ബോളിവുഡ് താരങ്ങളോടൊപ്പം നിരവധി ഗായകരും ചേര്‍ന്ന് ഒരുക്കിയ മ്യൂസിക്ക് വീഡിയോയാണ് ഗുസര്‍ ജായേഗാ. അമിതാഭ് ബച്ചന്‍, കപില്‍ ശര്‍മ, സണ്ണി ലിയോണ്‍, രവീണ ടാന്‍ഡണ്‍ എന്നിവരാണ് വീഡിയോയുടെ ഭാഗമായ താരങ്ങള്‍. മേയ് ആദ്യമാണ് വീഡിയോ പുറത്തിറങ്ങിയത്.
115-ാളം കലാകാരന്മാരാണ് വീഡിയോയുടെ ഭാഗമായിരിക്കുന്നത്. ഇതില്‍ 65-ാളം സിനിമാ താരങ്ങളും 50 ഗായകരുമുണ്ട്. നടന്‍ അമിതാഭ് ബച്ചനാണ് ഗാനത്തില്‍ വിവരണം നല്‍കിയിരിക്കുന്നത്.
വീഡിയോയുടെ നിര്‍മാതാവ് വരുണ്‍ ഗുപ്തയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വിവരം അറിയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വരുണ്‍ ഈക്കാര്യം വെളിപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒറ്റ ഭാഷയിലുള്ള ഒരു മ്യൂസിക്ക് വീഡിയോക്ക് വേണ്ടി 51 ഗായകര്‍ ഒന്നിക്കുന്നത് എന്നാണ് ഇതിനെക്കുറിച്ച് വരുണ്‍ പറഞ്ഞത്.
ഗിന്നസ് ബുക്കിനെ കൂടാതെ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലേക്കും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് ഈ റെക്കോര്‍ഡ് അന്തരിച്ച പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സണിന്റെ പേരിലാണുള്ളത്. അദ്ദേഹത്തിന്റെ വി ആര്‍ ദ് വേള്‍ഡ് എന്ന ഗാനത്തിനായി ഒന്നിച്ചത് 40 ഗായകരായിരുന്നു.
സോനു നിഗം, ശ്രേയ ഗോഷാല്‍, ഷാന്‍ എന്നിവരും ഭാഗമായിരിക്കുന്ന മ്യൂസിക്ക് വീഡിയോയുടെ ഗാനം എഴുതിയിരിക്കുന്നത് സിദ്ധാന്ത് കൗശലാണ്. ഗായകരെ കൂടാതെ സാനിയ മിര്‍സ, വിജേന്ദര്‍ സിങ്, സുശീല്‍ കുമാര്‍, മഹേഷ് ഭൂപതി, ബൈചൂങ് ഭൂട്ടിയ തുടങ്ങിയ കായിക താരങ്ങളും വീഡിയോയിലുണ്ട്.
Content Highlights: Amitabh Bachchan's Guzar Jayega music video to be enlisted in Guinnes World Records