തിര കൃഷ്ണനെ പെട്ടന്നൊന്നും ആരും മറക്കാനിടയില്ല. പിടിവാശിക്കാരിയും മുൻകോപിയുമായ ആതിരയായി ശരിക്കും നിറഞ്ഞാടുകയായിരുന്നു അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഉദാഹരണം സുജാതയിൽ കണ്ണൂരുകാരിയായ അനശ്വര രാജൻ. സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ നായിക മഞ്ജു വാര്യർക്കൊപ്പം തന്നെ ഇടം നേടിയിരുന്നു പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ അനശ്വര. തന്റെ കന്നിച്ചിത്രത്തിലെ അനുഭവങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കിടുകയാണ് പ്രേക്ഷകരെ കണ്ണീരണിയിച്ച അനശ്വര.

ആറായിരം പേരിലൊരുവള്‍
 

ഓഡിഷന്‍ വഴിയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു തോമസ് എന്റെ ഫാമിലി ഫ്രണ്ടാണ്. ലിജുച്ചേട്ടനാണ് ഓഡിഷന് ക്ഷണിച്ച് കൊണ്ടുള്ള പരസ്യം കാണിച്ചത്.  അതിലേക്ക് ഫോട്ടോ അയച്ചു കൊടുത്തു. ആറായിരത്തോളം പേർ ഫോട്ടോ അയച്ചിരുന്നു അതില്‍ നിന്ന് അറുപത് പേരെ അവസാന ഒഡിഷനിലേക്ക് വിളിച്ചു. അതില്‍ നിന്നാണ് ഞാന്‍ സെലക്ട് ആയത് 

ക്യാമറാ പേടി ഉണ്ടായിരുന്നോ?

ഞാന്‍ അഞ്ചാം ക്ലാസ് മുതല്‍ മോണോ ആക്ട് ഒക്കെ ചെയ്യാറുണ്ട്. സ്‌കൂളിലും നാട്ടിലെ പരിപാടികളിലുമൊക്കെ സ്‌കിറ്റുകളും നാടകങ്ങളുമൊക്കെ ചെയ്തിരുന്നു. പിന്നെ ഒരു ഷോര്‍ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ മേക്കപ്പ മാന്‍ രതീഷേട്ടനായിരുന്നു അതിന്റെ സംവിധായകന്‍. ഒഡിഷന് പോയപ്പോള്‍ ക്യാമറ ഫിയറൊക്കെ ഉണ്ടായിരുന്നു. പക്ഷെ എങ്ങനെ ക്യാമറയെ ഫേസ് ചെയ്യണമെന്നൊക്കെ അന്ന് രതീഷേട്ടന്‍ കുറച്ചൊക്കെ പറഞ്ഞു തന്നിരുന്നു. 

anaswara
അനശ്വര. ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ്


മഞ്ജു ചേച്ചി എന്ന ചിരിക്കുടുക്ക

മഞ്ജു ചേച്ചിയെ കാണാന്‍ കഴിഞ്ഞത് തന്നെ എന്റ വലിയ ഭാഗ്യമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചേച്ചിയോട് ചോദിക്കണമെന്ന് സംവിധായകന്‍ ഫാന്റം ചേട്ടന്‍ പറഞ്ഞിരുന്നു. ചേച്ചി പറഞ്ഞു എന്തുണ്ടെങ്കിലും ചോദിച്ചോളൂ ഞാനും എന്തെങ്കിലും സംശയണ്ടെങ്കില്‍ ചോദിച്ചോളാമെന്ന്. എപ്പോഴും ചിരിച്ചോണ്ടാണ് മഞ്ജു ചേച്ചിയെ കാണാന്‍ സാധിക്കുക. അത് കാണുമ്പോ തന്നെ ഒരു പോസറ്റീവ് എനര്‍ജി ആണ്. സെറ്റിലൊക്കെ ചേച്ചി ഫുള്‍ കോമഡിയാണ്.

മഞ്ജു ചേച്ചി തന്ന സമ്മാനം

ഷൂട്ടിങ് ഏതാണ്ട് പകുതിയായപ്പോൾ ചേച്ചി എനിക്കൊരു സമ്മാനം തന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലം എന്ന പുസ്തകം. അതില്‍ അനശ്വരയ്ക്ക് ആമിയുടെ ആശംസകള്‍ എന്നെഴുതിയിരുന്നു. പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട് ഞാനത്.

