വെള്ളിത്തിരയില്‍ നടനവിസ്മയമൊരുക്കാന്‍ ചിയാന്‍ വിക്രം വരുന്നു. ഡബിള്‍റോള്‍ അവതരിപ്പിക്കുന്ന ഇരുമുഖന്‍ എന്ന ചിത്രത്തിലൂടെ...

അന്യന്‍, ഐ പോലെ പ്രേക്ഷകര്‍ ഒരുപാട് കാത്തിരിക്കുന്ന ചിത്രമാണ് ഇരുമുഖന്‍. എന്താണ് ഇരുമുഖനിലെ റോള്‍?

ഇരുമുഖന്‍ എന്നത് അര്‍ഥമാക്കുന്നത് രണ്ട് മുഖങ്ങളാണ്. ഇതില്‍ ഞാന്‍ ഡബിള്‍ റോളാണ് ചെയ്യുന്നത്. അതില്‍ ഒന്ന് അഖിലന്‍. അത് ഹീറോ ആണ്. മറ്റേയാള്‍ ലൗ - എക്‌സന്‍ഡ്രിക്കായ ശാസ്ത്രജ്ഞന്‍ ആണ്. ആദ്യത്തെ പ്രാവശ്യമാണ് ഞാന്‍ ഡബിള്‍ റോള്‍ ചെയ്യുന്നത്. അതായത് ഹീറോയും വില്ലനുമായിട്ട്. ഇതൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്.

അഖിലനേക്കാളും എല്ലാവരും ചര്‍ച്ചചെയ്യുന്നത് നിങ്ങളുടെ ലൗ എന്ന കഥാപാത്രത്തെക്കുറിച്ചാണ്.

iru Mugan

അയ്യയ്യോ! അതെനിക്ക് ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും അഖിലന്‍ ഹീറോ ആണ്. അതിനേക്കാള്‍ ആള്‍ക്കാര്‍ ലൗ-നെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. അഖിലന്‍ രണ്ട് പാട്ടും രണ്ട് ഡാന്‍സും രണ്ട് സ്റ്റണ്ടുമൊക്കെ ചെയ്താലും ഇതൊന്നും ചെയ്യാത്ത ലൗ-നെയാണ് ആള്‍ക്കാര്‍ക്കിഷ്ടം. അഖിലനെ കുറച്ചുകൂടി കരുത്തനാക്കാം എന്ന് ഞാന്‍ ഡയറക്ടറോട് പറഞ്ഞപ്പോള്‍ ഇതിനെക്കാള്‍ കൂടുതല്‍ ആര്‍ക്കും അഖിലനെ സ്‌ട്രോങ് ആക്കാന്‍ പറ്റില്ല എന്നാണ് സംവിധായകന്‍ പറഞ്ഞത്. ലൗ എന്ന കഥാപാത്രം ആണെങ്കില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ്. പലരും ചോദിച്ചിട്ടുണ്ട്, ലൗ പെണ്‍വേഷമാണോ ട്രാന്‍സ്ജന്‍ഡര്‍ ആണോ എന്നൊക്കെ. ലൗ എന്തുകൊണ്ട് ഇങ്ങനെ ആയി എന്നത് പടം കാണുമ്പോള്‍ നിങ്ങള്‍ക്ക് ഉത്തരം കിട്ടും.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ എപ്പോഴും സയന്‍സിന് തോല്‍ക്കുമായിരുന്നു. അത് കൂടുതലും കെമിസ്ട്രിക്കായിരിക്കും. സയന്‍സിനോട് പണ്ടേ ഭയങ്കര ആരാധനയായിരുന്നു.

ഈ പടത്തില്‍ വിക്രം സ്ത്രീയായി വരുന്നുണ്ട്. മേക്കപ്പ് കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയപ്പോള്‍ വിക്രമിന് തോന്നിയത് വിക്രം ഒരു സുന്ദരന്‍ ആണെന്നാണോ സുന്ദരി ആണെന്നാണോ?

സുന്ദരി എന്നാണ്. നമ്മളിപ്പോള്‍ ഡയലോഗ് പറയുമ്പോള്‍ ഞാന്‍ രാജ നീ റാണി എന്നൊക്കെ പറയാറില്ലേ? പിന്നെ ട്രെയിലറില്‍ കണ്ടതുപോലെ അതൊരു സ്ത്രീയല്ല. അതൊരു മാനറിസം മാത്രമാണ്.

സയന്‍സിനോട് വിക്രമിന് അടുത്തകാലത്തായിട്ട് താത്പര്യം കൂടുതലാണോ?

