ന്ത്യന്‍ സിനിമയില്‍ വേറിട്ട ദ്യശ്യാനുഭവം സമ്മാനിച്ച സിനിമയായിരുന്നു യന്തിരന്‍. റോബോട്ടിക്‌സ് എന്ന മേഖലയുടെ അനന്ത സാധ്യതകളെ മികച്ച രീതിയില്‍ ഉപയോഗിച്ച സിനിമയുടെ രണ്ടാം ഭാഗമായ 2.0 വളരെയധികം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 400 കോടി രൂപയുടെ ബജറ്റിൽ ഒരുക്കുന്ന ഈ ദ്യശ്യവിസ്മയത്തില്‍ ശബ്ദത്തിനും വളരെയധികം പ്രാധാന്യമുണ്ട്. റസൂല്‍ പൂക്കൂട്ടിയാണ് ശബ്ദമിശ്രണം. ഇതില്‍ സൗണ്ട് മിക്‌സിങ്ങ് നിര്‍വഹിക്കുന്നത് അങ്കമാലി കിടങ്ങൂര്‍ സ്വദേശി ബിബിന്‍ ദേവാണ്.
 
ഇരുനൂറിലധികം സിനിമകള്‍ ചെയ്ത് ബിബിന്‍ ദേവ് മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. പത്തേമാരി, ലൂക്കാചുപ്പി, സ്‌ക്കൂള്‍ ബസ്സ്, കമ്മാരസംഭവം തുടങ്ങി നിരവധി സിനിമയില്‍ സൗണ്ട് മിക്‌സിങ്ങ് നിര്‍വഹിച്ചിട്ടുണ്ട്. 2.0 യിലെ അനുഭവങ്ങളെ പറ്റി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ബിബിന്‍ ദേവ്.
 
2.0
 
റസൂല്‍ പൂക്കുട്ടി വഴിയാണ് എനിക്ക് 2.0 ല്‍ അവസരം ലഭിക്കുന്നത്. ഞാന്‍ അദ്ദേഹത്തിനൊപ്പം ഇതിനു മുന്‍പും വര്‍ക്ക് ചെയ്തിട്ടുണ്ട്. 2.0 ശരിക്കും വലിയൊരു അനുഭവം തന്നെയാണ്. മൂന്ന് നാല് സിനിമയ്ക്ക് കൊടുക്കേണ്ട എഫര്‍ട്ട് ഇൗ സിനിമയ്ക്ക് കൊടുത്തിട്ടുണ്ട്. ടെക്‌നിക്കലിയായിട്ടും ക്രിയേറ്റിവായിട്ടും ഒരുപാട് കഠിനാധ്വാനം ഇതിനു വേണ്ടി എടുത്തിട്ടുണ്ട്.
 
വിഷ്വല്‍സിനും സൗണ്ടിനും വളരെയേറെ പ്രാധ്യാന്യമുള്ള സിനിമയാണിത്. പുതിയൊരു സൗണ്ട് ഫോര്‍മാറ്റ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.  എസ്.ആര്‍.എല്‍ 4 ഡി എന്ന സൗണ്ട് ഫോര്‍മാറ്റാണ് ഈ സിനിമയ്ക്ക് വേണ്ടി അവതരിപ്പിച്ചത്. അത് ചെയ്യുന്ന ആദ്യത്തെ സൗണ്ട് എഞ്ചിനിയര്‍ ഞാനാണ്. പൂര്‍ണമായും ഇത് ഒരു ഇന്ത്യന്‍ ടെക്കനോളജിയാണ്. ഇതിനു പുറമേ ഒട്ടേറെ നൂതനമായ രീതികള്‍ ഇതിന് വേണ്ടി ചെയ്തിട്ടുണ്ട്. സിനിമ ഇറങ്ങിയിട്ട് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടും.
 
ഒറിജിനല്‍ 3 ഡി ആയിട്ട് തന്നെയാണ് ഈ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. മിക്കവാറും സിനിമകള്‍ 2 ഡിയില്‍ ഷൂട്ട് ചെയ്തിട്ട് പിന്നീട് 3 ഡിയിലേക്ക് മാറ്റുകയാണ് ചെയ്യുക. ഇത്രയ്ക്കും മികച്ച രീതിയില്‍ ദൃശ്യാനുഭവം ഒരുക്കുമ്പോള്‍ അതിന് അനുസരിച്ച് സൗണ്ടില്ലെങ്കില്‍ ശരിയാവില്ലല്ലോ. അതുകൊണ്ട് തന്നെ സൗണ്ട് മികച്ചതാക്കാന്‍ കഠിന പരിശ്രമം നടത്തിയിട്ടുണ്ട്. ഒരു വിഷ്വല്‍ സൗണ്ട് ട്രീറ്റായിരിക്കും 2.0
 
