ആൽമരം മ്യൂസിക് ബാൻഡ് | Photo : Facebook
വൈബ്...!ഒരു പരിപാടിയായാല്‍ ഉറപ്പായും അതുവേണം. ആല്‍മരം എന്ന മ്യൂസിക് ബാന്‍ഡിന്റെ സംഗീതപരിപാടി ആസ്വദിക്കാനെത്തുന്നവര്‍ക്ക് ലഭിക്കുന്നതും അതാണ്. വെറുതെ കുറച്ചുനേരം പരിപാടി ആസ്വദിച്ച് മടങ്ങാമെന്ന് കരുതിവരുന്നവരും നൊസ്റ്റാള്‍ജിയയുടേയും എക്‌സൈറ്റ്‌മെന്റിന്റേയും വിവിധ ലെവലുകളിലേക്ക് സ്വയം മറന്ന് ഊര്‍ന്നിറങ്ങുന്ന കാഴ്ചയാണ് കാണാവുന്നത്. ആല്‍മരമെന്ന ബാന്‍ഡിന്റെ ആരാധകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതിലും അദ്ഭുതപ്പെടാനില്ല. ഒരു സംഘം ഗായകര്‍ രണ്ടോ മൂന്നോ മാത്രം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഒരു വേദി നിറഞ്ഞ് നിന്ന് നമുക്കിഷ്ടമുള്ള പാട്ടുകള്‍ പാടുമ്പോള്‍ ഒപ്പം പാടാനോ താളം പിടിക്കാനോ ഒന്നോ രണ്ടോ ചുവടുകള്‍ വെക്കുന്നതിനോ ആസ്വാദകര്‍ മടിക്കാറില്ലെന്നുള്ളതില്‍ നിന്നുതന്നെ ആല്‍മരത്തെ മലയാളികള്‍ ഏറ്റെടുത്തുവെന്നതിനുള്ള തെളിവാണ്.
പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ ഒന്നിച്ചുപഠിച്ചവര്‍, സംഗീതത്തെ അത്രത്തോളം ഇഷ്ടപ്പെടുന്നവര്‍. പഠനകാലത്തെ ഒഴിവുവേളകളില്‍ കേട്ടുപഠിച്ച ഗാനങ്ങള്‍ വെറുതേ പാടുമ്പോള്‍ ആ സുഹൃദ്‌സംഘം ഒരിക്കല്‍പ്പോലും ഭാവിയില്‍ തങ്ങള്‍ ഒരു മ്യൂസിക് ബാന്‍ഡ് ആരംഭിക്കുമെന്നോ മലയാളസംഗീതപ്രേമികള്‍ തങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നോ കരുതിയിരുന്നില്ല. ഒരുദിവസം അതുപോലെ കൊട്ടിപ്പാടിയ പൂമരം പൂത്തുലഞ്ഞേയുടെ വീഡിയോ ടിക് ടോക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് ആല്‍മരം സംഘം വൈറലായത്. പിന്നെ വൈറല്‍ വീഡിയോകളുടെ ഒരു സീരീസ് തന്നെ വന്നു. അതോടെ ആല്‍മരം ഹിറ്റ് ഗ്രൂപ്പാവുകയും ചെയ്തു. അജയ്, രോഹിന്‍, അക്ഷയ്, പ്രണവ്, പ്രത്യുഷ്, സാരംഗ്, വൈഷ്ണവ്, അന്‍ഷാദ്, ശങ്കര്‍, ശ്രീഹരി, ലിജു എന്നിവരടങ്ങുന്ന സംഗീത കൂട്ടായ്മ സിനിമാസംഗീതമേഖലയിലേക്കും ചുവടുവെച്ചുകഴിഞ്ഞു. ഗിറ്റാറും കഹോണും മാത്രം പശ്ചാത്തലത്തില്‍ ഉപയോഗിച്ച് തങ്ങളുടെ വോക്കല്‍ പ്രസന്‍സും ആറ്റിറ്റിയൂഡും കൊണ്ട് ആല്‍മരമൊരുക്കുന്ന വൈബ് വേറെ ലെവല്‍ തന്നെയാണ്.
