vinayakanമലയാള സിനിമ ക്വട്ടേഷൻ ഗുണ്ടയുടെ മുഖം പതിച്ചുകൊടുത്ത നടനാണ് വിനായകൻ. പക്ഷേ എല്ലാ ഇമേജുകൾക്കും മീതെയാണ് ഈ കൊച്ചീക്കാരന്റെ ഉൾക്കരുത്ത്. തനി നാടൻ എന്ന്‌ വിശേഷിപ്പിക്കാവുന്ന പ്രകൃതം. കൊച്ചിയുടെ കൾട്ട്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നടനുമായിരിക്കുകയാണ്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ് അടക്കം നാൽപ്പതിനടുത്ത് ചിത്രങ്ങൾ. സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും ഒരുപാട് ആരാധകർ. എന്നിട്ടും താങ്കൾ ആർക്കും പിടികൊടുക്കാതെ നടക്കുന്നതെന്തിനാണ്.

ഞാൻ ഒരു സാധാരണ കൊച്ചീക്കാരൻ ആണ്. എന്റെ പ്രശ്നം എന്താണെന്നു വച്ചാൽ ഞാൻ ഒരു പാട് വെറുതെ സംസാരിക്കും. ടിവിയിലോ അഭിമുഖങ്ങളിലോ വെറുതേ ഒരോന്നു പറഞ്ഞാൽ അത് എന്നെത്തന്നെ തിരിഞ്ഞുകൊത്തും. എന്തിനാ വെറുതെ...

ഇപ്പോൾ ഒരു വലിയ സംഭവം, താങ്കൾ നടൻ മാത്രമല്ല, ഒരു സംഗീത സംവിധായകൻ കൂടിയായി മാറി എന്നതാണ്. ‘കമ്മട്ടിപ്പാടം’ വിനായകന്റെ മറ്റൊരു മുഖം കൂടി കാണിച്ചു തരുന്നുവല്ലേ.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിൽ ഒരു ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഞാനാണ്. ഒരു മെലഡിയാണ് ഗാനം. എല്ലാവർക്കും താളം പിടിക്കാവുന്ന ഒരു ഗാനം. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഒരുപാട് നാളത്തെ ആഗ്രഹമാണ് സാധ്യമായത്.

എന്നാണ് വിനായകൻ ഒരു സിനിമാ നടനാണെന്ന് സ്വയം മനസ്സിലാക്കിയത്

തമ്പി കണ്ണന്താനത്തിന്റെ ‘മാന്ത്രിക’ത്തിൽ ഒരു ചെറിയ വേഷമായിരുന്നു ആദ്യ ചിത്രം. അത് കഴിഞ്ഞപ്പോൾ സിനിമ ഇനി വേണ്ടെന്ന് കരുതിയതാണ്. സിനിമ എനിക്ക് ഭയങ്കര സംഭവമൊന്നും അല്ല. ഇത് ഒരു ജോലി മാത്രമാണ്. പക്ഷേ ഈ ജോലി ഞാൻ നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യും. ഡാൻസും പാട്ടുമാണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ചെയ്തു വന്നപ്പോൾ സിനിമയിൽ ഞാൻ ലോക്ക് ആയിട്ടുണ്ട്. വേറെ ജോലി ഒന്നും എനിക്ക് അറിയില്ല.

കരിയറിന്റെ തുടക്കത്തിൽ കൂടുതലും നെഗറ്റീവ് വേഷങ്ങളാണ് ചെയ്തത്. കൈയിലിരിപ്പ് അങ്ങനെയാണോ

( പൊട്ടിച്ചിരിക്കുന്നു)... ഒരിക്കലും അല്ല. എന്റെ ഒരു അപ്പിയറൻസ് വച്ച് നെഗറ്റീവ് വേഷങ്ങൾ കൂടുതൽ യോജിക്കും. പിന്നെ ഇത്തരം വേഷങ്ങൾക്ക് ഭയങ്കര സാധ്യതകൾ ആണ്. പ്രേക്ഷകരുമായി എളുപ്പം അടുക്കാൻ കഴിയും. നായകവേഷത്തേക്കാൾ നല്ല സ്വാതന്ത്ര്യവും ഉണ്ട്.

