ലയാള സിനിമയുടെ കാര്യമെടുത്ത് നോക്കിയാൽ ഇവിടെ കുടുംബ ചിത്രമൊരുക്കുന്നവരുണ്ട്, മാസ്-ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നവരുണ്ട്, എന്നാൽ ഒരു ജോണറിലും തളച്ചിടപ്പെടാൻ നിൽക്കാതെ പല ഭാഷകളിലും ചിത്രങ്ങളൊരുക്കുന്ന ഒരു സംവിധായകനുണ്ട്, വി.കെ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വി.കെ.പ്രകാശ്. സിനിമയുടെ കണ്ടന്റിൽ മാത്രമല്ല അവതരണത്തിലും സ്ട്രക്ച്ചറിലും പരീക്ഷണങ്ങൾ നടത്താറുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം. ‍ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ ചിത്രം, ഹെലിക്യാമിൽ ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രം ഇത് രണ്ടും വി.കെ.പിയുടെ സംവിധാനത്തിൽ ഒരുങ്ങിയവ. എന്നാൽ ഇത്തരം പരീക്ഷണങ്ങളുടെ പേരിൽ ഒരുപാട് പേരുടെ പുച്ഛവും അവഹേളനവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ. 

മലയാളത്തിലും കന്നഡയിലും ഒരുക്കുന്ന രണ്ട് ചിത്രങ്ങളുടെ തിരക്കിലായിരുന്നു അദ്ദേഹം. നവ്യ നായരെ നായികയാക്കി ഒരുക്കുന്ന ഒരുത്തീയും പ്രിയ വാര്യർ നായികയായെത്തുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയയും. ഇതിനിടെയാണ് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ വീട്ടിൽ സിനിമകൾ കണ്ട് തീർത്താണ് വി.കെ.പി ലോക്ഡൗൺ ആസ്വ​ദിക്കുന്നത്. ഒരു സിനിമയ്ക്ക് മുമ്പുള്ള ചെറിയ ഇടവേളയിൽ അദ്ദേഹം മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു

ഒരുത്തീ ഒരു യഥാർഥ കഥ

വളരെ റിയലിസ്റ്റിക്കായ ഒരു ചിത്രമാണ് ഒരുത്തീ. രാധാമണി എന്ന സ്ത്രീയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അവർ ഒരു പ്രതിസന്ധിയിൽ അകപ്പെടുന്നതും എങ്ങനെയാണ് അവർ അത് തരണം ചെയ്യുന്നത് എന്നതുമാണ് ചിത്രം. ജീവിക്കാനുള്ള കഷ്ടപ്പാടിനിടയിൽ അവർ പോലും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ഒരു സംഭവം നേരിടേണ്ടി വരികയും അതിനെ അവരെപ്പോലും അത്ഭുതപ്പെടുത്തി ആ സ്ത്രീ നേരിടുന്നത് എങ്ങനെയെന്നുമാണ് ഒരുത്തീ പറയുന്നത്. ഇത് നടന്നൊരു സംഭവമാണ്. മുൻപൊരു മാസികയിൽ വന്നതാണ്, നാല് മണിക്കൂർ ഒരു കള്ളനെ പുറകെ ഓടി കീഴ്പ്പെടുത്തിയ ഒരു സ്ത്രീയുടെ ജീവിത കഥ.

ഒരുത്തീക്ക് പ്രചോദനമായ ജീവിതകഥ മാസികയിൽ വന്നപ്പോൾ തന്നെ ഇത് സിനിമയാക്കാനായി തിരക്കഥാകൃത്ത് സുരേഷ് ബാബു ആലോചിക്കുകയും അത് ഞങ്ങളെല്ലാവരും കൂടി ചർച്ച ചെയ്തപ്പോഴാണ് നവ്യ ഇത് ചെയ്താൽ നന്നാവുമെന്ന ചിന്ത വരുന്നത്. നവ്യയോട് കഥ പറയുകയും അവർക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. ബെൻസി പ്രൊഡക്ഷന്സാണ് നിർമാണം. ഭയങ്കര സഹകരണമാണ് ഇവരുടെ ഭാ​ഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ എനിക്ക് വളരെ കുറച്ച് മാത്രം സ്ട്രെസ് നൽകിയ ചിത്രമാണ് ഒരുത്തീ. 

