ബോളിവുഡിനും ആരാധകർക്കും ഇന്നും ഉൾക്കൊള്ളാനായിട്ടില്ല നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണം. ഒരു പിടി നല്ല സിനിമകൾ, കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കി വച്ചാണ് താരം അകാലത്തിൽ വിടവാങ്ങിയത്. സുശാന്തിനായി കുറിച്ച ഒരു കത്താണ് ഇപ്പോൾ ആരാധകരുടെ കണ്ണിനെ ഈറനണിയിക്കുന്നത്. സംവിധായകൻ ബി.സി.നൗഫലാണ് സുശാന്തിനായി ഈ കത്തൊരുക്കിയിരിക്കുന്നത്. ഗായിക രഞ്ജിനി ജോസ് ആണ് കത്തിലെ ശബ്ദമായത്.. നിപുൻ വർമയാണ് വീഡിയോയ്ക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതിയത്.
‘പ്രിയ സുശാന്ത്, നീ എങ്ങും പോയിട്ടില്ലെന്ന് വെറുതെയൊന്ന് വിചാരിച്ചോട്ടെ.. ഇപ്പോഴും ഇവിടെ ഞങ്ങളുടെ കൂടെയിരുന്നു ഈ കത്ത് നീ വായിക്കുന്നുണ്ടെന്ന് വെറുതെ... ദിൽ ബെച്ചാര കാണാനിരിക്കുമ്പോൾ നീ അവസാനമായി അഭിനയിച്ച ചിത്രം എന്നതൊഴിച്ചാൽ ഒരു സിനിമ അത്രയേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നിന്റെ ചിരിക്കുന്ന ആ മുഖം സ്ക്രീനിൽ തെളിഞ്ഞപ്പോൾ മുതൽ അവിടെ സിനിമയില്ലാതായി, പകരം ജീവിതം മാത്രമായി... അപൂർണമായി നീ അവസാനിപ്പിച്ച് പോയ നിന്റെ ജീവിതം ഒരു സ്വപ്നത്തിലെന്ന പോലെ വീണ്ടും ഞങ്ങളുടെ മുന്നിൽ തെളിയുകയായിരുന്നു... കത്ത് തുടങ്ങുന്നു.
ഇക്കഴിഞ്ഞ ജൂൺ 14 നാണ് മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുന്നത്. വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനങ്ങൾ വന്നെങ്കിലും ബോളിവുഡിലെ പലരെയും പ്രതിസ്ഥാനത്ത് നിർത്തി കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights : An Emotional Letter to Sushant Singh Rajput Ranjini Jose