ഗ്രഹിച്ചിരുന്ന സമയത്ത് സിനിമയില്‍ അവസരം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ഒരുപാടെണ്ണം ഒരുമിച്ച് വരുന്ന സന്തോഷത്തിലാണ് ഗായിക രോഷ്‌നി സുരേഷ്. ഈടയിലെ മിഴി നിറഞ്ഞു എന്ന ഗാനവും ശിക്കാരി ശംഭുവിലെ മഴയും ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ സിനിമകളാണ് രോഷ്‌നിയെ തേടിയെത്തുന്നത്. 

1996-ല്‍ റിലീസായ മിസ്റ്റര്‍ ക്ലീന്‍ എന്ന ചിത്രത്തിനുവേണ്ടി എസ്.പി. വെങ്കിടേഷിന്റെ സംഗീതസംവിധാനത്തിലായിരുന്നു രോഷ്‌നി ആദ്യമായി പാടിയത്. എന്നാല്‍ പാടിയ പാട്ട് സിനിമയിലുള്‍പ്പെട്ടില്ല. പിന്നീട് 19 വര്‍ഷങ്ങള്‍ക്കുശേഷം സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങയിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം സാധ്യമായത്. ഒരു പാട്ട് പാടാനാണ് ക്ഷണിച്ചതെങ്കിലും മൂന്നെണ്ണത്തിനുള്ള അവസരം ലഭിച്ചു. 

രാജാമണി സംഗീതസംവിധാനം നിര്‍വഹിച്ച മഴനീര്‍കണങ്ങള്‍ എന്ന സംഗീത ആല്‍ബത്തില്‍ രോഷ്‌നി പാടിയിരുന്നു. രാജാമണിയ്ക്ക് സ്വരം ഏറെ ഇഷ്ടപ്പെട്ടതോടെ മകന്‍ അച്ചു രാജാമണിയ്ക്ക് രോഷ്‌നിയെ പരിചയപ്പെടുത്തി. അങ്ങനെ ഉറുമീനെന്ന തമിഴ് സിനിമയില്‍ പാടാനും രോഷ്‌നിയ്ക്കായി.

ഈട പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതിനൊപ്പം രോഷ്‌നിയ്ക്കും ഏറെ ആരാധകരായി. ശിക്കാരി ശംഭുവിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി എന്ന സിനിമയിലും രോഷ്‌നി രണ്ട് പാട്ട് പാടുന്നുണ്ട്. ഒന്ന് വിജയ് യേശുദാസിനൊപ്പവും മറ്റൊന്ന് നബീലിനൊപ്പവും. യാളി, കെളുത്തി എന്നീ തമിഴ് സിനിമകളില്‍ രോഷ്‌നിയുടെ ഗാനങ്ങളുണ്ടാകും.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ശ്രീകുമാറിന്റെയും രമ ശ്രീകുമാറിന്റെയും മകളാണ് രോഷ്‌നി. ജോണ്‍സണ്‍, ഔസേപ്പച്ചന്‍ എന്നിവരോടൊപ്പം വോയ്‌സ് ഓഫ് ട്രിച്ചൂരില്‍ പാട്ടുകാരിയായിരുന്ന അമ്മയില്‍ നിന്നാണ് സംഗീതത്തോട് ഇഷ്ടമുണ്ടായത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലും ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിലും ലളിതഗാനത്തില്‍ സമ്മാനം നേടി.

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി ദുബായില്‍ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് സുരേഷ് ബാലകൃഷ്ണന്‍. മക്കളായ ഗൗതം, നമിത എന്നിവര്‍ അവിടെ വിദ്യാര്‍ഥികളാണ്. ദുബായില്‍ പാടാനുള്ള അവസരങ്ങള്‍ ഏറെ കുറവാണെന്നതാണ് രോഷ്‌നിയുടെ വിഷമം. അതുകൊണ്ട് പാടാന്‍ അവസരം കിട്ടിയാല്‍ എത്ര ബുദ്ധിമുട്ടിയായാലും നാട്ടിലേക്ക് വന്ന് മടങ്ങാറാണ് പതിവെന്ന് രോഷ്‌നി പറഞ്ഞു. ദുബായില്‍ കുട്ടികള്‍ക്ക് കര്‍ണാടകസംഗീതത്തില്‍ രോഷ്‌നി ക്ലാസുമെടുക്കുന്നുണ്ട്.

 

Content Highlights: Roshni Suresh, Eeda, Mizhi Niranju singer