നായകന്മാരുടെ വരവ് ഒരു സംഭവമാണ് സിനിമയില്‍. എന്നാല്‍, ഇപ്പോള്‍ മലയാളം ചര്‍ച്ച ചെയ്യുന്നത് ഒരു വില്ലന്റെ വരവിനെക്കുറിച്ചാണ്. നാടുകുലുക്കി തന്നെയാണ് മോഹന്‍ലാല്‍ ചിത്രമായ വില്ലന്റെ വരവ്. സിനിമ പോലെയല്ല, ജീവിതത്തില്‍ നായകനും വില്ലനും തമ്മിലുള്ള അന്തരം വളരെ ചെറുതാണ്. സങ്കീർണമായ ഈ ചെറിയ അന്തരമാണ് ബി.ഉണ്ണികൃഷ്ണന്‍ വില്ലന്‍ പോലൊരു വലിയ ചിത്രമായി പരുവപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ വിശാലും മഞ്ജു വാര്യരുമെല്ലാം മത്സരിച്ച് അഭിനയിച്ച ചിത്രം ഉയര്‍ത്തുന്ന പ്രധാന ചോദ്യവും ഇതുതന്നെ. ആരാണ് വില്ലന്‍?  സംഘര്‍ഷകാലത്തിലൂടെ കടന്നുപോകുന്ന മലയാള സിനിമ വലിയ പ്രതീക്ഷയോടെയാണ് സാങ്കേതികത്തികവോടെ ഒരുങ്ങുന്ന വില്ലനെ ഉറ്റുനോക്കുന്നത്. ഈ പ്രതീക്ഷകളും തന്റെ അനുഭവങ്ങളുമാണ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നത്.

വില്ലന്റെ പ്രതീക്ഷകള്‍

ഞാനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. വില്ലനെക്കുറിച്ച് വളരെ ഏറെ പ്രതീക്ഷയുണ്ട്. വളരെ വ്യത്യസ്തമായ ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു ക്രൈം ത്രില്ലറാണ്. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ ഞാനത് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഞാന്‍ ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. വില്ലന്‍ ഒരു മാസ് മസാല ചിത്രമല്ല. മാസും ക്ലാസും ചേര്‍ന്നൊരു സിനിമയാണ്. 

വില്ലന്‍-നായകന്‍ സങ്കല്‍പം പൊളിച്ചെഴുതുന്ന ചിത്രമാണോ വില്ലന്‍?

നായകന്‍ വില്ലന്‍ സങ്കല്‍പങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിത്രമാണ് വില്ലന്‍. നായകനാര് വില്ലനാര് എന്ന ചോദ്യങ്ങള്‍ പ്രേക്ഷകരും ചോദിച്ചേക്കാം. എല്ലാവരിലും നായകനും വില്ലനുമുണ്ട്. കണ്‍വെന്‍ഷണല്‍ വില്ലന്‍ നായകന്‍ കഥയല്ല ഈ ചിത്രം പറയുന്നത്. ഇതില്‍ നിന്ന് തന്നെയാണ് എനിക്ക് ഈ ചിത്രത്തിന്റെ ത്രെഡും ലഭിക്കുന്നത്. 

villain
Photo Courtsey:facebook/Unnikrishnan Bhaskaran Pillai

വില്ലനില്‍ എത്തിയതെങ്ങനെ 

ഈ നായകന്‍-വില്ലന്‍ സങ്കല്‍പത്തില്‍ നിന്ന് തന്നെയാണ് വില്ലന്റെ പിറവി. ഒരു ചെറിയ ആശയത്തെ വികസിപ്പിച്ച് കൊണ്ടുവന്നാണ്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ആന്തരിക ലോകത്ത് സഞ്ചരിച്ചാണ് ഞാന്‍ ഈ ചിത്രം രൂപകല്‍പന ചെയ്തത്. അത്ര എളുപ്പത്തില്‍ തീര്‍ക്കാവുന്ന ചിത്രമായിരുന്നില്ല വില്ലന്‍. തിരക്കഥ പൂര്‍ത്തിയാക്കാന്‍ മാത്രമായി ഏകദേശം ഒരു വര്‍ഷമെടുത്തു. 

