.
മലയാളികളുടെ പ്രിയസംവിധായകന് ഫാസിലിന്റെ കരിയര്‍ ആരംഭിക്കുന്നന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെയാണ്. മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ തുടങ്ങിയ താരങ്ങളെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ റൊമാന്റിക് ത്രില്ലര്‍ സിനിമയില്‍ ജെറി അമല്‍ദേവ്-ബിച്ചു തിരുമല ഗാനങ്ങളും മലയാള സിനിമാഗാനചരിത്രത്തിലെ മികച്ച ഗാനങ്ങളായി മാറി. തന്റെ സിനിമയിലെ ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന സംവിധായകനാണ് ഫാസില്‍. ആ ഗാനങ്ങളൊക്കെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്തിട്ടുണ്ട്. ആയിരം കണ്ണുമായ്, ദേവദുന്ദുഭി, നെറ്റിയില്‍ പൂവുള്ള, ഓലത്തുമ്പിരുന്നൂയലാടും, കണ്ണാന്തുമ്പീ പോരാമോ, പഴംതമിഴ്പാട്ടിഴയും, അന്പേ വാ അരികിലേ, എന്നൈ താലാട്ടാ വരുവാളാ...എണ്ണമറ്റ ഗാനങ്ങള്‍. സിനിമയിലെ എല്ലാ പാട്ടുകളും സന്ദര്ഭോചിതമാകണമെന്ന് നിര്‍ബന്ധമുള്ള സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനും ഏറ്റവും മികച്ച ഗാനസൃഷ്ടി നടത്താനും സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും ഏറെ ഇഷ്ടവുമുണ്ടാവും. അക്കാരണത്താലാവണം ഫാസിലിന്റെ സിനിമകളിലെ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളായത്.
ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിലെ ഗാനങ്ങള്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ പുതുമയോടെ ആസ്വദിക്കപ്പെടുന്നത് അദ്ഭുതമുളവാക്കുന്ന സംഗതിയേയല്ല. കാരണം പ്രതിഭാധനരായ എസ്. രമേശന് നായരും ഔസേപ്പച്ചനും ചേര്‍ന്നാണ് മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ അനിയത്തിപ്രാവിലെ പാട്ടുകളൊരുക്കിയത്. കേന്ദ്രസാഹിത്യ അക്കാദമി-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ കവിയുടെ വരികള്‍ നിലവാരത്തില്‍ മികച്ചുനില്‍ക്കും. ദേശീയ ചലച്ചിത്ര പുരസ്കാരമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയ ഔസേപ്പച്ചന് എന്ന സംഗീതപ്രതിഭയുടെ ഈണങ്ങള്‍ സംഗീതപ്രേമികളെ നിരാശപ്പെടുത്തുന്നത് പതിവില്ല. അതിമനോഹരങ്ങളായ ഈണങ്ങളാണ് ഔസേപ്പച്ചന് അനിയത്തിപ്രാവിനായി ഒരുക്കിയത്. സിനിമ പോലെ തന്നെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ആറ് ഗാനങ്ങളാണ് സിനിമക്കായി ഒരുക്കിയതെങ്കിലും സിനിമയുടെ ക്ലൈമാക്സില്‍ വരുത്തിയ തിരുത്തല്‍ മൂലം ഒരു ഗാനം ഒഴിവാക്കപ്പെട്ടു. ഇരുപത്തിനാല് വര്‍ഷത്തിന് ശേഷം തേങ്ങുമീ വീണയില്‍ എന്ന ഗാനം യൂട്യൂബിലൂടെ സത്യം ഓഡിയോസ് 2021 ല്‍ റിലീസ് ചെയ്തു.
അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും...
ഏട്ടന്മാരുടെ പുന്നാരഅനിയത്തി. ഓമനിക്കാന്‍ അമ്മയും ഏട്ടത്തിയമ്മമാരും, ഒപ്പം സ്നേഹം പകര്‍ന്ന് ഏട്ടന്മാരുടെ കുട്ടികളും. ഏറെ സന്തുഷ്ടയാണ് താനെന്ന് വരുത്തിത്തീര്‍ക്കാന്‍ നായിക മിനി ആലപിക്കുന്ന ഗാനം. ഉത്സാഹവും സ്നേഹവും നിറഞ്ഞ വരികളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗാനം ആലപിച്ചത് കെ.എസ്. ചിത്രയാണ്. ഗാനത്തിന്റെ ഒരു സാഡ് വേര്‍ഷന്‍ കൂടി സിനിമയിലുണ്ട്. ഫാസിലിന്റെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ശാലിനി നായികയായെത്തിയ ആദ്യസിനിമയെന്ന പ്രത്യേകത കൂടി അനിയത്തി പ്രാവിനുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയതിന്റെ ചെറിയൊരമ്പരപ്പ് ശാലിനിയില്‍ പ്രകടമായിരുന്നെങ്കിലും മിനിയെന്ന കഥാപാത്രം ശാലിനി ഭംഗിയാക്കി. 2000 ല്‍ നടന് അജിത്തിനെ വിവാഹം ചെയ്ത് ശാലിനി അഭിനയരംഗം വിട്ടു.
എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം...