കരഞ്ഞ് കരഞ്ഞ് ഒരു വഴിയായി
 

സിനിമ പാക്കപ്പിന്റെ സമയത്ത് വല്ലാത്ത അവസ്ഥയായിരുന്നു. ഒരു കുടുംബം പോലെ ആയിരുന്നു ഇത്ര നാളും. പെട്ടെന്ന് പിരിയേണ്ടി വന്നപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. എല്ലാവരും  കരച്ചിലായി അന്ന്. കരയണത് അവരാരും കാണണ്ട എന്ന് കരുതി ഞാന്‍ എന്റെ വണ്ടീടെ അടുത്ത് പോയി. നടന്നോണ്ടിരിക്കുമ്പോഴൊക്കെ ഞാന്‍ കരയായിരുന്നു. അവിടെ എത്തിയതും പൊട്ടിക്കരഞ്ഞു പോയി.

udhaharanam sujatha
അനശ്വര. ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ്

ആ സീന്‍ ഞാന്‍ പൊളിച്ചടുക്കി

മറക്കാനാവാത്ത അനുഭവമാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. വല്ലാത്ത ഇമോഷണല്‍ സീന്‍ ആയിരുന്നു. നന്നായി വരുമോയെന്ന് എല്ലാവരും പേടിച്ചിരുന്ന സീനായിരുന്നു അത്. അതിന്റെ ഒരു മൂഡിലേക്കെത്താന്‍ വേണ്ടി അന്നത്തെ ദിവസം മുഴുവന്‍ ആരോടും മിണ്ടരുതെന്ന് എന്നോട് പറഞ്ഞു. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. ആ സീനെടുക്കുമ്പോള്‍ മഞ്ജു ചേച്ചി എന്റെ കൈ മുറുക്കെ പിടിച്ച് ശരിയാകുമെന്നു പറയണുണ്ടായിരുന്നു. മൂന്നാമത്തെ ടേക്കില്‍ അത് ഓക്കേ ആയപ്പോള്‍ മാർട്ടിൻ ചേട്ടനും  സംവിധായകന്‍ ഫാന്റം പ്രവീണ്‍ ചേട്ടനുമൊക്കെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു... തകര്‍ത്തു മോളെ.

സൂപ്പര്‍ കൂള്‍ ഫാന്റം ചേട്ടന്‍

ഷൂട്ടിനിടയ്ക്ക് അങ്ങനെ കുറെ വഴക്കൊന്നും കിട്ടീട്ടില്ല. പക്ഷെ ഒരു സീന്‍ മാത്രം എത്ര ചെയ്തിട്ടും ശരിയായില്ല കുറെ ടേക്കുകളായി. അപ്പോ ഫാന്റം ചേട്ടന്‍ ഇത്തിരി ദേഷ്യത്തില്‍ എന്നോട് പറഞ്ഞു തമാശ കളിക്കാതെ ശരിക്കു ചെയ്യാന്‍. എനിക്കത് ഭയങ്കര വിഷമമായി. അന്ന് ലഞ്ച് ബ്രേക്കിന് ഞാന്‍ ഒന്നും  കഴിച്ചില്ല അപ്പോള്‍ ഫാന്റം ചേട്ടന്‍ എന്റെ അടുത്ത് വന്ന് എന്താ ഭക്ഷണം കഴിക്കാതിരുന്നതെന്ന് ചോദിച്ചു. എന്നിട്ട് പറഞ്ഞു എടീ എന്തിനാ നീ വിഷമിക്കുന്നതെന്ന്, ഞാനല്ലേ നിന്നെ വഴക്കു പറഞ്ഞത്. എന്തിനാ അതിത്ര കാര്യമാക്കുന്നതെന്ന് ചോദിച്ച് സീന്‍ കൂളാക്കി. അത് പോലെ വേറൊരു സീന്‍ ഉണ്ടായിരുന്നു. അമ്മയോട് സംസാരിക്കുന്ന രംഗം. കുറെ ടേക്ക് എടുത്തിട്ടും ശരിയായില്ല. എനിക്കാകെ സങ്കടമായി.  ഞാന്‍ ഫാന്റം ചേട്ടന്റെ അടുത്ത് പോയി പറഞ്ഞു, സോറി എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. അപ്പൊ ചേട്ടന്‍ പറഞ്ഞു എടീ നിന്നെക്കൊണ്ടല്ലാതെ ആര്‍ക്കാ ഇത് പറ്റുക. നാളെ രാവിലെ നമ്മള്‍ ഈ സീന്‍ എടുക്കുമ്പോള്‍ ഒറ്റ ടേക്കില്‍ ഓക്കേ ആകും. നിനക്കതിന് പറ്റുമെന്ന് പറഞ്ഞ് കുറെ എന്‍കറേജ് ചെയ്തു.

