1956, ആകാശവാണിയുടെ ഇന്ദോർ നിലയത്തിലായിരുന്നു എനിക്കന്ന്‌ ജോലി. ഒരു ദിവസം നിലയവിദ്വാൻ ആബിദ്‌ ഹുസൈൻഖാൻ എന്റെ മേശക്കരികിൽ വന്ന്‌ നമസ്തേ പറഞ്ഞു. നിലയത്തിലെ ആദരണീയനായ സംഗീതജ്ഞനായിരുന്നു അദ്ദേഹം. വായ്‌പാട്ടിൽ മാത്രമല്ല, സിത്താറിലും പിന്നെ ദിൽരൗബ എന്ന സംഗീതോപകരണങ്ങളിലും വിദഗ്ധനായിരുന്നു ആബിദ്‌ ഹുസൈൻഖാൻ. മിതഭാഷിയും വിനയവാനുമായ അദ്ദേഹത്തെ എല്ലാവർക്കും ബഹുമാനമായിരുന്നു.

‘‘മറ്റന്നാൾ ശിവരാത്രിയാണ്‌’’, അദ്ദേഹം പറഞ്ഞു. ‘‘ശിവരാത്രിയാഘോഷത്തിന്‌ എന്റെ വീട്ടിൽ വരണം. മേംസാഹിബിനെയും കൊണ്ടുവരണം. ഏഴുമണിയോടുകൂടി തുടങ്ങും. രാത്രി പന്ത്രണ്ടുപന്ത്രണ്ടരമണിവരെയുണ്ടാകും’’.

എനിക്ക്‌ വിശ്വസിക്കാനായില്ല. ഒരു മുസൽമാന്റെ വീട്ടിൽ ശിവരാത്രിയാഘോഷമോ! ആബിദ്‌ ഹുസൈൻ പോയിക്കഴിഞ്ഞപ്പോൾ മ്യൂസിക്‌ സൂപ്പർവൈസർ പണ്ഡിറ്റ്‌ ഗജാനൻ റാവു ജോഷി അടക്കിപ്പിടിച്ച സ്വരത്തിൽ പറഞ്ഞു. ‘‘അറിഞ്ഞുകൂടാ അല്ലേ. ആബിദ്‌ ഹുസൈന്റെ ഭാര്യ ഹിന്ദുവാണ്‌. അവരുടെ വീട്ടിൽ ഹിന്ദുക്കളുടെയും മുസ്‌ലിങ്ങളുടെയും എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കും. സംഗീതമാണ്‌ അവരെ തമ്മിലടുപ്പിച്ചത്‌. സംഗീതമാണ്‌ അവരുടെ മതം എന്നുവേണമെങ്കിൽ പറയാം.’’
ശിവരാത്രിദിവസം സന്ധ്യക്ക്‌ ഞങ്ങൾ ആബിദ്‌ ഹുസൈന്റെ വീട്ടിലെത്തി. റേഡിയോ നിലയത്തിലെ സഹപ്രവർത്തകർക്കുപുറമേ ഇന്ദോറിലെ സംഗീതജ്ഞരും സംഗീതപ്രേമികളുമായി മുപ്പതോളം പേരുണ്ടായിരുന്നു. തൊഴുകൈയോടെ ആബിദ്‌ ഹുസൈൻ എല്ലാവരെയും സ്വാഗതംചെയ്തു. നെറ്റിയിൽ വലിയ ചുവന്ന പൊട്ടുതൊട്ട, സാമാന്യം തടിച്ചുകറുത്ത ഒരു സ്ത്രീ കസേരയിൽ ചമ്രംപടിഞ്ഞിരിക്കുന്നു. താംബൂലം ചവയ്ക്കുന്നതിനിടയിൽ അവർ മന്ദഹാസപൂർവം എല്ലാവരെയും അഭിവാദ്യംചെയ്യുന്നു. ‘‘ആബിദ്‌ ഹുസൈന്റെ ഭാര്യയായിരിക്കും’’ -ഭാര്യയുടെ ചെവിയിൽ ഞാൻ മന്ത്രിച്ചു.