കുടുംബചിത്രമായി വിഷ്ണുപ്രിയ

വിഷ്ണുപ്രിയ ഒരു പ്രണയ ചിത്രമാണ്. ഒരു കുടുംബ ചിത്രമെന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. കാരണം പ്രണയം എത്ര മാത്രം മനോഹരമാണ് എന്നതിനൊപ്പം ഈ യുവതലമുറ കുടുംബത്തെ എത്രമാത്രം പ്രാധാന്യമുള്ളതായി കണക്കാക്കുന്നുവെന്നും ചിത്രം പറയുന്നു. വളരെ വലിയ നിർമാതാക്കളാണ് ചിത്രത്തിന് പിന്നിലുള്ളത്. കെ.മഞ്ജു സിനിമാസ്, നിർമാതാവിന്റെ മകൻ ശ്രേയസ് മഞ്ജുവാണ് നായകൻ. പ്രിയ വാര്യരാണ് നായിക. ഇവർക്കും മറ്റ് അഭിനേതാക്കൾക്കും  രണ്ടാഴ്ച്ചത്തോളം ഒരു വർക്ക്ഷോപ്പ് നൽകിയിരുന്നു. തിരക്കഥാകൃത്ത് ജയപ്രകാശ് കുളൂരിന്റെ മേൽനോട്ടത്തിൽ. ഒരുത്തീയ്ക്കും ഇത് പോലെ ഒരു വർക്ക്ഷോപ്പുണ്ടായിരുന്നു.മുല്ലവള്ളിയും തേന്മാവും മുതലാണ് ഞാനിത്തരം വർക്ക്ഷോപ്പ് നൽകാൻ തുടങ്ങിയത്. ആസിഫ് അലി നായകനായെത്തിയ നിർണായകത്തിലും അത് ചെയ്തിരുന്നു. ആ ചിത്രം മുതൽക്ക് ആസിഫ് എന്ന നടനിൽ വന്ന മാറ്റം പ്രത്യക്ഷമാണ്.

രണ്ട് ചിത്രങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ബാക്കി കിടക്കുന്നത്. കേരളത്തിൽ പോയി ഒരുത്തീയുടെ ജോലികൾ തീർക്കുക എന്നത് എളുപ്പമല്ല. തത്കാലം വിഷ്ണുപ്രിയയുടെ ജോലികൾ തീർക്കാനാണ് ശ്രമിക്കുന്നത്. 

പ്രിയ അസാധ്യ അഭിനേത്രി, നവ്യ അത്രയും കംഫർട്ടബിൾ

പ്രിയ അസാധ്യമായ കഴിവുള്ള അഭിനേത്രിയാണ്. അത് നമ്മുടെ നാട്ടുകാർക്ക് അറിയാത്തത് കൊണ്ടാണ്. ആദ്യം എങ്ങനെയാവുമെന്ന് എനിക്കും ഒരു ആശയക്കുഴപ്പുണ്ടായിരുന്നു. പക്ഷേ വളരെ ബുദ്ധിമതിയായ അഭിനേത്രിയാണ് അവർ. കുറച്ച് വർഷങ്ങൾ കഴിയുമ്പോഴേക്കും ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായിത്തീരും പ്രിയ എന്നെനിക്കുറപ്പുണ്ട്. കാരണം അവൾക്ക് ആ ഊർജസ്വലതയുണ്ട്, ബുദ്ധി ഉണ്ട്, കഴിവുണ്ട്, മാത്രമല്ല വളരെ സുന്ദരിയായ അഭിനേത്രിയുമാണ്. 

