ബോളിവുഡിൽ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി എ ആർ റഹ്മാൻ. ഒരു എഫ് എം റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിനിടെയാണ് റഹ്മാൻ ഇതു പറഞ്ഞത്.

'ബോളിവുഡിൽ അടുത്തകാലത്തായി വളരെക്കുറച്ച് സിനിമകളിലേ ഭാഗമായിട്ടുള്ളൂ. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്ക് ഞാൻ ഈണം നൽകി. അദ്ദേഹം എന്നോടു കുറേ കഥകൾ പറഞ്ഞു. പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും. ഒന്നാലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടി വരാത്തത്. എന്തുകൊണ്ടാണ് വളരെക്കുറച്ച്, കൊമ്മേർഷ്യൽ അല്ലാത്ത ചിത്രങ്ങൾ മാത്രം എനിക്ക് ലഭിക്കുന്നത് എന്ന്.

ആളുകൾ എന്നിൽ നിന്നും ഹിറ്റുകൾ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ പലരും പ്രവർത്തിക്കുകയും ചെയ്യുന്നു. ഞാൻ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുമുണ്ട്.' റഹ്മാൻ പറഞ്ഞു.

മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽ ബേചാരയിലാണ് റഹ്മാൻ ഏറ്റവുമൊടുവിലായി സംഗീതം നൽകിയത്. നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേചാര. സഞ്ജന സാംഘിയാണ് നായിക.

Content Highlights :a r rahman opens up about a gang which works against him in film industry bollywood dil bechara movie