മേരേ ധോല്‍ന സുന്‍ വാട്സ് ആപ്പില്‍ കേട്ടവരൊക്കെ ഒരൊറ്റ സ്വരത്തില്‍ പറഞ്ഞു; കണ്ണടച്ചു കേട്ടാല്‍ ശ്രേയ ഘോഷല്‍ തന്നെ. കേട്ടു കേട്ട് പാട്ടുകാരി സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായി. കേട്ടവര്‍ കേട്ടവര്‍ ചോദിച്ചുതുടങ്ങി, പിന്നണി ഗായകരെ പോലും കടത്തിവെട്ടുന്ന ഈ പാട്ടുകാരി ആരാണ്. ഇതെല്ലാം കേട്ട് കോട്ടയം രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടിലിരുന്ന് ലല്ലു അനൂപ് ചിരിച്ചു.

ഒരു പാട്ടുകാരിയല്ല, കോളേജിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലല്ലു. ഒറ്റയ്ക്കല്ല ലല്ലുവിന്റെ പാട്ട്. കൂട്ടിന് ഭര്‍ത്താവ് അനൂപ് തോമസുമുണ്ട്. വേദികളില്‍ പാടി തകര്‍ക്കുന്ന പാലായില്‍ ഐ.ടി. ഉദ്യോഗസ്ഥനായ അനൂപിനും ലല്ലുവിനും സംഗീതാസ്വാദകര്‍ ഒരു പേരുമിട്ടു സിങ്ങിങ് കപ്പിള്‍സ്. അങ്ങനെ സ്റ്റാര്‍ സിങ്ങര്‍മാരെക്കാള്‍ ഗമയും പെരുമയുമായി സോഷ്യല്‍ മീഡിയില്‍ ഇവര്‍ക്ക്. വീട്ടില്‍ നിന്നും ഹിറ്റ് ചാര്‍ട്ടിലേയ്ക്കുള്ള വഴിയെക്കുറിച്ച് ഒരുപാട് പറയാനുണ്ട് മാതൃഭൂമി ഡോട്ട് കോമിനോട് ലല്ലുവിനും അനൂപിനും.

'ഞങ്ങളുടെ വിവാഹത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പേജ് ക്രിയേറ്റ് ചെയ്തത്. ഞങ്ങളുടെ കല്യാണത്തിന്റെ റിസപ്ഷന് ഞങ്ങള്‍ ഒരു പാട്ടുപാടിയിരുന്നു. പൂങ്കാറ്റിനോടും കിളികളോടും എന്ന പാട്ട്. അത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. പിന്നെ ഞാന്‍ പഠിപ്പിക്കുന്ന കോളേജില്‍ ഒരു പരിപാടിയില്‍ ആടി വാ കാറ്റേ എന്ന പാട്ട് പാടിയിരുന്നു. ടീച്ചര്‍ പാടുന്ന പാട്ട് എന്ന് പറഞ്ഞ് അതും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. മേരേ ധോല്‍നാ സുന്‍ എന്ന പാട്ടാണ് കൂടുതല്‍ ഹിറ്റായത്. ഭൂല്‍ ഭുലയ്യ എന്ന സിനിമയില്‍ ശ്രേയ ഘോഷല്‍ പാടിയ പാട്ട്. കേരളത്തിന് പുറത്ത് നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. ബംഗാളില്‍ നിന്നൊക്കെ പലരും അനൂപിന്റെ നമ്പറിലേക്ക് വിളിച്ചു.  പലരും ശ്രേയയെ കടത്തി വെട്ടുന്ന പ്രകടനം എന്നൊക്കെ ക്യാപ്ഷന്‍ നല്‍കിയാണ് ആ വീഡിയോ പ്രചരിപ്പിച്ചത്. ശ്രേയക്ക് തുല്യം ശ്രേയമാത്രം. അവര്‍ക്ക് മുന്നില്‍ ഞാനൊന്നുമല്ല എന്ന വ്യക്തമായ ധാരണ എനിക്കുണ്ട്. ഞങ്ങളുടെ ബ്രദറിന്റെ വെഡ്ഡിങ് റിസപ്ഷനാണ് ആ പാട്ട് പാടിയത്. എനിക്ക് ഒരുപാട് സന്തോഷമായി.

കുട്ടിക്കാലത്ത് തുടങ്ങിയ ശാസ്ത്രീയ സംഗീതപഠനം സ്‌കൂള്‍ പഠനത്തിന്റെ തിരക്കില്‍ നിന്നുപോയി. ഇപ്പോള്‍ ഞാനും അനൂപും വീണ്ടും പഠിക്കാന്‍ പോകുന്നുണ്ട്.

എന്റെ പ്രിയപ്പെട്ട പാട്ടുകാര്‍ ദാസേട്ടനും ചിത്രചേച്ചിയും ശ്രേയ ഘോഷാലുമൊക്കെയാണ്. അവരുടെ പക്കല്‍നിന്ന് ഒരു അഭിനന്ദനം ലഭിച്ചാല്‍ ഒരു പാട്ടു പാടുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് മറ്റൊന്നും വേണ്ട. സിനിമാ പിന്നണി ഗാനരംഗത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. എത്തിച്ചേരാന്‍ പറ്റുമോ എന്നറിയില്ല.

