മായാനദി എന്ന ചിത്രമാണ് ആരാധകർക്കുള്ള ടൊവിനോ തോമസിന്റെ ക്രിസ്മസ് സമ്മാനം. ആ ചിത്രവും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് താരത്തിനുറപ്പാണ്.വിട്ടുവീഴ്ചയില്ലാതെ ഏറെ ആത്മാർഥതയോടെ പുതുമയാർന്ന കഥാപാത്രങ്ങളിലൂടെയാണ് ടൊവിനോയുടെ യാത്ര. അത് തമിഴ്സിനിമവരെ എത്തി.പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്ര വിശേഷങ്ങളുമായി ടൊവിനോ...

എന്താണ് ആഷിക് അബു ടീമിനോടൊപ്പം ഒന്നിച്ച ‘മായാനദി’യുടെ പുതുമകൾ?

സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ക്രിസ്മസ് സമ്മാനമായിരിക്കും മായാനദി. അത് മനോഹരമായ പ്രണയചിത്രമാണ്. ചിത്രത്തിലെ മാത്തൻ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടതു മുതൽ ഞാൻ ത്രില്ലിലായിരുന്നു. ഏറെ മിസ്റ്റീരിയസായ കഥാപാത്രം. ചിത്രത്തെക്കുറിച്ച് പറയാൻ ഒരുപാടുണ്ട് എന്നതാണ് സത്യം. അത് നേരത്തേ പറഞ്ഞാൽ ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കും.
ചിത്രത്തിലെ ഓരോ ഷോട്ടും ഏറെ ആസ്വദിച്ചാണ് ഞാൻ അഭിനയിച്ചത്. മായാനദി ഒരു രസകരമായ സങ്കല്പമാണ്. അതുപോലെ വിസ്മയിപ്പിക്കുന്ന ജീവിത പ്രവാഹത്തിന്റെ കഥയാണീ ചിത്രം പറയുന്നത്.

ഈ യാത്രയിൽ കഷ്ടപ്പാടുണ്ടോ?

സിനിമാഭിനയം, ഫാമിലി, സൗഹൃദം ഇവയെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുക എന്നത് സാധാരണ ശ്രമകരമാണ്. എന്റെ കാര്യത്തിൽ ഏറെ ആഗ്രഹിച്ച് കിട്ടിയ അംഗീകാരമാണ് ഈ നടനെന്ന പദവി. അതെല്ലാവർക്കും അറിയാം. അതുകൊണ്ട് എല്ലാവരും അഡ്ജസ്റ്റ് ചെയ്യും. സിനിമയിൽ കിട്ടുന്ന നല്ല കഥാപാത്രങ്ങൾ പൂർണതയിൽ എത്തിക്കാൻ നമ്മളനുഭവിക്കുന്ന ചില മാനസിക സംഘർഷങ്ങളുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങൾ ആ കഥാപാത്രങ്ങളെ ബാധിക്കാൻ പാടില്ല. വരാൻ പോകുന്ന ചിത്രങ്ങളുടെ ആശങ്ക, അതിനുവേണ്ട ഹോംവർക്കുകൾ, ഇതൊന്നും ബാധിക്കാതെ മുന്നോട്ട്പോകണം.

‘മറഡോണ’ എന്ന ചിത്രത്തിൽ ആദ്യം ചിത്രീകരിച്ചത് ഏഴുദിവസം നീണ്ട ഫൈറ്റായിരുന്നു. അത് ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ കാൽ അടിമറിഞ്ഞ് ഞാൻ വീണു. ബാക്കി ആറ്‌ ദിവസം കാലിൽ ബാന്റേജിട്ട് വേദന കടിച്ചമർത്തിയാണ് ഞാൻ അഭിനയിച്ചത്. എന്റെ പ്രയാസം ഞാൻ മാത്രം അനുഭവിച്ചു. നടന്മാർക്ക് അവധിയും ഞായറാഴ്ചയും ഇല്ല. ഇതെന്റെ പരാതിയല്ല. മറ്റൊരു തരത്തിൽ ഞാൻ ഇതിനെ ആസ്വദിക്കുന്നുണ്ട്. കാരണം സിനിമയിൽ വരുക, തിരക്കുള്ള നടനാകുക... ഞാൻ ആഗ്രഹിച്ചതും ഇതൊക്കെയാണ്...

