സിസ്റ്റന്റ് ഡയറക്ടര്‍ ജോലി മതിയാക്കി സിനിമയെ എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്ന വൈശാഖിനെ സിനിമയ്ക്ക് തന്നെ ആവശ്യമുണ്ടെന്ന് പറഞ്ഞ് തടഞ്ഞു നിര്‍ത്തിയത്‌ തിരക്കഥാകൃത്ത് ഉദയകൃഷ്ണയായിരുന്നു. ഉദയകൃഷ്ണ - സിബി കെ.തോമസ് ടീം തിരക്കഥ നല്‍കുമെന്ന് ഉറപ്പു നല്‍കിയാല്‍ താന്‍ എവിടെയും പോകില്ലെന്ന്  അന്ന് വൈശാഖും മറുപടി നല്‍കി. ഉദയകൃഷ്ണ വാക്കു പാലിച്ചു.

ഉദയകൃഷ്ണ - സിബി.കെ. തോമസിന്റെ തിരക്കഥയില്‍  'പോക്കിരിരാജ 'സംവിധാനം ചെയ്തതോടെയാണ് വൈശാഖ് സ്വതന്ത്ര സംവിധായകനാകുന്നത്. ഇപ്പോള്‍ ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്തായപ്പോള്‍ ആദ്യം എഴുതുന്ന തിരക്കഥയും സിനിമയാക്കാനുള്ള നിയോഗം വൈശാഖിനാണ്.  അത്  മോഹന്‍ലാലിനെ നായകനാക്കി  വൈശാഖ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാവുകയാണ്. മോഹന്‍ലാല്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡേറ്റ് നല്‍കിയ പുലിമുരുകന്‍  എന്ന ആ ചിത്രത്തില്‍ എന്തൊക്കെ വിസ്മയങ്ങളാണ് കാത്തിരിക്കുന്നത്. സംവിധായകന്‍ വൈശാഖ് പുലിമുരുകന്‍ വിശേഷങ്ങള്‍ ആദ്യമായി പങ്കു വെക്കുന്നു. 

പുലിമുരുകന്റെ ആദ്യഘട്ട ചിത്രീകരണം തുടങ്ങിയത് വിയറ്റ്‌നാമിലായിരുന്നു. അവിടേക്കുള്ള യാത്രയിലാണ് ലാലേട്ടനെ ഞാന്‍ അടുത്തറിയുന്നത്. ലാലേട്ടന്റെ സിനിമാ കരിയര്‍ തുടങ്ങുമ്പോഴാണ് എന്റെ ജനനം. കുഞ്ഞുനാളിലെ ആരാധനയോടെ കണ്ടിരുന്ന താരത്തിനോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങളിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. വളരെ ഡൗണ്‍ ടു എര്‍ത്തായി എന്റെ ഏജ് ഗ്രൂപ്പിലുള്ള ഒരാള്‍ പെരുമാറുന്നതു പോലെയാണ് അനുഭവപ്പെട്ടത്.  അതിനാല്‍ വിയറ്റ്‌നാമില്‍ നിന്ന് പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ സീക്വന്‍സുകളിലൊക്കെ അഭിനയിപ്പിക്കുമ്പോള്‍ ഞാന്‍ വലിയ കംഫര്‍ട്ട്സോണിലായിരുന്നു.

ആറുമാസത്തോളം ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചത്‌ ശരിക്കുമൊരു യൂണിവേഴ്‌സിറ്റി പഠനം തന്നെയായിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മനുഷ്യത്വം എന്താണെന്നും നല്ലൊരു മനുഷ്യന്‍ എങ്ങനെയായിരിക്കണമെന്ന് കൂടിയാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

മോഹന്‍ലാലിനെ അഭിനയിപ്പിച്ച് ഷൂട്ടിങ് ദിനങ്ങളില്‍ മറക്കാന്‍ കഴിയാത്ത ഒരു ദിനം ? 

