ന്ത്രണ്ടുവർഷം പിന്നോട്ടുപോയാൽ ഗുജറാത്തിൽനിന്ന് കൊച്ചിയിലേക്ക് ഉണ്ണി കുതിച്ചുവന്ന ട്രെയിൻകാണാം, ഓഡിഷനുകൾ കഴിഞ്ഞ് വെയിലേറ്റ് നടന്ന നഗരവീഥികൾ കാണാം. പന്ത്രണ്ടുവർഷങ്ങൾക്കിപ്പുറം കൊച്ചിയിലെ ആ നഗരവീഥികൾക്കുമുകളിൽ ഇന്നൊരു പടുകൂറ്റൻ ഹോഡിങ് തലയുയർത്തി നിൽക്കുന്നുണ്ട്. നായകന്റെ റോളിലും നിർമാതാവിന്റെ റോളിലും അഭിനയത്തിന്റെ പുതിയ ഉയരങ്ങൾ തേടുന്ന ഉണ്ണിമുകുന്ദൻ ആ ഹോഡിങ്ങുകളിൽ ‘മേപ്പടിയാനി’ലെ ജയകൃഷ്ണനായി നിറഞ്ഞുനിൽക്കുന്നുണ്ട്. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാനിലൂടെ യു.എം.എഫ്. എന്ന തന്റെ നിർമാണക്കമ്പനിക്കും തുടക്കംകുറിക്കുകയാണ് ഉണ്ണി. മസിലളിയൻ ഇമേജ് വിട്ട് മേപ്പടിയാനിൽ നാട്ടിൻപുറത്തെ സാധാരണക്കാരനായ ജയകൃഷ്ണനായി എത്തുമ്പോൾ പ്രതീക്ഷകളേറെയുണ്ട് ഉണ്ണി മുകുന്ദന്.

മേപ്പടിയാന്റെ കഥ കേട്ടപ്പോൾ ആദ്യം നിർമാതാവാകാനാണോ നായകനാകാനാണോ തീരുമാനിച്ചത്...

=2018-ലാണ് സംവിധായകനായ വിഷ്ണു എന്റെയടുത്ത് മേപ്പടിയാന്റെ കഥപറയുന്നത്. ഞാൻ ഇതുവരെചെയ്ത സിനിമകളിൽനിന്ന് വ്യത്യസ്ത പശ്ചാത്തലത്തിലുള്ള കഥയും കഥാപാത്രത്തെയും ഇഷ്ടമാവുകയും ചെയ്യാമെന്നുറപ്പിക്കുകയുമായിരുന്നു. ആദ്യം ഞാൻ നായകൻ മാത്രമായിരുന്നു. സത്യത്തിൽ ഇത് ഞാൻ നിർമിക്കേണ്ട സിനിമയായിരുന്നില്ല. ആദ്യഘട്ടത്തിൽ മറ്റൊരു നിർമാതാവായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി വന്നതോടെ ആ നിർമാതാവ് പിന്മാറി.  മാമാങ്കം, മിഖായേൽ തുടങ്ങിയ സിനിമകൾ ചെയ്തുകഴിഞ്ഞ സമയത്താണ് ഞാൻ ആദ്യ നിർമാണസംരംഭമായ ‘ബ്രൂസ് ലി’ എന്ന സിനിമ അനൗൺസ് ചെയ്തത്. ഉദയേട്ടന്റെ സ്‌ക്രിപ്റ്റിൽ വൈശാഖേട്ടൻ സംവിധാനംചെയ്യുന്ന സിനിമ. അതിനുപിന്നാലെയാണ് കോവിഡ് ലോക്‌ഡൗൺ വന്നത്. അതോടെ മറ്റ് സിനിമകളൊന്നും നടക്കാത്ത സ്ഥിതിവന്നു. മേപ്പടിയാനിലെ ജയകൃഷ്ണൻ എന്ന ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അല്പം തടി ആവശ്യമായിരുന്നു. ഈയൊരു നല്ല സിനിമ നിർമിച്ച് തന്നെ നിർമാണക്കമ്പനി തുടങ്ങാമെന്ന ചിന്തയിലാണ് മേപ്പടിയാൻ ഏറ്റെടുത്തത്. ലോക്‌ഡൗൺ കാലത്ത് ഞാൻ വണ്ണംവെക്കുകയും പിന്നാലെ ‘മേപ്പടിയാൻ’ ഷൂട്ട് ചെയ്യുകയുമായിരുന്നു. അഭിനേതാവ്, നിർമാതാവ് എന്നീനിലകളിൽ വലിയൊരു ചലഞ്ച് തന്നെയായിരുന്നു മേപ്പടിയാൻ. 58- ഓളം ലൊക്കേഷനുകൾ, സൈജുകുറുപ്പ്, അജുവർഗീസ്, ഇന്ദ്രൻസേട്ടൻ, അഞ്ജു കുര്യൻ തുടങ്ങി വലിയൊരു താരനിര. പുതുമുഖ നിർമാതാവ് എന്നനിലയിൽ എല്ലാം കോ-ഓർഡിനേറ്റ് ചെയ്യുക വലിയ ചലഞ്ചായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ പ്രത്യേക പെർമിഷൻ എടുത്താണ് പല സീനുകളും ഷൂട്ട് ചെയ്തത്.

കുടവയറുള്ള ജയകൃഷ്ണൻ എന്ന കഥാപാത്രത്തെക്കുറിച്ച് സിക്സ്പാക്കുള്ള ഉണ്ണി മുകുന്ദൻ ആദ്യമായി കേട്ടപ്പോൾ...

=സംവിധായകനായ വിഷ്ണു എന്റെയടുത്ത് മേപ്പടിയാന്റെ കഥപറയാൻ തീരുമാനിച്ചപ്പോൾ ഒരു പ്രമുഖ നായികയടക്കം പലരും പിന്തിരിപ്പിച്ചിരുന്നു. സംഘട്ടനരംഗങ്ങളില്ലാത്ത സിനിമ ഉണ്ണി മുകുന്ദൻ ചെയ്യില്ല, വെറുതേ അടൂരുനിന്ന് ഒറ്റപ്പാലത്തേക്കുള്ള വണ്ടിക്കാശ് കളയേണ്ട എന്നൊക്കെപ്പറഞ്ഞാണ് അവരെല്ലാം വിഷ്ണുവിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയത്. നോ പറയുന്നുണ്ടെങ്കിൽ നോ പറയട്ടെ എന്നുപറഞ്ഞ്‌ വലിയ പ്രതീക്ഷയൊന്നുമല്ലാതെവന്നാണ് വിഷ്ണു എന്റെയടുത്ത് കഥപറഞ്ഞത്. ഞാൻ ഓക്കെയായതും വിഷ്ണു പറഞ്ഞു ‘ഉണ്ണി, നമ്മൾ ആ മസിലളിയൻ ഇമേജ് പൊളിക്കാൻ പോകുകയാണ്. ആദ്യം ഉണ്ണി വണ്ണംവെക്കണം. കാരണം നാട്ടിൻപുറത്തെ  സാധാരണക്കാരനും നിഷ്കളങ്കനുമായ ജയകൃഷ്ണന് ഈ സിക്സ്പാക്കൊന്നും ആവശ്യമില്ല. അയാളൊരു ശാന്തസ്വഭാവക്കാരനാണ്’. വിഷ്ണുവിന്റെ ആ വാക്ക് ഒരു ചലഞ്ചായി ഏറ്റെടുത്താണ് മേപ്പടിയാനിലെ ജയകൃഷ്ണനിലേക്ക് കൂടുമാറ്റം നടത്തിയത്. തടികൂടി കുടവയറുവരെയെത്തി. എപ്പോഴും ശരീരം ഫിറ്റായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. വ്യായാമവുമായി അതിരാവിലെ തന്നെ എന്റെ ഓരോദിവസവും തുടങ്ങും. എന്നാൽ, നല്ലൊരു കഥാപാത്രത്തിനായി ഏത് ചലഞ്ചും എടുക്കാൻ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ ജയകൃഷ്ണനായത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തിനായി എന്റെ ഏറ്റവും മികച്ചതുതന്നെ നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

ഒരേസമയം നായകവേഷങ്ങളും വില്ലൻവേഷങ്ങളും സഹനായകവേഷങ്ങളുമെല്ലാം ചെയ്യുന്നു, നിർമാതാവാകുന്നു, പലവിധത്തിൽ സിനിമയെ അറിയാൻ ശ്രമിക്കുകയാണോ...

=നായകനായാൽ മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധങ്ങളൊന്നുമില്ല. നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനാകാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. അതിനാൽത്തന്നെയാണ് മിഖായേലിലും മാസ്റ്റർപീസിലുമൊക്കെ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തത്. നായകവേഷത്തിലല്ലാതെ ഞാനഭിനയിച്ച നാല് സിനിമകൾ മേപ്പടിയാന് ശേഷം റിലീസിനെത്തുന്നുണ്ട്. മേപ്പടിയാൻ കഴിഞ്ഞ് തടികുറയ്ക്കുന്ന സമയത്താണ് ‘ഭ്രമ’ത്തിലെ പോലീസ് കഥാപാത്രം ചെയ്തത്. അല്പം കോമഡി ടച്ചുള്ള ആ കഥാപാത്രം ഏറെ പ്രശംസനേടിത്തന്നു. അതിനുശേഷം മോഹൻലാൽ സാറിനൊപ്പം പൃഥ്വിരാജ് സംവിധാനംചെയ്യുന്ന ‘ബ്രോ ഡാഡി’, ജീത്തു ജോസഫ് സംവിധാനംചെയ്യുന്ന ‘ട്വൽത്ത് മാൻ’ എന്നീ രണ്ട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞു. രണ്ടും നല്ല അനുഭവങ്ങളായിരുന്നു. തെലുഗിൽ രവി തേജയോടൊപ്പം ‘ഖിലാഡി’ എന്ന സിനിമ പൂർത്തിയാക്കിക്കഴിഞ്ഞു. സാമന്തയും ഞാനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘യശോദ’ എന്ന തമിഴ്-തെലുഗ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. വേറെയും പ്രോജക്റ്റുകളുണ്ട്. ഇനിയും ഒരുപാടുദൂരം മുന്നോട്ടുപോകാനുണ്ടെന്നാണ് കരുതുന്നത്. കാരണം എന്റെ ആഗ്രഹങ്ങൾ വളരെക്കൂടുതലാണ്. കൂടുതൽ നല്ല സിനിമകൾ നിർമിക്കാനാണ് പദ്ധതി. ഒരുവർഷത്തിനപ്പുറം സംവിധാനവഴിയിലേക്കും കാലെടുത്തുവെക്കണം. സിനിമയിൽ ചെയ്യാൻപറ്റുന്ന എല്ലാ മേഖലകളിലും സാന്നിധ്യമറിയിക്കണമെന്നാണ് ആഗ്രഹം.

Content Highlights: Unni Mukundan Interview, Meppadiyan movie, Vishnu Mohan, Aju Varghese, Anju Kurian