പാനി പൂരി മ്യൂസിക് ബാൻഡിലെ അംഗങ്ങൾ...അഞ്ജലി വാര്യർ, ഹരിത ഹരീഷ്, സാൻവിൻ ജെനിൽ, അമിത് സാജൻ
മലയാള സിനിമയിൽ സ്ത്രീകൾ അധികം കൈവച്ചിട്ടില്ലാത്ത മേഖലയാണ് സംഗീത സംവിധാനം. അവിടേക്കാണ് അഞ്ജലി വാര്യർ എന്ന തൃശൂരുകാരി പെൺകുട്ടി തന്റെ ആദ്യത്തെ സംഗീത ആൽബവുമായി കടന്നു വരുന്നത്. ബി.കെ ഹരിനാരായണൻ വരികളെഴുതി, അഞ്ജലി സംഗീത സംവിധാനം നിർവഹിച്ച്, നടി അപർണ ബാലമുരളി ആലപിച്ച മരിയാഞ്ജലി എന്ന ക്രിസ്തീയ ഭക്തി ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിനിയായ അഞ്ജലിയുടെ സ്വപ്നങ്ങൾ നിറയെ സംഗീതമാണ്. ആദ്യ ഗാനം സംഗീതാസ്വാദകർ സ്വീകരിച്ചതിന്റെ സന്തോഷം അഞ്ജലി മാതൃഭൂമി ഡോട് കോമിനോട് പങ്കുവയ്ക്കുന്നു
"എന്റെ മാർഗദർശിയാണ് നടി അപർണ ബാലമുരളിയുടെ അച്ഛനും സംഗീതഞ്ജനുമായ ബാലമുരളി.. ഞങ്ങളുടെ കുടുംബസുഹൃത്തുക്കളാണ് ബാലു മാമയും കുടുംബവും. ആപ്പു ചേച്ചി എന്നാണ് അപർണ ചേച്ചിയെ ഞാൻ വിളിക്കുക.
ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലാണ് ഞാൻ പഠിക്കുന്നത്. അവിടെ ഉണ്ണികൃഷ്ണൻ എന്നൊരു സംഗീതാധ്യാപകനുണ്ട്. ഞങ്ങൾ പാട്ട് പാടുന്ന കുറച്ച് കുട്ടികൾക്ക് സാർ ഒരു ഡമ്മി ലിറിക്സ് അയച്ചു തന്നിരുന്നു.. ട്യൂൺ ചെയ്ത് പാടാനായി. ഇതിന് മുമ്പ് കമ്പോസ് ചെയ്ത് പരിചയമില്ലാത്തത് കൊണ്ട് എങ്ങനെയാകും എന്ന ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. കുറച്ച് വരികൾ ട്യൂൺ ചെയ്ത് ബാലു മാമയെ കേൾപ്പിച്ചപ്പോൾ അദ്ദേഹമാണ് പറഞ്ഞത്, നന്നായി വന്നിട്ടുണ്ട്, നീ തന്നെ അത് മുഴുവനും ട്യൂൺ ചെയ്യണമെന്ന്. കോവിഡും ലോക്ഡൗണുമെല്ലാം വന്നപ്പോൾ എന്ത് ചെയ്യണം എന്ന ചിന്തയിലാണ് ഈ കമ്പോസ് ചെയ്ത് വച്ച പാട്ട് മുഴുവനാക്കാം എന്ന് തോന്നുന്നത്. ബാലു മാമയാണ് ബി.കെ. ഹരിനാരായണൻ ചേട്ടനെ കൊണ്ട് മുഴുവൻ വരികളുമെഴുതിക്കാം എന്ന് പറയുന്നത്. ഞാൻ കമ്പോസ് ചെയ്ത പാട്ട് ഞാൻ പാടുന്നതിനേക്കാൾ മറ്റൊരാൾ പാടുന്നതാകും നല്ലതെന്ന് തോന്നിയിരുന്നു. അതിന് ഏറ്റവും യോജിച്ച ശബ്ദം ആപ്പു ചേച്ചിയുടേതാണെന്ന് തോന്നി. കാരണം ചേച്ചി പാടുന്നതിന് ഭയങ്കര ഫീലാണ്. അങ്ങനെയാണ് മരിയാഞ്ജലി എന്ന ആൽബം സംഭവിക്കുന്നത്." അഞ്ജലി പറയുന്നു.