Read More: 'എന്റെ നല്ലൊരു ചിത്രം ഇറങ്ങട്ടെ, ഈ കമന്റൊക്കെ ഇല്ലാതായിക്കൊള്ളും'

അത് പോലെ തന്നെയാണ് നവ്യയും. ആദ്യമായാണ് നവ്യയ്ക്കൊപ്പം. പക്ഷേ വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ തമ്മിലൊരു കണക്ടീവിറ്റി ഉണ്ടായി. എനിക്കൊന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. അവൾ സ്വയം മനസിലാക്കിയാണ് ഓരോ സീനും അഭിനയിച്ചത്. ഓരോ സീനും കഴിഞ്ഞ് അഭിപ്രായം ചോദിച്ച് എന്റെ വിശകലനം അറിഞ്ഞാണ് അടുത്തതിലേക്ക് പോയിരുന്നത്. ആ കൂട്ടുകെട്ട് വളരെ അത്യാവശ്യമാണ്. ഞാൻ എനിക്കത്രയും കംഫർട്ടബിളായിട്ടുള്ള അഭിനേതാക്കൾക്കൊപ്പമാണ് സിനിമകൾ ചെയ്തിട്ടുള്ളതും. 

സ്ഥിരം യുവ നായകന്മാരും ഔസേപ്പച്ചനും 

ചെറുപ്പക്കാരായ താരങ്ങൾക്കൊപ്പം ജോലി ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യമുണ്ട്, ചാക്കോച്ചൻ വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ്, കഠിനാധ്വാനിയാണ് ജയസൂര്യ, ഇന്ദ്രൻ ശ്രദ്ധാലുവായ നടനാണ്, പൃഥ്വി വളരെ ബുദ്ധിശാലിയായ നടനും, രൂപ്പപ്പെടുത്തി എടുക്കാൻ കഴിയുന്ന നടനാണ് ആസിഫ്. ഓരോരുത്തർക്കും ഓരോ രീതിയാണ്. പിന്നെ ഇവരൊക്കെ കണ്ട് വളർന്നത് തന്നെ ഇന്ത്യയിലെ രണ്ട് മികച്ച നടന്മാരുടെ സിനിമകളല്ലേ.. അതവരുടെ അഭിനയത്തിലും കാണും. ഗുലുമാൽ ചെയ്യുമ്പോൾ ചാക്കോച്ചൻ സ്റ്റാറല്ല. അന്നവന് സിനിമയുണ്ടായിരുന്നില്ല. പക്ഷേ അവന് ഹാസ്യം ചെയ്യാനാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അത് നമ്മുടെ വിശ്വാസമാണ്. ജയസൂര്യയുമായി അടുത്ത ചിത്രം വരുന്നുണ്ട്. രാമസേതു, മെട്രോമാൻ ഇ.ശ്രീധരന്റെ ജീവിത കഥ. അത് വലിയ ക്യാൻവാസിൽ ചെയ്യേണ്ട ചിത്രമാണ്. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. 

പിന്നെ മമ്മൂക്കയ്ക്കൊപ്പം സൈലൻസ് എന്ന ചിത്രം ഞാൻ ചെയ്തു. ഭയങ്കര കംഫർട്ടബിളായിരുന്നു ഞാൻ. പക്ഷേ കാര്യമെന്തെന്ന് വച്ചാൽ മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരെ വച്ച് ചെയ്യാനുള്ള സബ്ജക്ട് എനിക്ക് ലഭിക്കുന്നില്ല എന്നതാണ്. 

