ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ ടീമിന്റെ ഒടിയന്‍ ടീസര്‍ പുറത്തിറങ്ങി. വീശിയടിക്കുന്ന കാറ്റില്‍ കരിമ്പടവും പുതച്ചു പടി കടന്ന് വരുന്ന ഒടിയന്‍ മാണിക്യനെയാണ് ടീസറില്‍ കാണാന്‍ കഴിയുക. ഒക്ടോബർ പതിനൊന്നിന് ചിത്രം തിയ്യേറ്ററുകളിലെത്തും. രാവിലെ ഏഴ് മണി ഒന്‍പത് മിനിറ്റിനാണ് ആദ്യ ഷോ ആരംഭിക്കുന്നത്. പുതിയ ടീസറിലാണ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്

പ്രഖ്യാപിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്കോവറുകളും ചിത്രത്തിന്റെ പ്രോമോ വീഡിയോ, മോഷന്‍ പോസ്റ്റര്‍ ടീസറുകള്‍ തുടങ്ങിയവയുമെല്ലാം വലിയ തരംഗമായിരുന്നു. 

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ഒടിയന്‍ വരുന്നത്.  മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന  ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ്  സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. 

Content Highlights : Mohanlal Odiyan Shrikumar Menon Manju Warrier odiyan teaser odiyan manikyan