Jiyen Krishnakumar

പ്രതിസന്ധികള്‍ അതിജീവിച്ച് മൂന്നുവര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ബിഗ്ബജറ്റ് ചിത്രം ടിയാന്‍ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തെ കുറിച്ച് തികഞ്ഞ പ്രതീക്ഷയാണ് സംവിധായകന്‍ ജിയാന്‍ കൃഷ്ണകുമാറിനുള്ളത്. ചിത്രീകരണം പൂര്‍ത്തിയായശേഷവും അസ്‌ലന്‍ മുഹമ്മദ്ദ് എന്ന കഥാപാത്രം തന്നെ വേട്ടയാടിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞത് എറെ അഭിമാനത്തോടെയാണ് സംവിധായകന്‍ ഓര്‍ക്കുന്നത്.

ടിയാന്റെ കഥ എങ്ങിനെയാണ് രൂപപ്പെടുന്നത്

എന്റെ മുന്‍ ചിത്രമായ കാഞ്ചിയുടെ ചിത്രീകരണത്തിനിടയിലാണ് മുരളി ഗോപി ടിയാന്റെ ത്രെഡ് എന്നോട് പറയുന്നത്. കഥയിലെ എനിക്കിഷ്ടപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ അദ്ദേഹവുമായി പങ്കുവച്ചു. പിന്നീട് അതിലൂന്നി മുരളി കഥ വികസിപ്പിക്കുകയായിരുന്നു. കാഞ്ചിയിലെ നായകനായ ഇന്ദ്രജിത്തും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. സിനിമയുടെ കഥ ഇഷ്ടമായതോടെ ഇന്ദ്രജിത്തും ചിത്രവുമായി സഹകരിക്കാമെന്ന് ഉറപ്പിച്ചു. കാമ്പസിന്റെ കഥ പറഞ്ഞ കോളേജ് ഡെയ്‌സും തോക്കിനെ ചുറ്റിപറ്റിയുള്ള കാഞ്ചിയുമാണ് എന്റെ മുന്‍ ചിത്രങ്ങള്‍ എന്നാല്‍ അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ടിയാന്‍. ഇതൊരു പ്രാദേശികഭാഷാ ചിത്രല്ല. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ ഇടയുള്ള പൊതുവിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം പല ഷെഡ്യൂളുകളിലായി നീണ്ടുപോയെന്ന് കേട്ടിട്ടുണ്ട്

സിനിമ ആവശ്യപ്പെടുന്നത് വലിയൊരു ക്യാന്‍വാസാണ് അതുകൊണ്ടുതന്നെ അതിനു പിന്നില്‍ വലിയ അധ്വാനം ഉണ്ടായിരുന്നു. ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നടുവില്‍ വച്ചാണ് ടിയാന്റെ അറുപതു ശതമാനത്തോളം ചിത്രീകരിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒരുക്കുകയും അവരുടെ പശ്ചാത്തലത്തില്‍ സിനിമ ചിത്രീകരിക്കുകയും ചെയ്യുക എന്നത് സമയമെടുത്തു ചെയ്യേണ്ട ജോലിയായിരുന്നു. കേരളത്തിനു പുറത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. മഴയും കാറ്റുമെല്ലാം പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലഡാക്ക്, നാസിക്ക്, മുബൈ, പ്രയാഗ, രാമോജി ഫിലിംസിറ്റി എന്നിങ്ങിനെ പലയിടങ്ങളിലെല്ലാം വലിയൊരു കൂട്ടായ്മയോടെയാണ് ഞങ്ങള്‍ മുന്നോട്ടുപോയത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ ചിത്രത്തെ എത്രത്തോളം പ്രയാസത്തിലാക്കി

സെന്‍സര്‍ ബോര്‍ഡ് ഇടപെടലുമായി സോഷ്യൽ മീഡിയയില്‍ വരുന്ന വാര്‍ത്തകളോടൊന്നും ഞാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവര്‍ അവരുടെ ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ് എന്നുമാത്രം പറയട്ടെ. പക്ഷെ, ഒരുകാര്യത്തില്‍ എനിക്ക് ഉറപ്പു നല്‍കാനാവും. സിനിമയില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചതെല്ലാം ചിത്രത്തില്‍ ഉണ്ട്. ഒരു മലയാളിക്ക് ഇന്ത്യയോട് പറയാനുള്ള കാര്യമാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. ചില സത്യങ്ങളുടെ വെളിപ്പെടുത്തലുകളുണ്ടാകാം എന്നാല്‍ വ്യക്തപരമായി ആരെയെങ്കിലുമോ മതപരമായി ഏതെങ്കിലും വിഭാഗത്തേയോ അധിക്ഷേപിക്കുന്ന ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. ട്രെയിലറുകളും ടീസറുകളും പുറത്തിറങ്ങിയതു മുതല്‍ പലരും സിനിമയെ പറ്റി പല ധാരണകളാണ് വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ എല്ലാവിധം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഒരുമാസ് എന്റര്‍ടൈനര്‍ തന്നെയായിരിക്കും ടിയാന്‍.

സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങളെ കുറിച്ച്

നൂതനമായ സാങ്കേതിക മികവോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും മുരളിഗോപിയും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബോളിവുഡിലെ ടെക്‌നീഷ്യന്‍മാരും അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായുണ്ട്. രാമോജി ഫിലിംസിറ്റിയില്‍ ഏറ്റവുമധികം നാള്‍ ചിത്രീകരിച്ച മലയാള സിനിമ ഒരുപക്ഷെ ടിയാൻ ആയിരിക്കും. സിനിമയുടെ മികവിനുവേണ്ടി നിര്‍മ്മാതാവ് ഹനീഫ് മുഹമ്മദ്ദ് ആദ്യാവസാനം കൂടെനിന്നു. ഗോപിസുന്ദറിന്റേതാണ് ഗാനങ്ങള്‍ ഛായാഗ്രഹണം സതീഷ്‌കുറുപ്പ്.