അനൂപും കുടുംബവും നല്‍കുന്ന പിന്തുണ വലുതാണ്. വിവാഹത്തിന് ശേഷം ഏതൊരു സ്ത്രീയുടെ വളര്‍ച്ചയിലും ഭര്‍ത്താവിന് നല്ല പങ്കുണ്ട്. കല്ല്യാണം കഴിഞ്ഞപ്പോള്‍ പണ്ട് നിര്‍ത്തിവച്ച് സംഗീതപഠനം പുനരാരംഭിക്കാന്‍ അനൂപ് പറഞ്ഞു. എനിക്ക് വേണ്ടി ഫെയ്സ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് അനൂപാണ്. അനൂപിന്റെ സ്വന്തം കാര്യത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്റെ കാര്യത്തിലാണ്. ഞാന്‍ സ്റ്റേജില്‍ കയറി പാടുമ്പോള്‍ അനൂപിനാണ് ടെന്‍ഷന്‍. പിന്നെ എന്നെ മോള്‍ഡ് ചെയ്ത് കൊണ്ടുവന്നത് അച്ഛനാണ്. അദ്ദേഹം പ്രൊഫഷണല്‍ ഗിറ്റാറിസ്റ്റും എഞ്ചിനീയറുമാണ്. അല്‍ഫോണ്‍സ് എന്നാണ് പേര്. അമ്മ വത്സ. അമ്മ നല്ല പാട്ടുകാരിയാണ്. കുട്ടിക്കാലം മുതല്‍ വീട്ടില്‍ സംഗീതമുണ്ട്. ഞാന്‍ പള്ളിയിലെ ക്വയറില്‍ പാടാറുണ്ടായിരുന്നു. എന്നിലെ പാട്ടുകാരിയെ കണ്ടെത്തിയതും വളര്‍ത്തിയതും അവരാണ്. അനൂപിന്റെ വീട്ടിലും നല്ല പിന്തുണയാണ്.  

മേരേ ധോല്‍നാ സുന്‍ എന്ന ഗാനം ലല്ലു ആലപിക്കുന്നു

എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടേഴ്സ് എന്റെ വിദ്യാര്‍ഥികള്‍ തന്നെയാണ്. അവരാണ് എന്നെ ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് പാടാനുള്ള ധൈര്യം തന്നത്. കുട്ടികള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂവും നല്ലതാണെങ്കില്‍ കയ്യടിക്കും. ഇതുവരെ ദൈവം സഹായിച്ചിട്ട് ആരും കൂവിയിട്ടില്ല. ഒട്ടും മായം ചേര്‍ക്കാത്ത പ്രതികരണമാണ്. അതു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ മനസ്സു നിറയും. 

ലല്ലുവിനെക്കുറിച്ച് അനൂപ് തോമസും വാചാലനായി

LALLOO ANUP

മേരി ധോല്നാ സുനിയുടെ വീഡിയോയ്ക്ക് ഇത്രയും ജനപ്രീതി കിട്ടുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. സഹോദരന്റെ വിവാഹത്തിനാണ് ലല്ലൂ ആ പാട്ട് പാടിയത്. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമേ പരിപാടിക്ക് എത്തിയിരുന്നൂള്ളൂ. ലല്ലൂ പാടി കഴിഞ്ഞപ്പോള്‍ എല്ലാവരും അഭിനന്ദിച്ചു. അപ്പോള്‍ എനിക്ക് തോന്നി കേരളത്തിലെ കുറച്ച് സംഗീത സ്നേഹികളെങ്കിലും ഈ പാട്ട് കേട്ട് ലല്ലുവിനെ പ്രോത്സാഹിപ്പിക്കണമെന്ന്. പാട്ട് ഞങ്ങളുടെ യുട്യൂബ് ചാനലിലും ഫെയ്സ്ബുക്കിലും അപ്ലോഡ് ചെയ്തു. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം ശരിക്കും എന്നെ ഞെട്ടിച്ചു. ലല്ലു നന്നായി പരിശീലനം നടത്തിയാണ് പാടിയത്. അതിന്റെ ഫലം ശരിക്കും കിട്ടി. എനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ ലല്ലൂ നന്നായി പാടി. എന്റെ ഒരു അറിവിന്റെ പരിധിയില്‍ ഞാന്‍ ലല്ലുവിന് ചെറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഞാനും ലല്ലുവിനൊപ്പം പാട്ട് പഠിക്കുന്നുണ്ട്. എനിക്ക് കുട്ടിക്കാലത്ത് പാട്ട് പഠിക്കാന്‍ പറ്റിയില്ല. പക്ഷേ പള്ളി ക്വയറില്‍ സജീവമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും പൊന്‍കുന്നം ജോസ് സാറിന്റെ ശിഷ്യനാണ്. കര്‍ണാടിക്കാണ് പഠിക്കുന്നത്. അദ്ദേഹത്തിന് പ്രായമായതിന്റെ ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാല്‍ കുറച്ചു നാളുകളായി ഒരു ചെറിയ ഇടവേള വന്നിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പാടുമ്പോള്‍ സിങ്ങിങ് കപ്പിള്‍ എന്ന തരത്തില്‍ കുറച്ച് കൂടുതല്‍ പരിഗണ ലഭിക്കുന്നുണ്ട്.