വാര്‍ഡുകള്‍ക്കതീതമായ പ്രകടനങ്ങളുടെ കയ്യൊപ്പായിരുന്നു സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം. സുഡുവും മജീദും മാത്രമല്ല, അതിലെ ഉമ്മമാര്‍ വരെ കാണികളുടെ ഉള്ളില്‍ നീറുന്ന അനുഭവമായി തങ്ങിനിന്നു. അതായിരുന്നു സിനിമ പകർന്നുനൽകിയ  വൈകാരികതയുടെ ആഴം.

ഫുട്ബോളിന്റെ  പശ്ചാത്തലത്തില്‍ ശക്തമായ മനുഷ്യബന്ധങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. കമ്മേഷ്യൽ പടങ്ങളുടെ മടുപ്പു കലരാതെ, യാഥാര്‍ഥ്യത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടുംകൂടി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ വിജയം.

സംവിധായകനെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം തന്നെ അംഗീകരിക്കപ്പെട്ടു എന്നത് സക്കരിയയെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട കാര്യമാണ്. ചിത്രം പകർന്നു നൽകിയ അനുഭവങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ്  സംവിധായകന്‍ സക്കരിയ...

സൗബിൻ എപ്പോഴാണ് മജീദായി സുഡനിയിലേയ്ക്ക് കയറിവന്നത്.?

സത്യസന്ധമായി പറഞ്ഞാല്‍ ആദ്യമായി സുഡാനി എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ഓപ്ഷനില്‍ ഇല്ലാത്ത പേരായിരുന്നു സൗബിന്‍ ഷാഹിറിന്റേത്. തീര്‍ത്തും പുതിയ ആളുകളെ വച്ച് ചെയ്യാന്‍ തീരുമാനിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. പിന്നെ ഇതൊരു പ്രൊഡക്ഷന്‍ കമ്പനിയുടെ അടുത്തെത്തിയപ്പോള്‍ ഒരു പോപ്പുലര്‍ നടൻ ഇതില്‍ വേണമെന്ന് എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്തു. എന്നാല്‍ ഈ ക്യാരക്ടറിന് അനുയോജ്യനാവുകയും വേണമെന്ന ചര്‍ച്ചയ്ക്കൊടുവില്‍ ഡിസ്ട്രിബ്യൂട്ടറാണ് സൗബിനെ സജസ്റ്റ് ചെയ്യുന്നത്. രാജീവ് രവി സാറുമൊത്തുള്ള ചര്‍ച്ചയായിരുന്നു അത്. അങ്ങിനെ സൗബിന്‍ എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ഉടനെ തന്നെ സൗബിനെ അറിയിക്കുകയും ചെയ്തു.

സൗബിനുവേണ്ടി സ്‌ക്രിപ്റ്റില്‍ ഭേദഗതി വരുത്തിയിരുന്നോ?

ഇല്ല. സൗബിന്റെ സൗഹൃദത്തിലുള്ള ആളുകള്‍ നിര്‍മിക്കുന്ന സിനിമ എന്ന കംഫര്‍ട്ട് സോണിലേക്കാണ് അദ്ദേഹം വരുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിന്റെ തലേന്നാണ് പൂര്‍ണമായും സ്‌ക്രിപ്റ്റ് അദ്ദേഹം വായിച്ചു കേള്‍ക്കുന്നത്. അതുക്കൊണ്ടു തന്നെ നമ്മള്‍ എഴുതിവച്ച ക്യാരക്ടറിലേക്ക് സൗബിന്‍ എന്ന നടന്‍ എത്തുകയാണുണ്ടായത്.

ആദ്യ സിനിമയെന്ന നിലയില്‍ എത്രത്തോളം പഠനമാണ് ചിത്രത്തിനു വേണ്ടി നടത്തിയത് ?