udhaharanam
അനശ്വര. ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ്

കലിപ്പെന്നോട് വേണ്ടേ

പടത്തിലെ കലിപ്പ് സീന്‍ എടുക്കാന്‍ ഭയങ്കര  ബുദ്ധിമുട്ടായിരുന്നു. ദേഷ്യപ്പെടണ സീനുകള്‍ എടുക്കുന്നതിന് മുന്‍പ് ആരോടും മിണ്ടരുതെന്നും ഒറ്റയ്ക്കിരിക്കണമെന്നുമൊക്കെ എന്നെ ചട്ടം കെട്ടും . ഞാനാണെങ്കില്‍  സ്‌കൂളിലെ പിള്ളേരൊക്കെയായി ഭയങ്കര കമ്പനി ആയിരുന്നു. മിണ്ടാതിരിക്കാനും പറ്റുന്നില്ല. ഞാനും അവരുടെ കൂടെ ഡാന്‍സ് കളിച്ചും മറ്റും അലമ്പായി നടക്കും. അതിന് കുറെ ചീത്ത കേട്ടിട്ടുണ്ട്. എല്ലാവരും കട്ട സപ്പോര്‍ട് ആയിരുന്നു.

സുജാതയ്ക്ക് ശേഷം ഓട്ടം തന്നെ ഓട്ടം

സിനിമ  ഇറങ്ങിയപ്പോൾ  കാര്യങ്ങള്‍ മൊത്തത്തില്‍ മാറി. ഇപ്പൊ ഉദ്ഘാടനങ്ങള്‍, അനുമോദനങ്ങള്‍ ഒക്കെയായി ഭയങ്കര ബിസിയാ. അതിന്റ അഹങ്കാരൊന്നൂല്ല്യാട്ടോ. കുറേ ആള്‍ക്കാര്‍ ഫോണ്‍ വിളിച്ചു സിനിമ നന്നായെന്ന് പറഞ്ഞു.
 
ഫ്രണ്ടസൊക്കെ കട്ട സപ്പോര്‍ട്ടാ. ചെറിയൊരു സ്റ്റാറാണപ്പോ. പണ്ടൊക്കെ സ്‌കൂള്‍ വിട്ടാല്‍ നേരെ വീട്ടില്‍ വരായിരുന്നു. ഇപ്പോള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ യൂണിഫോം മാറി നേരെ പരിപാടികള്‍ക്ക്  ഓടും 

ടീച്ചര്‍മാര്‍ കാത്തിരുന്ന സിനിമ

എന്റെ സ്‌കൂളില്‍ നിന്ന്  എല്ലാ കുട്ടികളെയും കൊണ്ട് പോയി സിനിമ കാണിച്ചിരുന്നു. അത് ഞാനതില്‍ അഭിനയിച്ചത് കൊണ്ട് മാത്രല്ലട്ടോ. കുട്ടികള്‍ കണ്ടിരിക്കേണ്ട പടമാണെന്ന് പറഞ്ഞിട്ടാണ്. അവര്‍ ഇങ്ങനൊരു പടം കാത്തിരിക്കുകയായിരുന്നു. ഞാനും അവരുടെ കൂടെ ഇരുന്നു സിനിമ കണ്ടു. സത്യം പറഞ്ഞാല്‍ കൂടെ ഇരിക്കുന്നവര്‍ കരയണ കണ്ടപ്പോള്‍ ആദ്യായിട്ട് എനിക്ക് സന്തോഷം തോന്നി. എന്നെകൊണ്ട് ഇത്രയെങ്കിലും സാധിച്ചല്ലോ എന്നോര്‍ത്ത്. നീ തന്നെയാ ഇതെന്നാണ് കൂട്ടുകാരൊക്കെ പറഞ്ഞത്

