കൊച്ചി: സഹാനുഭൂതി വളര്‍ത്താനും സൗഖ്യത്തിനും സംഗീതത്തിന്റെ മാന്ത്രിക ശക്തിയില്‍ വിശ്വസിച്ച് കൊണ്ട് 6 നഗരങ്ങളില്‍ നിന്ന് 17 കലാകാരന്മാര്‍ ഒരുമിച്ച് അതിമനോഹരമായ ഒരു ഖവാലി ഒരുക്കിയിരിക്കുന്നു. 'ജന്നത്-ഇ-ഖാസ്' എന്ന ഈ ഗാനം ആനന്ദവും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു. ലോകത്തെ പ്രത്യാശിക്കുന്നു. 

ഷബിന്‍ സംഗീതവും പങ്കജ് ഭഗത് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം കൃഷ്ണ ബോംഗനെയും നിള മാധവ് മോഹപാത്രയും ചേര്‍ന്നാണ്. ശാര്‍ദൂല്‍ നായിക്, യാഗ്നേഷ് സാല്യാന്‍, പ്രസാദ് മഞ്ചരേക്കര്‍, പ്രണയ് മോഹന്‍ പവാര്‍ എന്നിവര്‍ ബാക്കിങ് വോക്കല്‍സ് നല്‍കിയിരിക്കുന്നു. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ടാണ് ഓരോ കലാകാരന്മാരും അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് ഗാനത്തിന്റെ ചിത്രീകരണം നിര്‍വഹിച്ചത്. 

'നാല് സെഷനിലായി എല്ലാ റെക്കോര്‍ഡിംഗും പൂര്‍ത്തീകരിച്ചു. വോക്കല്‍സും പെര്‍കഷനും മുംബൈയിലും, സ്ട്രിംഗ്‌സ് കൊച്ചിയിലും, ബേസ് കോട്ടയത്തും റെക്കോര്‍ഡ് ചെയ്തു. കുറച്ചു സിന്ത് ഞാന്‍ ബാംഗ്ലൂരില്‍ നിന്നും പ്രോഗ്രാം ചെയ്തു. അനവധി ട്രാക്കുകളുള്ളത് കൊണ്ട് നല്ല സമയമെടുത്ത് തന്നെയാണ് മിക്‌സിങ് ചെയ്തത്. ലോക്ക്ഡൗണിനു മുമ്പ് തന്നെ മിക്‌സിങ് കഴിഞ്ഞിരുന്നു. ഒരു സിനിമാറ്റിക് രീതിയില്‍ ചിത്രീകരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ലോക്ക്ഡൗണ്‍ വന്നപ്പോള്‍ വേറെ രീതിയില്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. പശ്ചാത്തലവും ഫോണിന്റെ സ്ഥാനവും നിശ്ചയിച്ച് ഓരോ കലാകാരന്മാരും അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ചിത്രീകരണം നടത്തി. ഞാന്‍ ബാംഗ്ലൂരില്‍ നിന്നും ചിത്രസംയോജനവും ചെയ്തു. അങ്ങനെയാണ് വീഡിയോ പൂര്‍ത്തീകരിച്ചത്',ഗാനത്തിന്റെ നിര്‍മാണത്തെ കുറിച്ച് സംഗീത സംവിധായകന്‍ ഷബിന്‍ വിശദീകരിച്ചു.

മ്യൂസിക് 247-ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുന്ന ജന്നത്-ഇ-ഖാസ് മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇതിനോടകം നിരവധിപേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നല്ല പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഗാനത്തിന് ലഭിക്കുന്നത്.

Content Highlights: 17 Artists From 6 Cities Come Together For A Qawali Song