സണ്ണി വെയ്‌നും ഗൗരി കിഷനും പ്രണയജോടികളായെത്തുന്ന പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി എന്ന ഗാനമാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഹരമാകുന്നത്. ഹരിശങ്കര്‍ ആലപിച്ച ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകമാണ് ഹിറ്റായത്. ഇപ്പോള്‍ ആ പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.

ഹരിശങ്കര്‍ ഗാനമാലപിക്കുന്നത് കേട്ടു താളമിട്ട് സ്റ്റുഡിയോയില്‍ സണ്ണി വെയ്‌നും ഭാര്യ രഞ്ജിനിയുമുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം നല്‍കിയിരിക്കുന്നു.

ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജനയായി ഗൗരിയും വേഷമിടുന്നു. ഗൗരി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രവുമാണിത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്.

പ്രിന്‍സ് ജോയ് ആണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ടി മണിലാലിന്റേതാണ് തിരക്കഥ. എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ശെല്‍വകുമാര്‍ എസ് ആണ്.

Content Highlights : anugraheethan antony movie sunny wayne gouri kishan kamini song making video