'സംഗീതാസ്വാദനത്തിൽ ചേരിതിരിവില്ല!'

ചേരിയിൽ കച്ചേരിക്ക് പോയി സംഗീതജ്ഞൻ ടി.എം.കൃഷ്ണ പാടിയുറപ്പിച്ചത് അതാണ്. 'ആനന്ദവല്ലി' എന്ന സംഗീത ആൽബം പങ്കുവെക്കുന്നതും സമാനമായ ആശയമാണ്. ചലച്ചിത്ര സംഗീത സംവിധായകൻ സുദീപ് പാലനാട് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ  ഫേസ് ബുക്കിലൂടെ ആസ്വാദകർക്കായി പങ്കുവെച്ച ഈ  ആൽബം  യു ട്യൂബിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

ഏതു സംഗീതവും ഏതൊരാളെയും സ്പർശിക്കുന്നുവെന്ന് പ്രതീകാത്മകമായി പറയുകയാണ് 'ആനന്ദവല്ലി'. സ്വാതിതിരുനാൾ കൃതിയായ 'ആനന്ദവല്ലി' യുടെ ആസ്വാദനമാണ് ഇതിനായി ആസ്പദമാക്കിയിട്ടുള്ളത്.

ക്ലാസിക്കൽ സംഗീതത്തെ ക്ലാസിക്കൽ നൃത്തരൂപങ്ങളുമായി മാത്രം ചേരുമ്പടി ചേർക്കുന്ന പതിവു രീതികളിൽ നിന്നു വഴിമാറി നടക്കുകയാണ് ആറു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ സംഗീത ആൽബം. നാടകത്തിന്റെ  ശരീര ഭാഷ സമർഥമായുപയോഗിച്ചാണ്  ഈ ആൽബത്തിൽ സ്വാതിതിരുനാൾ കൃതിയുടെ ആസ്വാദന അനുഭൂതി സൂക്ഷ്മമായി അടയാളപ്പെടുത്തുന്നത്. 

പ്യൂപ്പിൾ സ്റ്റോറി കളക്ടീവിന്റെ ബാനറിൽ പുറത്തിറക്കിയ ആൽബത്തിന്റെ സംവിധായകൻ സജിത്ത് മൂത്തകൊരമ്പാണ്. കലാവതരണത്തിലും ആസ്വാദനത്തിലുമുള്ള വാർപ്പു മാതൃകകളെ പൊളിച്ചെഴുതാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറയുന്നു.

മികച്ച നാടക നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുള്ള എം.പാർത്ഥ സാരഥിയാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. അമ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളാണ് അദ്ദേഹം.

രഞ്ജീഷ് മേലേപറമ്പത്ത് വീഡിയോഗ്രഫിയും എം.അമൽ ദൃശ്യസംയോജനവും നിർവഹിച്ചു. ചെന്നൈയിൽ സൗണ്ട് എൻജിനീയറും ആൾ ഇന്ത്യ റേഡിയോയിൽ എ ഗ്രേഡ് മൃദംഗം ആർട്ടിസ്റ്റുമായ രാകേഷ് പാഴേടമാണ് പശ്ചാത്തല സംഗീതവും ശബ്ദാവിഷ്ക്കരണവും നിർവഹിച്ചിട്ടുള്ളത്. പ്രമുഖ ചലച്ചിത്രഗാന സംവിധായകനായ ദീപക് ദേവിനൊപ്പം സൗണ്ട് എൻജിനീയറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: Anandavalli swati tirunal  Sajith Moothakurambu