വിശാലിന്റെ കഥാപാത്രത്തിന് ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് സത്യമാണോ?

ആദ്യ ഘട്ടത്തില്‍ പൃഥ്വിരാജിനെയായിരുന്നു മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പൃഥ്വിരാജിന് ഡേറ്റ് പ്രശ്‌നമായിരുന്നു. പിന്നെ തിരക്കഥ എഴുതാനിരുന്നപ്പോള്‍ എന്റെ മനസ്സിലേക്ക് വിശാല്‍ വന്നു. വിശാലിനെ മനസ്സില്‍ കണ്ടാണ് ആ കഥാപാത്രത്തെ രൂപീകരിച്ചിരിക്കുന്നത്.

villain
Photo Courtsey:facebook/Unnikrishnan Bhaskaran Pillai

8കെ റെസല്യൂഷനിലാണല്ലോ വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്. അത് 2കെ 4കെ തിയേറ്ററുകളിലെത്തുമ്പോള്‍ അതേ അനുഭവം സാധ്യമാകുമോ?

തെറ്റായ സങ്കല്‍പമാണത്. 8 കെയില്‍ സിനിമ എടുക്കുമ്പോള്‍ സിനിമയ്ക്ക് ഒരുപട് ക്വാളിറ്റി കൂടും. നമ്മുടെ നാട്ടില്‍ 4 കെ, 2 കെ  തിയേറ്ററുകളാണ് ഉള്ളത്. 8കെയില്‍ അതേ തിയേറ്ററുകള്‍ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നമ്മള്‍ 4കെയില്‍ താഴെ റെസല്യൂഷനില്‍ ഷൂട്ട് ചെയ്ത് അപ്‌ഗ്രേഡ് ചെയ്യാറാണ് പതിവ്. അപ്പോള്‍ ക്ലാരിറ്റി കുറയും. ഇവിടെ 8 കെയില്‍ ഷൂട്ട് ചെയ്ത് മറ്റ് റെസല്യൂഷനിലേക്ക് ഡൗണ്‍ സ്‌കെയില്‍ ചെയ്യും. അതിന് അപ്പോള്‍ അത്രയും ക്ലാരിറ്റിയുണ്ടാകും. സാധാരണ ഒരു സിനിമയേക്കാള്‍ ഷാര്‍പ്പ് ആയിരിക്കും.

മാത്യു മഞ്ഞുരാനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ  വ്യത്യസ്തമായ ഗെറ്റപ്പാണ്

എന്റെ മനസ്സിലുള്ള മാത്യു മഞ്ഞൂരാന്‍ അങ്ങനെയാണ്. അയാളുടെ ജീവിത സാഹചര്യത്തിന് പറ്റിയ ലുക്കാണ്. അല്‍പം പ്രായമുള്ള വ്യക്തിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു പോലീസുദ്യോഗസ്ഥന്‍. എന്റെ മനസ്സിലുള്ളത് അതേ പടി പകര്‍ത്തിയെന്ന് മാത്രം. 

മഞ്ജു വാര്യര്‍ ആദ്യമായാണ് താങ്കൾക്കൊപ്പം

ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു നടിയാണ് മഞ്ജു. മഞ്ജുവിനെ എനിക്ക് ഒരുപാട് കാലങ്ങളായി അറിയാം. അഭിനേത്രി എന്ന നിലയില്‍ മഞ്ജുവിന്റെ കഴിവിനെക്കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. അത് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് മഞ്ജുവിനെ സമീപിച്ചത്. അവര്‍ ചെയ്താലേ ആ കഥാപാത്രം നന്നാകൂ എന്ന് എനിക്ക് തോന്നി. മഞ്ജുവിന് ആ കഥാപാത്രത്തെ വളരെ ഇഷ്ടമായി.