാട്ടില്‍ നിന്ന് അടുത്ത പാട്ടിലേക്കുള്ള ദൂരം മാത്രം... പക്ഷെ ആ നൈമിഷികതകള്‍ കൂടിയാവാം കാലത്തെ പലപ്പോഴും ഇങ്ങനെയൊക്കെ മുന്നോട്ട് ചലിപ്പിക്കുന്നതും.

അനശ്വരത്തിലെ ആ പാട്ട് കേള്‍ക്കാനും കാണാനും നല്ല ഭംഗിയുണ്ട്... പ്രണയത്തിന്റെ തീര്‍ത്തും ജൈവികമായ ഈണവും താളവും കാഴ്ചയും ഉണ്ട്... പക്ഷെ വ്യക്തിപരമാണല്ലോ പാട്ട് നല്‍കുന്ന അനുഭവം... എനിക്ക് അത് ഉടമസ്ഥര്‍ ഉപേക്ഷിച്ച ഈണമാണ്... പഴയ സ്‌കൂള്‍ കാലത്ത് നഷ്ടപ്പെട്ട ഭംഗിയുള്ള മഴപെയ്യുന്ന ശബ്ദമാണ്... ചിരിച്ചു പാടുന്ന കുഞ്ഞു ശബ്ദമാണ്... ചിലപ്പോള്‍ മാത്രം ഓര്‍ക്കുമ്പോള്‍ ചെറുതായി വേദനിക്കുന്ന എന്തൊക്കെയോ നഷ്ടമാണ്... നേരത്തെ പറഞ്ഞ ആ പേടിപ്പിക്കുന്ന പക്വതയില്‍ ഇല്ലാതായ ഒരു കാലവുമാണ്... പാട്ടിനു മാത്രം കഴിയുന്ന രീതിയില്‍ പോസ് ചെയ്യപ്പെട്ട ചില്ലിട്ടു വച്ച ഒരു കാലം..

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented