സിനിമയെ സ്വപ്നം കണ്ടുതുടങ്ങുന്ന കാലത്ത് ഉണ്ണിമായയ്ക്ക് സിനിമാലോകം ഏറെ അകലെയായിരുന്നു. തിരുവനന്തപുരം സി.ഇ.ടി.യിൽ ആർക്കിടെക്കിന് പഠിക്കുമ്പോഴാണ് ഉണ്ണിമായയുടെ സിനിമാ സ്വപ്നങ്ങൾക്ക് ജീവൻവെച്ചുതുടങ്ങിയത്. പഠനകാലത്തിനപ്പുറം സ്വപ്നങ്ങൾക്ക് ജീവൻ പകർന്നപ്പോൾ കരുതലോടെ മുന്നോട്ടു നടന്നു. അഭിനേതാവ്, അസിസ്റ്റന്റ് ഡയറക്ടർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ, കാസ്റ്റിങ് ഡയറക്ടർ തുടങ്ങി പല റോളുകളിൽ ഉണ്ണിമായ പ്രസാദ് ഇന്ന് തിളങ്ങുകയാണ്. ദിലീഷ് പോത്തൻ ബ്രില്യൻസിൽ പിറന്ന ‘ ജോജി’ യിൽ ബിൻസി എന്ന കഥാപാത്രമായി നടത്തിയ മികവാർന്ന പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. ‘ അഞ്ചാംപാതിര’ യിലെ ഡി.സി.പി. കാതറിനായി പോയവർഷവും ഉണ്ണിമായ അഭിനയമികവ് തെളിയിച്ചിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ ‘ മഹേഷിന്റെ പ്രതികാരം’ , ‘ മായാനദി’ , ‘ തൊണ്ടിമുതലും ദൃക്സാക്ഷിയും’ , ‘ കുമ്പളങ്ങി നൈറ്റ്സ്’ , ‘ ജോജി’ എന്നീ സിനിമകളിലെല്ലാം ക്യാമറയ്ക്ക് പിറകിലും ശ്രദ്ധേയമായ റോളുകളിലും ഉണ്ണിമായ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ജീവിതപങ്കാളികൂടിയാണ് ഇവർ. നവമലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഉണ്ണിമായ പ്രസാദ് സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു.

ജോജി ഏറെ പ്രശംസകൾ നേടിത്തന്നു, പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതിനൊപ്പം സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറും ആയിരുന്നു. രണ്ടുത്തരവാദിത്വങ്ങൾ സമ്മർദം ഉണ്ടാക്കിയോ

സമ്മർദമൊന്നുമില്ല, രണ്ടും ഞാൻ നന്നായി ആസ്വദിച്ചു. കാരണം, ദിലീഷും ശ്യാമും ഫഹദുമായിരുന്നു ‘ ജോജി’ യുടെ നിർമാതാക്കൾ. അതിലൊരു നിർമാതാവ് എഴുതുന്നു, മറ്റേയാൾ സംവിധാനം ചെയ്യുന്നു, മൂന്നാമനൊപ്പം അഭിനയിക്കുന്നു. അവർക്കില്ലാത്ത ടെൻഷൻ എനിക്കുണ്ടാവേണ്ട കാര്യമില്ലല്ലോ... (ചിരിക്കുന്നു). സത്യം പറഞ്ഞാൽ ഓരോരുത്തരും ചെയ്യേണ്ട ജോലി കൃത്യമായി തന്നെ പ്ലാൻ ചെയ്തിരുന്നു. നിർമാതാക്കളുടെ തീരുമാനം നടപ്പാക്കുന്നതായിരുന്നു എന്റെ ജോലി. അസിസ്റ്റന്റ് ഡയറക്ടറായുള്ള അനുഭവം ഉള്ളതുകൊണ്ടും ‘ കുമ്പളങ്ങി നൈറ്റ്സി’ ന്റെ പ്രൊഡക്ഷൻ എങ്ങനെ നടന്നു എന്നറിയാവുന്നതുകൊണ്ടും ഒന്ന് ശ്രമിച്ചുനോക്കാം എന്ന ധൈര്യത്തിൽത്തന്നെയാണ് ജോജിയിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായത്. ‘ ജോജി’ യുടെ പിറവിമുതൽ ഞാനും ടീമിനൊന്നിച്ചിട്ടുണ്ട്. അതുകൊണ്ട് ബിൻസി എന്ന കഥാപാത്രത്തെ കൃത്യമായി അറിയാമായിരുന്നു. ആദ്യചർച്ചയിൽ ആ റോളിൽ എന്നെ കാസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. ചർച്ചകളുടെ ഒരുഘട്ടത്തിൽ ദിലീഷ് പോത്തൻ ‘ ബിൻസിയെ ഉണ്ണി ചെയ്യട്ടെ’ എന്ന് പറഞ്ഞപ്പോൾ ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു. എന്നോട് അടുപ്പമുള്ള ഒരാളായിരുന്നില്ല ബിൻസി. മധ്യകേരളത്തിലെ ഒരു പ്രമാണി കർഷകകുടുംബത്തിൽ ജീവിക്കുന്ന സ്ത്രീ. അതിലേക്ക് എന്നെ മോൾഡ് ചെയ്യുക എന്നതായിരുന്നു ഉത്തരവാദിത്വം.

അഞ്ചാം പാതിരയാണ് കരിയർ ബ്രേക്ക് ആയത്...

അതിനുമുമ്പ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ബ്രേക്ക് ആയത് അഞ്ചാംപാതിര തന്നെയാണ്. നിർമാതാവായ ആഷിഖ് ഉസ്മാനാണ് എന്നെ വിളിച്ച് റോൾ പറയാനുണ്ടെന്ന് അറിയിച്ചത്. മിഥുന്റെ അടുത്തുനിന്ന് കഥ കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ക്യാമറ ഷൈജു ഖാലിദ് ആയതുകൊണ്ട് ടെൻഷനില്ലായിരുന്നു. അദ്ദേഹത്തിന്റെ മുഖം നോക്കിയാൽ ഒരു ഷോട്ട് ഓക്കെ ആണോ, അല്ലയോ എന്നറിയാനാകും. കാരണം, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാൻ സിനിമയിലേക്ക് വന്നത്. ഒരുപിടി സിനിമകൾ ഷൈജു ഖാലിദിനൊപ്പം ചെയ്യാനും സാധിച്ചു. അതുപോലെ ചാക്കോച്ചൻ ഭയങ്കര ജെം ആണ്. ചാക്കോച്ചൻ ഉണ്ടെങ്കിൽ നമ്മൾ എപ്പോഴും കംഫർട്ടബിളാണ്. സെറ്റിന്റെ വൈബ്തന്നെ മാറും. പോലീസ് കഥാപാത്രമായതിനാൽ അഞ്ചാം പാതിരയിലെ കാതറിനാകാൻ ഫിസിക്കൽ ട്രെയിനിങ് ചെയ്തിരുന്നു.

സിനിമ എപ്പോഴാണ് സ്വപ്നമായി മാറിയത്

കൊച്ചി പള്ളുരുത്തി സ്വദേശിനിയാണ് ഞാൻ. സിനിമാപരിചയങ്ങളൊന്നും ചെറുപ്പംതൊട്ടേ ഇല്ല. ശാസ്ത്രീയനൃത്തം പഠിച്ചിരുന്നു. അച്ഛനോടും അമ്മയോടും ഞാനും ചേട്ടനും എപ്പോഴും പറയുന്ന ആവശ്യം സിനിമ കാണിക്കാൻ തിയേറ്ററിൽ കൊണ്ടുപോകണം എന്നതായിരുന്നു. ഹൈസ്കൂൾ കാലഘട്ടത്തിലാണ് സിനിമയെ വല്ലാതെ ഇഷ്ടപ്പെട്ടുതുടങ്ങിയത്. പിന്നീട് സിനിമ ഇഷ്ടപ്പെടുന്ന കുറെ കൂട്ടുകാരെ തിരുവനന്തപുരം സി. ഇ.ടി. എൻജിനിയറിങ് കോളേജിൽനിന്ന് കിട്ടി. ലോക സിനിമകളൊക്കെ കണ്ടത് ആ കാലഘട്ടത്തിലാണ്. സിനിമയുടെ പിറകിൽ എന്താണ് നടക്കുന്നതെന്ന് അന്നുതൊട്ടേ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു. ഏതെങ്കിലുംവഴിക്ക് എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റാനാകുമോ എന്നും നോക്കി. അതിനൊരു തുടക്കം എന്നോണം കുറച്ച് ടി.വി. ഷോകളൊക്കെ ചെയ്തു. അഭിനയിക്കാൻ തന്നെയായിരുന്നു ആഗ്രഹം. സിനിമ എന്ന മീഡിയത്തോടുള്ള ഇഷ്ടം തന്നെയാണ് ഈ മേഖലയിലേക്ക് എത്തിയപ്പോഴും വ്യത്യസ്തമായ ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർ, കാസ്റ്റിങ് ഡയറക്ടർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അങ്ങനെ കൗതുകം തോന്നുന്ന മേഖലകളിലാണ് ഇടപെട്ടുനോക്കുന്നത്.

പുതിയ പ്രോജക്ട് ഏതാണ്

ഞാൻ അഭിനയിക്കുന്ന അടുത്ത സിനിമ തീരുമാനിച്ചിട്ടില്ല. അഞ്ചാംപാതിര കഴിഞ്ഞപ്പോൾ വിചാരിച്ചിരുന്നു ഈ വർഷം രണ്ട് നല്ല സിനിമയെങ്കിലും ചെയ്യാനാകുമെന്ന്. എന്നാൽ, കോവിഡ് വന്നതോടെ എല്ലാ പ്രതീക്ഷകളും അവതാളത്തിലായി. ജോജി ഇറങ്ങിയപ്പോഴും പ്രതീക്ഷകൾ തുടർന്നു. രണ്ടാംതരംഗത്തിന്റെ രൂപത്തിൽ കോവിഡ് വീണ്ടും വില്ലനായിരിക്കുകയാണ്. (ചിരിക്കുന്നു). ‘ തങ്ക’ മാണ് ടീമിന്റെ അടുത്ത പ്രോജക്ട് എന്ന് വിചാരിക്കുന്നു. ജോജിയുടെ കോ-ഡയറക്ടറായിരുന്ന സഹീദ് അറാഫാത്താണ് സംവിധായകൻ. മറ്റൊരു കോ-ഡയറക്ടറായിരുന്ന റോയിയുടെ സിനിമയുടെ ചർച്ചകളും പുരോഗമിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് ചെയ്യാൻ പറ്റുന്ന പുതിയ എന്തേലും വന്നാൽ അതാകും ചിലപ്പോൾ ആദ്യം ചെയ്യുക.

(സിനിമാജീവിത വിശേഷങ്ങളെക്കുറിച്ച് ഉണ്ണിമായ പ്രസാദുമായി മുഖാമുഖം, മേയ് രണ്ടാംലക്കം ഗൃഹലക്ഷ്മിയിൽ വായിക്കാം)

content highlights : Unnimaya Prasad interview Joji Movie Fahad Faasil Dileesh Pothen Shyam Pushkaran