വൈകാതെ സംഗീതപരിപാടികൾ ആരംഭിച്ചു. ഇടയ്ക്കിടെ കുടിക്കാൻ പാല്‌ വിതരണംചെയ്യും. ‘‘ബദാമും കഞ്ചാവും ചേർത്തരച്ച്‌ കിഴികെട്ടി കുറേനേരം പാലിലിടും. ലഹരിപിടിപ്പിക്കുന്ന ഒരു പാനീയം’’ -അടുത്തിരുന്ന സഹപ്രവർത്തകൻ പറഞ്ഞു. ഭാംഗ്‌  ചേർത്തുണ്ടാക്കിയ പൂരിയും ഇടയ്ക്ക്‌ കൊണ്ടുവരും.

abid hussain‘‘ശിവമഹരാജിന്‌ ഭാംഗ്‌ പ്രിയമായിരുന്നു, അതാണ്‌. ഭാംഗില്ലാത്ത ശിവരാത്രിയില്ല’’ -ആബിദ്‌ ഹുസൈൻ പറഞ്ഞു. ‘‘സ്ത്രീകൾ കഴിക്കണമെന്ന്‌ നിർബന്ധമില്ല’’ ചിരിച്ചുകൊണ്ട്‌ അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗീതപരിപാടികൾക്കിടയിൽ ശ്രീകൃഷ്ണന്റെയും രാധയുടെയും ദിവ്യപ്രേമത്തെ പ്രകീർത്തിച്ചുകൊണ്ട്‌ ആബിദ്‌ ഹുസൈൻ ഭാവഭരിതനായി കീർത്തനങ്ങൾ പാടി. തലയാട്ടി, തുടയിൽ താളമടിച്ചുകൊണ്ടിരുന്നു അദ്ദേഹത്തിന്റെ ഭാര്യ.
പരിപാടികൾ കഴിഞ്ഞപ്പോൾ പാതിര കഴിഞ്ഞിരുന്നു. ഭാംഗ്‌ എന്റെ തലയ്ക്കുപിടിച്ചിരുന്നു. മടങ്ങുമ്പോൾ അരയ്ക്കുതാഴെ എന്തെങ്കിലും അവയവമുള്ളതായി എനിക്കുതോന്നിയില്ല. ഭാര്യ എന്നെ താമസസ്ഥലത്ത്‌ എത്തിച്ചു.
ജീവിതത്തിൽ ആദ്യമായി കഞ്ചാവുകഴിച്ച അനുഭവമായിരുന്നു എനിക്കത്‌. അവസാനത്തേതും എന്ന്‌ ധൈര്യപൂർവം പറയട്ടെ.
മതസഹിഷ്ണുതയോ മതസൗഹൃദമോ അല്ല, അതിലെല്ലാമുപരി മതസമന്വയമാണ്‌ ഞാനന്നുകണ്ടത്‌.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചരിത്രത്തിൽ മതസമന്വയത്തിന്റെ അനേകം ദൃഷ്ടാന്തങ്ങളുണ്ട്‌. ഗുരുനാഥനായ അലാവുദീൻഖാന്റെ മകൾ അന്നപൂർണാദേവിയെയാണ്‌ പണ്ഡിറ്റ്‌ രവിശങ്കർ വിവാഹംകഴിച്ചത്‌. പ്രശസ്തസംഗീതജ്ഞരായ ഹീരാബായി ബറോഡേക്കറുടെയും സരസ്വതി റാണെയുടെയും പിതാവ്‌ ഉസ്താദ്‌ അബ്ദുൽ കരിം ഖാനായിരുന്നു. പ്രശസ്ത സരോദ്‌വാദകൻ ഉസ്താദ്‌ അജ്‌മദലിഖാന്റെ ഭാര്യ ഭരതനാട്യ നർത്തകിയായ ശുഭലക്ഷ്മിയാണ്‌. അങ്ങനെ മതസമന്വയത്തിന്റെ എത്രയെത്ര കഥകൾ.
1950-കളിൽ ഹിന്ദുസ്ഥാനിസംഗീതത്തിൽ വായ്പാട്ടിന്റെ സമ്രാട്ടായിരുന്നു ഉസ്താദ്‌ രജബലിഖാൻ. ഇന്ദോറിനടുത്ത്‌ ദേവാസിലാണ്‌ അദ്ദേഹം താമസിച്ചിരുന്നത്‌. 1956-57ൽ, ഞാനറിയുന്ന കാലത്ത്‌, അദ്ദേഹത്തിന്‌ വളരെ പ്രായമായിരുന്നു. എങ്കിലും ഇടയ്ക്കിടെ പ്രക്ഷേപണത്തിന്‌ റേഡിയോ നിലയത്തിൽ വരുമായിരുന്നു. അദ്ദേഹത്തിന്റെ വരവ്‌ ഒരു വലിയ സംഭവംതന്നെയായിരുന്നു. അദ്ദേഹത്തെ കാണാൻ ഇന്ദോറിലെ സംഗീതജ്ഞരും സംഗീതപ്രേമികളും റേഡിയോസ്റ്റേഷനിലെത്തും. നിലയത്തിലെ സ്വീകരണമുറിയിലിരുന്ന്‌ അവരുമായി അദ്ദേഹം വളരെനേരം സംസാരിക്കും.

