
കണ്ണദാസനും വാലിക്കും ശേഷം തമിഴകം കണ്ടിട്ടുള്ള ഏറ്റവും ജനകീയനായ ചലച്ചിത്ര ഗാനരചയിതാവ് ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുണ്ടാവൂ വൈരമുത്തു. ചലച്ചിത്ര ഗാനരചനയില്‍ അനിതരസാധാരണമായ മികവ് പുലര്‍ത്തുമ്പോള്‍ തന്നെ തമിഴകത്തിന് എന്നുമോര്‍ക്കാവുന്ന കവിതകളും ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ടെന്നതാണ് വൈരമുത്തുവിനെ വ്യത്യസ്തനാക്കുന്നത്. തിരൂരിലെ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ വൈരമുത്തുവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:
ഡിഎംകെ പ്രസിഡന്റ് കലൈഞ്ജര്‍ കരുണാനിധിയുമായി അടുത്ത സൗഹൃദം താങ്കള്‍ക്കുണ്ട്. പ്രത്യക്ഷത്തില്‍ ഇത്തരമൊരു അടുപ്പം അടുത്തിടെ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി താങ്കള്ക്കുണ്ടായിരുന്നില്ല. ജയലളിതയെക്കുറിച്ചുള്ള ഓര്‍മകള്‍?
കലൈഞ്ജറുമായുള്ള എന്റെ അടുപ്പത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജയലളിതയുമായി എനിക്കൊരിക്കലും അങ്ങിനെയൊരു സൗഹൃദമുണ്ടായിട്ടില്ല. ചില വേദികളില്‍ ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്, അപ്പോഴൊക്കെ ഔപചാരികമായി ചുരുക്കം വാക്കുകളില്‍ വിശേഷങ്ങള്‍ ആരാഞ്ഞിട്ടുണ്ട് എന്നതൊഴിച്ചാല്‍ ദീര്‍ഘ സംഭാഷണങ്ങളുണ്ടായിട്ടില്ല. ജയലളിതയോട് എനിക്ക് തികഞ്ഞ ആദരവുണ്ടായിരുന്നു. അവര്‍ ശരിക്കുമൊരു നേതാവായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒരു വിമത ശബ്ദവും അവര്‍ അനുവദിച്ചിരുന്നില്ല. അവര്‍ പാര്‍ട്ടിയും പാര്‍ട്ടി അവരുമായിരുന്നു. ജയലളിത ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടി അതുകൊണ്ടുതന്നെ സുശക്തമായിരുന്നു. പക്ഷേ, മരണാനന്തരം രണ്ടാംനിര നേതൃത്വമില്ലാത്തതിന്റെ അഭാവം എഐഎഡിഎംകെയെ തളര്‍ത്തുന്നത് നമ്മള് കാണുന്നുണ്ട്. ജയലളിത എന്റെ രചനകള്‍ വായിച്ചിരുന്നു. 1996 ല്‍ അവര്‍ ആദ്യമായി ജയിലിലടയ്ക്കപ്പെട്ടപ്പോള് ജയിലിലേക്ക് കൊണ്ടുപോയ പുസ്തകങ്ങളില്‍ ഒന്ന് 'തണ്ണീര്‍ദേശം' എന്ന എന്റെ കൃതിയായിരുന്നു. എനിക്ക് പത്മശ്രീയും പത്മഭൂഷണും ലഭിച്ചത് ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ഈ രണ്ടു ബഹുമതികള്‍ക്കും എന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ ജയലളിതയ്ക്ക് മടിയുണ്ടായില്ല.
കലൈഞ്ജര്‍ കരുണാനിധിയിലേക്ക് ആകര്‍ഷിച്ചതെന്താണ് ?
തമിഴ് ഭാഷ തന്നെയാണ് മുഖ്യ ഘടകം. കലൈഞ്ജറെപ്പോലെ കഠിനാദ്ധ്വാനിയായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. തിരക്കഥാകൃത്ത്, പത്രപ്രവര്ത്തകന്, രാഷ്ട്രീയ നേതാവ്, പ്രഭാഷകന്‍ എന്നിങ്ങനെ എത്ര തലങ്ങളിലാണ് കലൈഞ്ജര്‍ തിളങ്ങിയിട്ടുള്ളത്. ഇങ്ങനെയുള്ളയാളുകള്‍ നമുക്കിടയില്‍ അധികമില്ല. കലൈഞ്ജറെപ്പോലെ കലൈഞ്ജര്‍ മാത്രമേയുള്ളൂ. സാഹിത്യവും ഭാഷയുമാണ് കലൈഞ്ജറേയും എന്നെയും കൂട്ടിയിണക്കുന്നത്. ഞങ്ങള്‍ രാഷ്ട്രീയം സംസാരിക്കാറുണ്ട്. പക്ഷേ, സാഹിത്യവും കലയുമാണ് ഞങ്ങളുടെ മുഖ്യ സംഭാഷണ വിഷയങ്ങള്‍. ഞാന്‍ ഒരിക്കലും ഡിഎംകെയുടെ രാഷ്ട്രീയ പ്രചാരണ വേദികളില്‍ പങ്കെടുക്കാറില്ല. അതിനുള്ള എന്റെ സ്വാതന്ത്ര്യം ഡിഎംകെ അംഗീകരിച്ചിട്ടുണ്ട്.
ജയലളിത ഈ ലോകം വിട്ടുപോയി, കലൈഞ്ജര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചു. തമിഴകത്ത് അതികായരായ നേതാക്കളുടെ യുഗം കഴിയുകയാണ്. പെരിയാറും കാമരാജും അണ്ണാദുരൈയും രാജാജിയും എംജിആറുമൊക്കെ അരങ്ങൊഴിഞ്ഞപ്പോഴും തമിഴകത്തെ ദേശീയശ്രദ്ധയില്‍ നിലനിര്‍ത്താന്‍ ജയലളിതയ്ക്കും കരുണാനിധിക്കും കഴിഞ്ഞിരുന്നു. രാഷ്ട്രം ഇവരുടെ വാക്കുകള്‍ കാതോര്‍ത്തിരുന്നു. ഇന്നിപ്പോള്‍ തമിഴകത്ത് അത്തരമൊരു നേതൃനിരയില്ല. സുശക്തമായ നേതൃത്വത്തിന്റെ ഈ അഭാവത്തിലാണ് ജെല്ലിക്കെട്ട് പ്രക്ഷോഭം ഉടലെടുത്തതെന്നൊരു നിരീക്ഷണുമുണ്ട്. താങ്കളുടെ വിലയിരുത്തല്‍ എന്താണ്?
നമുക്കിടയില്‍ 'ഐക്കോണ്‍സ് (ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍)' കുറയുകയാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല, സാഹിത്യത്തിലും കലയിലും ഈ പ്രതിസ്ന്ധിയുണ്ട്. എം.ടി വാസുദേവന്നായരെപ്പോലുള്ള മൂര്‍ത്തികള്‍ ഇനിയിപ്പോള്‍ സാഹിത്യത്തില്‍ നമുക്ക് അധികമില്ല. അങ്ങിനെ നോക്കുമ്പോള്‍ ഈ ലോകം ശുഷ്കമാവുകയാണോയെന്ന ആശങ്ക എനിക്കുണ്ട്. തമിഴകത്ത് രാഷ്ട്രീയ മേഖലയില്‍ സുശക്തമായ നേതൃത്വത്തിന്റെ അഭാവമുണ്ടെന്ന നിരീക്ഷണം പ്രസക്തമാണ്. ഈ ശൂന്യതയിലായിരിക്കാം ജെല്ലിക്കെട്ട് പ്രക്ഷോഭം ഉടലെടുത്തത്. അത് പക്ഷേ, ജെല്ലിക്കെട്ടിനു വേണ്ടി മാത്രമുള്ള പ്രക്ഷോഭമായിരുന്നില്ല. എത്രയോ കാലമായി തമിഴകത്തിന്റെ മനസ്സില്‍ അടിഞ്ഞുകൂടിയിരുന്ന പ്രതിഷേധത്തിന്റെ പൊട്ടിത്തെറിയായിരുന്നു അത്. ഒരു നേതാവിനു ചുറ്റുമല്ല അത് രൂപപ്പെട്ടതും മുന്നേറിയതും. അതൊരു ജൈവികമായ ഉയിര്ത്തെഴുന്നേല്പായിരുന്നു. ഒരൊറ്റ നേതാവില്ലെന്നതിന്റെ ഗുണവും ദോഷവും ആ പ്രക്ഷോഭത്തിനുണ്ടായിരുന്നു.