യേശുദാസും സുജാത മോഹനും ചേര്‍ന്നാലപിച്ച മനോഹരമായ ഡ്യൂയറ്റ്. അതിമനോഹരമായ വരികളാല്‍ സമ്പന്നമായ ഗാനത്തിന് ഇന്നും നൂറഴകാണ്. കുട്ടിത്തമുള്ള പ്രണയത്തിന്റെ എല്ലാ സൗന്ദര്യവും ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തില് ഉള്‍പ്പെടുത്താന്‍ സംവിധായകന് പരമാവധി ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. ചോക്കലേറ്റ് നായനെന്ന ലേബലില്‍നിന്ന് ഏറെ മുന്നോട്ട് പോയ കുഞ്ചാക്കോ ബോബനല്ലാതെ മറ്റൊരു നായകനെ നമുക്ക് സുധിയുടെ സ്ഥാനത്ത് സങ്കല്പിക്കാനാവില്ലെന്നത് സത്യം. ഫാസിലിന്റെ രണ്ടാമത്തെ സിനിമയായ ധന്യയില്‍ ബാലതാരമായെത്തിയ കുഞ്ചാക്കോ ബോബന് പിന്നീട് തന്റെ സിനിമയിലൂടെ തന്നെ മലയാളസിനിമ കണ്ട ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ ഇടം നേടുന്നത് കണ്ട് ഫാസില്‍ ഏറെ സന്തോഷിക്കുന്നുണ്ടാവുമെന്ന് തീര്‍ച്ച.
ഓ പ്രിയേ...പ്രിയേ നിനക്കൊരു ഗാനം...
നായകനായെത്തുന്ന ആദ്യസിനിമയില്‍ താന്‍ ചുണ്ടനക്കി അഭിനയിച്ച ഗാനം പിന്നീട് പലവട്ടം ജീവിതത്തില്‍ ഓര്‍മിക്കേണ്ടി വരുമെന്ന് ചാക്കോച്ചന് എന്ന കുഞ്ചാക്കോ ബോബന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ചാക്കോച്ചന്റെ ജീവിതപങ്കാളിയായി പ്രിയ ആന്‍ സാമുവല്‍ എത്തിച്ചേര്‍ന്നതും യാദൃശ്ചികമാവാം. തേങ്ങുമീ വീണയില്‍ എന്ന ഗാനം മാറ്റിയാണ് ഓ പ്രിയേ എന്ന ഗാനം സിനിമയിലേക്കെത്തിയത്. ഓ പ്രിയേ ആകട്ടെ സിനിമയിലെ ഏറ്റവും ഹിറ്റായ ഗാനമായി മാറുകയും ചെയ്തു. സിനിമയുടെ വിജയത്തില്‍ പാട്ടുകള്‍ക്കും ഒരു പ്രധാന പങ്കുണ്ടായിരുന്നു.
ഒരു രാജമല്ലി വിടരുന്ന പോലെ...
നായിക മിനിയെ ആദ്യം കാണുമ്പോള്‍ സുധിയിലുണ്ടാവുന്ന ആ സ്പാര്‍ക്ക്...അതിനനുസൃതമായ വരികളും ഈണവും ചേര്‍ന്ന ഗാനം പ്രേക്ഷകര്‍ക്ക് പ്രിയമാകാതിരിക്കുന്നതെങ്ങനെ! പിന്നീട് പലയിടങ്ങളില്‍ പലവട്ടം ആ പെണ്‍കുട്ടിയെ കാണുന്നതും കണ്ടില്ലെന്ന മട്ടില്‍ കടന്നു പേകേണ്ടി വരുന്നതും അവളെയോര്‍ത്ത് സ്വപ്നങ്ങള്‍ നെയ്യുന്നതും പാട്ടില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. എം.ജി. ശ്രീകുമാറാണ് ഗാനമാലപിച്ചത്. എം. ജി. ശ്രീകുമാറിന്റെ അനവധി ഹിറ്റ് ഗാനങ്ങളിലൊന്നാണ് ഒരു രാജമല്ലി വിടരുന്ന പോലെ...
വെണ്ണിലാ കടപ്പുറത്ത് വെണ്മണല് ചിരിപ്പുറത്ത്...
യേശുദാസ്, എം.ജി. ശ്രീകുമാര്‍, സി.ഒ. ആന്റോ, സുജാത മോഹന്‍, സാബു കലാഭവന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ഒരു സംഘഗാനമാണ് വെണ്ണിലാ കടപ്പുറത്ത്. സിനിമയിലെ മറ്റ് ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കിയ ട്രാക്കാണ് ഈ ഗാനത്തിന്. ആഘോഷവും ഉത്സാഹവും സ്നേഹവും സന്തോഷവും സങ്കടവുമെല്ലാം ഗാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
തേങ്ങുമീ വീണയില്‍ പാട്ടുറങ്ങും നേരം...
എസ്. രമേശന് നായരുടെ വിയോഗസമയത്താണ് ഔസേപ്പച്ചന് ഈ ഗാനത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ചത്. യേശുദാസും ചിത്രയും ചേര്‍ന്നാണ് ഹൃദയഹാരിയായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് പകരമായിരുന്നു പിന്നീട് ഓ പ്രിയേ എന്ന ഗാനം സിനിമയ്ക്ക് വേണ്ടി പിറവിയെടുത്തത്. പ്രിയഗാനരചയിതാവിന്റെ ഓര്‍മകള്‍ക്ക് മുന്നിലുള്ള സമര്‍പ്പണമെന്ന നിലയില്‍ ഔസേപ്പച്ചന് ഗാനത്തിന്റെ ഒരു പ്രിന്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. പിന്നീട് ഗാനത്തിന്റെ ഒഫിഷ്യല്‍ വീഡിയോ 2021 ജൂലായില്‍ റിലീസ് ചെയ്തു.
(തയ്യാറാക്കിയത്: സ്വീറ്റി കാവ്)
Content Highlights: Aniyathipravu movie songs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..