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തുടങ്ങി സിനിമ പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് രണ്ട് വര്‍ഷമാണ് എടുത്തത്. അതില്‍ ഒരു വര്‍ഷത്തോളം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാനെടുത്തു. സിനിമയിലുള്ള കുറേ കാര്യങ്ങളൊക്കെ ചെറുപ്പം തൊട്ടേ ഉള്ളിലുള്ള കാര്യങ്ങളാണ്. പിന്നെ സ്‌ക്രിപ്റ്റിനു വേണ്ടി ഒരുപാടുപേരെ കാണേണ്ടതായി വന്നു. ഫുട്ബോൾ മാനേജര്‍മാരേയും കളിക്കാരെയുമൊക്കെ കാണേണ്ടതുണ്ടായിരുന്നു. ഒരു വിദ്യാര്‍ഥി പരീക്ഷക്ക് തയ്യാറെടുക്കുന്നതുപോലുള്ള അവസ്ഥയിലൂടെയാണ് കടന്നുപോയത്.

ഒമാന്‍  സിനിമയെ അസിസ്റ്റ് ചെയ്തതിന്റെ പരിചയം ഈ സിനിമയെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

സിനിമാ യാത്രയില്‍ സംഭവിച്ചിട്ടുള്ള എല്ലാ അനുഭവങ്ങളും വലിയ എക്സ്പീരിയന്‍സ് തന്നെയായിരുന്നു. ഒമാനിലെ സംവിധായകന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. അസീല്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്. അതിന് അസിസ്റ്റ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. അത് ശരിക്കും പറഞ്ഞാല്‍ ഒരു പാഠശാല ആയിരുന്നു. ഒരു സിനിമ എന്ന് പറയുമ്പോള്‍ അതിന്റെ സര്‍ഗാത്മകതയില്‍ നിന്നും മാറി എങ്ങിനെ എല്ലാത്തിനെയും മാനേജ് ചെയ്യാം എന്ന കാര്യം പഠിക്കുന്നത് അവിടെ നിന്നാണ്. പ്രീ പ്രൊഡക്ഷന്‍ മുതല്‍ സ്‌ക്രീനിങ് വരെ ആ ചിത്രത്തോടൊപ്പം നില്‍ക്കാനുള്ള അവസരവും ലഭിച്ചു. മലയാളത്തില്‍ ശ്രീജിത്ത് സുകുമാരന്‍ സംവിധാനം ചെയ്ത ഹാങ്ങോവര്‍ എന്ന സിനിമയില്‍ അസിസ്റ്റ് ചെയ്യാനും മുഹ്സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പാ നേറ്റീവ് സണ്‍ എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യാനും സാധിച്ചു.

സിനിമയിലേക്കുള്ള ആദ്യ കാല്‍വയ്പ്

ഞാന്‍ ഓമ്പതാം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ തന്നെ സിനിമയെടുക്കണമെന്ന് ആഗ്രഹിച്ചയാളാണ്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിമും ചെയ്തിട്ടുണ്ട്. നാടകങ്ങിലും മറ്റും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. നാട്ടില്‍ ഞങ്ങള്‍ക്കൊരു തിയ്യറ്റര്‍ ഗ്രൂപ്പുണ്ട്. ഇപ്പൊൾ റിയലിസ്റ്റിക്ക് എന്ന തിയ്യറ്റര്‍ ഗ്രൂപ്പിലും അംഗമാണ്. പണ്ട് ഗള്‍ഫില്‍ നിന്നും കൊണ്ടുവരുന്ന ഹാൻഡി ക്യാമറ വെച്ച് ഷോര്‍ട്ട് ഫിലിം ഉണ്ടാക്കുന്നു. പതുക്കെ അതൊക്കെ സിനിമയിലേക്കുള്ള വഴിയായി മാറി.

സുഡാനി ഫ്രം നൈജീരിയ എങ്ങിനെയാണ് ഷൈജു ഖാലിദിന്റെയും സമീര്‍ താഹിറിന്റെയും അടുത്തെത്തുന്നത്.?

