സൗരവ് കിഷൻ, ആനന്ദ് മഹീന്ദ്ര| Photo: facebook.com|anand.mahindra.9828
''പതിറ്റാണ്ടുകളായി നമ്മൾ പുതിയൊരു മുഹമ്മദ് റാഫിക്കുള്ള കാത്തിരിപ്പിലായിരുന്നു. ഇത് കേൾക്കുമ്പോൾ അത് അവസാനിപ്പിക്കാറായെന്ന് തോന്നുന്നു''- കോഴിക്കോട് സ്വദേശിയായ സൗരവ് കിഷൻ എന്ന ഗായകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിവ, മഹീന്ദ്ര ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കഴിവുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും ഒരിക്കലും പിശുക്ക് കാണിക്കാത്ത ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ തെല്ലും കുറച്ചൊന്നുമല്ല സൗരവിനെ സന്തോഷിപ്പിച്ചിരിക്കുന്നത്. തന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇനിയും എല്ലാവരുടെയും പിന്തുണയും സ്നേഹവും വേണമെന്ന് സൗരവ് കിഷൻ പറയുന്നു.
റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലത്ത് സാക്ഷാൽ ജോൺസൺ മാഷാണ് സൗരവിനോട് റഫി പാട്ടുകളെ ചേർത്ത് പിടിക്കാൻ ആവശ്യപ്പെട്ടത്. ജോൺസൺ മാഷുടെ നിരീക്ഷണം തെറ്റിയില്ല. ഇന്ന് ഛോട്ടാ റഫിയെന്ന പേരിലാണ് ഈ ഗായകൻ അറിയപ്പെടുന്നത്.
സംഗീതത്തോട് വലിയ താൽപര്യമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പം മുതൽ ലതാ മങ്കേഷ്കർ, മുഹമ്മദ് റഫി, ആഷ ഭോസ്ലെ, കിഷോർ കുമാർ, യേശുദാസ് എന്നിവരുടെ പാട്ടുകൾ നന്നായി കേൾക്കുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലത്ത് സുഹാനി രാത് ധൽചുകി എന്ന ഗാനം ഞാൻ പാടിയിരുന്നു. വിധി കർത്താക്കളിൽ ഒരാളായ ജോൺസൺ മാഷ് എന്നോട് പറഞ്ഞു, നീ റഫിയുടെ പാട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൂ നന്നാകും എന്ന്. അന്ന് മുതലാണ് ഞാൻ റഫിയുടെ പാട്ടുകൾ കൂടുതൽ കേൾക്കാൻ തുടങ്ങിയതും പാടാൻ തുടങ്ങിയതും. മാത്രവുമല്ല കുട്ടിക്കാലം മുതൽ തന്നെ റഫി ഫൗണ്ടേഷനോട് എനിക്ക് വലിയ കടപ്പാടുണ്ട്. ടാഗോർ ഹാളിലും ബീച്ചിലുമെല്ലാം എനിക്ക് ഫൗണ്ടേഷനിലൂടെ ധാരാളം വേദികൾ ലഭിച്ചു. പിന്നെ വർഷങ്ങളായി സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നു. പ്രതാപൻ കോഴിക്കോടാണ് കർണാടക സംഗീതത്തിന്റെ ഗുരു. ലളിതഗാനം പഠിക്കുന്നത് സതീഷ് ബാബു എന്ന അധ്യപകന്റെ അടുത്ത് നിന്നാണ്.
ചെെനയിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ് സൗരവ്. സുനിൽ പി നെടുങ്ങാട്ടാണ് പിതാവ് പിതാവ്. അമ്മ മിന്നിക റാണി ശാസ്ത്രീയ നർത്തകിയാണ്. കോഴിക്കോട് ചേവായൂരാണ് സൗരവ് താമസിക്കുന്നത്. സഹോദരൻ വെെഭവ് കിഷൺ ഹോമിയോ മെഡിസിൻ വിദ്യാർഥിയാണ്.
Content Highlights: Anand Mahindra appreciate saurav kishen songs who known as Chhota Mohammad Rafi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..