'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...' എന്ന പ്രശസ്ത ചലച്ചിത്രഗാനത്തിന് 50 ആണ്ടിന്റെ യൗവനം. 'ഭാര്യമാര്‍ സൂക്ഷിക്കുക' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതംനല്‍കി, യേശുദാസും പി. ലീലയും പാടിയ ഗാനം മലയാളിയുടെ ഈണമായി മാറുകയായിരുന്നു. പ്രേംനസീറും ഷീലയുമായിരുന്നു ഗാനരംഗത്തില്‍ അഭിനയിച്ചത്.

1968-ലാണ് ശ്രീകുമാരന്‍തമ്പി ഈ ഗാനം രചിച്ചത്. 'വൈക്കത്തഷ്ടമി നാളില്‍...', 'ആകാശം ഭൂമിയെ വിളിക്കുന്നു...' എന്നീ ഗാനങ്ങളും ഈ ചിത്രത്തിലേതായിരുന്നു. എന്നാല്‍ അവയ്ക്കൊന്നുമില്ലാത്ത യൗവനം 'ചന്ദ്രികയിലലിയുന്നു...' എന്ന ഗാനത്തിനുണ്ടെന്ന് ശ്രീകുമാരന്‍തമ്പി അഭിമാനിക്കുന്നു. തലമുറകള്‍ കൈമാറിയ ഗാനലാവണ്യം കൊച്ചുകുട്ടികള്‍വരെ പാടുന്നു.

ചെന്നൈ അരുണാചലം സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. അവിടെനടന്ന ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ അടൂര്‍ഭാസി റെക്കോഡിങ് കാണാനെത്തി. പാട്ടുകേട്ട അദ്ദേഹം ശ്രീകുമാരന്‍തമ്പിയുടെ ചെവിയില്‍ പറഞ്ഞു- ''ഇനി തന്നെ ആര്‍ക്കും ഒന്നും പറയാനാകില്ല, ഈ പാട്ട് കേരളം പിടിച്ചടക്കും''.

പാട്ടിന്റെ സൃഷ്ടിക്കുപിന്നില്‍ മറക്കാനാകാത്ത അനുഭവമാണ് ശ്രീകുമാരന്‍തമ്പിക്കുള്ളത്.

p leela
 പി. ലീല

''തന്റെ സിനിമയിലെ ഗാനങ്ങളുടെ സംഗീതം തനിക്കുകൂടി ഇഷ്ടപ്പെടണമെന്ന നിയമക്കാരനായിരുന്നു നിര്‍മാതാവായ ടി.ഇ. വാസുദേവന്‍. ദക്ഷിണാമൂര്‍ത്തി പലരീതിയില്‍ ഈണമിട്ടെങ്കിലും ഒന്നും നിര്‍മാതാവിന് ഇഷ്ടപ്പെട്ടില്ല. ദക്ഷിണാമൂര്‍ത്തിക്ക് വിഷമമായി. ഈണമെല്ലാം ക്ലാസിക്കാണെന്നും കുറേക്കൂടി ലളിതമാക്കണമെന്നും ഗുരുതുല്യനായ ദക്ഷിണാമൂര്‍ത്തിയോട് ഞാന്‍ ബഹുമാനത്തോടെ പറഞ്ഞു. എന്നാല്‍ പാട്ട് മാറ്റിയെഴുതാനാവശ്യപ്പെട്ട് അദ്ദേഹം കടലാസ് ചുരുട്ടിയെറിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. പിന്നീട് ദക്ഷിണാമൂര്‍ത്തി കടലാസെടുത്ത് നിവര്‍ത്തി മേശപ്പുറത്തുവെച്ചു. നേരത്തേ എം.എസ്. വിശ്വനാഥന്‍ മോഹനരാഗത്തില്‍ ഈണം നല്‍കിയ ഒരു തമിഴ്പാട്ടിന്റെ ശൈലിയിലാണ് രചിച്ചതെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. പല്ലവിയിലെ നാലുവരികള്‍ അദ്ദേഹം താളം മാറ്റിപ്പാടി. ചരണത്തിനും അനുപല്ലവിക്കും ഈണമിട്ടശേഷം മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടു. 'താരകയോ, നീലത്താമരയോ...' എന്ന വരികള്‍ പിന്നീട് മാറ്റിയെഴുതിയാതാണ്''

''എന്റെ നാനൂറോളം പാട്ടുകള്‍ക്ക് ഈണമിട്ട ദക്ഷിണാമൂര്‍ത്തി മുന്‍കൂട്ടി ഈണംനല്‍കിയ ഏകഗാനം ചന്ദ്രികയി ലലിയുന്നു... മാത്രമാണ്. ഈ പാട്ടെഴുതുമ്പോള്‍ എനിക്കും പാടുമ്പോള്‍ യേശുദാസിനും ഒരേപ്രായമായിരുന്നു-28''.

51-ലേക്ക് കടക്കുന്ന ഗാനത്തിന്റെ രചനാവാര്‍ഷികം ശ്രീകുമാരന്‍തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു, ഞായറാഴ്ച ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന വാര്‍ഷികാഘോഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ഉണ്ണിമേനോന്‍ നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.

Content Highlights: 50 years of chandrikayil aliyunnu chandrakantham, sreekumaran thampi, yesudas, P leela, evergreen malayalam songs, bharyamar sookshikkuka movie, V. Dakshinamoorthy swamy