ഔസേപ്പനെ ഞാൻ തേടി പോയതാണ്. പ്രണാമം എന്ന സിനിമയിൽ കടലിളകി കടലല ചിതറി എന്ന ​ഗാനമുണ്ട് അത് ചെയ്തത് ജോൺസണാണെന്ന് കരുതി അദ്ദേഹത്തിന്റെ അടുത്താണ് ഞാൻ പോയത്. ജോൺസണാണ് അത് ചെയ്തത് ഔസേപ്പച്ചനാണെന്ന് പറയുന്നത്. അങ്ങനെയാണ് ഞാൻ ചെയ്ത ഒരു പരസ്യത്തിൽ ഔസേപ്പച്ചനും ​ഗിരീഷ് പുത്തഞ്ചേരിയും ഒന്നിക്കുന്നത്. അതിന് ഒരുപാട് പുരസ്കാരങ്ങളൊക്കെ ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് ഒരുപാട് തവണ ഞങ്ങൾ ഒന്നിച്ചു. ഔസേപ്പച്ചനുമായുള്ള കമ്മ്യൂണിക്കേഷനൻ എനിക്ക് ഭയങ്കര എളുപ്പമായി മാറി. എന്റെ മറാത്തി സിനിമ, ഇം​ഗ്ലീഷ് സിനിമ ഫ്രീക്കി ചക്ര ഇതിലെല്ലാം ഔസേപ്പച്ചൻ തന്നെയായിരുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന കലാകാരന്മാരോടുള്ള ഒരു കണക്ടീവിറ്റി ആണ് നമ്മളെ ഒന്നിപ്പിക്കുന്നതും അത് തുടർന്നു കൊണ്ടു പോകാൻ സഹായിക്കുന്നതും. 

'ജോണർ'ലെസ് ഡയറക്ടർ

ഞാൻ കണ്ട് വളർന്ന സിനിമകളും വ്യത്യസ്ത ജോണറുകളിൽ ഉള്ളതാണ്. അതിൽ അടൂർ സാറിന്റെ, ഹരിഹരൻ സാറിന്റെ (അന്ന് ഹരിഹരൻ സാർ കോമഡി സിനിമകൾ ചെയ്യുന്ന കാലഘട്ടമാണ്), ഭരതൻ,പത്മരാജൻ, കെ.സേതുമാധവൻ, ഐ.വി.ശശി എന്നിവരുടെ  ഒക്കെ ചിത്രങ്ങളുണ്ടാകും. സിനിമ എന്നത് പഠിക്കാനും കൂടിയുള്ള അവസരമല്ലേ.. ഓരോ ജോണറുകൾ ചെയ്യുമ്പോഴും ഓരോ പുതിയ പഠനമാണ്. 

അന്നെന്നെ പുച്ഛിച്ചവർ ഇന്ന് വക്താക്കൾ

നാട്ടിൽ സ്ഥിരം ചർച്ചയാവുന്ന ഒന്നാണ് സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരുന്നില്ല എന്നത്.  അങ്ങനെ ഒരു ചിത്രമാണ് പ്രാണ. പക്ഷേ സ്ത്രീപക്ഷ സിനിമ ആവശ്യപ്പെടുന്ന ഒരു ആസ്വാദകനും അത് തീയേറ്ററിൽ പോയി കാണുന്നില്ല. അവിടെ ഒരു നായകൻ ഉണ്ടാവണം, എന്നാലേ കാണൂ. പണ്ട് ഷീലാമ്മയൊക്കെ അത്തരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അത് ആളുകൾ കണ്ടിട്ടുമുണ്ട്. ഇന്നെന്തേ അത് ഉണ്ടാകുന്നില്ല. സ്ത്രീകൾ പോലും കാണുന്നില്ല. പിന്നെ വേറാര് കാണും. എനിക്ക് ലേഡി മാക്ബത്ത് ചെയ്യണമെന്നുണ്ട് പക്ഷേ പേടിയാണ്, ആ ചിത്രം ആര് കാണും എന്നുള്ളതാണ്.

