ന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക രംഗത്ത് തള്ളുവീരന്‍മാര്‍ തമ്മിലടിച്ച് മത്സരിക്കുന്ന കാലത്താണ് സംവിധായകന്‍ വി.എം. വിനു, ശേഖരന്‍കുട്ടിയെന്ന തള്ളുഭീകരനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍ കുട്ടിമാമയെന്ന ടൈറ്റില്‍റോളിലെത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സംവിധായകന്റെ മകന്‍ വരുണ്‍ വിനുവാണ് ക്യാമറ കൈകാര്യംചെയ്തിരിക്കുന്നത്. വിനുവിന്റെ മകള്‍ വര്‍ഷ ഗായികയാകുന്ന ചിത്രംകൂടിയാണ് കുട്ടിമാമ.

''കുട്ടിമാമയെന്ന സിനിമ ഞങ്ങളുടെ കുടുംബസംഗമംതന്നെയാണ്. മകന്റെ അച്ഛനുശേഷം  വി.എം.വിനുവും ഞാനും ഒന്നിക്കുന്ന ചിത്രത്തില്‍ ഞങ്ങളുടെ മക്കളും ഭാഗമാകുന്നു'' 

-രോഗമുയര്‍ത്തിയ അസ്വസ്ഥതകളെ സ്വതഃസിദ്ധമായ ചിരികൊണ്ട് വകഞ്ഞുമാറ്റി പുത്തന്‍സിനിമയുടെ വിശേഷങ്ങള്‍ ആദ്യം പറഞ്ഞുതുടങ്ങിയത് ശ്രീനിവാസന്‍ തന്നെയായിരുന്നു.

കുട്ടിമാമയെന്ന ചിത്രത്തിലേക്കും ശേഖരന്‍കുട്ടിയെന്ന കഥാപാത്രത്തിലേക്കും അടുപ്പിച്ച ഘടകങ്ങള്‍...

ശ്രീനിവാസന്‍: പൈസ കിട്ടും എന്നതുതന്നെയാണ് പ്രധാന ഘടകം (നീണ്ട ചിരി...).
ഇന്നലെ ഇറങ്ങിയ സിനിമയില്‍നിന്ന് വ്യത്യസ്തമാകണം ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമ. സമാനകഥയും കഥപറച്ചിലുമെല്ലാം പ്രേക്ഷകരില്‍ പെട്ടെന്ന് മുഷിപ്പുണ്ടാക്കും. ഒരേ അരിയും ഒരേ പച്ചക്കറിയും ഒരേ മീനും എന്നും വാങ്ങി കഴിക്കുന്നവര്‍ സിനിമാസ്വാദനത്തില്‍ പുതുമ പ്രതീക്ഷിക്കുന്നു. വിജയിച്ച സിനിമയെപ്പോലെ വീണ്ടുമൊരു സിനിമയെടുത്തിട്ടും അതിനെക്കാള്‍ നന്നാക്കി അതെടുത്തിട്ടും കാര്യമില്ല. കഥയിലും കഥാവതരണത്തിലും പുതുമ സൃഷ്ടിക്കണം. അത്തരം കാര്യങ്ങളിലുള്ള വിശ്വാസമാണ് ശേഖരന്‍കുട്ടിയാകാന്‍ എന്നെ പ്രേരിപ്പിച്ചത്.

'കുട്ടിമാമ' എന്ന സിനിമയെക്കുറിച്ച്...

വി.എം.വിനു: 'മറുപടി' എന്ന  സിനിമ കഴിഞ്ഞ്  ഇനിയെന്ത് എന്ന ആലോചനയിലായിരുന്നു. ഒരുപാട് വിഷയം കേട്ടു. ചിലത് ചെയ്യാമെന്ന് കരുതി. ചര്‍ച്ചകള്‍ക്കൊടുവില്‍  അവസാനം ചിലത്  വേണ്ടെന്നുെവച്ചു. ആ സമയത്താണ് കോഴിക്കോട്ടുകാരനായ മനാഫ് കുട്ടിമാമയുടെ കഥയുമായി എത്തുന്നത്. ആദ്യ കേള്‍വിയില്‍ത്തന്നെ ശേഖരന്‍കുട്ടിയെന്ന കഥാപാത്രത്തോടൊരു ഇഷ്ടംതോന്നി. സുന്ദരമായ അന്തരീക്ഷം കഥയ്ക്കുചുറ്റുമുണ്ടായിരുന്നു. 