അണ്ണാ ഹസാരെയുടെ പ്രക്ഷോഭത്തിനുശേഷം കെജ്രിവാളിനെപ്പോലൊരു നേതാവിന്റെ ഉദയം നമ്മള് കണ്ടു. ചിലപ്പോള്‍ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയില്‍ അത്തരമൊരു നേതാവ് ഉയര്‍ന്നു വന്നേക്കാം. എന്താക്കെയായാലും ജനാധിപത്യത്തിലും ജനശക്തിയിലും നമുക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ജെല്ലിക്കെട്ട് പ്രക്ഷോഭം.
ഐക്കോണ്‍സ് കുറയുകയാണെന്ന നിരീക്ഷണം പ്രസക്തമാണ്. ഉയര്‍ത്തിക്കാട്ടാനായി റോള്‍മോഡലുകള്‍ ഇല്ലാത്ത അവസ്ഥയാണ് .എന്തുകൊണ്ടാണിത് ?
പണത്തിന്റെ മേധാവിത്വമാണ് ഇതിനുള്ള വലിയൊരു കാരണം. എല്ലാം നിര്‍ണയിക്കുന്നത് പണമാണെന്നു വരുമ്പോള്‍ പണമാണ് ഏറ്റവും വലിയ ഐക്കണ്‍. ആഗോഗളവത്കരണത്തിന്റെ പാര്‍ശ്വഫലമാണിത്. കൂടുതല്‍ പണമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് നമ്മള്. അപ്പോള്‍ എഴുത്തുകൊണ്ടോ മറ്റ് സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടോ സമൂഹത്തില്‍ മുന്നേറാവാനാവില്ലെന്നു വരുന്നു.
ചലച്ചിത്രഗാനരചന രണ്ടാംതരം സാഹിത്യപ്രവര്‍ത്തനമാണെന്ന് കരുതുന്നവരുണ്ട്. ശ്രേഷ്ഠ സാഹിത്യം എന്ന പരികല്പനയ്ക്ക് പുറത്താണ് ചലച്ചിത്ര ഗാനങ്ങള്‍ എന്ന സമീപനത്തിന് താങ്കളും ഇരയായിട്ടുണ്ട്?

തമിഴിലെ ശ്രേഷ്ഠ സാഹിത്യ ലോകം എന്നെ നിര്‍ദയമായാണ് കൈകാര്യം ചെയ്തിരുന്നത്. സിനിമയില്‍ നിന്നു കിട്ടുന്ന ജനപ്രീതിയും ഫ്രതിഫലവും സൃഷ്ടിക്കുന്ന അസൂയയാണിതിന് പിന്നില്‍. ഞാനെഴുതുന്ന കവിതകളും ചെറുകഥകളും നോവലുകളും അംഗീകരിക്കാന്‍ അവര്‍ മടിച്ചു. പക്ഷേ, കാലവും ചരിത്രവും എന്നോട് നീതികാട്ടുമെന്നുറപ്പാണ്. പത്മവിഭൂഷണ്‍ ലഭിച്ച വിവരമറിഞ്ഞ ദിവസം ഞാന്‍ യേശുദാസിനെ വിളിച്ചിരുന്നു. പത്മവിഭൂഷണ്‍ നേടിയതിനല്ല മറിച്ച് ഈ ബഹുമതി കിട്ടിയപ്പോള്‍ നടത്തിയ പ്രതികരണത്തില്‍ പറഞ്ഞ ഒരു വാചകത്തിനാണ് എന്റെ അഭിനന്ദനം എന്നാണ് ഞാന്‍ യേശുദാസിനോട് പറഞ്ഞത്. ''ഏതു പ്രവൃത്തിയായാലും ആത്മസമര്‍പ്പണത്തോടെ ചെയ്താല്‍ ബഹുമതിയും വിജയവും നമ്മെ തേടി വരും'' എന്നാണ് യേശുദാസ് പറഞ്ഞത്. ശരിക്കും അര്‍ത്ഥവത്തായ വാക്യമാണിത്.
സിനിമ എല്ലാത്തിനേയും വിഴുങ്ങുന്ന ലോകമാണെന്ന് താങ്കള്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമ എന്ന തമോഗര്‍ത്തത്തില്‍ നിന്ന് താങ്കള്‍ എങ്ങിനെയാണ് രക്ഷപ്പെട്ടത് ?