ഒരു സിനിമ ചെയ്യുമ്പോൾ അതിനു മുന്നേ ഹോം വർക്ക് നടത്താറുണ്ടോ.

അങ്ങനെയാണെങ്കിൽ മമ്മൂട്ടി സർ ‘അമര’വും ‘രാജമാണിക്യ’വും ചെയ്യുമ്പോൾ അവിടെയൊക്കെ പോയി പഠിക്കണ്ടേ. അത് അദ്ദേഹത്തിന്റെ നിരീക്ഷണപാടവവും കഴിവുമാണ്. ഞാൻ ഹോം വർക്ക് ഒന്നും നടത്താറില്ല. ഡയലോഗ് വരുമ്പോൾ നന്നായിട്ട് പഠിക്കും, അത്രയേ ഉള്ളൂ.

ഞാൻ അഭിമുഖത്തിനു വേണ്ടി താങ്കളെ ആദ്യം സമീപിച്ചപ്പോൾ താങ്കളുടെ ആറ്റിറ്റ്യുഡ് കണ്ട് കലി വന്നു.

(ചിരി) രണ്ട്‌ സ്വഭാവം എന്നിൽ വലുതായിട്ടുണ്ട്. ഒന്ന് എനിക്ക് ഭയങ്കര അസൂയയാണ്

ആരോടാണ്...

എനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം. ഇതു രണ്ടും എനിക്ക് വളരെ കൂടുതലാണ്. ഞാൻ ഈ രണ്ട്‌ കാര്യങ്ങൾ എന്നിൽ സജീവമാക്കി നിർത്തിയതു കൊണ്ടാണ്, താങ്കൾ എന്നെ ഈ അഭിമുഖത്തിന്‌ വിളിച്ചതുതന്നെ. പിന്നെ, അസൂയയിൽ ഒരു പോസിറ്റീവ് വശം ഞാൻ കാണുന്നുണ്ട്. അസൂയ വരുമ്പോൾ അത് എന്തിലേക്കാണോ, അതാകാൻ ഞാൻ ശ്രമിക്കും. എനിക്ക് അസൂയയുണ്ടെന്ന് മറ്റുള്ളവർ കരുതിയാൽ ഞാൻ വിജയിച്ചു.

Vinayakan In Kammattipaadam
ഇങ്ങനെ പറയുന്ന മറ്റുള്ളവരെ ജനം വലിച്ചുകീറും. പക്ഷേ വിനായകനെ ആരും പരിഹസിക്കാറില്ല.

ഞാൻ അതിന്‌ നിന്നുകൊടുക്കാറില്ല, അതു കൊണ്ടാണ്.

ഒരുപാട് സുഹൃത്തുക്കൾ വിനായകന് സിനിമയിൽ ഉണ്ട്. അവരോടൊപ്പം ജോലി ചെയ്യുന്നതാണോ ഇഷ്ടം, അതോ മറ്റുള്ളവരുടെ സിനിമയിലോ.

നൂറ്‌ ശതമാനവും മറ്റുള്ളവരുടെ സിനിമയിൽ അഭിനയിക്കാനാണ് ഇഷ്ടം. സുഹൃത്തുക്കളുടെ സിനിമയാകുമ്പോൾ നോ പറയാൻ ബുദ്ധിമുട്ടാണ്. കൂട്ടുകാരുടെ സിനിമയിൽ അഭിനയിച്ചപ്പോഴാണ് എനിക്ക് കൂടുതലും പരിക്കുകൾ പറ്റിയിട്ടുള്ളത്. അത് പറ്റില്ല എന്ന്‌ പറയാൻ പറ്റാത്തതുകൊണ്ടാണ്. ഞാൻ സിനിമയെ വളരെ പ്രൊഫഷണൽ ആയി കാണുന്ന വ്യക്തിയാണ്. അതുകൊണ്ടാണ്‌ മറ്റുള്ളവരുടെ സിനിമയിൽ അഭിനയിക്കാൻ കൂടുതൽ ഇഷ്ടം. പിന്നെ എനിക്ക് കാശ് കിട്ടണം. കാശ് തരുന്ന ആരുടെ കൂടെയും ഞാൻ ജോലി ചെയ്യും.