Pulimurugan
കടപ്പാട്: ഫേസ്ബുക്ക്

പുലിമുരുകന്റെ ക്ലൈമാക്‌സ് സീനെടുക്കുന്ന ദിവസം ലാലേട്ടന് നല്ല പനിയായിരുന്നു. പല സ്റ്റേജുകളിലൂടെ കടന്നു പോകുന്ന ക്ലൈമാക്‌സ് സീനില്‍ പുലിമുരുകന്റെ റിവേഴ്‌സ്‌ ഡൈവിങ്ങാണ് ചിത്രീകരിക്കേണ്ടത്. നല്ല ക്ഷീണിതനാണെങ്കിലും ഷൂട്ടിങ്ങ് മുടക്കേണ്ടതെന്ന് പറഞ്ഞാണ് ലാലേട്ടന്‍ എത്തിയത്.

ഫസ്റ്റ് ടേക്കില്‍ തന്നെ ലാലേട്ടന്റെ ഡൈവിങ് ഓക്കെയായിട്ടുണ്ടെങ്കിലും റോപ്പ് പിടിക്കുന്നവരുടെ ടൈമിങ് തെറ്റിയതിനാല്‍ ഷോട്ടിന്റെ ക്യാമറാപൊസിഷന്‍ റെഡിയായി വന്നില്ല.  എട്ട് ടേക്ക് വരെ പോകേണ്ടി വരുമ്പോഴും ലാലേട്ടന്‍ ഡൈവ് ചെയ്ത് വീഴുന്നു. എനിക്ക് കരച്ചില്‍ വന്ന് പോയ നിമിഷമായിരുന്നു അത്.

സീന്‍ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ ലാലേട്ടനോട് ക്ഷമ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് നമ്മളെ വിശ്വസിക്കുന്ന ഒരു പാട് പേരുടെ മുന്നിലാണ് നാളെ സിനിമയെത്തുന്നത്. നമ്മുടെ ശാരീരികാവസ്ഥയൊന്നും അവരെ അറിയിക്കരുത്.  ഏറ്റവും പെര്‍ഫെക്ടായിട്ടായിരിക്കണം. നമ്മുടെ പ്രകടനങ്ങള്‍ കണ്ട് രസിക്കാനാണ് പ്രേക്ഷകരെത്തുന്നത്. അവരെ നിരാശരാക്കരുതെന്നാണ്. ആ ഒരു സ്പിരിറ്റാണ് ആ പ്രതിഭയെ ഇന്നും നിലനിര്‍ത്തുന്നത്. സിനിമയ്ക്കു വേണ്ടി എന്തു ചെയ്യാന്‍ പറഞ്ഞാലും നോ എന്ന വാക്ക് അദ്ദേഹത്തില്‍ നിന്ന് വരില്ല. 

മലയാളസിനിമയില്‍ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണല്ലോ പുലിമുരുകന്‍?

പുലിമുരുകന്‍ ബിഗ് ബജറ്റ് സിനിമയെന്ന് പറയുന്നതിനേക്കാള്‍ ബിഗ് എഫര്‍ട്ടുള്ള സിനിമയെന്ന് പറയുന്നതാണ് നല്ലത്. സാധാരണ സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ക്ക് 50 ദിവസത്തെ ഷൂട്ടിങ്ങാണ് പ്ലാന്‍ ചെയ്യുക. പുലിമുരുകന്‍  പൂര്‍ണമായും കാട്ടില്‍ ചിത്രീകരിക്കുന്നതിനാല്‍ ക്യാമറയും ജിമ്മിജിബ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും താരങ്ങളുമെല്ലാമായി ആറു കിലോമീറ്ററൊക്കെ നടന്നായിരിക്കും ലൊക്കേഷനിലെത്തുക. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ഷോട്ടായിരിക്കും എടുക്കാന്‍ കഴിയുക. അങ്ങനെയാണ് ഷൂട്ടിങ് ദിനങ്ങള്‍ കൂടിയത്. 

വൈശാഖ് സംവിധാനം ചെയ്ത മുന്‍ സിനിമകളെല്ലാം കളര്‍ ഫുള്‍ സിനിമകളാണ്. പുലിമുരുകന്റെ കളര്‍ പാറ്റേണ്‍ എങ്ങനെയാണ്? 

പുലിമുരുകന്‍ കണ്ടന്റ് ഓറിയന്റഡായ സിനിമയാണ്. ക്യാമറാ ഗിമ്മിക്കുകളോ കളര്‍ഫുള്‍ പാറ്റേണോയില്ല. കാട്ടിലെ ജീവിതത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങളേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ലക്ഷ്വറിയ്ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. 