കണ്ടന്റിൽ മാത്രമല്ല ഞാൻ പരീക്ഷണം കൊണ്ടു വന്നിട്ടുള്ളത് സ്ട്രക്ച്ചറിലും കൂടിയാണ്. മൂന്നാമതൊരാൾ എന്ന ചിത്രത്തിലൂടെ ഡിജിറ്റൽ സിനിമ കൊണ്ടു വന്നപ്പോൾ എല്ലാവരും പുച്ഛിച്ചിരുന്നു. ആകാശത്ത് നിന്ന് സിനിമ വരുമോ, ഇതിന് പെട്ടി ഇല്ലല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങളായിരുന്നു. അന്ന് വൈഡ് റിലീസ് എതിർത്തു സംഘടന. നൂറ് തീയേറ്ററിൽ റിലീസ് ചെയ്യേണ്ട ചിത്രം 18 തീയേറ്ററിലെ റിലീസ് അനുവദിച്ചുള്ളൂ. ഇന്ന് എല്ലാവരും ഇതിനെ പറ്റിയാണ് സംസാരിക്കുന്നത് തന്നെ. എനിക്ക് പുച്ഛം തോന്നും പലപ്പോഴും . നമ്മൾ ആദ്യമായി ആ സംഭവം കൊണ്ടു വന്നപ്പോൾ ആരും അത് തിരിച്ചറിഞ്ഞതു പോലുമില്ല. ആരെങ്കിലും ഒന്ന് അം​ഗീകരിക്കേണ്ടെ.  പലപ്പോഴും എനിക്ക് തോന്നാറുണ്ട് എന്തിന് ഇത്രയും പരിശ്രമം എടുക്കണമെന്ന്. 

അന്ന് ഡിജിറ്റൽ സിനിമയെ എതിർത്തവർ ഇന്ന് അതിനെക്കുറിച്ച് ആധികാരികമായ സംസാരിക്കുന്നത് എനിക്ക് മനസിലാവുന്നില്ല. അന്ന് ആമ്പല്ലൂരിലെ ഒരു തീയേറ്ററിലാണ് ആ സിനിമ ഞാൻ ആദ്യം കാണുന്നത്. അന്ന് ആ തീയേറ്റർ സംഘടന ഉപരോധിച്ചു. പിന്നീടത് അരുൺ ഘോഷ് വാങ്ങി ചാന്ദ് വി ക്രിയേഷൻസ് എന്ന മൾട്ടി പ്ലക്സായി ചെയ്തപ്പോൾ ഇതേ സംഘടനയിലെ ആൾക്കാരാണ് ഉദ്ഘാടനത്തിന് വന്നത്. അന്ന് ഞാൻ അവരോട് ചോദിച്ചു അന്ന് എതിർത്തിട്ട് ഇന്ന് അതിന്റെ വക്താക്കളാകാൻ നാണമില്ലേ എന്ന്. ഈ സിനിമകളൊക്കെ പുറത്തായിരുന്നു ഇറങ്ങിയിരുന്നെങ്കിൽ അതൊരു പക്ഷേ എല്ലാവരും ഏറ്റെടുത്തേനെ. 

ആദ്യമായി ഹെലിക്യാമിൽ ചിത്രീകരിച്ച മലയാള സിനിമയാണ് ട്രിവാൻഡ്രം ലോഡ്ജ്. നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രവും അത്തരത്തിൽ ഒന്നാണ്. 2003-ൽ ഞാൻ ഫ്രീക്കി ചക്ര എന്ന സിനിമ ചെയ്തിരുന്നു. അതിന്റെ ഒരു അഡാപ്റ്റേഷനാണ് നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രം. എഴുത്തുകാരൻ താൻ നിർമ്മിച്ച കഥാപാത്രത്തെ നേരിടേണ്ടി വരുമ്പോൾ എന്നതാണ് സിനിമ. 

