കുപ്പയിലെ മാണിക്യം എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ സത്യമാണ് സഹോദരന്മാരായ ഹാഫിസിന്റെയും ഹബീബുറിന്റെ കാര്യത്തില്‍. പകല്‍ മുഴുവന്‍ ഇവര്‍ കുപ്പയിലാണ്. ന്യൂഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ പഴയ പാട്ടയും കടലാസും പെറുക്കി വിറ്റാണ് ഉപജീവനം. ഈ കന്നാസിനെയും കടലാസിനെയും ഇപ്പോള്‍ തേടിനടക്കുന്നത് മറ്റാരുമല്ല, വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയാണ്. കുപ്പിയും പാട്ടയും പാഴ്കടലാസും പെറുക്കുന്നതിനിടെ ഇവര്‍ പാടുന്ന പാട്ടുകളാണ് മഹീന്ദ്രയുടെ മനസിനെ കീഴടക്കിയത്.

സുഹൃത്ത് രോഹിത് ഖട്ടര്‍ അയച്ചുകൊടുത്ത ഇവരുടെ വീഡിയോകള്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചു. പ്രതിഭയ്ക്ക് യാതൊരു പരിധികളുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മഹീന്ദ്ര ഇരുവരുടെയും വീഡിയോകള്‍ പങ്കുവച്ചത്. രാകിമിനുക്കാത്തതാണ് ഇവരുടെ പ്രതിഭ. പക്ഷേ, വളരെ സ്പഷ്ടമാണ്. ഭാവിയില്‍ ഇവര്‍ക്ക് തുണയാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇവരെ കുറിച്ച് അറിയുന്നവര്‍ ആരെങ്കിലും വിവരം നല്‍കുകയാണെങ്കില്‍ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇരുവരുടെയും സംഗീതപാടവം മെച്ചപ്പെടുത്താന്‍ ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടുാക്കിക്കൊടുക്കാം. പകല്‍ മുഴുവന്‍ ജോലി എടുക്കുന്നവരായതുകൊണ്ട് വൈകിട്ട് പഠിപ്പിക്കുന്നതാവും നല്ലത്-മഹീന്ദ്ര ട്വീറ്റ് ചെയ്തു.

 അന്‍മോല്‍ മോട്ടയില്‍ മഹേന്ദ്രകപൂര്‍ പാടുന്ന ഏ ജാനെ ചമനും ഷാരൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാനിലെ സാജ്ദായുമാണ് ഇവര്‍ പാടുന്നത്. ചവറ് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മുച്ചക്ര പെട്ടി സൈക്കിളിലാണ് ഇരുവരുടെയും ഗാനാലാപം.

പാട്ടുകാര്‍ക്ക് മാത്രമല്ല, ഇവര്‍ക്ക് സഹായഹസ്തം നീട്ടിയ മഹീന്ദ്രയ്ക്കുമുണ്ട് ട്വിറ്ററില്‍ കൈയടി.

Content Highlights: Anand Mahindra Seeks Singing Garbage Collectors Bollywood Super Hit Songs