പ്രണയവും സംഗീതവും ദേശകാല പരിമിതികൾക്കതീതമാണ് എന്നോർമ്മപ്പെടുത്തി കൊണ്ട് മലയാളഗാനശേഖരത്തിലേക്കു പ്രണയ​ഗാനമൊരുക്കി സ്റ്റീവ് മാത്തനും സുഹൃത്തുക്കളും. 'അകലെയാണെങ്കിലും' എന്ന ഈ ഗാനം ഗായകൻ സുദീപ് കുമാർ തന്റെ യൂട്യൂബ് ചാനലിൽ ഈയടുത്ത്‌ ഈ ​ഗാനം റിലീസ് ചെയ്തത്.  കൊറോണാ കാലത്തെ യാത്രാ പരിമിതികളെ മറികടന്നു കൊണ്ടാണ് ​ഗാനം ചിത്രീകരിച്ചത്. 

ഇതിന് പിന്നിൽ പ്രവർത്തിച്ചവർ മൂന്ന് രാജ്യങ്ങളിൽ ഉള്ള മലയാളികൾ, അതിൽ ഏറെയും പരസ്പരം നേരിട്ട് കാണാത്തവർ എന്നതാണ് ഒരു പ്രത്യേകത. അങ്ങനെ ആധുനിക വിവരസാങ്കേതികവിദ്യയുടെ നന്മകൾ ഉപയോഗപ്പെടുത്തിയുള്ള ഒരു സംഗീതാവിഷ്കാരം കൂടിയായി ഈ ആൽബം.

അമേരിക്കയിലെ ഒർലാൻഡോയിൽ സ്ഥിരതാമസമാക്കിയ സ്റ്റീവ് മാത്തൻ രചിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത ഈ ഗാനത്തിന്  നന്ദു കർത്താ പശ്ചാത്തല സംഗീതം ഒരുക്കുകയും ഭാവാർദ്രമായ സ്വതസിദ്ധ ശൈലിയിൽ സുദീപ് കുമാർ പാടുകയും ചെയ്തത് ഇന്ത്യയിൽ നിന്നാണ്. ഇതിന്റെ ദൃശ്യാവിഷ്കാരത്തിനായി സ്റ്റീവ് മാത്തൻ കണ്ടെത്തിയത് ജപ്പാനിലെ ടോക്യോയിൽ താമസിക്കുന്ന ഉദയരാജിനെ ആണ്. നീലൻ എന്ന് സുഹൃത്തുക്കൾക്കിടയിൽ പ്രസിദ്ധനായ ഉദയരാജ്, സുഹൃത്തായ ജയപ്രകാശ്-കനിയ ദമ്പതികളുടെ മകൾ ആര്യയെ ആണ് ഈ വീഡിയോ ചിത്രീകരിക്കാനായി കണ്ടെത്തിയത്. 

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കയിൽ കുടിയേറിയ സ്റ്റീവ് മാത്തന്റെ  ഏകദേശം ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ് കണക്ടിക്കട്ടിൽ നിന്നും ന്യൂജേഴ്‌സിയിലേക്കുള്ള ഒരു ഡ്രൈവിങ്ങിനിടയിലാണ്  ഈ ഗാനത്തിന്റെ വരികളും ഈണവും പിറവിയെടുക്കന്നത്. അന്ന് അമേരിക്കൻ നേവിയിൽ സേവനമനുഷ്ഠിച്ചിരുന്ന തന്റെ ഭാര്യ ജൂഡിയെ മാസങ്ങളുടെ വിരഹത്തിനു ശേഷം എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യാൻ പോകുന്ന അവസരമായിരുന്നു അത്.

ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ച് സ്റ്റീവ് മാത്തൻ പറയുന്നു; "ചില കാര്യങ്ങൾ അങ്ങിനെയാണ്. അതിനെ യാദൃശ്ചികതയെന്നോ നിമിത്തമെന്നോ ആകസ്മികതയെന്നോ പറഞ്ഞു ഒതുക്കിനിർത്താനാവില്ല. അതങ്ങു സംഭവിക്കുകയാണ്. അന്തരീക്ഷത്തിൽ നിന്നും സംഗീതം മെനഞ്ഞെടുത്തു അതിനനുസരിച്ചു വാക്കുകൾ എഴുതിച്ചേർത്തു സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കാനുള്ള വൈദഗ്ദ്യം എനിക്കന്നുമില്ല, ഇന്നുമില്ല, ഇനിയൊട്ടുണ്ടാക്കാനുള്ള ബാല്യവുമില്ല. പറഞ്ഞുവന്നതു പത്തിരുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ്, മേല്പറഞ്ഞ എന്റെ ദയനീയ അവസ്ഥയ്ക്ക്  സംഭവിച്ച ഒരു അപവാദമാണ്. കവിതയില്ലാതെ അങ്ങനെ ഞാനും ഈണമിട്ടു. എന്നാൽ ഈണത്തിനൊത്തു കവിതയെഴുതിയതുമില്ല. ഈ സ്വയം ഗർഭം ധരിച്ചു എന്നൊക്കെ പറയുന്നതുപോലെ, കവിതയും സംഗീതവും ഒന്നിച്ചങ്ങു വരികയായിരുന്നു.

അന്ന് ഞാൻ കണക്ടിക്കട്ടിൽ നിന്നും ന്യൂജേഴ്‌സിയിലേക്ക്‌ ഒരു ട്രൈസ്റ്റേറ്റ് ഡ്രൈവിങ്ങിൽ ആയിരുന്നു. വളരെ വ്യക്തിപരമായ ഒരു മാനസിക നിലയിലുമായിരുന്നു. പെട്ടെന്നാണ് മനസ്സിലേക്ക് ഒരു കവിതയും ഈണവും കടന്നു വന്നത്. ഡ്രൈവിങ്ങിനിടയ്ക്കു പല്ലവിയും അനുപല്ലവിയും ചരണവും പ്രിലിയൂഡും ഇന്റർലിയൂഡും എല്ലാം മനസ്സിൽ ചിട്ടപ്പെടുത്തി. വൈകിട്ട് സുഹൃത്ത് ടോമി വട്ടമാക്കിലിന്റെ വീട്ടിൽ എത്തിയ ഉടൻ ഞാൻ പറഞ്ഞു എനിക്കിന്നൊരു പാട്ടു റെക്കോർഡ് ചെയ്യണം, പാടാൻ ഒരാളെ വേണമെന്ന്. അന്നേരം അവിടെ ടോമി ആയിടെ മാത്രം പരിചയപ്പെട്ട ഞാൻ ആദ്യമായി കാണുന്ന ഒരാൾ നില്പുണ്ടായിരുന്നു. അനുഗ്രഹീത ഗായകൻ തഹസീൻ ആയിരുന്നു അത്. അപ്പോൾ പാടാനും കീബോർഡ് വായിക്കാനും ആളായി. ടോമി പറഞ്ഞു ഞങ്ങളുടെ കോമൺ ഫ്രണ്ട് സാലു ജെയിംസിന്റെ വീട്ടിൽ ഏഡാറ്റ്‌  ഉണ്ട്, അവിടെ പോയി റെക്കോർഡ് ചെയ്യാമെന്ന്. അങ്ങിനെ സാലുവിന്റെ വീട്ടിൽ പോയി ആ പാട്ടു റെക്കോർഡ് ചെയ്തു അപ്പോഴത്തെ ആവശ്യം നിറവേറ്റി. കുറെ പ്രാവശ്യം അത് കേട്ടും മൂളിയും നടന്നു പിന്നെ അത് വിസ്‌മൃതിയിലാണ്ടു. 