രാവും പകലും ഇരുന്നു കൊണ്ട് മൂന്ന് നാല് സ്റ്റുഡിയോയ്ക്കുള്ള ഉപകരണങ്ങള്‍ വെച്ചാണ് ഇതിനു വേണ്ടി ജോലി ചെയ്യുന്നത്. ഇപ്പോള്‍ ഫൈനല്‍ സ്റ്റേജിലാണ്. ഒരു വര്‍ഷമായിട്ട് ഇൗ സിനിമയുടെ പിറകെയാണ്. എനിക്ക് കായംകുളം കൊച്ചുണ്ണിയിലേക്ക് അവസരം വന്നതായിരുന്നു. പക്ഷേ ഇതിന്റെ തിരക്ക് കാരണം പറ്റിയില്ല. ഞാന്‍ വളരെയധികം സന്തോഷവാനാണ്. കാരണം ഇത്രയും വലിയൊരു പ്രോജക്റ്റിന്റെ ഭാഗമാവുക എന്നത് വലിയ കാര്യമല്ലേ.  ഓരോ ദിവസവും മറക്കാനാവാത്ത അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രസകരവും അതോടൊപ്പം ചലഞ്ചിങ്ങുമാണ് 2.0.
 
റസൂല്‍ പൂക്കുട്ടി
 
റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌ക്കര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹവുമായി വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അന്നൊക്കെ മലയാളിയായ സൗണ്ട് എഞ്ചിനീയര്‍ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ പറ്റിയിട്ടുണ്ട്. യന്തിരന്‍ 2.0 എന്ന വലിയ പ്രോജക്റ്റില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് തന്നെ വലിയ കാര്യമാണ്. ഇതിനു മുന്‍പ് അദ്ദേഹവുമായി ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. കമ്മാരസംഭവം, പത്തേമാരി. പിന്നെ കൂറേ ഹിന്ദി സിനിമകളിലും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഹിന്ദിയിലാണ് ഞങ്ങള്‍ കൂടുതലും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ളത്.
 
ശങ്കര്‍
 
വളരെയധികം ക്രിയേറ്റിവായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. വളരെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം സിനിമയെ കാണുന്നത്. സൗണ്ട് ചെയ്യുമ്പോള്‍ അദ്ദേഹം ഞങ്ങളോട് ഒപ്പം ഇരിക്കാറുണ്ട്. രസകരമായിട്ടുള്ള നിമിഷങ്ങളാണ് അത്. നമ്മളോട്  ഒരുപാട് രസകരമായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന രസകരമായ അനുഭവങ്ങള്‍, അങ്ങനെ കുറേയുണ്ട്. നമ്മള്‍ എന്ത് പുതിയ ആശയങ്ങള്‍ പറഞ്ഞാലും അദ്ദേഹം അത് കേള്‍ക്കും. മാത്രമല്ല നല്ലതാണെങ്കില്‍ അഭിനന്ദിക്കാന്‍  യാതൊരു മടിയുമില്ല. അദ്ദേഹത്തിന്റെ സജഷന്‍സ്‌ വ്യക്തമായി പറഞ്ഞ് തരും. ആ സീനില്‍ എന്ത് ഫീലാണ് വേണ്ടതെന്ന് വ്യക്തമാക്കും. അത് കൊണ്ട് തന്നെ നമുക്ക് ജോലി ചെയ്യാനും എളുപ്പമാണ്.
 
സിനിമയിലേക്കുള്ള വഴി
 
ഉന്‍ ഹസാരോം കെ നാം എന്നൊരു ഹിന്ദി ചിത്രത്തിലായിരുന്നു ഞാന്‍ ആദ്യം  സ്വതന്ത്രമായി വര്‍ക്ക് ചെയ്തത്. സൗണ്ട് ഡിസൈനിങ്ങും അതു പോലെ അതിന്റെ മിക്‌സിങ്ങ് എല്ലാം ഞാന്‍ തന്നെയാണ് ചെയ്തത്. വളരെ ചെറിയൊരു പ്രോജക്റ്റായിരുന്നു. ഇപ്പോള്‍ ഏകദേശം ഇരുനൂറോളം ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. കൂറേ ഹോളിവുഡ് പ്രോജക്റ്റിന് വേണ്ടി വര്‍ക്ക് ചെയ്യാനും സാധിച്ചിട്ടുണ്ട്. സ്ലം ഡോഗ് മില്യനയര്‍, ലൈഫ് ഓഫ് പൈ, അവതാര്‍ എന്നീ സിനിമകളുടെ ഇന്ത്യന്‍ വെര്‍ഷനുകള്‍ ചെയ്തത് ഞാനാണ്. ട്വിന്റിയത്ത് സെഞ്ച്വറി ഫോക്‌സിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പടങ്ങളുടെ ഇന്ത്യന്‍ ട്രാന്‍സലേഷന്‍സ് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അത് വലിയൊരു അനുഭവമാണ്. ഈ മേഖലയുടെ അനന്ത സാധ്യതകളെ പറ്റി നന്നായി പഠിക്കാന്‍ പറ്റി. 
 
