കോവിഡ് ഭീതിയും ലോക്ഡൗണും മൂലം സാമ്പത്തികമായി കഷ്ടപ്പെടുകയാണ് ജനങ്ങൾ. വിനോദരം​ഗത്തെ അവസ്ഥയും മറിച്ചല്ല. നിബന്ധനകളോടെ ഷൂട്ടിങ് പുനരാരംഭിച്ചുവെങ്കിലും  ഇപ്പോഴും ഇന്‍ഡസ്ട്രി ഉണർന്നിട്ടില്ല. എന്നാൽ ഈ പ്രതിസന്ധിയ്ക്ക് മുന്നിൽ ഇനി മുട്ടുമടക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് നടൻ വിനോദ് കോവൂർ. മിനി സ്ക്രീനിൽ മീൻ കച്ചവടക്കാരൻ മൂസയായി തിളങ്ങിയ വിനോദ് കോവൂർ ജീവിതത്തിലും തനിക്ക് ആ വേഷം ചേരുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ. ഇനി അതിന്റെ വിശേഷങ്ങൾ വിനോദ് കോവൂർ തന്നെ പറയട്ടെ....

''കോവിഡും ലോക്ക് ഡൗണും വന്നതോടെ ഇത്രയും കാലം സ്റ്റേജ്ഷോകളും സിനിമകളും കോമഡി പ്രോ​ഗ്രാമുകളുമൊക്കെയായി ജീവിച്ചു പോന്നിരുന്ന എന്റെ കാര്യം വലിയ പ്രതിസന്ധിയിലായി. ഇതെന്റെ കാര്യം മാത്രമല്ല, കലാരം​ഗത്ത് പ്രവർത്തിക്കുന്നവരുടെ കുടുതൽ സമ്പാദ്യമൊന്നുമില്ലാത്ത കലാകാരൻമാരെല്ലാം കടുത്ത സാമ്പത്തിക പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നത്. അവർക്ക് മറ്റു ജോലികളൊന്നും അറിയില്ല, ഈ സമയത്ത് ജോലി കിട്ടുകയുമില്ല. എന്നിരുന്നാലും ഞങ്ങളിൽ പലരും കൃഷിയിലും കാലി വളർത്തലിലും ഓൺലെെൻ ബിസിനസിലുമെല്ലാം കെെവച്ചു. ഇനി എങ്ങനെ ജീവിക്കുമെന്ന ചിന്ത എന്നെയും വല്ലാതെ അലട്ടിയിരുന്നു. കോവിഡ് മാറി മനുഷ്യരുടെ ജീവിതം എന്നാണ്  പഴയപടിയാകുക എന്നതിനെക്കുറിച്ച് യാതൊരു നിശ്ചയവുമില്ല. എന്റെ ആശങ്ക ഞാൻ‌‍ ഏതാനും സുഹൃത്തുക്കളുമായി  പങ്കുവച്ചപ്പോൾ അവർ എന്നോട് പറഞ്ഞത്  'നീ മൂസക്കായി അല്ലേ, മീൻ വിറ്റൂടെ' എന്നായിരുന്നു. അവരത് പറഞ്ഞത് തമാശയായിട്ടാണെങ്കിലും ഞാനതിനെ ​ഗൗരവമായി എടുത്തു. ഒരുപാട് പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത് വിനോദ് കോവൂരായിട്ടല്ല, എം80 മൂസയായിട്ടാണ്. അതുകൊണ്ട് മീൻ കച്ചവടത്തിലിറങ്ങിയാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. 

അങ്ങനെ മീൻകച്ചവടത്തിനായി കോഴിക്കോട് പറ്റിയ ഒരു സ്ഥലമൊക്കെ നോക്കി നടക്കുന്നതിന് ഇടയിലാണ് അഞ്ച് യുവാക്കൾ എന്നെ സമീപിക്കുന്നത്. അവരെല്ലാം ഐ.ടി പ്രൊഫഷണലുകളാണ്. അവർ കോഴിക്കോട് തുടങ്ങാൻ പോകുന്ന പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തിനും പരസ്യത്തിനും വേണ്ടിയാണ് എന്റെ അടുത്ത് വന്നത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു, 'നിങ്ങൾ പുതിയ കട തുടങ്ങുകയാണോ, ഞാൻ ഒരെണ്ണം തുടങ്ങാനുള്ള ആലോചനയിലാണ്, ഇനി ഇപ്പോൾ ഞാൻ എവിടെ തുടങ്ങും' എന്ന്. അപ്പോൾ അവർ പറഞ്ഞു, നിങ്ങൾക്ക് ആറാമനായി ഞങ്ങളുടെ കൂടെ നിന്നുകൂടെ എന്ന്. അങ്ങനെയാണ് ഞാൻ അവർക്കൊപ്പം ചേരുന്നതും സാക്കായ് സീഫ്രഷിന് തുടക്കമാകുന്നതും. കോഴിക്കോട് പാലാഴിയിലാണ് ഷോപ്പ് സ്ഥിതി ചെയ്യുന്നത്. 