ഇതിനിടയ്ക്കു പലർക്കുവേണ്ടിയും പല പാട്ടുകളും ചെയ്തപ്പോൾ ഹൃദയത്തോട് ചേർത്തു വയ്‌ക്കേണ്ട ഈ പാട്ട് കുപ്പക്കുഴിയിൽ കിടന്നു. പ്രിയഗായകൻ സുദീപ് കുമാറിനോട് പറഞ്ഞപ്പോൾ "അതിനെന്താ സ്റ്റീവേട്ടാ നമുക്കിത് ചെയ്യാം" എന്ന് ധൈര്യം തന്നു.  നന്ദു കർത്താ ഓർക്കസ്ട്ര പ്രോഗ്രാം ചെയ്തു തരാമെന്നും ഏറ്റു. ജോമോൻ മാത്യു ചെങ്ങന്നൂർ തബല വായിക്കുകയും, ന്യൂ ജേഴ്സിയിലുള്ള സാലൂ ജെയിംസ് ഗിത്താറ് വായിക്കുകയും ചെയ്തു.

ജപ്പാനിൽ ആയിരുന്നിട്ടും എന്റെ വരികളോട് നീതി പുലർത്തുന്ന ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ഉദയരാജിനും, ഒരു പുതുമുഖമെന്ന ലാഞ്ചന പോലും കാണിക്കാതെ, ഭാവഭേദങ്ങളിലൂടെ, ക്യാമറാമാൻ ആഗ്രഹിച്ച വിഷ്വൽസ് പകർന്ന് കൊടുക്കാൻ ആര്യ എന്ന സ്കൂൾ വിദ്യാർത്ഥിനിക്കും സാധിച്ചു. അംബരചുംബികളായ കെട്ടിടസമുച്ചയങ്ങളാൽ നിറഞ്ഞ ടോക്കിയോയിലും പരിസരപ്രദേശങ്ങളിലും സ്റ്റീവ് മാത്തൻ വിഭാവനം ചെയ്ത താമരപൊയ്ക അന്വേഷിച്ചു ക്യാമറയും കൊണ്ട് നടന്നു ഉദയരാജും സംഘവും. ഉദയരാജിന് കൂട്ടായി, ഭാര്യ ആശയും ഉണ്ടാവും. മേക്കപ്പിടാനും, വസ്ത്രം തെരഞ്ഞെടുക്കാനും ആശയോടൊപ്പം ആര്യയുടെ അമ്മ കനിയയും അനിയത്തി അമ്മുവും ഉണ്ടായിരുന്നു.

അങ്ങനെ, കുറെ നല്ല സുഹൃത്തുക്കളുടെ കൂട്ടായ ശ്രമമുണ്ട് ഈ കലാസൃഷ്ടിക്ക് പിന്നിൽ. കവിമനസ്സ് തൊട്ടറിഞ്ഞ സംഗീതവും ആലാപനവും, അതിനനുയോജ്യമായ വിഷ്വൽസും കൂടിച്ചേരുന്നിടത്താണ് 'അകലെയാണെങ്കിലും' എന്ന ഈ മനോഹരഗാനത്തിന്റെ ഭംഗിയും. വരികളിൽ അന്തർലീനമായ പ്രണയം പ്രേക്ഷകമനസ്സുകളിലേക്കും പെയ്തിറങ്ങുന്നു. അതുകൊണ്ട് തന്നെയാണ്   അകലങ്ങളിൽ ഇരുന്നിട്ടും എനിക്ക് വേണ്ടി സുഹൃത്തുക്കൾ സ്നേഹോപഹാരമായി ഈയൊരു സംഗീതശിൽപം സമ്മാനിച്ചതും. ഈ ഗാനം അതിന്റെ പല്ലവികളിലൊന്ന് മൂളി നമ്മുടെയൊക്കെ മനസ്സിനരികിലെത്തുന്നത് പ്രണയമുള്ളത് കൊണ്ട് തന്നെയാണ്, എത്ര അകലെയാണെങ്കിലും- സ്റ്റീവ് മാത്തൻ പറയുന്നു.

Content Highlights: Akaleyanengilum  Sudeep kumar  Steve Mathen music album