ടോവീനോ തോമസ് നായകനായി എത്തുന്ന തരംഗം എന്ന സിനിമ പ്രേക്ഷകന്റെ മനസ്സിൽ തീരാച്ചിരിയുടെ തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് സംവിധായകൻ ഡൊമിനിക് അരുൺ പറയുന്നത്. സിനിമ എന്നാൽ ഒരു വിനോദോപാധിയാണ്. ഇത്തരത്തിൽ പ്രേക്ഷകന് മനസ്സ്  തുറന്ന് ചിരിക്കാനും ആസ്വദിക്കാനുമായാണ് തരംഗം  ഒരുക്കിയിരിക്കുന്നത്. 

ടൊവീനോ അവതരിപ്പിക്കുന്ന  പപ്പൻ്റെയും (പത്മനാഭൻ ) ബാലുവിൻ്റെയും (ജോയി) ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് തരംഗത്തിന്റെ പ്രമേയം. ഒരു ട്രാഫിക് പോലീസുകാരനാണ് പപ്പൻ. സ്വാര്‍ഥനായ പപ്പൻ്റെ ആത്മസുഹൃത്താണ് ജോയി. പപ്പനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ജോയിയും സ്വന്തം കാര്യം മാത്രം നോക്കുന്ന പപ്പനും ഒപ്പം പപ്പൻ്റെ  ലിവിംഗ് ടുഗതര്‍ പാട്നര്‍ മാലുവും ചേര്‍ന്നാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. തരംഗത്തിൻ്റെ പറഞ്ഞു തീരാത്ത വിശേഷങ്ങൾ മാത്യഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ.

തരംഗം ഒരു വിനോദത്തിനുവേണ്ടി മാത്രമുള്ള ചിത്രം

സിനിമ   ഒരു വിനോദോപാധിയാണ്. അതിനാൽ പ്രേക്ഷകന് മനസ്സ്  തുറന്ന് ചിരിക്കാനും ആസ്വദിക്കാനുമാണ് തരംഗം  ഒരുക്കിയിരിക്കുന്നത് തന്നെ. സാധാരണ സിനിമകളിൽ വാക്കുകളിലൂടെയാണ് തമാശകൾ അവതരിപ്പിക്കാറുള്ളത്. എന്നാൽ തരംഗത്തിൽ ഇതിന് വ്യത്യസ്തമായ സിറ്റുവേഷണൽ കോമഡിയാണ് ഉള്ളത്. ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങളിലൂടെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകര്‍ക്ക്   ഒരു മുഴുനീള ചിരി സമ്മാനിക്കുന്ന ചിത്രമാണ് തരംഗം.

ടൊവീനോയുടെ പപ്പൻ

Tharangam

ടൊവീനോ എൻ്റെ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ അഞ്ച് വര്‍ഷത്തോളമായി പരിചയമുണ്ട്. ആദ്യം ചിത്രത്തിലേക്ക് എൻ്റെ മനസ്സിലുണ്ടായിരുന്നത് മറ്റൊരു നടനായിരുന്നു. എന്നാൽ കഥ പൂര്‍ണമായപ്പോൾ അത് ടൊവീനോ ചെയ്താൽ  നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് കഥയുമായി ടൊവീനോയുടെ അടുത്ത് എത്തുന്നത്. ആദ്യം ഞാൻ ആ കഥ പറയുന്നതും ടൊവീനോയോടാണ്. നിര്‍മാതാവ് പോലും പിന്നീടാണ് വന്നത്.

എനിക്ക് വിശ്വാസമുണ്ട്

സിനിമാ മേഖലയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും നല്ല ചിത്രങ്ങൾ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് എൻ്റെ വിശ്വാസം. തരംഗം ഒരു മുഴുനീള തമാശ ചിത്രമാണ്. നിരവധി നര്‍മ നിമിഷങ്ങൾ ഇതിലുണ്ട്. അതിൽ പ്രേക്ഷകര്‍ തരംഗത്തിനെ ഇരു കെെയും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. 

ധനുഷ് മികച്ച നിര്‍മാതാവ്

ചിത്രത്തിൻ്റെ കഥയും താരങ്ങളുമൊക്കെ ആയപ്പോഴും നിര്‍മാതാവായി ആരും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുകുമാര്‍ തെക്കേപ്പാടിനെ കാണുന്നത്. ആദ്ദേഹം വഴിയാണ് വിനീത് സ്റ്റുഡിയോസിലെ വിനോദിന് അരികിലെത്തുന്നത്.  വിനോദിൻ്റെ അടുത്ത സുഹൃത്തായ ധനുഷിനടുത്ത് എത്തുന്നത്. ആ സമയത്ത് അദ്ദേഹം മലയാള സിനിമയിൽ നല്ലൊരു ചിത്രം നിര്‍മിക്കാൻ കാത്തിരിക്കുകയായിരുന്നു.  

