'പാടിക്കൊണ്ടിരിക്കേ യേശുദാസ് വികാരാധീനനായി', 45 വയസ് തികഞ്ഞ് ‘ദേവീക്ഷേത്രനടയിൽ’


പി.എസ്‌.കൃഷ്ണകുമാർ

ബി.കെ. പൊറ്റെക്കാട്ട് സംവിധാനംചെയ്ത ‘പല്ലവി’ എന്ന ചിത്രത്തിലെ യേശുദാസിന്റെ മനംകവർന്ന ഹിറ്റ്ഗാനത്തിന് ഈ വർഷം 45 വയസ്സ് തികയുകയാണ്.

'ദേവീ ക്ഷേത്രനടയിൽ' എന്ന ​ഗാനമെഴുതിയ കവി പരത്തുള്ളി രവീന്ദ്രൻ | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി

‘ദേവീക്ഷേത്രനടയിൽ ദീപാരാധനാവേളയിൽ, ദീപസ്തംഭം തെളിയിച്ചുനിൽക്കും ദേവികേ നീയൊരു കവിത...’ 1977-ൽ ചെന്നൈ ഭരണി സ്റ്റുഡിയോയിലിരുന്ന് റെക്കോഡിങ്ങിനുമുമ്പ് അത്രയും പാടിക്കഴിഞ്ഞപ്പോൾ ഗാനഗന്ധർവൻ യേശുദാസിന്റെ കണ്ണുകൾ വിടർന്നു. അടുത്തനിമിഷം ദാസ് ചോദിച്ചു: ‘‘എത്ര മധുരമായ, ലളിതമായ കവിത. ആരാണീ കവിതതുളുമ്പുന്ന വരികളെഴുതിയത്. ഇത്ര സുന്ദരമായവരികൾ അടുത്തകാലത്തൊന്നും പാടിയിട്ടില്ല...’’ അദ്ദേഹത്തിന്റെ കസേരയുടെ പിറകിൽനിന്നിരുന്ന മെലിഞ്ഞുവെളുത്ത 33-കാരൻ പതുക്കെ പറഞ്ഞു: ‘‘ഞാനാണെഴുതിയത്...’’

അപ്പോഴേക്കും ആരോ യുവാവിനെ ദാസിന് പരിചയപ്പെടുത്തി: ‘‘ഇത് പരത്തുള്ളി രവീന്ദ്രൻ. പുതുമുഖ ഗാനരചയിതാവും കവിയുമാണ്...’’ ദാസ് രവീന്ദ്രന്റെ മുഖത്തുനോക്കി അഭിനന്ദനസൂചകമായി ചിരിച്ചു...

ബി.കെ. പൊറ്റെക്കാട്ട് സംവിധാനംചെയ്ത ‘പല്ലവി’ എന്ന ചിത്രത്തിലെ യേശുദാസിന്റെ മനംകവർന്ന ഹിറ്റ്ഗാനത്തിന് ഈ വർഷം 45 വയസ്സ് തികയുകയാണ്. കണ്ണൂർ രാജൻ സംഗീതംപകർന്ന ഗാനം യേശുദാസിന് ആ വർഷത്തെ മികച്ച ഗായകനുള്ള പുരസ്‌കാരവും നേടിക്കൊടുത്തു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചതും പരത്തുള്ളിയായിരുന്നു. ഒറ്റഗാനംകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പരത്തുള്ളി രവീന്ദ്രന് ഇപ്പോൾ പ്രായം 78. കോഴിക്കോട് ടാഗോർ ഹാളിൽ ശനിയാഴ്ച ഫ്രെയിം 21-ന്റെ ആഭിമുഖ്യത്തിൽനടക്കുന്ന 10-ാമത് ഗ്ളോബൽ അവാർഡുദാന ചടങ്ങിൽ പരത്തുള്ളി രവീന്ദ്രനെ ആദരിക്കും. ഒപ്പം ഗാനത്തിന്റെ 45-ാം വാർഷികാഘോഷവും നടത്തുന്നുണ്ട്.

‘‘നാലുവരി പല്ലവി മാത്രമാണ് ആദ്യമെഴുതിയത്. ചരണവും അനുപല്ലവിയുമൊക്കെ പിന്നീട് കണ്ണൂർ രാജനുമായി ചർച്ചചെയ്തെഴുതിയതാണ്. ഒന്നരമണിക്കൂറുകൊണ്ടാണ് റെക്കോഡിങ് പൂർത്തിയായത്. പലഘട്ടത്തിലും യേശുദാസ് വികാരാധീനനായിരുന്നു. ആലിലത്തട്ടിൽ ഒരായിരം പൂവുമായി ആരാധനയ്ക്കുവന്നവളേ, അതിലൊരു തുളസിക്കതിർ അറിയാതെ നിന്റെ മുടിയിൽ ഞാനൊന്നണിയിക്കട്ടെ... എന്ന വരികൾ ഉൾക്കൊണ്ടുതന്നെയാണ് അദ്ദേഹം പാടിയത്. കണ്ണൂർ രാജനും പ്രത്യേക മാനസികാവസ്ഥയിലായിരുന്നു...’’ -പരത്തുള്ളി രവീന്ദ്രൻ കമ്പോസിങ് വേളയിലെ വൈകാരികമുഹൂർത്തങ്ങൾ ഓർത്തെടുത്തു. വിൻസെന്റ്, സോമൻ, ജയഭാരതി എന്നിവരാണ് ചാവക്കാട്ടും പരിസരപ്രദേശങ്ങളിലും നടന്ന ഗാനചിത്രീകരണരംഗങ്ങളിൽ അഭിനയിച്ചത്. രണ്ടുദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും പരത്തുള്ളി പറയുന്നു.

ഗാനം സമ്മാനിച്ച ചില തിക്താനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നു: ‘‘അനുപല്ലവിയിലെ അണിയിച്ചോട്ടെ എന്ന വാക്കിനുപകരം അണിയിക്കാം എന്ന് തിരുത്താൻ കണ്ണൂർ രാജൻ പറഞ്ഞപ്പോൾ പറ്റില്ലെന്നും ഗാനത്തിന്റെ ഭാവം മറുമെന്നും ഞാൻ തീർത്തുപറഞ്ഞു. തിരുത്തൽ ഉണ്ടായില്ലെങ്കിലും എനിക്കൊരു ധിക്കാരിയുടെ പരിവേഷം കൈവന്നു. വയലാർവരെ വരികൾ തിരുത്താനനുമതിനൽകുമ്പോഴാണ് തുടക്കക്കാരന്റെ പിടിവാശിയെന്ന തലംവരെ വിമർശനം നീണ്ടു. അതോടെ എന്റെ ചലച്ചിത്രഭാവി ഇരുളടഞ്ഞു. ഞാൻ വീണ്ടും നാടകങ്ങൾക്കും സംഗീതപരിപാടികൾക്കും മാത്രം പാട്ടെഴുതുന്നയാളായി. ആരോടും പരിഭവവില്ല. പക്ഷേ, കുടുംബത്തിനുവേണ്ടി സാമ്പത്തികമായി ഒന്നും നേടാനായില്ല. ആ വിഷമമുണ്ടെങ്കിലും ഈ ഗാനംതന്ന പ്രശസ്തിയും നല്ല വാക്കുകളും അതിനെയെല്ലാം ഇല്ലാതാക്കുന്നു...’’ -പരത്തുള്ളി രവീന്ദ്രൻ പറഞ്ഞുനിർത്തി.

Content Highlights: 45 years for devi kshethra nadayil song, pallavi movie song, kj yesudas, Parathulli Raveendran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented