സംവിധായകനായ ജോഷി ജോസഫിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'വാക്കിങ് ഓവര്‍ വാട്ടര്‍'. സ്വന്തം ജീവിതത്തിലേക്കുതന്നെയാണ് ജോഷി ഇത്തവണ ക്യാമറ വെച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്തസ്വഭാവക്കാരായ അച്ഛനമ്മമാരുടെ ഇടയില്‍പ്പെട്ടുപോയ കുട്ടിയുടെ കഥയാണിത്.

കൊല്‍ക്കത്തയില്‍ ജീവിക്കുന്ന മലയാളിയായ ജോഷി ജോസഫ് ധാരാളം ഡോക്യുമെന്ററികള്‍ സംവിധാനംചെയ്തിട്ടുണ്ട്. അദ്ദേഹം ആറ് ദേശീയപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'വാക്കിങ് ഓവര്‍ വാട്ടര്‍'. ആത്മകഥാപരമാണ് ഈ സിനിമ. ജോഷി, ഭാര്യ ബെന്‍സി, മകന്‍ ഓസു. ഈ കുടുംബത്തിലെ സംഘര്‍ഷങ്ങളാണ് സിനിമ എന്നുപറയാം. ജോഷിയുടെ സിനിമാപ്രവര്‍ത്തനങ്ങള്‍ ഭാര്യയ്ക്ക് ഇഷ്ടമല്ല. അവരുടെ സ്വാധീനത്താല്‍ മകനും അച്ഛന്റെ സിനിമകള്‍ ഇഷ്ടമല്ല. സക്കറിയാസിന്റെ പഴയ നിയമത്തിലുള്ള പറക്കും ചുരുള്‍ എന്ന സിനിമയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശ്വസിക്കുന്നവളാണ് ബെന്‍സി. ക്രിസ്തുവിന്റെ ജലത്തിനുമീതെയുള്ള നടത്തം, വെള്ളം വീഞ്ഞാക്കല്‍, ഹുഗ്ലി-വിദ്യാസാഗര്‍ പാലങ്ങളുടെ പുരാവൃത്തം, ജെട്ടി, എം.എന്‍. വിജയന്‍, റസാക്ക് കോട്ടക്കല്‍, കൊല്‍ക്കത്ത, ട്രാം, ഫുട്ബോള്‍, മഹാശ്വേതാദേവി, പോപ്പ്, ട്രംപ്, നാസയുടെ ഗോള്‍ഡന്‍ റെക്കോഡ്. പല പരിപ്രേക്ഷ്യങ്ങള്‍, പല പരാമര്‍ശങ്ങള്‍. 

അതുപോലെ സിനിമ പല ഫോര്‍മാറ്റിലാണ്. സിനിമാസ്‌കോപ്പിലാണ് സിനിമ. 8 എം.എമ്മില്‍ ചിത്രീകരിച്ച ഹോം വീഡിയോയില്‍ യഥാര്‍ഥ ജോഷിയും ഭാര്യയും മകനും. പിന്നെ പോപ്പ്, ട്രംപ് എന്നിവരുടെ ടി.വി. ഫൂട്ടേജുകള്‍. അതുപോലെ പല ശൈലികളുടെയും, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളുടെയും സങ്കരമാണ് സിനിമ. സിനിമയും പാപവും എന്നത് സിനിമയിലെ ഒരു പ്രധാന വിഷയമാണ്. കേരളത്തിലും സിനിമ ഒരു നിഷിദ്ധമേഖലയായിരുന്നുവല്ലോ. സിനിമാപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, സിനിമകാണുക എന്നതും. സിനിമ 'നല്ലകുടുംബ'ത്തില്‍ പിറന്നവര്‍ക്ക് പറ്റിയതല്ല എന്ന വിശ്വാസം ഇന്നും പലരീതിയില്‍ തുടരുന്നു. സിനിമയിലെ ഇടത്തെയും വിശുദ്ധം, അവിശുദ്ധം എന്നരീതിയില്‍ നൈതികതയുടെ അടിസ്ഥാനത്തില്‍ നാം വിഭജിക്കുന്നുവെന്നാണ് മണി കൗള്‍ അഭിപ്രായപ്പെട്ടത്. സംവിധായകന്‍ തന്റെ സിനിമാസങ്കല്പങ്ങള്‍ പങ്കുവെക്കുന്നു:

ഭൗതികമായല്ല, സംഭാഷണങ്ങളിലൂടെയാണ് സംവിധായകന്റെ (ജോഷിയുടെ) സാന്നിധ്യം നമുക്ക് സിനിമയില്‍ അനുഭവപ്പെടുത്തുന്നത്

ഈ മുഖങ്ങളിലൂടെ ഉണ്ടാവുന്ന പ്രതികരണത്തിലൂടെയാണല്ലോ- മഹാശ്വേതാദേവിയുടെ, ബെന്‍സിയുടെ, ഓസുവിന്റെ... സിങ്ക് ഡയലോഗിന്റെ രീതി എന്താണെന്നുവെച്ചാല്‍, ആരാണോ സംസാരിക്കുന്നത്, അവരുടെ മുഖം കാണിക്കുകയാണല്ലോ. അയാളെ നേരിട്ടുകാണുന്നില്ല എങ്കിലും അയാളുടെ ശബ്ദം സിനിമയില്‍ മുഴുവനും ഉണ്ട്. കഥയുടെ ചരട് ഏറ്റെടുക്കുന്നത് അദ്ദേഹമാണ്. മൂന്നുകഥാപാത്രങ്ങളുടെ മുഖങ്ങളില്‍തട്ടി ഉണ്ടാവുന്ന പ്രതിധ്വനികളില്‍നിന്നും പ്രതിഫലനങ്ങളില്‍നിന്നും ഉണ്ടാവുന്നത്. ഇതൊരു കണ്ണാടിപോലെ ആണ്. പ്രതികരണങ്ങളില്‍നിന്നും ഹേതുകാണിക്കാതെ ഫലത്തിലൂടെ എന്താണോ ഹേതു എന്നുകാണിക്കുന്ന ഒരു സൂത്രം. ഭര്‍ത്താവ് സംസാരിക്കുന്നതെല്ലാം യഥാര്‍ഥവ്യക്തി എന്ന നിലയിലാണ്. ഒരുവ്യക്തിയുടെ കല്പിതമായ പ്രതിനിധാനമല്ല. അതേസമയം, അനുമോള്‍ അവതരിപ്പിക്കുന്ന കഥാപാത്രം (ഭാര്യ) ഒരു യഥാര്‍ഥവ്യക്തിയുടെ കല്പിതമായ പ്രതിനിധാനമാണ്.

സിനിമ സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവും ആണ് എന്നൊരു പ്രേക്ഷകന്‍ പറഞ്ഞാല്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കും? ബെന്‍സി തുണികഴുകുന്ന സന്ദര്‍ഭം ഒരു ഹൈ ആംഗിളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അപ്പോള്‍ കഥാപാത്രത്തെ ഒറ്റപ്പെടുത്തുകയാണ്. ചെറുതാക്കുകയാണ്.

anumol

സിനിമയില്‍ കഥപറയാതിരിക്കുന്ന ആള്‍ ഭാര്യയായ ബെന്‍സിയാണ്. അവരുടെ മൗനം സിനിമയില്‍ മൊത്തം നിറഞ്ഞുനില്‍ക്കുന്നു. അവര്‍ വായ തുറക്കുന്നത് മൊത്തം സിനിമയില്‍ ഒന്നോരണ്ടോ പ്രാവശ്യം മാത്രമാണ്. ആ കഥാപാത്രത്തെ ഞാന്‍ വിടര്‍ത്താത്തിടത്തോളംകാലം അവരുടെ മനസ്സില്‍ നടക്കുന്ന വ്യാപാരങ്ങള്‍, മനോവിചാരങ്ങള്‍, അവരുടെ മുഖത്തുനിന്ന് വളരെ ആത്മനിഷ്ഠമായി പ്രേക്ഷകര്‍ വായിച്ചെടുക്കുന്നതാണ്. അതുകൊണ്ട് ഇതിനെ സ്ത്രീവിരുദ്ധത എന്നുപറയാന്‍ കഴിയില്ല. ഈ മനുഷ്യനോടൊപ്പമാണ് ഈ പാവം സ്ത്രീ ജീവിക്കുന്നതെങ്കില്‍ ഇങ്ങനെയേ പെരുമാറൂ എന്ന് ന്യായീകരിക്കാന്‍പാകത്തിലാണ് സ്ത്രീവിരുദ്ധത എന്നുതോന്നിക്കുന്നിടത്ത് കൊണ്ടുനിര്‍ത്തുന്നത്. ആ ടെറസ്, വാര്‍ക്കപ്പുറം ആണ് അവരുടെ ഇടം. ആദ്യത്തെ ഹൈ ആംഗിള്‍ ഷോട്ടിനും, മുകളിലേക്ക് കയറിപ്പോവുന്ന ലോ ആംഗിള്‍ ഷോട്ടിനും ഇടയ്ക്കാണ് ക്യാമറ ആ കെട്ടിടം മൊത്തമായി കാണിക്കുന്നത്. മൂന്നാമത്തെ ഷോട്ടില്‍ അവര്‍ മുകളില്‍ എത്തിക്കഴിഞ്ഞു. കെട്ടിടത്തിന്റെ ഭൗതികമായിട്ടുള്ള മൂന്ന് ഇടങ്ങളും ഇതിലൂടെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മിക്കപ്പോഴും ഇവരെകാണുന്നത് അകത്തളത്തിലാണ്. അവര്‍ ടെറസില്‍നില്‍ക്കുമ്പോള്‍പോലും എപ്പോഴും അകത്തളത്തില്‍ കഴിയുന്ന ചാരുലതയെ (സത്യജിത് റായിയുടെ 'ചാരുലത'യിലെ കഥാപാത്രം) പുറത്തേക്കുവിട്ടാല്‍ എങ്ങനെയിരിക്കും അതുപോലെയാണ്.

ബെന്‍സി ഭര്‍ത്താവിന്റെ ആശയം പിന്തുടരണമെന്ന് ശഠിക്കാന്‍പറ്റുമോ

തീര്‍ച്ചയായും ഇല്ല. രണ്ട് ഫണ്ടമെന്റലിസ്റ്റുകളുടെ ഇടയില്‍ പെട്ടുപോയ ഒരു കുട്ടിയുടെ കഥയാണ് സിനിമ. ഒന്ന് ഒരു സിനിമാ ഫണ്ടമെന്റലിസ്റ്റ്. മറ്റേത് റിലീജിയസ് ഫണ്ടമെന്റലിസ്റ്റ് പോലുമല്ല, കാരണം പോപ്പിനെക്കുറിച്ചും മറ്റും അവരുടെ ഭര്‍ത്താവ് എന്താണോ വിമര്‍ശനാത്മകമായി പറയുന്നത്, അതുപങ്കിടുന്ന മനസ്സാണ് അവരുടേത്. പക്ഷേ, അവര്‍ എന്തുകൊണ്ടോ സക്കറിയാസിന്റെ പഴയ നിയമത്തിലുള്ള പറക്കും ചുരുള്‍ എന്ന സിനിമയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശ്വസിക്കുന്നവളാണ്. ഇതിനെ അവള്‍ വ്യാഖ്യാനിക്കുന്നത് ഒരു തിയേറ്ററില്‍നിന്നും മറ്റൊരു തിയേറ്ററിലേക്ക് പോവുന്ന സിനിമയുടെ ചുരുളുകള്‍ ആയിട്ടാണ്. മകന്‍ അതിനോട് യോജിക്കുന്നില്ല. അത് അമ്മയുടെ ഒരു സങ്കല്പമാണ്. അതിനെ ഒരു തെറ്റായി അവന്‍ കാണുന്നില്ല. പകരം, അതൊരു കെട്ടരീതിയായാണ് അവന്‍ കാണുന്നത്. രണ്ടുപേരുടെയും ഭാഗംപിടിക്കാതെ അവന്‍ മൗനിയായിരിക്കും.

മഹാശ്വേതാദേവി, മകന്‍, ഓഫ് സ്‌ക്രീനില്‍ താങ്കള്‍. താങ്കള്‍ മകനോടുചോദിക്കുന്നത് മുഴുവന്‍ പ്രേക്ഷകരോടായിട്ടാണ് തോന്നിയത്. എന്തിനാണ് പ്രേക്ഷകരോട്, മകനോട് താങ്കളുടെ സിനിമ ഇഷ്ടപ്പെടണം എന്ന് താങ്കള്‍ പറയുന്നത്

താങ്കളുടെ നിരീക്ഷണത്തിന്റെ ഒരുഭാഗം ശരിയാണ്. സങ്കീര്‍ണമായ രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരാളാണ് മഹാശ്വേതാദേവി എന്നറിയുന്നവര്‍ അവരുടെ മുഖത്തില്‍നിന്ന് ആ രീതിയിലും അവരെ അറിയാത്തവര്‍ ഒരു പ്രായമായ സ്ത്രീയുടെ മുഖംമാത്രമായും കാണും. അവരുടെ മുഖത്തുള്ള ഭാവം എന്നെസംബന്ധിച്ചിടത്തോളം ഈ സിനിമയില്‍ പ്രേക്ഷകന് ഉണ്ടാവാന്‍പോവുന്ന ഭാവമാണ്. ആ അര്‍ഥത്തില്‍ ആ ചോദ്യം ശരിയാണ്. എന്നാല്‍, മകനും പ്രേക്ഷകരും സിനിമ ഇഷ്ടപ്പെടണം എന്ന പിടിവാശിയില്ല. കാണണം എന്നേയുള്ളൂ.

ഭര്‍ത്താവ് (താങ്കള്‍) ബെന്‍സിയെ അങ്ങേയറ്റം പുച്ഛിക്കുകയാണ്. അവര്‍ ചട്ട്ണി അരയ്ക്കുമ്പോള്‍ നിങ്ങള്‍ Chatnification of life എന്ന് കളിയാക്കുകയാണ്.

ട്രംപും പോപ്പും ഭരണകൂടവും പള്ളിയും ഒന്നിച്ചുവരുന്ന, ഏതു പുരോഗമനമനസ്സും പങ്കിടുന്ന വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരാളാണ് ഇയാള്‍ എന്ന് നമുക്കുമനസ്സിലാകുന്നു. വീടിനകത്തേക്ക് ഈലോകം വരേണ്ടതുണ്ടോ എന്ന ചോദ്യം, അതുതന്നെയാണല്ലോ ഏതൊരു കലാകാരന്റെയും ജീവിതത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നത്. അതായത്, കല വീടിന്റെ പടിക്കുപുറത്ത് നിര്‍ത്തേണ്ടതാണോ എന്ന ചോദ്യം കടന്നുവരുന്നു. വീട്ടില്‍ നിങ്ങള്‍ ഒരു കുടുംബസ്ഥനായി നില്‍ക്കണം. ഇതില്‍ ഒരുപാട് ആളുകള്‍ വിജയിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഒരു എഴുത്തുകാരന് ചിലപ്പോള്‍ വീട്ടിലിരിക്കുമ്പോള്‍പോലും ഒരു സാധാരണമനുഷ്യനായി കുടുംബജീവിതം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുമായിരിക്കും. വളരെ പ്രശസ്തനായ ബംഗാളി എഴുത്തുകാരനായിരുന്ന സമരേഷ് ബാസു ദിവസവും ഓഫീസിലേക്ക് പോകുന്നതുപോലെ കാലത്ത് വീട്ടില്‍നിന്ന് ഇറങ്ങുകയും വേറൊരു വീട്ടില്‍പോയി താമസിച്ച് അവിടെയിരുന്ന് എഴുതി വൈകുന്നേരം തിരിച്ച് വീട്ടില്‍വന്ന് എഴുത്തുകാരനല്ലാതെ ജീവിക്കുകയായിരുന്നു. അങ്ങനെ ജീവിക്കാന്‍ ഒരു എഴുത്തുകാരന് സാധിച്ചേക്കും. എന്നാല്‍, ഒരു സിനിമാക്കാരന് അത് സാധിക്കില്ല. അയാളെ സംബന്ധിച്ച് അതൊരു മുഴുവന്‍സമയപ്രവൃത്തിയാണ്. മുഴുവന്‍സമയ പ്രവൃത്തിയാകുമ്പോള്‍ നമുക്ക് ഒളിച്ചുകളിക്കാന്‍ സാധിക്കുന്നില്ല. സിനിമയില്‍ ഞാന്‍ ഷൂട്ടിങ് കാണിക്കുന്നില്ല. ഇയാളുടെ കര്‍മമണ്ഡലത്തെ, സിനിമാപ്രവര്‍ത്തനത്തെ പുറത്തുനിര്‍ത്തിയിരിക്കയാണ്.

സിനിമയുടെ ആദ്യഭാഗം വളരെ രസകരമാണ്. അനേകത, പല പരിപ്രേക്ഷ്യങ്ങള്‍, പല ശൈലികളുടെ സങ്കരം... എന്നാല്‍, സിനിമ പുരോഗമിക്കവേ, സിനിമയില്‍ ഒരു തരത്തിലുള്ള ഐക്യമുണ്ടാവുന്നു

ഒരൊറ്റ ആഖ്യാനത്തിലേക്ക് സിനിമയെ കൊണ്ടുപോകാനായി സാധാരണമായി ഉപയോഗിക്കുന്ന....ഉദാഹരണമായി, എലിപ്പത്തായം. ഒരു തറവാട്ടില്‍പ്പെട്ടുപോയ ഉണ്ണിയെ എലിയായി...അതൊരു ക്ലാസിക്കല്‍രീതിയാണ്. പല സിനിമകളും ഈ രീതി അവലംബിച്ചിട്ടുണ്ട്. ഒരു രൂപകത്തില്‍, ഒരു സമാന്തരത്തില്‍ സിനിമയെ ഒതുക്കുക എന്ന രീതി. ഒരു രൂപകത്തിലേക്ക് സിനിമയെ രേഖീയമായി കൊണ്ടുപോവാതെ ഞാന്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോവുകയാണ്. ഓരോ രൂപകത്തെയും അവസാനം ഒരു ഐക്യത്തില്‍ കൊണ്ടെത്തിച്ച് പൊട്ടിക്കുകയാണ്. ഒരൊറ്റ രൂപകം ആണെങ്കില്‍ സിനിമ പൊള്ളയായിരിക്കും. അവസാനം പ്രേക്ഷകര്‍ പറയും ഓ, ഇതാണോ. എല്ലാം മനസ്സിലായി. അതായത് ഉണ്ണി തറവാട്ടില്‍ കുടുങ്ങിയ എലി എന്നപോലെ. ഇതില്‍നിന്ന് ഒരു മോചനം സിനിമയ്ക്കുണ്ടാവണമെങ്കില്‍, അനേകതയും ഐക്യവും എല്ലാം എപ്പോഴാണോ തരാതരം ഇണങ്ങുന്നത് അതിനനുസരിച്ചുചേര്‍ക്കാനുള്ള സാഹസികമായിട്ടുള്ള സമീപനമായിരുന്നു എന്റേത്.

Content highlights : walking over water movie director joshy joseph interview