സിനിമാ നടിയാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല

സിനിമയില്‍ വരണമെന്ന സ്വപ്നമൊന്നും എനിക്കുണ്ടായിരുന്നില്ല. എന്റെ വീട് ഒരു നാട്ടുംപുറത്താണ്. ഇവിടെ ഒക്കെ സിനിമ വേറൊരു ലോകമാണ്. മാത്രല്ല സിനിമയുമായി ബന്ധമുള്ളവരാരും എന്റെ വീട്ടിലില്ല. അച്ഛന്‍, അമ്മ ചേച്ചി എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് എന്റേത്. മഞ്ജു ചേച്ചിയെ പോലുള്ളവരൊക്കെ സിനിമയില്‍ വരുന്നതിന് മുന്‍പ് കലാതിലകമൊക്കെ ആയിരുന്നു. എനിക്കാണെകില്‍ അങ്ങനെയുള്ള അനുഭവങ്ങളുമില്ല. അത് കൊണ്ട് സിനിമയില്‍ കേറണ് കാര്യമേ ഞാന്‍ ചിന്തിച്ചിരുന്നില്ല. വീണുകിട്ടിയ ഭാഗ്യമാണ് ഉദാഹരണം സുജാത. ഷോര്‍ട് ഫിലിം ചെയ്യാണ സമയത് തോന്നിയിരുന്നു സിനിമയില്‍ വന്നിരുന്നെങ്കിലെന്ന്. പക്ഷെ അതിന് വേണ്ടി ഒരു പരിശ്രമവും ചെയ്തിരുന്നില്ല. 

എന്റെ കട്ട സപ്പോര്‍ട്ടേഴ്‌സ്

ഓഡിഷന് പോകുമ്പോള്‍  എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല കിട്ടുംന്ന്. ചുമ്മാ ഒന്ന് പോയി വരാനാ വീട്ടുകാരും പറഞ്ഞത്.  പക്ഷെ ഇതെനിക്ക് കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കുറെ ആള്‍ക്കാരുണ്ടായിരുന്നു . എന്റെ ചേട്ടന്‍, ചേച്ചിയുടെ ഫ്രണ്ട്‌സ് അങ്ങനെ കുറെ പേര്. അവിടെ ചെന്ന് ആ സെറ്റപ്പൊക്കെ കണ്ടപ്പോഴും ഓഡിഷന്‍ കഴിഞ്ഞപ്പോഴും പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല . അപ്പോഴാണ് അവര്‍ പറഞ്ഞെ അനശ്വരയും പേരന്റ്‌സും പോകല്ലേന്ന്. വീണ്ടും എന്നെ കൊണ്ട് രണ്ട മൂന്ന് സീനൊക്കെ ചെയ്യിപ്പിച്ചു. എന്നിട്ട് പറഞ്ഞു സെലക്ട് ആയാല്‍ അറിയിക്കാമെന്ന്. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോഴാ വിളിച്ചു പറഞ്ഞെ ഞാന്‍ സെലക്ട് ആയെന്ന്. 

anaswara
അനശ്വര. ഫോട്ടോ: പുഷ്പജൻ തളിപ്പറമ്പ്

കിളി പോയ മൊമന്റ്

സെലക്ഷനായിന്നും പറഞ്ഞു കോള്‍ വന്നപ്പോള്‍ ഞാന്‍ കിളി പോയ അവസ്ഥയിലായിരുന്നു. സത്യമായും എനിക്ക് കിട്ടിയോ എന്ന അങ്കലാപ്പിലായിരുന്നു. എന്റെ ചേച്ചിയൊക്കെ ഭയങ്കര ത്രില്ലിലായിരുന്നു വീട്ടില്‍ കിടന്നു തുളിച്ചാട്ടമായിരുന്നു.