പാലക്കാട് വിക്ടോറിയ കോളേജില്‍ വെച്ചാണ് ഇവര്‍ ആദ്യമായി ഒരു പ്രോഗ്രാം ചെയ്യുന്നത്, അതും ഒരു ആല്‍മരത്തിന്റെ ചുവട്ടില്‍. അവിടെ നിന്നാണ് തങ്ങളുടെ കൂട്ടായ്മയ്ക്ക് ആല്‍മരം എന്ന പേര് സംഘം കണ്ടെത്തിയത്. ഒരു സുഹൃത്താണ് ആ പേര് സജസ്റ്റ് ചെയ്തത്. അങ്ങനെ ആല്‍മരം എന്ന ബാന്‍ഡ് പിറന്നു. പിന്നീട് ആല്‍മരം പോലെ ബാന്‍ഡിന്റെ പ്രശസ്തി ശാഖോപശാഖകളായി പടര്‍ന്നു. ഒരുമിച്ചിരുന്ന് ഒരുസംഘം പാടുമ്പോള്‍ കേള്‍വിക്കാരില്‍ ഭൂരിഭാഗവും ഒരുപക്ഷെ തങ്ങളുടെ മധുരസ്മരണകളിലേക്ക് ജസ്‌റ്റൊന്ന് പോയി വരുന്നതിനാലാവണം ആല്‍മരത്തിന്റെ പരിപാടികള്‍ ഇത്രയധികം വിജയിക്കുന്നത്. ലൈവ് പ്രോഗാം കൂടാതെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയും ആല്‍മരം പാട്ടുകള്‍ പങ്കുവെക്കാറുണ്ട്. മിക്കവയും മില്യണ്‍ വ്യൂസ് കടന്നിരിക്കുന്നു.
ആല്‍മരത്തിന്റെ പെര്‍ഫോമന്‍സ് എത്രത്തോളം ആസ്വാദകരിലേക്ക് ഇറങ്ങിച്ചെല്ലുന്നുവെന്നത് വിജയ് സേതുപതി ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ ഇവരുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തതില്‍ നിന്ന് മനസിലാക്കാം. വീഡിയോകള്‍ കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി പേര്‍ അഭിനന്ദനമറിയിച്ച് സംഘത്തെ ബന്ധപ്പെടാറുണ്ട്. മസാല കോഫി, തൈക്കുടം ബ്രിഡ്ജ് തുടങ്ങിയ പ്രമുഖ ബാന്‍ഡുകള്‍ക്കൊപ്പം തന്നെ ഈ കലാകാരന്‍മാര്‍ക്കും സ്വതന്ത്രസംഗീതമേഖലയില്‍ ഒരു സ്ഥാനം മലയാളികള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു. സ്വന്തമായി ഒരു ആല്‍ബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ആല്‍മരമിപ്പോള്‍.
ഒരേ മനസോടെ ഒരേ സ്വരത്തില്‍ പാടുന്ന ആല്‍മരസംഘത്തിനൊപ്പം താളം പിടിക്കാതിരിക്കുന്നതെങ്ങനെ? ഓരിലത്താളിയും കൊഞ്ചി കൊഞ്ചിയും ചാന്തുകുടഞ്ഞൊരു സൂര്യനുമൊക്കെ ഒരു സംഘം ഗായകര്‍ ഒരുമിച്ച് പാടുന്നത് കേള്‍ക്കാന്‍തന്നെ എന്ത് രസമാണ്. റിപ്പീറ്റടിച്ച് കേട്ട ഒരുപാട് പാട്ടുകളുമായി ആല്‍മരമെത്തുകയാണ് മാതൃഭൂമി ഡോട്ട്‌കോമിന്റെ 25-ാം വാര്‍ഷിക പരിപാടിയായ മ്യൂസിക് ഇന്‍ മോഷനില്‍. അവരുടെ വൈബ് നേരിട്ടാസ്വദിക്കാന്‍ മാതൃഭൂമി വേദിയൊരുക്കുകയാണ്. സംഗീതപ്രണയികള്‍ക്ക് വേണ്ടി. അവിടെ ആല്‍മരം ടീമിനൊപ്പം നമുക്കും താളമിടാം, ഏറ്റുപാടാം, ഹൃദയം തുറന്ന് ആസ്വദിക്കാം.
Content Highlights: Almaram Music Band, Music In Motion, Mathrubhumi Dot Com, Mathrubhumi Online, Music
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..