മറ്റുഭാഷകളിലും പുലിമുരുകന്‍ എത്തുന്നുണ്ടല്ലോ?

പുലിമുരുകന്‍ ഒരു യൂണിവേഴ്‌സല്‍ തീമായതിനാലാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇറക്കാമെന്ന് തീരുമാനിച്ചത്.  പുലിയും മനുഷ്യനും നേര്‍ക്കു നേര്‍ പൊരുതുന്ന സിനിമകള്‍ മറ്റു ഭാഷകളിലൊന്നും വന്നിട്ടില്ല. ഭാവനയില്‍ കണ്ട കാര്യങ്ങള്‍ ചിത്രീകരിക്കുന്നതിന് റഫറന്‍സായി സിനിമകള്‍ അന്വേഷിച്ചപ്പോഴാണ് ഞങ്ങള്‍ ചെയ്യുന്ന രീതിയിലുള്ള മാന്‍ ടൈഗര്‍ വാര്‍ സിനിമ വന്നിട്ടില്ലെന്ന് മനസ്സിലാകുന്നത്. അഞ്ചിലേറെ സംഘട്ടനങ്ങളുള്ള ഫാമിലി ത്രില്ലറാണ് പുലിമുരുകന്‍.

മാന്‍ ടൈഗര്‍ വാര്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ ബിഗ്ബജറ്റില്‍ മാത്രമേ സാധിക്കൂ. ഞങ്ങള്‍ ബൈക്കില്‍ ക്യാമറ ഘടിപ്പിച്ചും മലയാള സിനിമയുടെ പരിമിതികള്‍ മനസ്സിലാക്കിയാണ് ചില സീനുകളെല്ലാം ഷൂട്ട് ചെയ്തത്. ബൈക്കില്‍ ക്യാമറ ഘടിപ്പിച്ചാണ് ചില സീനുകള്‍ ഷൂട്ട് ചെയ്തതെന്ന് സീജി വര്‍ക്കുകള്‍ ചെയ്യുന്ന ടെകനീഷ്യന്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് അദ്ഭുതമായിരുന്നു. ഒക്ടോബര്‍ ഏഴിന് മലയാളത്തില്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. രണ്ടു മാസങ്ങള്‍ക്കു ശേഷമായിരിക്കും മറ്റു ഭാഷകളിലേക്കുള്ള സിനിമാവേര്‍ഷന്റെ ജോലികള്‍ ആരംഭിക്കുകയുള്ളൂ. 

ഷൂട്ടിങ് ദിനങ്ങള്‍ വളരെ ശ്രമകരമായിരുന്നില്ലേ?

Pulimurugan
കടപ്പാട്: ഫേസ്ബുക്ക്

ലാലേട്ടന്‍ സാധാരണ വാങ്ങുന്ന പ്രതിഫലം വരെ കുറച്ചാണ് പുലിമുരുകനിലെത്തിയത്. കാരണം ആ സിനിമ യാഥാര്‍ഥ്യമാകണമെന്ന് അത്രയേറെ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരും ആഗ്രഹിച്ചിരുന്നു. ഒരു സിനിമയ്ക്കു വാങ്ങുന്ന പ്രതിഫലമാണ് ടെക്‌നീഷ്യന്‍മാര്‍ക്കെല്ലാം നല്‍കിയത്‌. മൂന്നു സിനിമ ചെയ്യുന്ന സമയം എല്ലാവര്‍ക്കും നഷ്ടമായി. എന്നിട്ടും താരങ്ങളും പ്രൊഡക്ഷന്‍ ബോയ്‌സ്‌ മുതല്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നു.

ലാലേട്ടന്‍  90 ദിവസത്തെ ഡേറ്റാണ്‌ ആദ്യം നല്‍കിയത്. ഞങ്ങള്‍ ലൊക്കേഷന്‍ കാണാനും മറ്റു ജോലികള്‍ക്കുമെല്ലാം ചെറിയ ലോഡ്ജുകളിലും ഡോര്‍മെറ്ററിയിലും വരെ താമസിച്ചിട്ടുണ്ട്.  സിനിമയിലെ ലക്ഷ്വറി ജീവിതം എവിടെയൊക്കെ കുറയ്ക്കാമോ അത്രയും കുറച്ച് സിനിമയുടെ ക്വാളിറ്റിക്കു പണം ചെലവിടുകയായിരുന്നു. എല്ലാവരും ശമ്പളമൊന്നും പ്രശ്‌നമാക്കാതെ ആത്മാര്‍ഥതയോടെ ജോലി ചെയ്തു. 