കലാമേന്മയുള്ള ജോലിയായ സിനിമയിൽ കാശ് മാത്രമാണോ കാര്യം.

കലാപരമായി സിനിമ ചെയ്യാൻ ഇവിടെ വേറെ ആളുകൾ ഉണ്ട്. എനിക്ക് ബുദ്ധിജീവിയൊന്നും ആകേണ്ട. ജനങ്ങളെ രസിപ്പിക്കുന്ന ചിത്രങ്ങൾ മതി. ജീവിതത്തിന്റെ കുറേ നാളുകൾ ഡാർക്ക് സീനിലൂടെയാണ് കടന്നുപോയത്. ഞാൻ ചെയ്യുന്നത് ഒരു ജോലിയാണ്, എനിക്ക് കാശ് കിട്ടണം.

വിനായകൻ ഇത്രയും റിബൽ ആകുന്നത് എന്തുകൊണ്ടാണ്.

(ദൂരത്തേക്ക് കണ്ണു നട്ട്) ചിലപ്പോൾ വളർന്നുവന്ന രീതിയുടെ ഒക്കെ ആയിരിക്കാം. ഞാൻ അധികവും വീട്ടിനുള്ളിൽത്തന്നെ സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. പുറത്തിറങ്ങിയാൽ എന്ത്‌ കാണാനാണ്? എന്ത് സംസാരിക്കാനാണ്? ഞാൻ എന്നിലേക്ക് ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഇത്രയും ഒതുങ്ങിക്കഴിയുന്ന വ്യക്തിയെ പിന്നെ പ്രേക്ഷകർ എങ്ങനെ സ്വീകരിച്ചു.

അത് എനിക്കും കൃത്യമായിട്ട് അറിയില്ല. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് തമിഴ് നടൻ ധനുഷ് എന്നോട് പറഞ്ഞു; “ വിനായകൻ, സിനിമയിൽ സുന്ദരന്മാരായ നടന്മാരേക്കാൾ നമ്മളെ പ്പോലെ ഒരുപാട് പേരുണ്ട്...ഒരുപാടു പേർ”. അങ്ങനെ നോക്കുമ്പോൾ എല്ലാവരും സുന്ദരന്മാരല്ല എന്ന് വിശ്വസിക്കുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ധാരാളം ആരാധകർ ഉണ്ടാകും. അവരുടെ പ്രതിനിധി ആയിരിക്കും ഞാൻ.

സംഗീതമാണോ, സിനിമയാണോ താങ്കൾക്ക് കൂടുതൽ ഇഷ്ടം.

(ആവേശത്തോടെ) നൂറ്‌ ശതമാനം സംഗീതത്തോടാണ് എന്റെ ആഭിമുഖ്യം. സംഗീതം, നൃത്തം എന്നിവയാണ് എന്റെ ജീവൻ. ഞാൻ
കൊറിയോഗ്രാഫറാകാൻ സിനിമയിൽ എത്തിയതാണ്.

കഠിനാധ്വാനമാണോ ഭാഗ്യമാണോ താങ്കളെ ഇവിടെ എത്തിച്ചത്.

നമ്മൾ എന്താണ് ആകേണ്ടത് അതിലേക്ക് പൊയ്കൊണ്ടിരിക്കുക. നമ്മുടെ മുന്നിൽ ഒരാളുണ്ടാകും. അയാൾ തിരക്ക്‌ കാരണം പല പ്രോജക്ടുകളിൽ നിന്നും മാറും. ഒരു പ്രമുഖ നടന്‌ പകരമായിട്ടാണ് എന്നെ പരിഗണിച്ചത്. പിന്നെ ഞാൻ പോയ്കൊണ്ടേയിരുന്നു. നമ്മൾ ശ്രമം ഉപേക്ഷിക്കരുത്, ഉപേക്ഷിച്ചാൽ നമ്മൾ പുറത്താകും.

anishnair@mbnews.in