രജബലിഖാന്റെ പ്രിയശിഷ്യനായിരുന്നു പണ്ഡിറ്റ്‌ കൃഷ്ണറാവു മജുംദാർ. എക്സിക്യുട്ടീവ്‌ എൻജിനീയറായിരുന്നെങ്കിലും രജബലിഖാന്റെ പ്രക്ഷേപണദിവസം ലീവെടുത്തുവരുമായിരുന്നു. മജുംദാർ. രജബലിഖാൻ പാടുമ്പോൾ പിറകിലിരുന്ന്‌ തംബുരുമീട്ടുക കൃഷ്ണറാവു മജുംദാരുടെ അവകാശമായിരുന്നു; റേഡിയോ നിലയത്തിൽ സ്ഥിരം തംബുരുവാദകർ ഉണ്ടായിരുന്നെങ്കിലും.
രജബലിഖാൻ ബീഡിവലിക്കുമായിരുന്നു. റേഡിയോനിലയത്തിലെ സ്വീകരണമുറിയിൽ അദ്ദേഹം ആരാധകരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൃഷ്ണറാവു മജുംദാർ കത്തിച്ച ബീഡിയുമായി അദ്ദേഹത്തിന്റെ പിറകിലിരിക്കും. സംസാരത്തിനിടയ്ക്ക്‌ രജബലിഖാൻ പിറകോട്ട്‌ കൈനീട്ടുമ്പോൾ ഭക്ത്യാദരപൂർവം ബീഡി അദ്ദേഹത്തിന്റെ കൈയിലേക്ക്‌ കൊടുക്കും മജുംദാർ. രണ്ടുവലിവലിച്ച്‌ രജബലിഖാൻ അത്‌ തിരികെക്കൊടുക്കും. അദ്ദേഹത്തിന്റെ കൈ എപ്പോഴാണ്‌ ബീഡിക്കുവേണ്ടി തിരികെവരുക എന്ന്‌ ആകാംക്ഷാപൂർവം കാത്ത്‌, ബീഡി കെടാതെ ഇടയ്ക്കിടെ വലിച്ചുകൊണ്ടിരിക്കും മജുംദാർ.
ഗുരുവിനെയാണോ ഈ ശിഷ്യനെയാണോ ആദരിക്കേണ്ടത്‌ എന്ന്‌ ഞാൻ ആശ്ചര്യപ്പെടാറുണ്ട്‌.

‘പാട്ടുപഠിക്കുന്നകാലത്ത്‌ ഇദ്ദേഹത്തിന്റെ അമ്മതന്ന ചപ്പാത്തിയാണ്‌ ഞാൻ കഴിച്ചിരുന്നത്‌’ എന്നുപറയുമ്പോൾ കൃഷ്ണറാവു മജുംദാറിന്റെ കണ്ണുനിറയും.

നിലയത്തിൽ സംഗീതപരിപാടികളുടെ ചുമതല വഹിച്ചിരുന്ന കാലത്ത്‌ ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖരായ കലാകാരന്മാരെ പരിചയപ്പെടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്‌. പണ്ഡിറ്റ്‌ ഗജാനന്റാവു ജോഷിയായിരുന്നു മ്യൂസിക്‌ സൂപ്പർവൈസർ. പ്രശസ്ത സംഗീതജ്ഞരെപ്പറ്റിയുള്ള കഥകൾ പറയാൻ അദ്ദേഹത്തിന്‌ കൗതുകമായിരുന്നു. ‘ചെയിൻ ബുക്കിങ്‌’ സമ്പ്രദായപ്രകാരം  പ്രഗല്‌ഭരായ മിക്ക സംഗീതജ്ഞരും ഇന്ദോർ റേഡിയോനിലയത്തിൽ വരാറുണ്ട്‌. ഉസ്താദ്‌ ബിസ്മില്ലാഖാൻ, അംജദലിഖാന്റെ പിതാവ്‌ ഉസ്താദ്‌ ഹാഫീസ്‌ അലിഖാൻ, സാക്കീർ ഹുസൈന്റെ പിതാവ്‌ അല്ലാരഖാ, കൃഷ്ണറാവു പണ്ഡിറ്റ്‌ അങ്ങനെ നീണ്ടുപോകുന്നു ലിസ്റ്റ്‌. അവരിലെല്ലാം കണ്ട സവിശേഷത മതസമന്വയമായിരുന്നു. സംഗീതമായിരുന്നു അവരുടെ മതം. ദൈവമേ, ആ ഔന്നത്യത്തിലേക്ക്‌ രാജ്യം വീണ്ടും ഉയരട്ടേ എന്ന്‌ നമുക്ക്‌ പ്രാർഥിക്കാം.

Content Highlights: Abid Hussain Khan Hindustani Music Shivarathri