നമ്മൾ പറഞ്ഞ കഥ കൃത്യമായി ചിത്രീകരിച്ചു നൽകുക എന്നതായിരുന്നു ധനുഷിൻ്റെ മനോഭാവം. എല്ലാ മേഖലകളിലും സംവിധായകന് പൂര്‍ണ സ്വാതന്ത്ര്യം നൽകും. നിര്‍മാതാവെന്ന നിലയിൽ ധനുഷ് വളരെ മികവ് പുലര്‍ത്തുന്ന ഒരാളാണ്. സംവിധായകന് സര്‍ഗാത്മക സ്വാതന്ത്ര്യം നൽകുന്നൊരു നിര്‍മാതാവാണ് അദ്ദേഹം.

നായിക ടൊവീനോയെ തല്ലി

Tharangam

തരംഗത്തിൻ്റെ ചിത്രീകരണവും വളരെ രസകരമായിരുന്നു. എല്ലാ ദിവസവും നിരവധി തമാശകൾ നിറഞ്ഞതായിരുന്നു. ചിത്രത്തിലെ ഒരു രംഗമുണ്ട് ഒരു കുപ്പി വീണ് പൊട്ടുന്നതാണ് സംഭവം. അൾട്രാ മോഷൻ ഷോട്ടിലാണ് രംഗം ചിത്രീകരിക്കുന്നത്. ആകെ നാലു കുപ്പികളാണ് കരുതിയിരുന്നത്. എന്നാൽ മൂന്ന് കുപ്പികളും ചിത്രീകരണത്തിന് മുമ്പ് പൊട്ടിപ്പോയി. അവസാനം ഒരു കുപ്പിമാത്രം. ആ ഷോട്ട് കിട്ടിയില്ലെങ്കിൽ ഷൂട്ടിങ് എന്നതായിരുന്നു അവസ്ഥ.

അങ്ങനെ ഷൂട്ടിങ്ങിന് റെഡിയായി നിൽക്കുമ്പോൾ ഞാൻ സ്റ്റാർട്ട് ക്യാമറ പറഞ്ഞു. ഒരു മൊബെെൽ ഫോണിൽ രംഗം ചിത്രീകരിക്കാൻ നിൽക്കുകയാണ് ബാലു. ക്യാമറ എന്ന് കേട്ടതും ബാലു റോളിങ്ങ് എന്ന് പറഞ്ഞു. ഉടനെ ഞാൻ അക്ഷൻ പറഞ്ഞു. ഇതു കേട്ടതും അസോസിയേറ്റ് ഡയക്ടര്‍ കുപ്പി പൊട്ടിച്ചു. കുപ്പിയും പൊട്ടി ക്യാമറയിൽ കിട്ടിയതും ഇല്ല. ഇത് കണ്ടതും ബാലു പിറകിലൂടെ ഒാടി. പക്ഷേ എന്തോ ഭാഗ്യത്തിന് അത് ഷൂട്ട് ചെയ്തു.

അതുപോലെ ടൊവീനോയുടെ ഒരു രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് രംഗം. ചിത്രീകരണം സ്വഭാവികമാകാനായി ഞാൻ നായികയോട് ശരിക്കും ടൊവീനോയെ തല്ലാൻ പറഞ്ഞു. എന്നാൽ യഥാര്‍ഥത്തിലാണ് തല്ലുന്നത് എന്ന് ടൊവീനോയോട് പറഞ്ഞില്ല. നായിക ചെകിടത്ത്  നല്ല രണ്ട് തല്ലും കൊടുത്തു. ഷൂട്ടിന് ഇടയിലായതിനാൽ ടൊവീനോയ്ക്ക് പ്രതികരിക്കാനും സാധിച്ചില്ല. അതിനുശേഷം ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

വ്യത്യസ്തമായ ടീസര്‍

Tharangam

തരംഗത്തിൻ്റെ  ടീസര്‍ തികച്ചും വ്യത്യസ്തമായാണ് ഞങ്ങൾ അവതരിപ്പിച്ചത്. അതിൽ അഭിനേതാക്കൾ ആരുമില്ല. ശബ്ദങ്ങൾ മാത്രം. അത് ഒരു പരീക്ഷണം തന്നെയായിരുന്നു. സിനിമയിലെ ഒരംഗം തന്നെയാണ് ടീസറിലുള്ളത്. സിനിമ കാണുന്നവര്‍ക്ക് മാത്രമേ ടീസറിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന്  മനസ്സിലാവുകയുള്ളു. 

സിനിമയിലേക്കുള്ള യാത്ര

വിപ്രോയിൽ അഞ്ച് വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് രാജിവെച്ച് മുഴുവൻസമയ സിനിമാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. തുടര്‍ന്ന് സെക്കൻഡ്സ്,  മണിരത്നം എന്നീ സിനിമകളിൽ പ്രവര്‍ത്തിച്ചു. സ്റ്റെൽ എന്ന തമിഴ് ചിത്രത്തിലും സഹ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ കുറച്ചുകൂടി നേരത്തെ ജോലി രാജിവെക്കാമായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്.