ഷിക് അബു സംവിധാനം ചെയ്ത മായാനദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങളുമായി നായകന്‍ ടൊവിനോ തോമസും നായിക ഐശ്വര്യ ലക്ഷ്മിയും മാതൃഭൂമി കപ്പ ടിവിയില്‍. 'ഐ പേഴ്‌സണലി'എന്ന ഷോവിലാണ് ഇരുവരും വിശേഷങ്ങള്‍ പരസ്പരം പങ്കുവയ്ച്ചത്. ഓഡീഷനിലൂടെയാണ് താന്‍ ചിത്രത്തിലെത്തിയതെന്ന് ഐശ്വര്യ പറയുന്നു. 

'ഒട്ടും പ്രതീക്ഷിക്കാതെ  തേടിവന്ന അവസരമാണിത്. ആഷിക് അബുവിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. എന്റെ അടുത്ത കൂട്ടുകാരിയും കോസ്റ്റിയൂം ഡിസൈനറുമായ സ്‌റ്റെഫി പറഞ്ഞിട്ടാണ് ഞാന്‍ ഓഡീഷന് പോയത്. എനിക്ക് ഒരു കുര്‍ത്തയുണ്ട്. അത് എനിക്ക് ഭാഗ്യം തരുമെന്നാണ് എന്റെ വിശ്വാസം. വളരെ പെട്ടന്ന് ഓഡിഷന്‍ തീര്‍ന്നു. ഒരു റൊമാന്റിക് രംഗമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഓഡീഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തായി എന്നതായിരുന്നു ആദ്യം കിട്ടിയ വിവരം. പക്ഷേ പിറ്റേദിവസം രാവിലെ ഉറക്കം കഴിഞ്ഞ് എണീറ്റപ്പോള്‍ എനിക്ക് നല്ല പോസിറ്റീവ് എനര്‍ജി തോന്നി. ആ ക്യാരക്ടര്‍ എനിക്ക് തന്നെ കിട്ടുമെന്ന് തോന്നി. അത് സത്യമായി.'

ലക്ഷദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുമ്പോഴാണ് ടൊവിനോയെ ആഷിക് അബു വിളിക്കുന്നത്. 

ടൊവിനോ: ആഷിക് അബു എന്നെ വച്ച് ഒരു സിനിമ ചെയ്യുമെന്ന സൂചന നേരത്തേ കിട്ടിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ വിജയാഘോഷത്തില്‍ എന്നെയും ക്ഷണിച്ചിരുന്നു. അന്നേ ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു എന്നെ വച്ചൊരു സിനിമ ചെയ്യണമെന്ന്. ലക്ഷദ്വീപില്‍ വച്ച് എന്നെ വിളിക്കുമ്പോള്‍ അവിടെ റെയ്ഞ്ച് കുറവായിരുന്നു. ലക്ഷദ്വീപില്‍ നിന്ന് വരുന്ന വഴി അദ്ദേഹത്തെ നേരിട്ട് കണ്ടു. ആദ്യം മൂന്ന് വരിയില്‍ കഥ പറഞ്ഞു. പിന്നെ മാത്തന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. 

തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് ടൊവിനോയ്ക്കും ഐശ്വര്യയ്ക്കും ഒരുപാട് പറയാനുണ്ട്. ചിത്രം പുറത്തിറങ്ങിയത് മുതല്‍ ഒരുപാട് അഭിനന്ദനങ്ങളാണ് ദിവസം തോറും ഇരുവരെയും തേടിയെത്തുന്നത്. 

ഐശ്വര്യ: അപര്‍ണ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. അപ്പു അതാണ് എനിക്കിഷ്ടം. അപര്‍ണയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. മാത്തന്‍ തെണ്ടിയാണ് ( ഇരുവരും ചിരിക്കുന്നു). ബീപ് സൗണ്ട് ഇട്ടോളൂ. മാത്തന്‍ സാഹചര്യം കൊണ്ട്  ഇങ്ങനെ ആയതാകാം. അപ്പു ഒരു ഘട്ടത്തില്‍ മാത്തനോട് ക്ഷമിക്കുന്നില്ലേ എന്ന് തോന്നുന്നുണ്ട്.

ടൊവിനോ: മാത്തന്റെ കാഴ്ചപ്പാടില്‍ അപ്പു ഭയങ്കര റൂഡ് ആണ്. പക്ഷേ മാത്തന് അപ്പുവിനെ നല്ല ഇഷ്ടമാണ്. അപ്പുവിന്റെ കാഴ്ചപ്പാടില്‍ മാത്തന്‍ ചെയ്തത് തെണ്ടിത്തരമാണ്. പക്ഷേ മാത്തന്‍ അങ്ങനെയാണ്. മാത്തന്‍ ഫ്രോഡാണ്. പക്ഷേ അവന്റെ സ്‌നേഹം പരിശുദ്ധമാണ്. ഗാന്ധിജിയെപ്പോലെ നല്ലവന്‍ ഒന്നും ആകണമെന്നില്ലല്ലോ പ്രേമിക്കാന്‍.

Part 1

ഐശ്വര്യ: ആഷിക് സാറും, ശ്യം സാറും നന്നായി കഷ്ടപ്പെട്ടാണ് ഈ ചിത്രമെടുത്തത്. പക്ഷേ നമ്മളെ അതിന്റെ ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട് വീടിന്റെ സീക്വന്‍സ് ഷൂട്ട് ചെയ്യുമ്പോള്‍ ടൊവിനോ കസേര കൂട്ടിയിട്ട് ഉറങ്ങിയത്. രാത്രിയായിരുന്നുവല്ലോ ഷൂട്ട്. എനിക്ക് ഉറക്കം വന്നിട്ടും ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ. ആ സമയത്ത് സംസാരിക്കാനില്ല. മായാനദി ഒരുപാട് സ്‌പെഷലാണ്. ഞാന്‍ സ്വപ്‌നം പോലും കാണാതെ കിട്ടിയതല്ലേ.

ടൊവിനോ: ഞാന്‍ സ്വപ്‌നം കണ്ട് കിട്ടിയതാണ്. എനിക്ക് കഥ കേട്ടപ്പോള്‍ ഏറ്റവും ഇഷ്ടമായ ഒരു സംഗതിയുണ്ട്. ഇതൊരു കംപ്ലീറ്റ് ലവ് സ്റ്റോറിയാണ്. പക്ഷേ ഒരു ചെറിയ ത്രില്ലര്‍ സ്വഭാവമുണ്ട്. എന്റെ ഒരുപാട് സീനുകളില്‍ തമിഴ് നടന്‍മാരാണ്. അവരുമായി വര്‍ക്ക് ചെയ്യുന്നത് രസമായിരുന്നു. മാത്തന്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലെത്തുമ്പോള്‍ പിന്നെ ഭയങ്കര പ്രണയമാണ്. 

ഐശ്വര്യ: മാത്തനെ അപ്പുവിനും പൂര്‍ണമായിട്ട് അറിയില്ല. എനിക്കും അറിയുമായിരുന്നില്ല. ഞാന്‍ ആഷിക് സാറിനോട് അത് ചോദിച്ചതുമില്ല. തിയേറ്ററില്‍ കാണാനായിരുന്നു ആഗ്രഹം. മാത്തനോട് ചിലപ്പോള്‍ പാവം തോന്നിയിട്ടുണ്ട്. 

ടൊവിനോ: ശ്യം പുഷ്‌കറും ദിലീഷ് നായരുമാണല്ലോ സക്രിപ്റ്റ്. അവരുടെ എഴുത്ത് എന്ന് പറഞ്ഞാല്‍ നമ്മളെയും കൂടെ ഉള്‍പ്പെടുത്തിയിട്ടാണ്. കഥാപാത്രം എന്ത് പറയണമെന്നും ചെയ്യണമെന്നും കൃത്യമായി അറിയാം. 

ഐശ്വര്യ: അപ്പു മാത്തന് മെസേജ് അയക്കുന്ന ഒരു സീന്‍ ഉണ്ടല്ലോ. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ ആ മെസേജ് എന്നെ കൊണ്ട് കമ്പോസ് ചെയ്യിപ്പിച്ചു. അതു വായിച്ചിട്ട് പറഞ്ഞു. ഇത് ശരിയായിട്ടില്ലെന്ന്. ഷൂട്ടിംങ് എല്ലാം തീര്‍ന്ന കാരണം ഞാനും വേറെ മൂഡിലായിരുന്നു. പിന്നെ കുറേ നേരം ആലോചിച്ച് ആ മൂഡിലേക്ക് വന്നപ്പോള്‍ കമ്പോസ് ചെയ്തപ്പോള്‍ ശരിയായി. 

Part 2

ഐശ്വര്യ: മാത്തന്റെ ഹെയര്‍സ്‌റ്റൈലിനെപ്പറ്റി ടൊവിനോയുടെ അഭിപ്രായം എന്താണ്? മായാനദി ഷൂട്ടിംങ് തുടങ്ങിയപ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. ടൊവിനോയ്ക്കും മോള്‍ക്കും ഒരേ സ്‌റ്റൈല്‍.  

ടൊവിനോ: മാത്തന്റെ ഹെയര്‍സ്‌റ്റൈല്‍ എനിക്ക് പതിയെ ഇഷ്ടായി. കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ മുടിയില്‍ ഒരുപാട് പരീക്ഷണം നടത്തിയിട്ടുണ്ട്. പാരമ്പര്യമായി കഷണ്ടിയുള്ള കുടുംബത്തിലെ അംഗമായതിനാല്‍ ഇപ്പോള്‍ അധികം തൊടാറില്ല. കരാട്ടിന്‍ ട്രീറ്റ്‌മെന്റ് ചെയ്താല്‍ നന്നാകും ഒട്ടും കെമിക്കല്‍ ഇല്ല എന്ന് എന്റെ മേക്കപ്പ് മാന്‍ പറഞ്ഞു. പക്ഷേ ഇത് ചെയ്ത് കുളിച്ചതും മുടി മൊത്തം താഴോട്ടായി. ഹാപ്പി ഹസ്ബന്റ്‌സ് സിനിമയിലെ സലീമേട്ടന്‍ വരുന്ന സ്‌റ്റൈലിലാണ് ഞാന്‍ നടന്ന് വന്നത്. പിന്നെ അത് വെട്ടിയൊതുക്കി മറ്റൊരു സ്റ്റൈലിലാക്കി. എനിക്ക് ആദ്യം കണ്ണാടിയില്‍ നോക്കുമ്പോള്‍ വേറെ ആളെപ്പോലെ തോന്നി.

ഐശ്വര്യ: ഇനി പാട്ടുകളെക്കുറിച്ച് പറയാം. 

ടൊവിനോ: ഞാന്‍ റെക്‌സ് വിജയന്റെ ഫാനാണ്. ഇതിലെ പാട്ടും വിഷ്വലൈസേഷനും അത്രയ്ക്ക് ഇഴചേര്‍ന്ന് കിടക്കുന്നതാണ്

ഐശ്വര്യ: മാത്തന്‍ എന്ന ക്യാരക്ടര്‍ ചെയ്തപ്പോള്‍ ഒരു നടനെന്ന നിലയില്‍ ടൊവിനോയ്ക്ക് എന്ത് മാറ്റം ഉണ്ടായി?

ടൊവിനോ: എന്റെ എല്ലാ കഥാപാത്രങ്ങളെയും ഞാന്‍ ന്യായീകരിക്കും. മാത്തന്‍ ഫ്രോഡാണെന്ന് ആര് പറഞ്ഞാലും ശരി. ഞാന്‍ വില്ലന്‍ വേഷം ചെയ്യുമ്പോഴും അതേ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. ഈയൊരു ക്രൂ നമുക്ക് തന്ന ഒരു സ്‌പേസ് ഉണ്ടായിരുന്നു. അവര്‍ക്ക് ടൊവിനോയെ വേണ്ടായിരുന്നു. മാത്തനായി പെരുമാറാനാണ് പറഞ്ഞത്. മാത്തന്റെ ക്യാരക്ടറിന് ഞാനുമായി ചെറിയ സാമ്യമുണ്ട്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ഭാര്യയ്ക്ക് എഞ്ചിനീയറിങ്ങിന് അഡ്മിഷന്‍ എടുത്തു കൊടുത്തത് ഞാനാണ്. 

മെയ് 21ാം തിയ്യതി ഷൂട്ടിംങ് തുടങ്ങിയ മായാനദി ഏഴ്മാസം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. എല്ലാവരും കൂടി കഷ്ടപ്പെട്ട് ചിത്രം പുറത്തിറങ്ങി. ഐശ്വര്യക്ക് പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

ഐശ്വര്യ: എല്ലാവരും പോയി കാണണം. ആ സിനിമയില്‍ ഒരു ആത്മാവുണ്ട്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇഷ്ടമാകും എന്ന പ്രതീക്ഷയുണ്ട്.

ടൊവിനോ: എന്റര്‍ടൈന്‍മെന്റ് എന്ന രീതിയിലും ഒരു കല എന്ന രീതിയിലും ആസ്വദിക്കാവുന്ന സിനിമയാണ് മായാനദി. ഒട്ടും ഏച്ചുകെട്ടലുകളില്ല. പ്രണയം എപ്പോഴും പൈങ്കിളിയാണ്. പക്ഷേ അത് വ്യത്യസ്തമായി അവതരിപ്പിച്ചുണ്ട്. എല്ലാവരും പോയി കാണണം. ഇനി ഡിവിഡിക്കും ടൊറന്റിനുമൊക്കെ കാത്തിരിക്കുന്നവരുണ്ടെങ്കില്‍ അവരോട് പുച്ഛമാണ്. ബാക്കിയുള്ളവര്‍ പോയി കാണട്ടെ. 

Part 3

Content Highlights: Tovino Thomas Aishwarya Lekshmi on Mayaanadhi, Aashiq abu Mayaanadhi, Appu and Mathan