ഫോണിലൂടെയാണ് ശ്രീനിയേട്ടനോട് സിനിമയെക്കുറിച്ച് പറയുന്നത്. കഥാബീജം അദ്ദേഹത്തിന് ഇഷ്ടമായി. നേരില്‍ സംസാരിച്ചപ്പോള്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ചു. പിന്നീട് മാസങ്ങളെടുത്ത് ചര്‍ച്ചയിലൂടെ കഥയും തിരക്കഥയും പൂര്‍ത്തിയാക്കുകയായിരുന്നു.
ശ്രീനിയേട്ടനുമായി നടത്തിയ ചര്‍ച്ചകള്‍ സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ദിവസങ്ങളോളം അദ്ദേഹവുമായി ഒന്നിച്ചിരുന്നപ്പോള്‍ കഥയില്‍ പലയിടത്തും പുതുതായി ഹ്യൂമര്‍ രംഗങ്ങള്‍ ഉയര്‍ന്നുവന്നു. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ചിത്രീകരണം ആരംഭിച്ചതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമായി. 

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു. ചിത്രീകരണവിശേഷങ്ങള്‍

ശ്രീനിവാസന്‍: വി.എം.വിനുമായി ചേര്‍ന്ന് ചെയ്ത മുന്‍ചിത്രം 'മകന്റെ അച്ഛനി'ല്‍ ഞാനും വിനീതും ഒന്നിച്ചുള്ള ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചാകും ഇത്തരമൊരു ചോദ്യം. എന്നാല്‍, കുട്ടിമാമയില്‍ ഞാനും ധ്യാനും ഒന്നിച്ച് അഭിനയിക്കുന്ന രംഗങ്ങളൊന്നുംതന്നെയില്ല. ലൊക്കേഷനില്‍പ്പോലും ഞങ്ങള്‍ ഒരേസമയം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ധ്യാനിനൊപ്പം ഒരു സിനിമചെയ്തുവെന്ന തോന്നല്‍ ഉണ്ടായിട്ടില്ല. പരസ്പരം ബന്ധമുള്ള കഥാപാത്രമാണ് ഞങ്ങളുടേത്. ഫ്‌ലാഷ്ബാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്, കൂടുതല്‍ വെളിപ്പെടുത്തിയാല്‍ സിനിമാസ്വാദനത്തിന് പ്രശ്‌നമാകും.

നാട്ടിലെ തള്ളുഭീകരനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമചെയ്യാന്‍ കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ലേ?

വി.എം.വിനു: അവസരംനോക്കാതെ വീരവാദകഥകളുടെ കെട്ടഴിച്ചുവിടുന്നവരെ മലയാളികള്‍ക്ക് പരിചിതമാണ്. അത്തരം ആളുകളെ പലപ്പോഴും പലയിടത്തും നമ്മള്‍ കണ്ടിട്ടുണ്ടാകും. കാഴ്ചക്കാരനുമായി അടുത്തുനില്‍ക്കുന്നു എന്നതുതന്നെയാണ് കുട്ടിമാമയിലെ കേന്ദ്രകഥാപാത്രത്തിന്റെ ശക്തി. തള്ളുഭീകരന്റെ ജീവിതമാണ് കുട്ടിമാമയെങ്കിലും അയാളുടെ മനസ്സിന്റെ നന്മയും വെളിച്ചവുമെല്ലാം കഥയ്ക്ക് അകമ്പടിയായി വന്നുചേരുന്നുണ്ട്.

ശ്രീനിയേട്ടന് മനോഹരമായി ചെയ്യാന്‍കഴിയുന്ന കഥാപാത്രമാണ് ശേഖരന്‍കുട്ടിയെന്ന് ആദ്യ കേള്‍വിയില്‍ത്തന്നെ തോന്നിയിരുന്നു. അതുകൊണ്ടുതന്നെ കഥയുമായി അദ്ദേഹത്തെ മാത്രമാണ് സമീപിച്ചത്. കാമ്പില്ലാത്ത കഥകള്‍ക്ക് തലവെച്ചുകൊടുക്കാത്ത ശ്രീനിവാസന്‍ ഇത് നമുക്ക് ചെയ്യാമെന്ന് പറഞ്ഞത് ടീമിന് മൊത്തം വലിയ ആത്മവിശ്വാസം ഉണ്ടാക്കി. ഗ്രാമീണ അന്തരീക്ഷത്തില്‍ ഹ്യൂമറിന്റെ ട്രാക്കിലാണ് കഥ മുന്നോട്ടുപോകുന്നത്. ആക്ഷനും പ്രണയവും എല്ലാം ചേര്‍ന്ന് ഒരു അവധിക്കാലചിത്രത്തിന് ആവശ്യമായ ചേരുവകളെല്ലാം കുട്ടിമാമയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 

വലിയൊരു ടീമുണ്ടായിരുന്നു എന്നതാണ് ചിത്രത്തിന്റെ പിന്നിലെ ധൈര്യം. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. മീരാ വാസുദേവും ദുര്‍ഗാ കൃഷ്ണയുമാണ്  നായികമാര്‍.  ഗാനങ്ങള്‍:  ഹരി നാരായണന്‍. സംഗീതം: അച്ചു രാജാമണി.