കമലിന്റെ ‘ആമി’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന് പകരക്കാരനായി എത്തിയപ്പോൾ ടൊവിനോ വാർത്തയിൽ നിറഞ്ഞുനിന്നു...?

-സത്യത്തിൽ അതൊന്നും വലിയ വാർത്തയാകേണ്ട കാര്യമല്ല. വർഷങ്ങൾ നീണ്ട സൗഹൃദം  ഞാനും പൃഥ്വിയുമായുണ്ട്. കമൽസാർ ആമിയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ ആദ്യം വിളിച്ചത് പൃഥ്വിയെയാണ്. ‘നീ എന്തായാലും അത് ചെയ്യണമെന്ന്’ അദ്ദേഹം പറഞ്ഞു. നിജസ്ഥിതി അറിയാത്തവരാണ് പൃഥ്വിയെ മാറ്റി ടൊവിനെ എടുത്തു എന്നൊക്കെ വാർത്ത പരത്തിയത്. ടൊവിനോയുടെ ഓരോ ചിത്രവും  ഏതെങ്കിലും തരത്തിൽ പുതുമ അവകാശപ്പെടാൻ കഴിയുന്നതായിരിക്കും.

പ്ലാനിങ്ങിലൂടെയാണോ മുന്നോട്ടുള്ള യാത്ര?

തിയേറ്ററിൽ പോയി കാണാൻ സാധ്യതയുള്ള കഥയുള്ള ചിത്രത്തിൽ അഭിനയിക്കാനാണ് എനിക്കിഷ്ടം. നായകനാകുന്ന ചിത്രങ്ങളിൽ മാത്രമല്ല ഞാൻ അഭിനയിക്കുന്നത്. എനിക്ക് സ്വസ്ഥതയും സന്തോഷവും തരുന്ന ചിത്രങ്ങളിലെല്ലാം ഞാൻ അഭിനയിക്കുന്നുണ്ട്.

ഓരോ കഥാപാത്രത്തിനും ഓരോ രൂപം, ഇപ്പോഴും ഫിസിക്കൽ ഫിറ്റ്നസ്സിന് പ്രാധാന്യം കൊടുക്കാറുണ്ടോ?

ഭക്ഷണപ്രിയനായ വ്യക്തിയാണ് ഞാൻ. എന്നാലും  കഥാപാത്രങ്ങൾക്കനുസരിച്ച് ശരീരം ഒരുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. മായാനദിയിലെ ലുക്കിനേക്കാൾ ആറ്‌ കിലോ ഭാരം ‘തീവണ്ടി’ എന്ന പുതിയ ചിത്രത്തിനു വേണ്ടി ഞാൻ കുറച്ചിട്ടുണ്ട്. ബോഡി ബിൽഡിങ്ങിനപ്പുറം ഫിസിക്കൽ ഫിറ്റ്നസ്സിൽ ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട്.

മലയാള സിനിമയുടെ തിരക്കിനിടയിൽ തമിഴ് സിനിമയിലും ടൊവിനോ അഭിനയിക്കുന്നുണ്ടല്ലോ?

വരുമ്പോൾ എല്ലാം ഒരുമിച്ചു വരും. മലയാളത്തിൽ മൂന്നാല് ചിത്രങ്ങൾ ചെയ്യാനുണ്ട്; അതിനിടയിൽ തമിഴും. എന്റെ ആദ്യ തമിഴ് ചിത്രം ഫെബ്രുവരിയിൽ തിയേറ്ററിലെത്തും. ധനുഷിനൊപ്പം ‘മാരി 2’ എന്ന ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കാൻ അവസരം വന്നിട്ടുണ്ട്. ആ ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ തുടങ്ങും. അതിനുള്ള ഹോംവർക്ക് തുടങ്ങണം.   

Content Highlights:  Tovino Thomas' Mayaanadhi, Tovino Thomas about Prithviraj, Tovino Thomas in Aami Movie