ഐ ഓള്‍വേയ്‌സ് ലൈക്ക് ദാറ്റ്. കാരണം, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ എപ്പോഴും സയന്‍സിന് തോല്‍ക്കുമായിരുന്നു. അത് കൂടുതലും കെമിസ്ട്രിക്കായിരിക്കും (ചിരിക്കുന്നു). സയന്‍സിനോട് പണ്ടേ ഭയങ്കര ആരാധനയായിരുന്നു. പിന്നെ പുസ്തകത്തില്‍ ചെയ്യാന്‍ പറ്റാത്തത് സ്‌ക്രീനില്‍ ചെയ്യുന്നു. അത്രേ ഉള്ളൂ.

തമിഴ് സിനിമ ഇപ്പോള്‍ മൊത്തത്തില്‍ സയന്‍സിന്റെ പിന്നാലെ ആണല്ലോ?

അതിന്റെ കാരണം എനിക്ക് തോന്നുന്നു, സാങ്കേതികത ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ലോകം അതിവേഗം കുതിക്കുകയാണ്. കുറച്ചുനാള്‍ മുന്‍പ് വാട്ട്‌സ്ആപ്പ് വന്നു. ഫെയിസ്ബുക്ക് വന്നു. അതിനും കുറച്ചുനാള്‍ മുന്‍പാണ് മൊബൈല്‍ വന്നത്. പണ്ടൊക്കെ സിനിമയില്‍തന്നെ ഗ്രാഫിക്സ് കാണിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അത് ഭയങ്കര എളുപ്പമായി മാറി. ഇപ്പോള്‍ വരുന്ന സിനിമക്കാര്‍, അത് സംവിധായകനാവാം നടനാവാം മറ്റ് ടെക്‌നീഷ്യന്‍സ് ആവാം, എല്ലാവരും ഇക്കാര്യത്തില്‍ അപ്‌ഡേറ്റ് ആണ്. അങ്ങനെയുള്ള ആള്‍ക്കാരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് വലിയ ഇഷ്ടവുമാണ്.

ഇപ്പോഴത്തെ തമിഴ് സിനിമയുടെ മെയിന്‍ ലൊക്കേഷന്‍ മലേഷ്യ ആണല്ലോ? കബാലി, ഇരുമുഖന്‍, സിങ്കം-3. മലേഷ്യ തമിഴ് സിനിമയുടെ ഭാഗ്യലൊക്കേഷന്‍ ആണോ?

Vikram

ഈ പടം തുടങ്ങുമ്പോള്‍ ഞങ്ങള്‍ ആദ്യം തന്നെ പ്ലാന്‍ ചെയ്തത് ഈ പടം ഷൂട്ട് ചെയ്യുന്നത് മലേഷ്യയില്‍തന്നെയായിരിക്കും എന്നാണ്. പക്ഷേ, അതിനിടയ്ക്ക് ഒരു പ്രശ്നം വന്നിട്ട് ഈ പടത്തിന്റെ ചിത്രീകരണം ഒന്നര വര്‍ഷം നിന്നുപോയി. ആ ഗ്യാപ്പിലാണ് കബാലി അവിടെ ഷൂട്ട് ചെയ്തത്. മലേഷ്യ ഷൂട്ടിങ്ങിനുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുതരുന്ന ഒരു രാജ്യമാണ്. അവരുടെ ടൂറിസം ഡവലപ്പ് ചെയ്യാന്‍ വേണ്ടി. യുഎസ്സിലാണ് ചെയ്യുന്നതെങ്കില്‍ ഒരു ബില്‍ഡിങ് കാണിക്കണമെങ്കില്‍ 10 ഡോളര്‍ കൊടുക്കണം. അതിന്റെ ഉള്ളില്‍ ഷൂട്ട് ചെയ്യാന്‍ വേറെ 25 ഡോളര്‍ കൊടുക്കണം. ആ പ്രശ്നം ഒന്നും മലേഷ്യയില്‍ ഇല്ല. പിന്നെ മലേഷ്യയുടെ ഏറ്റവും വലിയ പ്രത്യേകത, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തമിഴന്മാര്‍ ഉള്ളത് മലേഷ്യയിലാണ്. പിന്നെ ഈ വിഷയം ആവശ്യപ്പെട്ടതുകൊണ്ടാണ് മലേഷ്യയില്‍ ഷൂട്ട് ചെയ്തത്. ഇപ്പോള്‍ ഒരു മലയാള പടം തന്നെ എടുത്തുനോക്കിയാല്‍ വിദേശരാജ്യം എന്നു പറഞ്ഞ് കൂടുതല്‍ കാണിക്കുന്നത് അറബ് രാജ്യങ്ങള്‍ ആയിരിക്കും. കാരണം അവിടെ മലയാളികള്‍ കൂടുതല്‍ ഉള്ളതുകൊണ്ട്. അതുപോലെതന്നെയാണ് തമിഴ്‌നാട്ടുകാര്‍ക്ക് മലേഷ്യ.