ബാലഭാസ്‌ക്കറിന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്നും ഇപ്പോഴും വിട്ടു മാറിയിട്ടില്ല മലയാളികള്‍. ആ നഷ്ടം നികത്താനാവില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇഷ്ടകലാകാരന്റെ വയലിന്‍ പരിപാടികളുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തും ആളുകള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കാനിഷ്ടപ്പെടുന്നു. ബാലഭാസ്‌ക്കറോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കു വെച്ച് താരങ്ങളും രംഗത്തെത്തുന്നുണ്ട്. സിനിമ-സീരിയല്‍ താരവും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ ശരത് ദാസും ബാലഭാസ്‌ക്കറിനൊപ്പം ചെലവിട്ട നിമിഷങ്ങളെക്കുറിച്ചു വാചാലനായി. ബാലു എന്ന സുഹൃത്തിനെക്കുറിച്ചും പാട്ടിന്റെ പാലാഴി എന്ന ചിത്രത്തില്‍ ബാലഭാസ്‌ക്കറിനു വേണ്ടി ഡബ്ബ് ചെയ്തതിനെക്കുറിച്ചും ശരത് മാതൃഭൂമി.കോമിനോട് സംസാരിച്ചു.

"ഞാനും ബാലുവും ജനിച്ചത് ഒരേ മാസത്തില്‍. 1978 ജൂലൈയില്‍. തിരുവനന്തപുരത്താണ് ഞാന്‍ പഠിച്ചത്. സ്‌കൂള്‍ പഠനകാലത്ത് യുവജനോത്സവത്തില്‍ മൃദംഗമത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വൃന്ദവാദ്യത്തില്‍ മത്സരാര്‍ഥിയായി ബാലുവുമുണ്ടായിരുന്നു. സിംഗില്‍ ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും ബാലു അന്ന് സ്റ്റേജുകള്‍ കീഴടക്കിയിരുന്നു. അന്ന് ഞാന്‍ അറിയപ്പെടുന്ന ആളൊന്നുമല്ല. ബാലു എന്നെ ശ്രദ്ധിച്ചിട്ടുമില്ല. അന്നേ വയലിനില്‍ മാസ്റ്ററായിരുന്നു ബാലു. കേരളത്തില്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായിട്ടുണ്ട്.... പിന്നീട് 2005ല്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സാറിനൊപ്പം നടത്തിയ ഒരു ഗള്‍ഫ് പര്യടനത്തിനക്കിടെയാണ് ബാലുവുമായി കൂടുതല്‍ അടുക്കുന്നത്. ഒരുമിച്ച് ഒരു മാസക്കാലമുണ്ടായിരുന്നു. ബാലുവിന്റെ പരിപാടികള്‍ക്കു കിട്ടുന്ന കൈയടി എന്നു പറഞ്ഞാല്‍.. ആളുകള്‍ ഏറ്റെടുക്കുകയാണ് ആ സംഗീതം.. അതിനു ശേഷം രാജീവ് അഞ്ജല്‍ സാറിന്റെ 'പാട്ടിന്റെ പാലാഴി' എന്ന ചിത്രത്തില്‍ ബാലു അഭിനയിച്ചു. അന്ന് ബാലുവിനു വേണ്ടി ശബ്ദം നല്‍കിയത് ഞാനാണ്. അതും ബാലു പറഞ്ഞിട്ടു തന്നെ. അതിനു ശേഷം എന്റെ അച്ഛന്‍ (വെണ്‍മണി ഹരിദാസ്) പാടിയ കഥകളിപ്പദങ്ങളില്‍ ചിലത് ഞാന്‍ ബാലുവിന് അയച്ചു കൊടുത്തിരുന്നു.അച്ഛന്റെ വലിയൊരു സുഹൃത്തായിരുന്നു സംഗീതജ്ഞനും ബാലുവിന്റെ അമ്മാവനുമായ ബി ശശികുമാര്‍. അച്ഛനെക്കുറിച്ചും ഞങ്ങളൊരുമിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കു വെക്കുകയുണ്ടായി.. ഇക്കഴിഞ്ഞ മാര്‍ച്ച് ഏപ്രില്‍ കാലങ്ങളിലാണ്.. ചില നല്ല ആളുകള്‍ നമ്മെ വിട്ടു പോകുമ്പോള്‍ വലിയൊരു ശൂന്യതയാണ്... ആ ശൂന്യതയില്‍ നിന്നും പുറത്തേക്കു വരാന്‍ ഇതു വരെ പറ്റിയിട്ടില്ല... ശരത് പറഞ്ഞു നിര്‍ത്തി.