മലയാളം സിനിമകള്‍
 
ഞാന്‍ ചുരുക്കം ചില മലയാള ചിത്രങ്ങളിലേ വര്‍ക്ക് ചെയ്തിട്ടുള്ളു. ഞാന്‍ മുബൈയിലാണ് താമസിക്കുന്നത്. മലയാള സിനിമകളുടെ സൗണ്ട് മിക്‌സിങ് മുബൈയില്‍ വരുന്നത് വളരെ വിരളമാണ്. കാരണം വളരെയധികം ചെലവേറിയതു കൊണ്ടു തന്നെയാണ്. ചെന്നൈയിലൊക്കെ ചെയ്യുന്നതിന്റെ മൂന്നിരട്ടിയോളം അധിക ചെലവ് ഇവിടെ വരും. മലയാളത്തില്‍ എനിക്ക് ബ്രേക്ക് തന്ന വര്‍ക്ക് പത്തേമാരിയാണ്. വളരെ നല്ല അനുഭവമാണ് അതിലൂടെ ലഭിച്ചത്. വേറൊരു ഫീലാണ് മലയാളം സിനിമയ്ക്കുള്ളത്.
 
സൗണ്ട് എന്‍ജിനീയറിങ് എന്ന മേഖല
 
അനന്തമായ സാധ്യതയുള്ള മേഖലയാണിത്. വളരെയധികം പാഷനുള്ള വ്യക്തിക്ക് മാത്രമേ ഇതില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. പുറത്ത് നിന്ന് കാണുന്ന പോലെയുള്ള മോഡിയുള്ള ഫീല്‍ഡല്ല ഇത്. എത്ര കഠിനാധ്വാനം ചെയ്തു എന്ന് പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ പേര് പലപ്പോഴും പുറത്ത് വരണമെന്നില്ല. ടെക്ക്നിക്കലായും അതു പോലെ തന്നെ ക്രിയേറ്റിവായും ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടി വരുന്ന മേഖലയാണിത്.
 
ഡയറക്ടര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള സൗണ്ട് ഉണ്ടാക്കാന്‍ പറ്റണം. അതിന് വേണ്ടി ചിന്തിക്കേണ്ടതാണ്. ഒരു ആര്‍ട്ടിസ്റ്റിക്ക് മെന്റാലിറ്റി വളരെ അത്യാവശ്യമാണ്. സാധ്യതകള്‍ ഒരുപാട് ഇപ്പോഴുണ്ട്. കാരണം ഒരുപാട് സിനിമകള്‍ ഇപ്പോള്‍ വരുന്നുണ്ട്. മാത്രമല്ല ആമസോണ്‍. നെറ്റ്ഫ്ളിക്സ് എല്ലാം സിനിമകള്‍ ചെയ്യുന്നുണ്ട്. ഒരുപാട് സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഈ കോഴ്‌സ് നടത്തുന്നുണ്ട്.
ആദ്യത്തെ സിനിമയില്‍ പേരും പ്രശസ്തിയും കിട്ടണമെന്നില്ല. പക്ഷേ നമ്മുടെ കഠിനാധ്വാനം നമ്മളെ എവിടെയെങ്കിലും എത്തിക്കാതിരിക്കില്ല. കഴിവും അതോടൊപ്പം തന്നെ പാഷനും വേണം. 
 
എന്റെ മേഖല സൗണ്ട് എഞ്ചിനീയറിങ് തന്നെയാണ്
 
ചെറുപ്പം മുതലേ എനിക്ക് ഇലക്ട്രോണിക്ക്‌സ് സാധനങ്ങളോട്  ഹരമായിരുന്നു. റേഡിയോ പോലുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ കിട്ടിയാല്‍ ഞാന്‍ ആദ്യം അത് തുറന്ന് അതില്‍ എന്താണ് എന്ന് നോക്കുമായിരുന്നു. അത്രയ്ക്കും ഇഷ്ടമായിരുന്നു. എങ്ങനെ ഇത് സൗണ്ട് ഉണ്ടാക്കുന്നുവെന്ന് കൗതുകത്തോടുകൂടിയാണ് നോക്കിക്കണ്ടിരുന്നത്.
 
