നടി മുക്തയുടെ മകൾ കിയാര എന്ന കണ്മണി ആലപിച്ച ​കവർ ​സോങ്ങ് ശ്രദ്ധ നേടുന്നു. അന്തരിച്ച കവയത്രി സു​ഗതകുമാരി ടീച്ചർക്കുള്ള ആദരമായി ടീച്ചറുടെ 'ഒരു തൈ നടാം' എന്ന കവിതയാണ് കണ്മണി ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്.  

"പാട്ടിന്റെ എബിസിഡി അറിയാത്ത കുട്ടിയാണ് ഒരുപാട് കുറവുകൾ ഉണ്ട് അറിയാം. എന്നാലും ഈ അമ്മയുടെ വലിയ സ്വപ്നം ആയിരുന്നു കണ്മണിയുടെ ഒരു കവർ സോങ്ങ്. അത് നമ്മുടെ പ്രിയ കവയത്രി സുഗത കുമാരി ടീച്ചറിനു വേണ്ടിയുള്ള സമർപ്പണം കൂടി ആവുമ്പോൾ അമ്മയും, പപ്പയും, കണ്മണിയും ഇരട്ടി സന്തോഷത്തിൽ ആണ് . ഈ കുഞ്ഞു പാട്ട് എല്ലാവർക്കും ഇഷ്ടം ആവും എന്ന് തന്നെ ആണ് വിശ്വാസം. കണ്മണി എപ്പോഴും പറയുമായിരുന്നു എനിക്കും ഒരു യൂട്യൂബ് ചാനൽ വേണം എന്ന്. കണ്മണിയുടെ വലിയ ആഗ്രഹം ആണ് ഈ ചാനൽ. ചിറകുകൾ മുളക്കാത്ത ഒരു കുഞ്ഞു പക്ഷി കുഞ്ഞാണ്. അവൾക്കു പറന്ന് ഉയരണം എങ്കിൽ നിങ്ങളുടെ സ്നേഹം ആവശ്യം ആണ്. അത് ഉണ്ടാവും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു..." കണ്മണിയുടെ ​ഗാനം പങ്കുവച്ച് മുക്ത കുറിച്ചു.

ഗായിക റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും ഏക മകളാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ സമൂഹമാധ്യമ പേജുകളിലൂടെയും നേരത്തെ തന്നെ താരമാണ് കണ്മണി.

content highlights : Actress Muktha daughter Kanmani kiara cover song Rimi Tomy