jayapalan
ഫോട്ടോ: കെ.കെ. സന്തോഷ്‌

 

‘‘വിതയെഴുതുന്നുണ്ടെങ്കിലും കവിയല്ല ഞാൻ. അഭിനയിക്കുന്നുവെങ്കിലും നടനല്ല. അനീതികാണുമ്പോൾ മിണ്ടാതിരിക്കാനാവില്ലെങ്കിലും രാഷ്ട്രീയക്കാരനെന്ന് എന്നെ വിളിക്കരുത്’’ -‘ആടുകളം’ എന്ന ആദ്യചിത്രത്തിനുതന്നെ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ നടൻ വി.ഐ.എസ്. ജയപാലൻ പറയുന്നു. ആദ്യമായി മലയാളചിത്രത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ‘നദിയുടെ മൂന്നാംകര’ എന്ന ആ ചിത്രത്തിന്റെ ആദ്യപ്രദർശനത്തിനെത്തിയ ജയപാലനുമായി കെ.കെ. അജിത്കുമാർ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ 

? 2011-ൽ ‘ആടുകളം’ തിയേറ്ററിൽ കണ്ടപ്പോൾമുതൽ താങ്കളെ ശ്രദ്ധിച്ചിരുന്നു. ധനുഷിന് മികച്ചനടനുള്ള ദേശീയപുരസ്കാരം കിട്ടിയ ആ ചിത്രത്തിൽ താങ്കൾക്കും അവാർഡുണ്ടായിരുന്നല്ലോ. എങ്ങനെയാണ് ആ സിനിമയിലേക്കെത്തിയത്

അബദ്ധത്തിൽ സംഭവിച്ചതാണത്. അഭിനയിക്കാനൊന്നും എനിക്ക് തീരെ അറിയില്ല. ‘ആടുകള’ത്തിൽ വേഷമിടുംമുമ്പ് ഒരു നാടകത്തിൽപ്പോലും അഭിനയിച്ചിട്ടില്ല; വിവാഹത്തിനുശേഷം ഭാര്യയുടെ മുന്നിലല്ലാതെ. എന്റെ രൂപം ആ കഥാപാത്രത്തിനു പറ്റുന്നതായതുകൊണ്ടാണ് സംവിധായകൻ വെട്രിമാരൻ അഭിനയിപ്പിച്ചത്. അതിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേകപുരസ്കാരമാണ് ലഭിച്ചത്. സംവിധായകൻ ബാലുമഹേന്ദ്രയുമായുള്ള സൗഹൃദമാണ് ഞാൻ വെട്രിമാരന്റെ ശ്രദ്ധയിൽപ്പെടാൻ കാരണം.

? അഭിനയത്തിനുമുമ്പേ കവിതകൾ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. അതേക്കുറിച്ച് പറയാമോ

കവിതകളെഴുതുന്നുണ്ടെങ്കിലും എന്നെ കവിയെന്നു വിളിക്കാനാവില്ല. പ്രകൃതിയും മനുഷ്യരും തത്ത്വചിന്തയുമൊക്കെയായുള്ള എന്റെ ഇടപെടലാണ് കവിതകൾ. സംഘകാലകവികളുടെ ഡി.എൻ.എ.യാണ് എന്നിലുള്ളത്. ഒരു ജിപ്‌സിയെപ്പോലെ ജീവിക്കാനാണ് ഇഷ്ടം. പ്രത്യേകിച്ചെവിടെയും നിൽക്കാതെ, പറന്നുപറന്നങ്ങനെ നീങ്ങുന്ന പക്ഷിയെപ്പോലെ.

? തമിഴ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽ പലപ്പോഴും താങ്കളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എത്രത്തോളം രാഷ്ട്രീയക്കാരനാണ് താങ്കൾ

അനീതി കണ്ടാൽ മിണ്ടാതിരിക്കാനാവില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രതികരിക്കാൻ ഞാൻ മടിച്ചിട്ടില്ല. നിലപാടെടുക്കാൻ ഒരിക്കലും അറച്ചുനിന്നിട്ടില്ല.  രാഷ്ട്രീയക്കാരനായതുകൊണ്ടല്ല, മനുഷ്യനായതുകൊണ്ടാണ് അങ്ങനെ നിലപാടെടുക്കുന്നത്. രാഷ്ട്രീയക്കാർക്ക് ലാഭനഷ്ടങ്ങൾ നോക്കാതെ ഇങ്ങനെ പ്രതികരിക്കാൻ കഴിയുകയില്ല. എനിക്ക് ആ പരിമിതികളില്ല. രാഷ്ട്രീയത്തിലൂടെയും ഞാൻ സഞ്ചരിച്ചിട്ടുണ്ടെന്നു പറയാം. എന്നുവെച്ച്  അതല്ല എന്റെ വംശം.