പത്താം ക്ലാസ്സ് കഴിയുമ്പോള്‍ തന്നെ എനിക്ക് സൗണ്ട് എഞ്ചിനീയറിങ്ങിനെ പറ്റി അറിയാമായിരുന്നു. അങ്ങനെ ഈ കോഴ്‌സിനെപ്പറ്റി അന്വേഷിക്കുകയും ത്യശ്ശൂര്‍ ചേതന സൗണ്ട് സ്റ്റുഡിയോയില്‍ ഈ കോഴ്‌സ് ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയെടുക്കുകയും തുടര്‍ന്ന് ചേതന സൗണ്ട് സ്റ്റുഡിയോയില്‍ സൗണ്ട് എഞ്ചീനീയറിങ്ങിന് ചേരുകയായിരുന്നു.
 
പഠനം കഴിഞ്ഞ് ഞാന്‍ ബോംബെയിലേക്ക് പോയി. അവിടെ എന്നെയും കാത്ത് ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഹിന്ദി ഒട്ടും വഴങ്ങാത്ത എനിക്ക് ആദ്യം ലഭിച്ചത് മറാത്തി സിനിമയുടെ ജോലികളായിരുന്നു. അതൊക്കെ വല്ലാത്ത കാലമായിരുന്നു. തുച്ഛമായ വരുമാനമേ എനിക്ക് അന്ന് ലഭിച്ചിരുന്നുള്ളൂ. മുംബൈ പോലുള്ള വലിയ നഗരത്തില്‍ വളരെയധികം ജീവിതച്ചെലവുകള്‍ നേരിടേണ്ടി വരും. പക്ഷേ ആ കഷ്ടപ്പാടുകള്‍ക്കിടയിലും എനിക്ക് ശക്തമായ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു സൗണ്ട് എഞ്ചിനീയറാവുമെന്നും എന്റെ മേഖല സിനിമ തന്നെയാവുമെന്നും എനിക്ക നല്ല വിശ്വാസമുണ്ടായിരുന്നു.
 
സെലക്റ്റീവാണ്
 
ആറ് വര്‍ഷമായി ഞാന്‍ സ്വതന്ത്രമായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. മാനസികമായി അടുപ്പം തോന്നുന്ന പ്രോജക്റ്റുകള്‍ മാത്രമേ ചെയ്യാറുള്ളൂ. സെലക്റ്റിവാവാന്‍ ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ വളരെയധികം തൃപ്തനാണ്. പിന്നേ ചിലപ്പോള്‍ ചില പ്രോജക്റ്റുകളൊക്കെ നേരത്തെ റിലീസ് വെയ്ക്കും അപ്പോഴൊക്കെ ഓടിച്ചാണ് ചെയ്യുക. പക്ഷേ കഴിവിന്റെ പരമാവധി എല്ലാ വര്‍ക്കും നന്നാക്കാന്‍ നോക്കാറുണ്ട്.
 
കുടുംബം
 
അങ്കമാലിക്കാരനാണ് ഞാന്‍. അങ്കമാലിയില്‍ കിടങ്ങുരാണ് വീട്. എന്റെ അപ്പച്ചനും അമ്മച്ചിയും സഹോദരിയും സഹോദരനും എല്ലാം നാട്ടില്‍ തന്നെയാണ്. ഇവിടെ മുംബൈയില്‍ ഞാനും ഭാര്യയും മാത്രമേയുള്ളു. ഭാര്യ ഇവിടെ ഒരു ഫിനാന്‍സ് കമ്പനിയില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. അവരെല്ലാം നല്ല പിന്തുണ നല്‍കാറുണ്ട്.
 
ഭാവി പ്രതീക്ഷകള്‍
 
നല്ലൊരു സൗണ്ട് എഞ്ചിനീയറാവുക എന്നതാണ് എന്റെ സ്വപ്‌നം. പിന്നെ മുംബൈയില്‍ ഒരു സ്റ്റുഡിയോ സെറ്റപ്പ് ചെയ്യണം എന്നുണ്ട്. ഇപ്പോള്‍ ചെറിയൊരു സ്റ്റുഡിയോയുണ്ട്. പക്ഷേ അല്‍പം കൂടി സൗകര്യമുള്ള സ്റ്റുഡിയോ ഉണ്ടാക്കണം എന്നാണ് ആഗ്രഹം.
 
Content Highlights: yanthiran 2.0 movie sound mixing engineer bibin dev interview Rajinikanth Shankar Resul Pookutty