സിനിമ വല്ലാത്തൊരു ലോകമാണ്. സാഹിത്യത്തെയും കലയെയും അത് വിഴുങ്ങും. ഇതില്‍ വീണുപോവില്ലെന്ന് ഞാന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സാഹിത്യപരമായ എന്റെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ കൃത്യമായി തുടര്‍ന്നു. പകല്‍ ഞാന്‍ പാട്ടെഴുത്തുകാരനാണെങ്കില് രാത്രിയില്‍ ഞാന്‍ സാഹിത്യകാരനാണ്. സിനിമയ്ക്കുവേണ്ടി എഴുതുമ്പോള്‍ അനുരഞ്ജനങ്ങള്‍ അനിവാര്യമാണ്. പക്ഷേ, എന്റെ കവിതകളിലും ചെറുകഥകളിലും നോവലുകളിലും വിട്ടുവീഴ്ചകളില്ല.
ശങ്കറിന്റെ മുതല്വന് എന്ന സിനിമയ്ക്കായി ഞാന്‍ നല്ലൊരു മെലഡി എഴുതിക്കൊടുത്തു. എനിക്കേറെ പ്രിയപ്പെട്ട വരികള്‍. അവയിപ്പോഴുംഎന്റെ ഓര്‍മയിലുണ്ട്.
''ഓലൈക്കുടിസൈ
ഒട്രൈ ജനല്‍
തുണ്ട് വാനം
ദൂരത്ത് മേഘം
കൊഞ്ചം വെറ്റിലൈ
നിറയെ മല്ലികൈ
കിളിന്ത പായില്‍
ക്ലിയോപാട്ര
ഇന്ത ഓലൈക്കുടിസൈയും
വാലക്കുമരിയും
പോതും പോതും
എനക്ക്.''
ഈ വരികള്‍ വളരെ ഇഷ്ടപെട്ടെന്ന് ആവേശഭരിതനായാണ് ശങ്കര്‍ പറഞ്ഞത്. രാത്രി പതിനൊന്ന് മണി വരെയിരുന്നാണ് അതിന്റെ കമ്പോസിങ് തീര്‍ത്തത്. പക്ഷേ, അടുത്ത ദിവസം രാവിലെ ശങ്കര്‍ എന്നെ വിളിച്ചിട്ട് ഈ പാട്ട് സിനിമയിലുണ്ടാവില്ലെന്ന് പറഞ്ഞു. അതിഗംഭീരമായ മെലഡിയാണിതെന്നും എന്നാല്‍ ക്ലൈമാകസിനു തൊട്ടുമുമ്പ് ഈ പാട്ട് വന്നാല്‍ ക്ലൈമാക്സ് നിഷ്പ്രഭമാവുമെന്നും ഒരു ഫാസ്റ്റ് നമ്പര്‍ എത്രയും പെട്ടെന്ന് വേണമെന്നുമാണ് ശങ്കര്‍ പറഞ്ഞത്. ഇതുപോലെ എന്നെ വേദനിപ്പിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ അധികമില്ല. ''ഉപ്പുകറുവാട് ഊര് വെച്ച സോറ്, ഊട്ടിവിട നീ പോതും എനക്ക്'' എന്ന വരികളാണ് അപ്പോള്‍ ഞാന്‍ എഴുതിക്കൊടുത്തത്. സിനിമയുടെ കാര്യമിതാണ്. കാമധേനുവിനെ സിനിമയ്ക്ക് വേണ്ട. അതുകൊണ്ടുതന്നെ നിതാന്ത ജാഗ്രതയില്ലെങ്കില്‍ സിനിമ നമ്മളെ വിഴുങ്ങിക്കളയും.
തുഞ്ചന്‍ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ താങ്കള്‍ മലയാളത്തിലെ കവികളെ പേരെടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഗാനരചയിതാക്കളെ ആരെയും പരാമര്‍ശിച്ചു കണ്ടില്ല ?
മലയാളത്തിലെ പുതിയ ഗാനരചയിതാക്കളെ എനിക്കറിയില്ല. വയലാറിനെയും പി.ഭാസ്കരനെയും ഒഎന്‍വിയെയും ശ്രീകുമാരന്‍ തമ്പിയെയും പോലുള്ള രചയിതാക്കള്‍ ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. ഭാഷയുടെ ആത്മാവറിഞ്ഞാല് മാത്രമേ കവിയും ഗാനരചയിതാവുമാവാന് കഴിയുകയുള്ളൂ. നിങ്ങള്‍ക്ക് സംവിധായകനാവാം. തിരക്കഥാകൃത്താവാം പക്ഷേ, ഭാഷയുടെ അന്ത:സത്ത ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ ഗാനരചയിതാവാകാന്‍ കഴിയില്ല.