സ്കൂളിലെ സഹപാഠികളായ മറ്റ് മൂന്നു പേരും കൂടി ചേർന്ന് പാനി പൂരി എന്ന സംഗീത ബാൻഡ് കൂടി രൂപീകരിച്ചിട്ടുണ്ട് അഞ്ജലി. കവർ ഗാനങ്ങളുമായി ഈയിടെ പ്രേക്ഷകരിലേക്കെത്തിയ പാനി പൂരിയെയും അതിലെ കലാകാരന്മാരെയും സംഗീതാസ്വാദകർ സ്വീകരിച്ചു കഴിഞ്ഞു.
"നാല് പേരാണ് പാനിപൂരി ബാൻഡിലുള്ളത്. ഹരിത ഹരീഷ്, സാൻവിൻ ജെനിൽ, അമിത് സാജൻ പിന്നെ ഞാനും. ബാലു മാമ തന്നെയാണ് ഞങ്ങൾ നാലു പേരുടെയും മെന്റർ. ഹരിതയുടെ സംഗീതാധ്യാപകനാണ് ബാലു മാമ.. ഈ ബാൻഡിന് പിന്നിൽ ഞങ്ങളേക്കാളേറെ പ്രയത്നിച്ചത് ബാലു മാമയാണ്.. ഞങ്ങൾ നാല് പേരും ദേവമാതയിലാണ് പഠിക്കുന്നത്. പരസ്പരം അറിയാമായിരുന്നു. ആ പരിചയത്തിൽ നിന്നാണ് ഈ ബാൻഡിലെത്തുന്നത്.

സാൻവിൻ മരിയാഞ്ജലിയിലും ഫ്ലൂട്ട് വായിച്ചിട്ടുണ്ട്. അമിത് എയ്റ്റ്ത്ത് ഗ്രേഡ് പിയാനോ കഴിഞ്ഞതാണ്. ഹരിത പിന്നണി ഗായികയാണ്. കോണ്ടസ, ബോൺസായ് തുടങ്ങി അഞ്ചാറ് ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. പല പേരുകൾ തപ്പി നടന്നാണ് ഒടുവിൽ പാനിപൂരിയിലേക്കെത്തുന്നത്. പല തരം വികാരങ്ങളുടെ, രസങ്ങളുടെ ഒരു മിക്സ് അല്ലേ പാനിപൂരി എന്ന് പറയുന്നത്. ജീവിതവും അങ്ങനെ തന്നെയല്ലേ... നല്ല പാട്ടുകൾ ആളുകളിലേക്കെത്തിക്കുക എന്നതാണ് പാനിപൂരിയുടെ ലക്ഷ്യം." അഞ്ജലി പറയുന്നു.
"ഒരു പാട്ടുകാരിയെന്ന നിലയിലാണ് ഞാൻ തുടങ്ങിയത്. ഏഴ് വർഷമായി പാട്ട് പഠിക്കുന്നുണ്ട്,. പക്ഷേ ആദ്യമായി ഒരു പാട്ട് കമ്പോസ് ചെയ്തതിന് ശേഷം അതിനോടും താത്‌പര്യം തോന്നി തുടങ്ങിയിട്ടുണ്ട്, വീണ്ടും സംഗീതത്തോടുള്ള ഇഷ്ടം വീണ്ടും കൂടി. കമ്പോസ് ചെയ്യാനായി ഒന്നു രണ്ട് പാട്ടുകൾ വന്നിട്ടുണ്ട്. അറിയില്ല മുന്നോട്ട് പോകുമ്പോൾ എന്താകുമെന്ന്... പാട്ടിൽ ഇനിയും കുറേ ചെയ്യാമുണ്ട്. പാനി പൂരിക്കൊപ്പവും ഒറ്റയ്ക്കും കൂടുതൽ അറിയണം, പഠിക്കണം. അഞ്ജലിയുടെ വാക്കുകളിൽ പ്രതീക്ഷ..".
തൃശൂർ സ്വദേശിയായ രാജേഷ് അച്യുതന്റെയും സബിതയുടെയും മകളാണ് അഞ്ജലി
Content Highlights : Anjali Warrier Music director Album Song Aparna Balamurali BK Harinarayanan Pani Puri Music Band
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..