സോഷ്യൽ മീഡിയയിലൂടെ വെെറലായി മാറിയ യുവ​ഗായിക ആര്യ ദയാലിനെ അഭിനന്ദിച്ച് ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചൻ. കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ പാട്ടാണ് വൈറലായി മാറിയത്. പാട്ടിനൊപ്പം യൂക്കലേലിയിൽ ഈണമിടുന്നുമുണ്ട്. എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ എന്ന പ്രശസ്തമായ ഗാനം ശ്രുതി ചേർത്ത് പാടുന്ന ആര്യയുടെ വീഡിയോ മലയാളത്തിലെ പാട്ടുകാരുൾപ്പടെയുള്ള പല പ്രമുഖ സെലിബ്രറ്റികളും പങ്കുവച്ചിരുന്നു.

"എന്റെ സം​ഗീത പങ്കാളിയും പ്രിയ സുഹൃത്തുമായ വ്യക്തിയാണ് ഈ വീഡിയോ എനിക്ക് അയച്ചു തന്നത്. ഈ കുട്ടി ആരെന്നറിയില്ല, പക്ഷേ എനിക്കാകെ പറയാനുള്ളത് ഒരേയൊരു കാര്യമാണ്, നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്. ദൈവം അനു​ഗ്രഹിക്കട്ടെ.. ഇതേ പോലെ നല്ല നല്ല പാട്ടുകൾ ചെയ്യൂ. മുമ്പില്ലാത്ത വിധം ഈ ആശുപത്രി ​ദിനങ്ങളെ നീ പ്രകാശപൂരിതമാക്കി. കർണാടക സം​ഗീതവും പോപ് സം​ഗീതവും മിക്സ് ചെയ്യുക.. അസാധ്യം...എളുപ്പമുള്ള കാര്യമല്ല അത്. പക്ഷേ എത്ര അനായാസമായി ഇവൾ അത് ചെയ്യുന്നു.. രണ്ട് സ്റ്റൈലിലും യാതൊരു വിധ വിട്ു വീഴ്ച്ചയ്ക്കും തയ്യാറായിട്ടില്ല. മനോഹരം... "എന്ന് കുറിച്ചാണ് ബി​ഗ് ബി ആര്യയുടെ വീഡിയോ പങ്കുവച്ചത്.

"ഞാനിപ്പോൾ ആകാശത്താണ്.. അദ്ദേഹം എന്റെ ​ഗാനം കേൾക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചില്ല.. ഒരുപാടിഷ്ടം ബച്ചൻ സർ. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ" ബച്ചന്റെ ട്വീറ്റിന് നന്ദി പറഞ്ഞ് ആര്യ കുറിച്ചു.

I am above clouds. Never in my dreams did i imagine that you would listen to me singing.😇😇😇🥰 Love to you Amitabh Bachchan sir. Get well soon ☺☺😇😇🥰

Posted by Arya Dhayal on Friday, 24 July 2020

ആര്യയുടെ പാട്ട് സോഷ്യൽമീഡിയയ്ക്ക് മുമ്പും പരിചയമുണ്ട്. സഖാവ് എന്നൊരു കവിതയിലൂടെയാണ് ആര്യയുടെ ശബ്ദം വൈറലാകുന്നത്. നിരവധി പേരാണ് ആ കവിത ഷെയർ ചെയ്തിരുന്നത്.

Content Highlights : Amitabh Bachchan Appreciates Malayali Singer Viral Arya Dayal