Vinod Kovoor actor sells fish during lock down covid pandemic Interview

ആളുകളുടെ സംതൃപ്തിയാണ് എനിക്ക് വലുത്. വളരെ നന്നായി പോകുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ ഞങ്ങൾ എടുക്കുന്നില്ല. ബേപൂർ, ചാലിയം എന്നിവിടങ്ങളിലെ ഹാർബറുകളിൽ നിന്ന് നേരിട്ടാണ് കൊണ്ടുവരുന്നത്. അതുകൊണ്ടു തന്നെ നല്ല ഫ്രഷ് മീനായിരിക്കും മാത്രവുമല്ല താരതമ്യേന വിലയും കുറവായിരിക്കും. അവിടെ ലഭ്യമായ എല്ലാത്തരം മീനുകളും നൽകുന്നുണ്ട്. ഓൺലെെൻ ആയിട്ടാണ് കച്ചവടം. മൂസാക്കായ് സീഫ്രഷ് എന്നൊരു ആപുമുണ്ട്. അത് ഡൗൺലോഡ്  ചെയ്താൽ മീൻ ബുക്ക് ചെയ്യാം.  ആവശ്യക്കാർക്ക് വേണമെങ്കിൽ ഞങ്ങൾ മസാല പുരട്ടി നൽകും. നേരിട്ട് പൊരിച്ചെടുക്കാം. വൃത്തിയ്ക്ക് വളരെ പ്രധാന്യം നൽകുന്ന വിധത്തിലാണ് കട ഒരുക്കിയിരിക്കുന്നത്. മീൻ സൂക്ഷിക്കുന്ന ഐസിന്റെ നിലവാരവും കൃത്യമായി വിലയിരുത്തുന്നു.സോഷ്യൽ മീഡിയയിലൊക്കെ കണ്ട് നിരവധിപേരാണ് ഫ്രാഞ്ചൈസി തുടങ്ങാൻ താൽപര്യം അറിയിക്കുന്നത്. 

നന്നായി ജീവിക്കാൻ വെറ്റ് കോളർ ജോലി തന്നെ വേണോ?

Vinod Kovoor actor sells fish during lock down covid pandemic Interview

ജോലി എന്തു തന്നെയാണെങ്കിലും അത് നന്നായി ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്. വെറ്റ് കോളർ ജോലി മാത്രമേ  ചെയ്യുകയുള്ളൂ എന്ന് വാശിപിടിക്കേണ്ടതില്ല. മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നോട് ചിലർ ചോദിക്കുകയുണ്ടായി, 'എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയത്' എന്ന്. നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്. അതെ ഞാൻ അന്തസ്സോടെ പറയും, മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നതെന്ന്. കടൽ ചതിക്കില്ലെന്ന വിശ്വാസവും എനിക്കുണ്ട്. കലാരം​ഗം സജീവമായാൽ ഞാൻ വീണ്ടും അവിടേക്ക് തിരികെ  പോകും. ഇവിടുത്തെ കാര്യം പാർട്ട്നർമാർ നോക്കും. ഉപജീവനത്തിനായി എനിക്ക് പറ്റിയ തൊഴിൽ മേഖല കൂടി കണ്ടെത്താൻ ഈ ലോക് ഡൗൺ കാലം കൊണ്ടെനിക്ക് സാധിച്ചു. അതിൽ ആത്മവിശ്വാസവും സന്തോഷവുമുണ്ട്. 

Content Highlights: Vinod Kovoor actor sells fish during lock down covid pandemic, Moosakayi Sea Fresh