സംവിധായകൻ നടനായപ്പോൾ

ബാം​ഗ്ലൂരിൽ ആയിരുന്നപ്പോഴാണ് ജയരാജ് വിളിച്ച് ജോണി വാക്കറിൽ അഭിനയിപ്പിക്കുന്നത്. അത് കഴിഞ്ഞ് കുറേനാൾ കഴിഞ്ഞാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ചിത്രത്തിലേക്ക് ദീപേഷ് വിളിക്കുന്നത്. അത് വളരെ വിവാ​ദപരമായ കണ്ടന്റായിരുന്നു അതിനാൽ ഇറങ്ങിയില്ല. പിന്നീട് അനാർക്കലി, കലി, മനോഹരം തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. ഇതെല്ലാം സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്നതാണ്. എനിക്ക് ലഭിച്ച ഒരു ഭാ​ഗ്യം എന്താണെന്ന് വച്ചാൽ സഞ്ജയന്റെ ജീവചരിത്ര സിനിമയിൽ അദ്ദേഹമായി അഭിനയിക്കാൻ സാധിച്ചു എന്നുള്ളതാണ്. വിദൂഷകൻ എന്നാണ് ചിത്രത്തിന്റെ പേര്. 

ഉണ്ണി പറഞ്ഞ വാക്ക് കാവ്യയുടെ കാര്യത്തിൽ ആത്മവിശ്വാസം

എന്റെ അസിസ്റ്റന്റായിരുന്ന മൃദുലിന്റെ (ആസിഫ് അലി ചിത്രം ബിടെക്കിന്റെ സംവിധായകൻ) കൂടെയാണ് മകൾ കാവ്യ അസിസ്റ്റന്റായി ചെയ്തിരുന്നത്. വാങ്ക് എന്ന ഉണ്ണി ആറിന്റെ ചെറുകഥയാണ് കാവ്യ സിനിമയാക്കുന്നത്. സിനിമ ഞാൻ മുഴുവൻ കണ്ടിട്ടില്ല. പക്ഷേ കണ്ട് കഴിഞ്ഞ് ഉണ്ണി എന്നെ വിളിച്ചിരുന്നു ഉണ്ണിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട് വി.കെ.പി അവൾ നന്നായി ചെയ്തു എന്ന് ഉണ്ണി പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. ഉണ്ണിയുടെ ഒരു ​ഗൈഡൻസിലായിരുന്നു അവർ ചിത്രം പൂർത്തിയാക്കിയത്. 

സിനിമ കണ്ട് ഈ ലോക്ഡൗൺ ആസ്വദിക്കുകയാണ്

ഏതാണ്ട് മുപ്പത്തിമൂന്ന് വർഷത്തോളമായി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് സെറ്റിൽഡ് ആയിരിക്കുന്നത്. ഈ ലോക്ക്ഡൗൺ കാലവും ഇവിടെത്തന്നെ.  സിനിമ കണ്ടാണ് ഞാൻ ലോക്ക‍്ഡൗൺ ദിനങ്ങൾ ആസ്വദിച്ചത്. എനിക്കേറെ ഇഷ്ടമുള്ള വിനോദവും അത് തന്നെ. പണ്ട് മുതലേ ഏത് ഭാഷയിലെ സിനിമയും കാണാറുണ്ട്. ഇപ്പോൾ ഒരു ദിവസം തന്നെ നാല് സിനിമകളെങ്കിലും കാണും. രാവിലെ എഴുന്നേൽക്കും ഹോം തീയേറ്ററിൽ സിനിമ കാണും ഭക്ഷണം കഴിക്കും. അടുത്ത സിനിമ കാണും ഇത് തന്നെ റുട്ടീൻ. നാല് ഷോയും മുടക്കിയിട്ടില്ല ഈ ഒന്നരമാസത്തിൽ. ഈ ഫോൺ സംഭാഷണം അവസാനിച്ചാൽ നേരെ പോകുന്നതും സിനിമ കാണാൻ തന്നെ....

Content Highlights : V.K Prakash Interview On New Movies Oruthee And Vishnupriya Navya Nair Priya Varrier Lockdown