‘വാതുക്കല് വെള്ളരിപ്രാവ്... വാക്കുകൊണ്ട് മുട്ടണ കേട്ട്...’ മലയാളികളുടെ ചുണ്ടുകൾ ഇപ്പോൾ മൂളുന്നത് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ഈ പാട്ടാണ്. സൂപ്പർ ഹിറ്റായ പാട്ടിനൊപ്പം മലയാളസിനിമയുടെ ചരിത്രത്തിലും ചില മാറ്റങ്ങൾ കുറിച്ചാണ് ചിത്രം പിറന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമയുടെ നിർമാതാവായ നടൻ വിജയ് ബാബു നിറഞ്ഞ സന്തോഷത്തിലാണ്. വാതുക്കല് മുട്ടണ സ്വപ്നങ്ങളും വിശേഷങ്ങളും പങ്കിട്ട് വിജയ് ബാബു ‘മാതൃഭൂമി’ പ്രതിനിധി സിറാജ് കാസിമുമായി സംസാരിക്കുന്നു:
സൂഫിയും സുജാതയും പുറത്തുവന്നപ്പോൾ എന്തുതോന്നി
ചിത്രം ഒ.ടി.ടി. റിലീസായി പുറത്തു വന്നതിനെപ്പറ്റി മാത്രമേ ആളുകൾക്കറിയൂ. എന്നാൽ, ആ സിനിമയുടെ സൃഷ്ടിയിൽ ഞാൻ അനുഭവിച്ച വിഷമങ്ങൾ ആർക്കുമറിയില്ല. കോവിഡ് ഭീതിയിൽ എല്ലാവരും നിൽക്കുമ്പോൾ ലോക്ക്ഡൗൺ കാലത്ത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്തുതീർത്തത് വളരെ കഷ്ടപ്പെട്ടാണ്. ആയുഷ്കാലത്ത് മറക്കാനാകാത്ത അനുഭവങ്ങളാണ് ഈ ചിത്രം തന്നത്. മലയാളത്തിൽ അത്തരമൊരവസ്ഥയിലൂടെ ഒരു നിർമാതാവും കടന്നുപോയിട്ടുണ്ടാകില്ല.
ഒ.ടി.ടി. റിലീസ് വലിയ വിവാദങ്ങൾസൃഷ്ടിച്ചിരുന്നല്ലോ
റിലീസ് സംബന്ധിച്ച് പലർക്കും തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് അങ്ങനെയല്ലാതെ തിയേറ്റർതന്നെ വേണമെന്നു പറഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല. എല്ലാവരും അതിജീവിക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു അത്. മറ്റുള്ളവരും അതു മനസ്സിലാക്കിയെന്നാണ് ഞാൻ കരുതുന്നത്.
തിയേറ്റർ അനുഭവം ചിത്രത്തിന് നഷ്ടമായതിൽ സങ്കടമുണ്ടോ
തിയേറ്റർ അനുഭവം നഷ്ടമായതിൽ വിഷമമുണ്ട്. പക്ഷേ, ഒരു ഭാഗ്യം നഷ്ടപ്പെടുമ്പോൾ വേറെ കുറേ ഭാഗ്യം കിട്ടിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 200-ഓളം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞത് മലയാള സിനിമയിൽ ചരിത്രസംഭവമല്ലേ...
ചിത്രത്തിലെ പാട്ട് ഏറെ ഹിറ്റായല്ലോ.
മലയാളികൾ മുഴുവൻ ആ പാട്ട് ഏറ്റെടുക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു. മലയാളത്തിൽ ഇത്രയും ചുരുങ്ങിയ ദിവസംകൊണ്ട് ഇത്രയേറെ കവർ സോങ്ങായ മറ്റൊരു പാട്ട് ഉണ്ടെന്നു തോന്നുന്നില്ല. എല്ലാവരും നല്ലതു പറയുമ്പോഴും ആ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോഴും നിറഞ്ഞ സന്തോഷം.
ലോക്ക്ഡൗൺ കാലം എങ്ങനെ കടന്നുപോകുന്നു
വലിയ പ്രത്യേകത എന്റെ ഇഷ്ടമേഖലയിൽ കൂടുതൽ സമയം ചെലവിടാൻ പറ്റുന്നു എന്നതാണ്.
ഭക്ഷണമുണ്ടാക്കലാണ് എന്റെ ഇഷ്ട ഹോബി. ബിരിയാണിയുടെ വെറൈറ്റികൾ അടക്കം ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കി. മറ്റ് ഐറ്റങ്ങളും പരീക്ഷിക്കുന്നു.
Content Highlights: Vijay Babu On Sufiyum Sujatayum Covid crisis Lock down release