ഗോവിന്ദ് മുരളി സംഗീത നല്‍കി ആലപിച്ച ''ആന്‍ഡ്രില്‍'' സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.ജെ വേദരാമനാണ് ഈ തമിഴ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. 

''ആന്‍ഡ്രില്‍' ഒരു പക്ഷിയാണ്. തമിഴ് സാഹിത്യത്തില്‍ സ്ഥിരതയെയും അഭേദ്യമായ സ്‌നേഹത്തെയും ചിത്രീകരിക്കാനായി ഈ പക്ഷിയെ ഉപയോഗിച്ചിട്ടുണ്ട്. ഇണയെ നഷ്ടപ്പെടുമ്പോളുള്ള ഈ പക്ഷികളുടെ വിചിത്രമായ കരച്ചില്‍ പല തമിഴ് കവിതകളിലും വിവരിച്ചിട്ടുണ്ട്. പ്രകൃതി അത്തരം വികാരങ്ങള്‍ നിറഞ്ഞതാണ്. ഈ വികാരങ്ങള്‍ എത്ര ആഴത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഈ വീഡിയോ/ ഗാനം.'' -ഗോവിന്ദ് മുരളി പറയുന്നു.

പക്ഷിക്ക് അനുഭവപ്പെടുന്ന വേര്‍പിരിയലിന്റെ വേദന, മനുഷ്യരായ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിധം ഒരു ഗാനത്തിലൂടെ പകര്‍ത്താന്‍ ഗോവിന്ദ് ശ്രമിക്കുന്നു. 

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ബോധി സൈലന്റ് സ്‌കേപ്പ് യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ യൂട്യൂബില്‍ പുറത്തിറക്കിയത്.

കൊച്ചിയിലെ ത്രിപ്പൂണിത്തുറയില്‍ നിന്നുള്ള ഗോവിന്ദ് ജപ്പാനിലെ ടോക്കിയോയില്‍ കെമിക്കല്‍ എൻജിനീയറാണ്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ കാലത്തില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത യാത്ര തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ ബി.ടെക് പഠനകാലത്തും പിന്നീട് മുംബൈ ഐ.ഐ.ടിയിലെ എം.ടെക് കാലത്തും തുടര്‍ന്നു. കെമിക്കല്‍ എൻജിനീയര്‍ കൂടിയായ ഭാര്യ ഭദ്ര ഹൃഷികേശാണ് ഗോവിന്ദിന് പിന്തുണയേകിയത്. മ്യൂസിക്കല്‍ വീഡിയോയുടെ ആര്‍ട്ട് വര്‍ക്ക് ഭദ്രയാണ് വരച്ചത്. 

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആകാശ് എസ്.മേനോനാണ് ഗാനത്തിന്റെ ഗിറ്റാറും ബേസ് ഗിറ്റാറും വായിച്ചത്. മലയാള സംഗീത ലോകത്തിലെ പ്രമുഖ കലാകാരന്മാരായ പ്രശാന്ത് പിള്ള, ജോബ് കുരിയന്‍, സച്ചിന്‍ വാരിയര്‍ തുടങ്ങിയവരുടെ കൂടെ ആകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള അജു അംബാട്ട് ആണ് പുല്ലാങ്കുഴല്‍ വായിച്ചത്. തബല കൈകാര്യം ചെയ്തത് ''മായാനദി 'ഫെയിം ആയ ചന്ദ്രജിത്ത് ദുരൈരാജാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഥാനിയേല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക് നടത്തുന്ന ജേസണ്‍ സക്കറിയയാണ് ഈ ഗാനത്തിന്റെ മിക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. ജോ ആന്റണിയാണ് ഗാനത്തിന്റെ മാസ്റ്ററിംഗ് നടത്തിയത്. കണ്ണൂരില്‍ നിന്നുള്ള ദേവിക സജീവനാണ് ഈ ഗാനത്തിനു വേണ്ടി ചുവടുവെച്ചത്. വീഡിയോ സംവിധാനം ചെയ്തത് രോഹിത് കൃഷ്ണനും DOP ജിതിന്‍ ജെയിനും ആണ് . വീഡിയോ ആകാശ് തന്നെയാണ് എഡിറ്റ് ചെയ്തത് . വിനോദ് രവീന്ദ്രനാഥന്‍ അഡിഷണല്‍ എഡിറ്റിങ് നിര്‍വഹിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാണ്ട് എഞ്ചിനീയറായ ഗോകുല്‍ നമ്പുവും ടീമിനെ പിന്തുണച്ചു. ഗോവിന്ദ്, ഭദ്ര എന്നിവര്‍ ടോക്കിയോയിലും മറുഭാഗമായ ആകാശ്, രോഹിത് എന്നിവര്‍ 6500 കിലോമീറ്റര്‍ അകലെ തൃശ്ശൂരിലും ഇരുന്നാണ് സംഗീത ആല്‍ബം ഒരുക്കിയത്. 

Content Highlights: Andril அன்றில், Tamil Music- Dance Video Album Govind Murali  V J Vedharaman  Ft. Devika Sajeevan