? ശ്രീലങ്കയിലെ ജാഫ്‌നയിൽ ജനിച്ച താങ്കൾ ഇപ്പോൾ നോർവേയിലേക്ക് കുടിയേറിയതിനു കാരണം

ആരുടെ മുന്നിലും നട്ടെല്ലുവളയ്ക്കാൻ എനിക്കു താത്പര്യമുണ്ടായിരുന്നില്ല. ശ്രീലങ്കയിൽ തമിഴ്‌വംശജർ  വംശനാശത്തിന്റെ വക്കിലെത്തിയപ്പോഴാണ് നോർവേയിലേക്കു കുടിയേറിയത്. രണ്ടായിരം വർഷത്തെ പാരമ്പര്യമുണ്ട് ശ്രീലങ്കൻ തമിഴ്‌വംശജർക്ക്. അവിടെയുള്ള നാല് വംശീയസമൂഹങ്ങളിൽ മൂന്നും തമിഴ് സംസാരിക്കുന്നവരാണ്. എന്നിട്ടും അവർക്ക് അഭയാർഥികളാകേണ്ടിവരുന്നു. മക്കളുമൊത്ത് ജീവിക്കുമ്പോൾ നാടോടികളെപ്പോലെ കഴിയാനാവില്ലെന്ന ഭാര്യയുടെ നിലപാടും ഇതിനൊരു കാരണമായി. എവിടെയെങ്കിലും സ്വസ്ഥമായി ജോലിചെയ്തു ജീവിക്കണമെന്നു തീരുമാനിച്ചാണ് നോർവേയിലേക്കു പോയത്. അതിനുശേഷവും ഞാൻ ഇടയ്ക്കിടെ സഞ്ചാരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

? സംഘകവികളുടെ പാരമ്പര്യത്തെക്കുറിച്ച് താങ്കൾ പറഞ്ഞു. അതിന്റെ തുടർച്ചക്കാരനാണെന്ന് പറയുമ്പോൾ, ഇക്കാലത്ത് എത്രത്തോളം പ്രസക്തമാണ് അത്

ജീവിതംതന്നെയാണ് എന്റെ കല. സംഘകാലകവികൾക്കും അതങ്ങനെ തന്നെയായിരുന്നു. യാത്രചെയ്യുന്നതും പ്രണയിക്കുന്നതും പ്രകൃതിയുടെ വൈവിധ്യവും ഭംഗിയും ആസ്വദിക്കുന്നതും അനീതികണ്ടാൽ പോരാടുന്നതും ഒക്കെ പച്ച മനുഷ്യനായിക്കൊണ്ടാണ്. കാല്പനികനാണെങ്കിലും സന്ന്യാസിയുടെ മനസ്സാണെനിക്കെന്നു തോന്നാറുണ്ട്. സംഘകാല കവികളുടെ പൊതുപാരമ്പര്യമാണത്. ഏതെങ്കിലും കള്ളിയിൽപ്പെടുത്തി നിർത്താനാവില്ല മനുഷ്യരെ. ഒരു ന്യായീകരണവുമില്ലാതെ അനീതി കൺമുന്നിൽ നടക്കുമ്പോൾ മിണ്ടാതിരിക്കുന്നവർ മനുഷ്യരാവുന്നതെങ്ങനെ, കവികളാവുന്നതെങ്ങനെ?

? മലയാളസിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം

ഫൗസിയ ഫാത്തിമ സംവിധാനം ചെയ്ത ‘നദിയുടെ മൂന്നാംകര’ എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് കേരളത്തിലെത്തിയത്. വായിച്ചും കേട്ടും വളരെയേറെ പ്രതീക്ഷയോടെയാണ് പമ്പയുടെ കരയിലെത്തിയത്. ആ നദിയുടെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. ആ മനോഹരനദിയെ ആഫ്രിക്കൻപായലുകൾ ബലാത്സംഗം ചെയ്തതാണ് അവിടെക്കണ്ടത്. എനിക്കതുകണ്ട് രോഷമാണുണ്ടായത്. പുഴകളെ  ഇങ്ങനെ നശിപ്പിക്കാമോ? കേരളീയർ ഇത്തരം കാര്യങ്ങളിൽ കുറേക്കൂടി ശ്രദ്ധവെക്കേണ്ടതുണ്ട്.