അമ്മോടല്ലാതെ വേറാരോടാ വഴക്കുണ്ടാക്കുക

ഞാനും അമ്മയുമായി മുട്ടന്‍ വഴക്കൊക്കെ ഉണ്ടാകാറുണ്ട്. പക്ഷെ ആതിരാ കൃഷ്ണനെ പോലെ അത്രയ്ക്കങ്ങ് അമ്മയെ വിഷമിപ്പിക്കാറില്ല. അത്യാവശ്യത്തിന് വാശിയും വഴക്കുമൊക്കെ കയ്യിലുണ്ട്. പിന്നെ അമ്മേടെ അടുത്തല്ലേ അതൊക്കെ എടുക്കാന്‍ പറ്റുള്ളൂ. രാവിലെ എഴുന്നേൽക്കാത്തതിനാണ് കൂടുതല്‍ വഴക്കും കിട്ടാറുള്ളത്. വിളിച്ചിട്ട് എഴുന്നേറ്റില്ലെങ്കില്‍ അമ്മ വന്ന് മുഖത്ത് വെള്ളം കുടയും. അപ്പൊ ഞങ്ങള്‍ വഴക്ക് തുടങ്ങും. പഠിക്കാന്‍ പറഞ്ഞ് വലിയ കലാപമുണ്ടാകാറില്ലട്ടോ. അത്ര വലിയ പഠിപ്പിസ്റ്റൊന്നുമല്ലെങ്കിലും തരക്കേടില്ലാത്ത മാര്‍ക്കൊക്കെ ഞാന്‍ വാങ്ങാറുണ്ട്. പിന്നെ തല്ലൊക്കെ നല്ല പോലെ വാങ്ങിക്കൂട്ടാറുണ്ട്. മിക്കതും ചേച്ചിയുമായി വഴക്കുണ്ടാക്കിയതിനാകും. 

അമ്മ പറഞ്ഞു; ഇത്ര പ്രതീക്ഷിച്ചില്ലെന്ന്, ചേച്ചി പറഞ്ഞു നീയൊരു പ്രസ്ഥാനമാണെന്ന്

എറണാകുളത്ത് വെച്ചാ ഞങ്ങള്‍ സിനിമ കണ്ടത്. കഴിഞ്ഞപ്പോള്‍ അമ്മ കരഞ്ഞ മട്ടുണ്ടായിരുന്നു. കണ്ണൊക്കെ കലങ്ങിയിട്ടുണ്ടായിരുന്നു. അമ്മ കണ്ണൊക്കെ തുടച്ച് എന്റെ അടുത്ത് വന്ന് പറഞ്ഞു ഇത്ര പ്രതീക്ഷിച്ചില്ലെന്ന്. പിന്നെ അമ്മ പറഞ്ഞത് ആതിര തന്നെയാ ഞാനെന്നാ... അത് സ്‌നേഹം കൊണ്ടാട്ടോ.. ഞാന്‍ പാവാ. ചേച്ചി തിയ്യറ്ററില്‍ വച്ചൊന്നും പറഞ്ഞില്ല. വീട്ടീലെത്തീട്ടും കുറെ നേരം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു നീ ഒരു പ്രസ്ഥാനമാണെടീന്ന്.

ഞാന്‍ ഒരു വായാടിയാണേ
 

ഞാനെപ്പോഴും ഇങ്ങനെ സാംസാരിച്ച് കൊണ്ടേയിരിക്കും. ഇടക്കെങ്കിലും വായടച്ചു വയ്ക്കാന്‍ ഫ്രണ്ട്‌സൊക്കെ പറയാറുണ്ട്. ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഒന്ന് മിണ്ടാതിരിക്കാന്‍ പറയും അവര്‍. കഴിക്കുന്ന ഫുഡൊക്കെ അപ്പോൾ തന്നെ  ദഹിക്കുമത്രേ അതാണ് ഞാന്‍ തടി വയ്ക്കാത്തതെന്ന്.

ദുല്‍ഖറാണെന്റ സ്വപ്‌നം

ദുല്‍ഖറിന്റെ കട്ട ഫാനാണ് ഞാന്‍. ചാര്‍ളിയാണെന്റെ ഫേവറിറ്റ് സിനിമ. ദുല്‍ഖറിന്റെ കൂടെ അഭിനയിക്കണം എന്നതാണ് വലിയ സ്വപ്‌നം. അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും ഒന്ന് നേരില്‍ കാണാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു.

udaaharanam sujatha anaswara rajan manju warrier movie interview malayalam movie mathrubhumi joju martin prakkat movie news