ഈ ചിത്രം പൂര്‍ണമായും പുതിയ ആളുകളെ വച്ച് ചെയ്യാന്‍ ഉദ്ദേശിച്ച ഒന്നായിരുന്നു. അതിന്റെ ഭാഗമായി രാജീവ് രവി സാറിനോട് അഭിപ്രായം ചോദിക്കാന്‍ പോവുകയും ഇതൊരു ഇന്‍ഡിപ്പെന്‍ഡന്റ് ചിത്രമായി ചെയ്ത് സാമ്പത്തിക നഷ്ടം വരുത്തേണ്ടെന്നും  നിങ്ങള്‍ക്കു തന്നെ പരിചയമുള്ള പ്രൊഡക്ഷന്‍ കമ്പനികളെ സമീപിക്കാവുന്നതാണെന്നും പറയുന്നത് അദ്ദേഹമാണ്. ഇതിന്റെ കോ റൈറ്റര്‍ മുഹ്സിന്‍ പരാരിക്ക് അവരുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അവരോട് കാര്യം അവതരിപ്പിക്കുകയും കഥ കേള്‍പ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഷൈജു ഖാലിദും സമീര്‍ താഹിറും ചിത്രത്തിലേക്ക് വരുന്നത്.

തുടക്കകാരന്റെ വെല്ലുവിളികൾ?

ക്രിയേറ്റിവായിട്ടുള്ള വെല്ലുവിളികളാണ് ഞാനടക്കമുള്ള എല്ലാ ഫിലിം മേക്കേഴ്സും നേരിടേണ്ടി വരുന്നത്. ബാഹ്യമായ വെല്ലുവിളികൾ  എനിക്കത് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. എനിക്ക് കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ഞാന്‍ ഉള്‍പ്പെടുന്ന കമ്മ്യൂണിറ്റിയില്‍ നിന്നോ ഒന്നും പ്രശ്നം ഉണ്ടായിട്ടില്ല. ഒരുപക്ഷേ എന്റെ യാത്രയില്‍ ഞാന്‍ കാണാതെ പോയതായിരിക്കും. ക്രിയേറ്റിവ് തലത്തിലുള്ള വെല്ലുവിളികള്‍ എന്ന് പറയുമ്പോള്‍ സ്‌ക്രിപ്റ്റിങ്ങിലാണ് നേരിടേണ്ടി വരിക. എങ്ങനെ ഒരു കഥാപാത്രത്തെ ഉണ്ടാക്കുന്നു, അത്  എത്രത്തോളം ആസ്വാദ്യകരമാക്കാം എന്നൊക്കെയുള്ള കാര്യങ്ങളിലാണ് അത്. 

ജീവിത യാഥാര്‍ഥ്യങ്ങള്‍ എത്രത്തോളം സിനിമയെ സ്വാധീനിക്കുന്നുണ്ട് ?

ജീവിതാനുഭവങ്ങള്‍ തന്നെയാണ് സിനിമയില്‍ വരാന്‍ സാധ്യതയുള്ളത്. ഒരു വലിയ വായനക്കാരനോ എഴുത്തുകാരനോ അല്ലാത്തതുക്കൊണ്ട് നേരിട്ട് അനുഭവമുള്ള കാര്യങ്ങളാണ് തുടക്കകാലത്ത് സിനിമയായി വരാന്‍ സാധ്യത. അത്തരം അനുഭവങ്ങളാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്.

ഒരുപാട് അവാർഡുകൾ കിട്ടി. ഇനി ചെയ്യാനുള്ള വര്‍ക്കുകളില്‍ അതൊരു സമ്മര്‍ദമാകുമോ?

തീര്‍ച്ചയായും അങ്ങനെയില്ല. ഓരോ സിനിമയും പുതിയൊരു അനുഭവമായിട്ടാണ് ഞാന്‍ കാണുന്നത്. അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഒന്നിനെയും കാണുന്നില്ല. അവാര്‍ഡുകള്‍ എന്നത് എനിക്ക് അഹ്ളാദം തരുന്ന ഒന്നല്ല സന്തോഷങ്ങളില്‍ ഒന്ന് മാത്രമാണ്. പണം മുടക്കിയ ആള്‍ക്ക് ആ പണം തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

ഏതാണ് അടുത്ത പ്രൊജക്ടുകള്‍?

അടുത്ത പ്രൊജക്ട് ഒന്ന് മുഹ്സിന്‍ പരാരിയുമായി കോ റൈറ്റ് ചെയ്യുന്നതാണ് മുഹ്സിനാണ് സംവിധാനവും നിര്‍വഹിക്കുന്നത്. എന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രൊജക്ട് ഈ വര്‍ഷം പകുതിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights : Zakariya Mohammed Interview Sudani From Nigeria Soubin Shahir Sudani Movie