?‘ആടുകള’ത്തിനുശേഷവും കുറേ തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായല്ലോ. ഇന്നത്തെ ജനപ്രിയ തമിഴ് സിനിമകൾക്കിടയിൽ സമാന്തരസ്വഭാവമുള്ള സിനിമകൾക്ക് എന്താണവിടെ സാധ്യത? ജനപ്രിയചിത്രങ്ങളുടെ ഭാഗമായിരിക്കുമ്പോൾത്തന്നെ സമാന്തരസിനിമകളെയും പരിഗണിക്കുന്നൊരാളെന്ന നിലയിലാണ് ഈ ചോദ്യം.

കഥ പറയുന്നതിന്റെ തുടക്കംമുതൽതന്നെ ജനപ്രിയധാരയും ഉണ്ടായിരുന്നു. അതിനോട് പൊരുതിത്തന്നെയാണ് മറ്റു ധാരകൾ നിലനിന്നത്. വ്യത്യസ്തമായ സിനിമാശ്രമങ്ങളുണ്ടാവുമ്പോൾ സമൂഹവും സർക്കാരും ആക്ടിവിസ്റ്റുകളുമൊക്കെ പിന്തുണയ്ക്കുകയാണ് വേണ്ടത്. അത്തരക്കാരെ നിലനിർത്താനും ശക്തിപ്പെടുത്താനുമൊക്കെ പിന്തുണ ആവശ്യമാണ്. ദിനോസറുകളുടെ ലോകത്ത് നിലനിൽക്കണമെങ്കിൽ ഇത്തരം സഹായങ്ങൾ വേണ്ടിവരും. എന്നാൽ, മറ്റൊരുകാര്യംകൂടിയുണ്ട്. സിംഹവും കടുവയുമുള്ള കാട്ടിൽത്തന്നെയാണ് മാനും മുയലും കഴിയുന്നത്. മാനിനും മുയലിനും വേണ്ടി സിംഹത്തെയും കടുവയെയും ഇല്ലാതാക്കിയാൽ കാടില്ലാതാവും. കാടിനെ മുഴുവൻ മാനും മുയലും തിന്നുതീർക്കും. അതുകൊണ്ട്, എല്ലാവരും നിലനിൽക്കേണ്ടത് ആവശ്യമാണ്. എങ്കിലേ ബന്ധങ്ങളിലെ സന്തുലനം നിലനിൽക്കൂ.

? കുടുംബത്തെക്കുറിച്ച്

ഭാര്യ വാസുകി നോർവേയിലെ ഓസ്‌ലോ മുനിസിപ്പൽ മ്യൂസിക് കോളേജിൽ കർണാടകസംഗീതാധ്യാപികയാണ്. പാശ്ചാത്യസംഗീതവും അവർക്കറിയാം. പാശ്ചാത്യസംഗീതട്രൂപ്പുകൾക്കൊപ്പം പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ഓസ്‌ലോ യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി. വിദ്യാർഥിയാണ് മൂത്തമകൻ ആദിത്യൻ. ഇളയവനായ ഇളവേനിൽ കലാകാരനാണ്. എങ്ങനെ ജീവിക്കണമെന്ന് പഠിച്ച കലാകാരനെന്ന് അവൻ പറയും. ‘‘എന്റെ മക്കൾ എന്റെ അച്ഛന്റെ മക്കളെപ്പോലെ കഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല’’ എന്നാണ് അവൻ പറയുന്നത്. ഒരിക്കലും അക്കൗണ്ടുകൾ സൂക്ഷിക്കാത്തയാളാണ് ഞാൻ. ടൈംടേബിളൊന്നും പാലിക്കാറുമില്ല. അങ്ങനെയല്ലാതെയും കലാകാരന് ജീവിക്കാമെന്നു തെളിയിക്കുകയാണ് അവൻ.