പുലിമുരുകനിലെ പ്രതീക്ഷ?

പുലിമുരുകനില്‍ ലാലേട്ടനെ കാണില്ല. പുലിമുരുകന്‍ മാത്രമായിരിക്കും പ്രേക്ഷകരുടെ മുന്നില്‍ ഉണ്ടാവുക. അത്ര മാറ്റം ലാലേട്ടന്‍ പെര്‍ഫോമന്‍സില്‍ കൊണ്ടു വന്നിട്ടുണ്ട്. യാതൊരു പ്രിപ്പറേഷനുമില്ലാതെയാണ് അദ്ദേഹം  സെറ്റില്‍ വരിക. അവിടെ നമ്മള്‍ എന്ത് ആവശ്യപ്പെടുന്നുവോ  അത് തന്നിരിക്കും.

എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു സിനിമയായി പുലിമുരുകന്‍ വന്നിട്ടുണ്ട്. കമാലിനി മുഖര്‍ജി, വിനുമോഹന്‍, തെലുങ്ക് താരം ജഗപതി ബാബു, തമിഴ് താരം നമിത, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന തുടങ്ങി വലിയൊരു താര നിര ചിത്രത്തിന്റെ ഭാഗമാണ്.  ഓരോ സീനിലും ആകാംക്ഷ നിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വേട്ടക്കാരന്‍ കൂടിയായ പുലിമുരുകന്‍ പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 

കമാലിനി മുഖര്‍ജി ചിത്രത്തിലെത്തുന്നത്?

Kamaliniനായകനൊപ്പം നിന്ന് പെര്‍ഫോം ചെയ്യേണ്ട കഥാപാത്രമാണ് പുലിമുരുകന്റെ ഭാര്യ. അത്രയും പവര്‍ഫുളായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന അന്വേഷണത്തിനൊടുവിലാണ് കമാലിനി മുഖര്‍ജിയിലെത്തുന്നത്. അവരുടെ സാന്നിധ്യം സിനിമയ്ക്ക് ഒത്തിരി ഗുണം നല്കിയിട്ടുണ്ട്. 

വൈശാഖിന്റെ ആദ്യസിനിമയായ പോക്കിരിരാജയുടെ  നിര്‍മാതാവായ ടോമിച്ചന്‍ മുളക്പാടം പുലിമുരുകന്റെ നിര്‍മാതാവായി വരുമ്പോള്‍? 

പുലിമുരുകന്‍ എന്ന സിനിമ യാഥാര്‍ഥ്യമാകാന്‍ കൂടെ നില്ക്കുന്ന നിര്‍മാതാവാണ് ടോമിച്ചന്‍ മുളക്പാടം. വലിയ സിനിമയാണെന്ന് മനസ്സിലാക്കി നിര്‍മാണത്തിന് എത്തിയ നിര്‍മാതാവാണ് ടോമിച്ചന്‍ ചേട്ടന്‍.  അതിനാല്‍ പുലിമുരുകന് ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കി തന്നു. 

ഉദയകൃഷ്ണ സിബി.കെ തോമസ് ടീമില്‍ നിന്ന് മാറി ഉദയകൃഷ്ണ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണല്ലോ  പുലിമുരുകന്‍? 

ഉദയേട്ടന്‍  തിരക്കഥാകൃത്ത് എന്ന നിലയില്‍ പുതിയൊരു ലെവലില്‍ വരികയാണ്. ഉദയേട്ടന്‍ ഇതുവരെ എഴുതാത്ത രീതിയിലുള്ള കഥയും തിരക്കഥയുമാണിത്. ഷാജികുമാറിന്റെ കാമറാവര്‍ക്കും വ്യത്യസ്തമാണ്. സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള സംഗീതം ഒരുക്കിയത് ഗോപീസുന്ദറാണ്. എന്തുകൊണ്ടും ഈ സിനിമ എനിക്ക് പുതിയൊരു അനുഭവമാണ്.